ധനകാര്യ മന്ത്രാലയം
ബജറ്റ് പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം- പാര്‍ട്ട് എ
Posted On:
05 JUL 2019 1:57PM by PIB Thiruvananthpuram
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം തന്നെ 3 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായും അതോടൊപ്പം പര്‍ച്ചേസിങ്ങ് പവര്‍ പാരിറ്റിയില്‍ ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായും രൂപപ്പെടുന്നു, വരുന്ന അഞ്ച് വര്‍ഷത്തിനിടയില്‍ 100 ലക്ഷം കോടി രൂപ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി നിക്ഷേപിക്കാനുള്ള ഗവണ്‍മെന്റിന്റെ ഉദ്ദേശം, 2019-20 ലെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം 1,05,000 കോടിയായുള്ള വര്‍ദ്ധനവ്, വായ്പകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു മേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കുന്നതിനുള്ള നിര്‍ദ്ദേശം, ഭക്ഷ്യ സുരക്ഷാ ബജറ്റില്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ ഇരട്ടിക്കല്‍, 10,000 കോടി രൂപ മുതല്‍ മുടക്കില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് വേഗത്തില്‍ മാറുക, ആഫ്രിക്കയില്‍ 18 ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങള്‍ ആരംഭിക്കുക, 17 സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുക, 1, 2, 5, 10, 20 രൂപ നാണയങ്ങളുടെ പുതിയ ശ്രേണി പുറത്തിറക്കുക എന്നിവയാണ് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ബജറ്റ് 2019-20 ലെ ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍.
എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2024 നകം ജല്‍ ജീവന്‍ ദൗത്യത്തിലൂടെ ജലമെത്തിക്കുക, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയിലൂടെ 2022 ഓടെ എല്ലാവര്‍ക്കും വീട്, പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന-3 ലൂടെ 80,000 കോടി രൂപയിലധികം ചെലവിട്ട് 1,25,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നവീകരിക്കുകയും അത്തരം 97 ശതമാനം ആവാസ കേന്ദ്രങ്ങളിലേക്കും എല്ലാ കാലാവസ്ഥയിലും ഗതാഗതസൗകര്യം ഉറപ്പ് വരുത്തുക, മുള, തേന്‍, ഖാദി ക്ലസ്റ്ററുകള്‍ക്കായി എസ്എഫ്‌യുആര്‍ടിഐ പദ്ധതിയ്ക്ക് കീഴില്‍ പൊതു സേവന കേന്ദ്രങ്ങള്‍, 75000 വിദഗ്ധ സംരംഭകരെ കാര്‍ഷിക, ഗ്രാമീണ, വ്യവസായ മേഖലകളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനായി 2019-20 ല്‍ 80 ലൈവ്‌ലിഹുഡ് ബിസിനസ്സ് ഇന്‍ക്യുബേറ്റേഴ്‌സും, 20 ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റേഴ്‌സും തയ്യാറാക്കുക തുടങ്ങിയവയാണ് കേന്ദ്ര ധനമന്ത്രിയുടെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ ഗ്രാമീണ, കാര്‍ഷിക രംഗങ്ങള്‍ക്കായി മുന്നോട്ട് വച്ച പുതിയ നിര്‍ദ്ദേശങ്ങള്‍.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ എന്‍ഡിഎ ഗവണ്‍മെന്റ് മികച്ച പ്രകടനം കാഴ്ച വെച്ച ഗവണ്‍മെന്റ് എന്ന നിലയില്‍ വേറിട്ടു നില്‍ക്കുന്നതായി ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു. 2014-19 കാലയളവില്‍ നവോന്മേഷമാര്‍ന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍, സഹകരണാധിഷ്ഠിത ഫെഡറലിസം, ജിഎസ്ടി കൗണ്‍സില്‍, സാമ്പത്തിക അച്ചടക്കത്തോടുള്ള ശമായ പ്രതിബദ്ധത എന്നിവ ഗവണ്‍മെന്റ് ഉറപ്പു വരുത്തി. 'പരിഷ്‌കാരം, പ്രകടനം, പരിവര്‍ത്തനം' എന്ന തത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിശാല തിങ്ക് ടാങ്ക് ആയ നിതി ആയോഗിന്റെ ആസൂത്രണത്താലും, സഹായത്താലും പുതിയ ഇന്ത്യക്കായി അത് കളമൊരുക്കി.
