ധനകാര്യ മന്ത്രാലയം

സ്റ്റാര്‍ട്ടപ്പുകളിലും ഇലക്ട്രോണിക്‌സ്, ആശയവിനിമയ വ്യവസായങ്ങളിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ഒട്ടേറെ നികുതിനിര്‍ദേശങ്ങള്‍

Posted On: 05 JUL 2019 1:36PM by PIB Thiruvananthpuram


കമ്പനി നികുതിയുടെ കുറഞ്ഞ നിരക്കായ 25% പരിധിയില്‍ വരുന്ന കമ്പനികളുടെ വാര്‍ഷിക വിറ്റുവരവു പരിധി നിലവിലുള്ള 250 കോടി രൂപയില്‍നിന്ന് 400 കോടി രൂപയായി ഉയര്‍ത്തി

നികുതി ഈടാക്കാവുന്ന വാര്‍ഷിക വരുമാനം രണ്ടു മുതല്‍ അഞ്ചു വരെ കോടി രൂപയുള്ളവര്‍ക്കുള്ള സര്‍ചാര്‍ജ് 3 ശതമാനം ഉയര്‍ത്തി. നികുതി ഈടാക്കാവുന്ന വാര്‍ഷിക വരുമാനം അഞ്ചു കോടിയില്‍ കൂടുതല്‍ ഉള്ളവര്‍ക്കുള്ള സര്‍ചാര്‍ജ് അഞ്ചു ശതമാനവും ഉയര്‍ത്തി.

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രോല്‍സാഹിപ്പിക്കും. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടിയിലേറെ രൂപ പിന്‍വലിക്കുന്നതിനു രണ്ടു ശതമാനം ടി.ഡി.എസ്. നിര്‍ദേശിച്ചു. 
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രത്യക്ഷ, പരോക്ഷ നികുതിയിളവുകള്‍ പ്രഖ്യാപിച്ചു

മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയ്ക്കു സംരക്ഷണം നല്‍കുന്നതിനും മാലിന്യമുക്തമായ ഊര്‍ജം പ്രോല്‍സാഹിപിക്കുന്നതിനുമായി ഒട്ടേറെ കസ്റ്റംസ് തീരുവകള്‍ പ്രഖ്യാപിച്ചു. 
പെട്രോളിനും ഡീസലിനും ഓരോ രൂപയുടെ പ്രത്യേക അധിക എക്‌സൈസ് തീരുവയും റോഡ്, അടിസ്ഥാന സൗകര്യ സെസ്സും. 
സ്വര്‍ണത്തിനും മറ്റു വിലയേറിയ ലോഹങ്ങള്‍ക്കുമുള്ള കസ്റ്റംസ് തീരുവ പത്തില്‍നിന്നു 12.5 ശതമാനമായി ഉയര്‍ത്തി 

നിക്ഷേപം പ്രോല്‍സാഹിപ്പിക്കല്‍
കേന്ദ്ര ബജറ്റ് 2019-20 പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ കേന്ദ്ര ധനകാര്യ, കമ്പനികാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ മുന്നോട്ടുവെച്ച ഒട്ടേറെ നികുതിനിര്‍ദേശങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളിലും ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായങ്ങളിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് ഉള്ളതാണ്. ഇലക്ട്രോണിക്‌സ്, ആശയവിനിമയ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായുള്ള സുതാര്യമായ ലേലത്തിലേക്ക് ആഗോള കമ്പനികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കും. നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് ആദായനികുതി നിയമത്തിലെ 35 എ.ഡി. വകുപ്പു പ്രകാരം ഉള്ളത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കും. 

നിക്ഷേപകര്‍ക്കു മേലുള്ള ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ ഒഴിവാക്കുന്നതിനായി ഇ-വെരിഫിക്കേഷന്‍ നടപ്പാക്കും. സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി സി.ബി.ഡി.ടി. പ്രത്യേക ഭരണപരമായ ക്രമീകരണങ്ങള്‍ നടപ്പാക്കും.