അദ്വിതീയമായ അളവില്‍ വിവിധ പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കുമായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചു.
2014 ന് മുന്‍പ് 2014 ന് ശേഷം
ഭക്ഷ്യ സുരക്ഷ 1.2 ലക്ഷം കോടി രൂപ 1.8 ലക്ഷം കോടി രൂപ
പേറ്റന്റുകളുടെ എണ്ണം 4000 13000 (2017-18)
കുറഞ്ഞ താങ്ങു വില 89,740 കോടി രൂപ 1,71,127.48 കോടി രൂപ (2018-19)
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആരംഭിച്ചതും, നല്‍കിയതുമായ ബൃഹദ് പദ്ധതികളുടെയും, സേവനങ്ങളുടെയും വേഗതയോടെ തുടരുമെന്നും, നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും, പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, ചുവപ്പ് നാട ഒഴിവാക്കുന്നതിനും, ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സാങ്കേതിക വിദ്യയുടെ ഉപയോഗം ഉറപ്പു വരുന്നതിനും ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം തന്നെ 3 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി വളരുമെന്നും, പ്രധാനമന്ത്രി ലക്ഷ്യമിടുന്നതു പോലെ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നും ധനമന്ത്രി പറഞ്ഞു.ലോകത്തില്‍ ആറാം സ്ഥാനത്താണ് ഇന്ന് അതുള്ളത്, 2014 ല്‍ 11-ാം സ്ഥാനത്ത് ആയിരുന്നു. പര്‍ച്ചേസിങ്ങ് പവര്‍ പാരിറ്റിയില്‍ ചൈനയ്ക്കും, അമേരിക്കയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. പരോക്ഷ നികുതി, പാപ്പരത്തം, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വലിയ പരിഷ്‌കരണങ്ങള്‍ പോലുള്ള തുടര്‍ന്നും നടത്തുക വഴി രാജ്യത്തിന് ഇതും, ഇതില്‍ക്കൂടുതലും നേടാനാകുമെന്നും മന്ത്രി പറഞ്ഞു. മുദ്ര ലോണുകളിലൂടെയും, പുകയില്ലാത്ത അടുക്കളകളിലൂടെയും, വീടുകളിലെ വൈദ്യുതി കണക്ഷനിലൂടെയും, ശൗചാലയങ്ങളിലൂടെയും സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം വരുത്തി.
നയ സ്തംഭനങ്ങളുടെയും, ലൈസന്‍സ്-ക്വോട്ട-കണ്‍ട്രോള്‍ കാലയളവിന്റെയും ദിനങ്ങളാണ് കഴിഞ്ഞു പോയത്. പരസ്പര വിശ്വാസത്തോടെ ഒരുമിച്ച് നിന്ന് നമുക്ക് സുസ്ഥിര ദേശീയ വളര്‍ച്ച കൈവരിക്കാനാകും. ആഭ്യന്തര, വിദേശ നിക്ഷേപങ്ങളുടെ ഗുണപരമായ ഗതിയ്ക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി ചില സംരംഭങ്ങള്‍ നിര്‍ദ്ദേശിക്കുന്നതായും ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാം സഡക് യോജന, വ്യാവസായിക ഇടനാഴികള്‍, സമര്‍പ്പിത ചരക്ക് ഇടനാഴികള്‍, ഭാരത്മാല, സാഗര്‍മാല പദ്ധതികള്‍, ജല്‍ മാര്‍ഗ് വികാസ്, ഉഡാന്‍ പദ്ധതികള്‍ എന്നിങ്ങനെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികള്‍ക്കും ഗവണ്‍മെന്റ് അതീവ പ്രധാന്യം നല്‍കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. വ്യാവസായിക ഇടനാഴികളിലൂടെ വ്യാവസായിക നിക്ഷേപത്തിന് അനുഗുണമായ അടിസ്ഥാനസൗകര്യ ലഭ്യത മെച്ചപ്പെടുകയും, സമര്‍പ്പിത ചരക്ക് ഇടനാഴികളിലൂടെ റെയില്‍വേ ശൃംഖലയിലെ തിരക്ക് ഒഴിവാകുകയും തന്മൂലം സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുകയും ചെയ്യും. ഭാരത്മാല പദ്ധതിയിലൂടെ ദേശീയ റോഡ് ഇടനാഴികള്‍, ദേശീയ പാതകള്‍ എന്നിവ വികസിപ്പിക്കാനും, സാഗര്‍ മാലയിലൂടെ പോര്‍ട്ട് കണക്ടിവിറ്റി, നവീകരണം, തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായവത്കരണം എന്നിവ സാധ്യമാക്കാനും കഴിയും. ജലപാതകള്‍ ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗങ്ങളാണ്. ദേശീയ ജലപാതകളുടെ ശേഷി വികസനവും, ഉള്‍നാടന്‍ ജലപാതകളിലൂടെയുള്ള സുഗമമായ ചരക്കുനീക്കവും ലക്ഷ്യമിടുന്ന പദ്ധതിയാണ് ജല്‍ മാര്‍ഗ് വികാസ്.
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര ഏവിയേഷന്‍ വിപണിയായ ഇന്ത്യയ്ക്ക് എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ്ങ്, ലീസിങ്ങ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുള്ള സമയം എത്തിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹൗള്‍ (എംആര്‍ഒ) വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം ഉറപ്പുവരുത്തുന്ന വിധത്തില്‍ ഇന്ത്യയുടെ എഞ്ചിനീയറിങ്ങ് നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തണം.
10,000 കോടി മുതല്‍ മുടക്കില്‍ 2019 ഏപ്രില്‍ 1 മുതല്‍ മൂന്ന് വര്‍ഷ കാലയളവില്‍ ഫെയിം 2019 പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അനുമതി നല്‍കി. ഇലക്ട്രിക് വാഹനങ്ങളിലേക്ക് വേഗത്തില്‍ മാറുക, ഇവ വാങ്ങുന്നതിനായി പാരിതോഷികം ഏര്‍പ്പെടുത്തുക, ചാര്‍ജിങ്ങിനായുള്ള അടിസ്ഥാനസൗകര്യം സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
2018-2030 കാലയളവില്‍ റെയില്‍വേ അടിസ്ഥാനസൗകര്യരംഗത്ത് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടി വരുമെന്ന് കണക്കാക്കുന്നതായി ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു. റെയില്‍വേയുടെ പ്രതിവര്‍ഷ മൂലധന ചെലവ് 1.5 മുതല്‍ 1.6 വരെ ലക്ഷം കോടിയാണെന്നും, അനുമതി നല്‍കിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തന്നെ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ വേഗത്തിലുള്ള വികസനത്തിനും, ട്രാക്കുകളുടെ പൂര്‍ത്തീകരണത്തിനും, റോളി സ്റ്റോക്ക് നിര്‍മാണത്തിനും, യാത്രാ ചരക്ക് സേവനങ്ങള്‍ക്കായും പൊതു-സ്വകാര്യ പങ്കാളിത്തം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നു. കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നതിനായി ഒരു രാഷ്ട്രം, ഒറ്റ ഗ്രിഡ് രീതി രൂപീകരിക്കുകയും, എല്ലാ സംസ്ഥാനങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി എത്തിക്കുകയും ചെയ്യും, ഗ്യാസ് ഗ്രിഡുകള്‍, വാട്ടര്‍ ഗ്രിഡുകള്‍, ഐ-വേയ്‌സ്, പ്രദേശിക വിമാനത്താവളങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനായുള്ള രൂപരേഖ ഈ വര്‍ഷം തന്നെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
1.5 കോടി രൂപയില്‍ താഴെ മാത്രം വാര്‍ഷിക വിറ്റുവരവുള്ള മൂന്നു കോടി ചില്ലറ കച്ചവടക്കാര്‍ക്കും, ചെറിയ കടയുടമകള്‍ക്കുമായി പ്രധാന്‍ മന്ത്രി ലഘു വ്യാപാരി മന്‍ ധന്‍ യോജനയിലൂടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഗവണ്‍മെന്റ് വിപുലപ്പെടുത്തി. പദ്ധതിയില്‍ ചേരുന്നതിന് ആധാറും, ബാങ്ക് അക്കൗണ്ടും, സ്വയം സാക്ഷ്യപ്പെടുത്തലും മാത്രം മതിയാകും.