താങ്ങാവുന്ന ഭവനപദ്ധതി
കുറഞ്ഞ ചെലവില്‍ വീടു വാങ്ങുന്നവര്‍ക്കു 3.5 ലക്ഷം രൂപയുടെ ഇളവു ലഭിക്കുമെന്നു ധനമന്ത്രി വ്യക്തമാക്കി. 45 ലക്ഷം വരെ രൂപ മുടക്കി 2020 മാര്‍ച്ചിനകം വീടുകള്‍ വാങ്ങുന്നതിനു വായ്പയെടുത്തവരുടെ രണ്ടു ലക്ഷം രൂപ പലിശയ്ക്ക് പുറമെ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവും ലഭിക്കും. ഇതു വഴി 15 വര്‍ഷത്തേക്കുള്ള വായ്പയെടുക്കുന്ന മധ്യവര്‍ഗത്തിന് ഏഴു ലക്ഷത്തോളം രൂപയുടെ ലാഭമുണ്ടാകും. 

നികുതിഭരണം പരിഷ്‌കരിക്കും
പ്രത്യക്ഷനികുതി വരുമാനം രണ്ടു വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചുവെന്നും 2013-14ല്‍ 6.38 ലക്ഷം കോടി രൂപയായിരുന്നത് 2018-19ല്‍ 11.37 ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെന്നും ധനമന്ത്രി വെളിപ്പെടുത്തി. 78 ശതമാനത്തിലേറെയാണു വര്‍ധന. നികുതിവരുമാനം ഇപ്പോഴും വര്‍ധിക്കുകയാണെന്നും ഓരോ വര്‍ഷവും ഇരട്ടയക്ക വര്‍ധന ഉണ്ടാവുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
മുന്‍കൂട്ടി പൂരിപ്പിച്ച നികുതി റിട്ടേണുകള്‍ നികുതിദായകര്‍ക്കു ലഭ്യമാക്കും. ശമ്പളത്തില്‍നിന്നുള്ള വരുമാനം, മൂലധന വളര്‍ച്ച, ഓഹരിവിഹിതങ്ങള്‍, നികുതിയിളവുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും. ബാങ്കുകളില്‍നിന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍നിന്നും മ്യൂച്വല്‍ഫണ്ടുകളില്‍നിന്നും ഇ.പി.എഫ്.ഒ, സംസ്ഥാന റജിസ്‌ട്രേഷന്‍ വകുപ്പുകള്‍ എന്നിവിടങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. 
മനുഷ്യന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത ഇലക്ട്രോണിക് രീതിയിലുള്ള മൂല്യനിര്‍ണയ പദ്ധതി ഘട്ടംഘട്ടമായി ഈ വര്‍ഷം മുതല്‍ നടപ്പാക്കും.

കമ്പനികള്‍ക്കുള്ള നികുതി
കമ്പനി നികുതിയെക്കുറിച്ചു മന്ത്രി വിശദീകരിച്ചു: 'ഘട്ടംഘട്ടമായി നിരക്കുകള്‍ കുറച്ചുകൊണ്ടുവരികയാണ്. 250 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്കാണ് ഇപ്പോള്‍ കുറഞ്ഞ നിരക്കായ 25% നിലവിലുള്ളത്. ഇത് 400 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കു ലഭ്യമാക്കുകയാണ്. ഇതു 99.3% കമ്പനികള്‍ക്കും നേട്ടമാകും.'

ഡിജിറ്റല്‍ പണമിടപാടുകള്‍
ഡിജിറ്റല്‍ പണമിടപാടു പ്രോല്‍സാഹിപ്പിക്കാന്‍ ഒട്ടേറെ നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടിയിലേറെ രൂപ പിന്‍വലിക്കുന്നതിനു രണ്ടു ശതമാനം ടി.ഡി.എസ്. നിര്‍ദേശിച്ചിട്ടുണ്ട്. 