നിക്ഷേപത്തിലൂന്നിയ വളര്‍ച്ചയ്ക്കായി 20 ലക്ഷം കോടി രൂപയുടെ പ്രതിവര്‍ഷ നിക്ഷേപങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനായി ചില മാര്‍ഗ്ഗങ്ങള്‍ ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു.
· ആര്‍ബിഐ വിജ്ഞാപനത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങള്‍ ബാധകമായ ക്രെഡിറ്റ് ഗ്യാരന്റി എന്‍ഹാന്‍സ്‌മെന്റ് കോര്‍പ്പറേഷന്‍ 2019-20 ല്‍ രൂപീകരിക്കും
· ദീര്‍ഘകാല ബോണ്ടുകള്‍ക്കും, കോര്‍പ്പറേറ്റ് ബോണ്ട് റിപ്പോസിനും, ക്രെഡിറ്റ് ഡിഫോള്‍ഡ് സ്വാപ്‌സിനും അനുകൂലമായ വിധത്തില്‍ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കി വിപണി വിപുലീകരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി.
· എഫ്‌ഐഐകളും, എഫ്പിഐകളും ഐഡിഎഫ്-എന്‍ബിഎഫ്‌സികള്‍ പുറത്തിറക്കിയ ഡെബ്റ്റ് സെക്യൂരിറ്റികളിലൂടെ നടത്തിയ നിക്ഷേപങ്ങളെ പ്രത്യേക ലോക്ക്-ഇന്‍ കാലാവധിയ്ക്കുള്ളില്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് കൈമാറ്റം ചെയ്യാനോ വിറ്റഴിക്കാനോ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നു.
ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കരുത്തുറ്റതാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2018-19 ല്‍ ഇത് 64.375 ബില്യണ്‍ യുഎസ് ഡോളറാണ്, മുന്‍ വര്‍ഷത്തേക്കാള്‍ 6 ശതമാനം വളര്‍ച്ചയാണ് ഇതിലുണ്ടായത്. ഏവിയേഷന്‍, മീഡിയ (ആനിമേഷന്‍, എവിജിസി), ഇന്‍ഷ്വറന്‍സ് രംഗങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങള്‍ ഇതാണ്.
· ഇന്‍ഷ്വറന്‍സ് ഇന്റര്‍മീഡിയറികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം
· സിംഗിള്‍ ബ്രാന്‍ഡ് റീടയില്‍ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച ലോക്കല്‍ സോഴ്‌സിങ്ങ് നിയമാവലികളില്‍ ഇളവ്.
· ReIT, InvIT എന്നിവ പുറപ്പെടുവിക്കുന്ന ലിസ്റ്റഡ് ഡെബ്റ്റ് സെക്യൂരിറ്റികള്‍ വാങ്ങാന്‍ എഫ്പിഐകളെ ആനുവദിക്കും.
പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണെങ്കിലും മൂലധന വിപണിയില്‍ ഈ എന്‍ആര്‍ഐ നിക്ഷേപത്തിന്റെ തോത് കുറവാണെന്നും ധനമന്ത്രി അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്ക് തടസ്സങ്ങളില്ലാത്ത പ്രവേശനം നല്‍കുന്നതിന് എന്‍ആര്‍ഐ-പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം റൂട്ടും ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് റൂട്ടും ലയിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ രണ്ട് പ്രധാന പദ്ധതികളായ ഉജ്ജ്വല യോജനയും സൗഭാഗ്യ യോജനയും ഓരോ ഇന്ത്യന്‍ ഗ്രാമീണ കുടുംബത്തിന്റെയും ജീവിതം മാറ്റിമറിച്ചെന്നും അവരുടെ ജീവിതസൗകര്യങ്ങള്‍ വന്‍തോതില്‍ മെച്ചപ്പെടുത്തിയെന്നും ഗ്രാമീണ വിഷയങ്ങളെ കുറിച്ചും ഗ്രാമീണ ഇന്ത്യയെ കുറിച്ചും പരാമര്‍ശിക്കവേ ധനമന്ത്രി പറഞ്ഞു. ഏഴു കോടിയിലധികം എല്‍പിജി കണക്ഷനുകളുമായി കുടുംബങ്ങളില്‍ വൃത്തിയുള്ള പാചകവാതകം എത്തിക്കുന്നതില്‍ അഭൂതപൂര്‍വമായ വികാസമുണ്ടായി. എല്ലാ ഗ്രാമങ്ങളിലും, ഏകദേശം 100 ശതമാനം കുടുംബങ്ങളിലും വൈദ്യുതിയെത്തിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്ന 2022 ഓടു കൂടി കണക്ഷന്‍ എടുക്കാന്‍ വിസമ്മതിച്ചവര്‍ ഒഴികെയുള്ള ഓരോ ഇന്ത്യന്‍ ഗ്രാമീണ കുടുംബത്തിലും വൈദ്യുതിയും വൃത്തിയുള്ള പാചക സൗകര്യവും ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു. പ്രധാന്‍ മന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിക്ക് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 1.54 ഗ്രാമീണ ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടമായ 2019-20 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് 1.95 കോടി വീടുകള്‍ കൂടി നല്‍കാനാണ് നിര്‍ദ്ദേശിക്കുന്നത്. ഈ വീടുകള്‍ക്ക് ശുചിമുറികള്‍, വൈദ്യുതി, എല്‍പിജി കണക്ഷന്‍ തുടങ്ങിയവും നല്‍കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയും നേരിട്ടുള്ള ആനുകൂല്യ വിതരണ പ്ലാറ്റ്‌ഫോം വഴിയും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള ശരാശരി ദിവസങ്ങള്‍ 2015-16ല്‍ 314 ദിവസമായിരുന്നത് 2017-18ല്‍ 114 ദിവസമായി കുറഞ്ഞിട്ടുണ്ട്.
പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന(പിഎംജിഎസ്‌വൈ) ഗ്രാമീണ മേഖലകളില്‍ സാമൂഹിക, സാമ്പത്തിക നേട്ടങ്ങളെത്തിച്ചതായും അതിന്റെ പൂര്‍ത്തീകരണ ലക്ഷ്യം 2022 എന്നുള്ളത് 2019 ആക്കി പുനര്‍നിശ്ചയിച്ചതായും 97 ശതമാനത്തിലധികം വാസസ്ഥലങ്ങള്‍ക്കും ഇതു വഴി ഏതു കാലാവസ്ഥയിലും കണക്ടീവിറ്റിയുണ്ടായതായും ധനമന്ത്രി പറഞ്ഞു. ഏറ്റവുമൊടിവിലുള്ള 1000 ദിവസങ്ങളില്‍ പ്രതിദിനം 130 മുതല്‍ 135 കിലോമീറ്റര്‍ വരെ റോഡ് നിര്‍മ്മിച്ചു കൊണ്ടാണ് ഇത് സാധ്യമാക്കിയത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 80,250 കോടി രൂപ ചെലവില്‍ 1,25,000 കിലോമീറ്റര്‍ നീളം റോഡ് നിര്‍മ്മിക്കുകയാണ് പിഎംജിഎസ്‌വൈ-III പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി അടിവരയിട്ടു.