ഇലക്ട്രിക് വാഹനങ്ങള്‍
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രത്യക്ഷ, പരോക്ഷ നികുതിയിളവുകള്‍ പ്രഖ്യാപിച്ചു. ഇലക്്രടിക് വാഹനങ്ങളുടെ ആഗോള ഉല്‍പാദക കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം. സോളാര്‍ ബാറ്ററികളും ചാര്‍ജിങ് സംവിധാനങ്ങളും പദ്ധതിക്ക് ഊര്‍ജമേകുമെന്നു ശ്രീമതി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കസ്റ്റംസ് തീരുവ നിര്‍ദേശങ്ങള്‍
മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇറക്കുമതി കുറച്ചുകൊണ്ടുവരുന്നതിനും ചെറുകിട, ഇടത്തരം സംരംഭക മേഖലയെ സംരക്ഷിക്കുന്നതിനും മാലിന്യമുക്തമായ ഊര്‍ജം പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രതിലോമകരമായ സാഹചര്യത്തെ ഇല്ലാതാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണു കസ്റ്റംസ് തീരുവ നിര്‍ദേശങ്ങള്‍. ആഭ്യന്തര വ്യവസായങ്ങള്‍ക്കു തുല്യാവസരം ഉറപ്പാക്കുന്നതിനായി കശുവണ്ടിപ്പരിപ്പ്, ഫാറ്റി ആസിഡുകള്‍, പോളി വിനൈല്‍ ക്ലോറൈഡ്, ന്യൂസ്പ്രിന്റിനും മാസികകള്‍ക്കുമായുള്ള പേപ്പര്‍ തുടങ്ങി 36 ഇനങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി.

ജി.എസ്.ടിയും മുന്നോട്ടുള്ള വഴിയും
ജി.എസ്.ടി. നടപ്പാക്കിയതോടെ 17 നികുതികളും 13 സെസ്സുകളും ഒന്നായിത്തീര്‍ന്നു എന്നു വിശദീകരിച്ച ധനമന്ത്രി, നേരത്തേ ഒരു ട്രിപ്പിനുവേണ്ടി മാറ്റിവെക്കേണ്ടിയിരുന്ന സമയംകൊണ്ട് ഇപ്പോള്‍ രണ്ടു ട്രിപ്പുകള്‍ നടത്താന്‍ ലോറികള്‍ക്കു സാധിക്കുന്നുവെന്നു വെളിപ്പെടുത്തി. ജി.എസ്.ടി. നിരക്കുകള്‍ കുറച്ചതു പ്രതിവര്‍ഷം 92,000 കോടി രൂപയുടെ ബാധ്യത കുറച്ചുവെന്നും അവര്‍ വ്യക്തമാക്കി. ചെറുകിട ബിസിനസുകള്‍ക്കു നികുതി റിട്ടേണുകള്‍ തയ്യാറാക്കുന്നതിനായി സൗജന്യ അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കിവരുന്നുണ്ടെന്നും വൈകാതെ സമ്പൂര്‍ണ ഓട്ടോമാറ്റിക് ജി.എസ്.ടി. റീഫണ്ട് മൊഡ്യൂള്‍ തയ്യാറാക്കുമെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ അറിയിച്ചു. മുന്‍കൂട്ടി പൂരിപ്പിച്ച നികുതിദായക റിട്ടേണുകള്‍ തയ്യാറാക്കാന്‍ ഇലക്ട്രോണിക് ഇന്‍വോയ്‌സ് വിശദാംശങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തില്‍ ശേഖരിക്കുമെന്നും ഇതൊടോപ്പം ഇ-വേ ബില്ലുകള്‍ ലഭ്യമാക്കുമെന്നും ബജറ്റവതരണ വേളയില്‍ വിശദമാക്കപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങള്‍ 2020 ജനുവരിയില്‍ ആരംഭിക്കും. 

നിയമ തര്‍ക്ക പരിഹാരം
നിയമതര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതി മന്ത്രി നിര്‍ദേശിച്ചു. ജി.എസ്.ടി. നടപ്പാക്കുംമുമ്പുള്ള കാലം മുതല്‍ക്കുള്ള 3.75 ലക്ഷം കോടി രൂപയുടെ നിയമ തര്‍ക്കങ്ങള്‍ സേവന നികുതി, എക്‌സൈസ് തീരുവ മേഖലകളുമായി ബന്ധപ്പെട്ടു കെട്ടിക്കിടക്കുകയാണന്ന് അവര്‍ പറഞ്ഞു. സബ്കാ വിശ്വാസ് ലീഗസി ഡിസ്പ്യൂട്ട് റെസല്യൂഷന്‍ പദ്ധതി 2019 ഉപയോഗപ്പെടുത്തണമെന്ന് വാണിജ്യ, വ്യവസായ മേഖലകളോടു ധനമന്ത്രി ആഹ്വാനം ചെയ്തു. 

തീരുവ വെട്ടിക്കല്‍
അനധികൃത വഴികള്‍ പിന്‍തുടര്‍ന്ന് അര്‍ഹമല്ലാത്ത കയറ്റുമതി ഇളവുകള്‍ നേടിയെടുക്കാനുള്ള വെട്ടിപ്പുകാരുടെ ശ്രമങ്ങള്‍ക്കു തടയിടാന്‍ കസ്റ്റംസ് നിയമത്തില്‍ ചില ഭേദഗതികള്‍ മന്ത്രി നിര്‍ദേശിച്ചു. കള്ളക്കടത്ത് ഇല്ലാതാക്കുന്നതിനായി ആധാര്‍ പോലുള്ള രേഖകള്‍ ഉപയോഗപ്പെടുത്തി പരിശോധന നടത്താന്‍ കസ്റ്റംസ് നിയമം, 1962ല്‍ കൊണ്ടുവന്ന ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. ഭേദഗതി, ഇന്ത്യക്കു പുറത്തു കുറ്റകൃത്യം ചെയ്തവരെ അറസ്റ്റു ചെയ്യുന്നതിനുള്ള അധികാരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുകയും ചെയ്യുന്നുണ്ട്. 

എന്‍.ബി.എഫ്.സികള്‍
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കു സമാനമായി ബാങ്കിങ്ങിതര സാമ്പത്തിക കമ്പനികള്‍ക്കും നികുതിക്കു വിധേയമാകുന്ന പലിശ വാഗ്ദാനം ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. 

രാജ്യന്താര സാമ്പത്തിക സേവന കേന്ദ്രം (ഐ.എഫ്.എസ്.സി.)
ജി.ഐ.എഫ്.ടി. സിറ്റിയിലെ രാജ്യാന്തര സാമ്പത്തിക സേവന കേന്ദ്രത്തിനു 15 വര്‍ഷത്തിനിടെ പത്തു വര്‍ഷ ബ്ലോക്കിന് വകുപ്പ് 80 എല്‍.എ. പ്രകാരം, ലാഭവുമായി ബന്ധപ്പെടുത്തിയുള്ള 100 ശതമാനം ഇളവ് ഉള്‍പ്പെടെ ഒട്ടേറെ നികുതിയിളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

സിഗരറ്റുകള്‍ക്കുള്ള തീരുവ
പുകയില ഉല്‍പന്നങ്ങള്‍ക്കു നാമമാത്രമായ അടിസ്ഥാന നികുതി ധനമന്ത്രി നിര്‍ദേശിച്ചു. സെന്‍ട്രല്‍ എക്‌സൈസ് നിയമം, 1944ന്റെ നാലാമതു ഷെഡ്യൂള്‍ പ്രകാരമാണ് ഈ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
AKA / ND MRD – 391
***


(Release ID: 1577571)
Read this release in: English , Marathi , Bengali , Tamil