ക്ലസ്റ്റര്‍ അധിഷ്ഠിത വികസനത്തിലൂടെ പരമ്പരാഗത വ്യവസായങ്ങളെ കൂടുതല്‍ ഉത്പാദനക്ഷമവും, ലാഭകരവും, സുസ്ഥിര തൊഴില്‍ സാധ്യതകള്‍ നല്‍കുന്നതുമായി തീര്‍ക്കുന്നതിന് കൂടുതല്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ രൂപീകരിക്കുകയാണ് സ്‌കീം ഓഫ് ഫണ്ട് ഫോര്‍ അപ്ഗ്രഡേഷന്‍ ആന്‍ഡ് റീജനറേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡ്‌സ്ട്രീസ് (എസ്എഫ്‌യുആര്‍ടിഐ) പദ്ധതി ലക്ഷ്യമിടുന്നതെന്നും ശ്രീ സീതാരാമന്‍ പറഞ്ഞു. മുള, തേന്‍, ഖാദി ക്ലസ്റ്ററുകളാണ് പ്രാധാന്യം നല്‍കുന്ന മേഖലകള്‍. 2019-20 ല്‍ 100 പുതിയ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിലൂടെ 50,000 കൈത്തൊഴില്‍പ്പണിക്കാരെ സാമ്പത്തിക മൂല്യ ശൃംഖലുടെ ഭാഗമാക്കുക എന്നതാണ് എസ്എഫ്‌യുആര്‍ടിഐ വിഭാവനം ചെയ്യുന്നത്. കൂടാതെ അത്തരം വ്യവസായങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന് ലൈവ്‌ലിഹുഡ് ബിസിനസ് ഇന്‍ക്യുബേറ്ററുകളും ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററുകളും നിര്‍മ്മിക്കുന്ന സ്‌കീം ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്നവേഷന്‍, റൂറല്‍ ഇന്‍ഡസ്ട്രി ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ്(ആസ്പയര്‍) ഏകീകരിക്കുകയും ചെയ്തു. കാര്‍ഷിക-ഗ്രാമീണ വ്യവസായ മേഖലകളില്‍ 75,000 വിദഗ്ധ സംരംഭകരെ രൂപപ്പെടുത്തിയെടുക്കുന്നതിനായി 80 ലൈവ്‌ലിഹുഡ് ബിസിനസ് ഇന്‍ക്യുബേറ്ററുകളും 20 ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററുകളുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 10,000 പുതിയ കര്‍ഷക ഉത്പാദക സംഘനകള്‍ രൂപീകരിക്കാനാകുമെന്നും ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നു.
പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന(പിഎംഎംഎസ്‌വൈ) പദ്ധതിയുടെ ഗുണഫലങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്ക് ലഭിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ഒരു ശക്തമായ ഫിഷറീസ് മാനേജ്‌മെന്റ് നെറ്റ്‌വര്‍ക്ക് സ്ഥാപിക്കും. അടിസ്ഥാനസൗകര്യങ്ങള്‍, ആധുനീകരണം, ഉത്പാദനം, ഉത്പാദനക്ഷമത, ഗുണനിലവാര നിയന്ത്രണം എന്നിവയെല്ലാമടങ്ങുന്ന മൂല്യ ശൃംഖലയിലെ വിടവുകള്‍ ഈ സംവിധാനത്തിലൂടെ പരിഹരിക്കും.
ഇന്ത്യയുടെ ജല സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ ഇന്ത്യക്കാര്‍ക്കും സുരക്ഷിതമായ കുടിവെള്ളം ആവശ്യത്തിന് ലഭ്യമാക്കുന്നതിനും ഈ ഗവണ്‍മെന്റ മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. ജല വിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയവും കുടിവെള്ള, ശുചിത്വ മന്ത്രാലയവും സംയോജിപ്പിച്ച് ജല്‍ ശക്തി മന്ത്രാലയം രൂപീകരിച്ചത് ഈ വഴിക്കുള്ള പ്രധാന ചുവടുവയ്പ്പാണ്. നമ്മുടെ ജല വിഭവങ്ങളുടെ നിര്‍വഹണത്തിനും, സംയോജിതവും സമഗ്രവുമായ ജല വിതരണത്തിനും ഈ പുതിയ മന്ത്രാലയം മേല്‍നോട്ടം വഹിക്കും. ജല്‍ ജീവന്‍ ദൗത്യത്തിന് കീഴില്‍ 2024 ഓടു കൂടി എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വഴിയുള്ള ജല വിതരണം ഉറപ്പാക്കുന്നതിന് മന്ത്രാലയം സംസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമിതമായ ജലചൂഷണം നടന്നതും ആപത്കരമായ സ്ഥിതിവിശേഷത്തിലുള്ളതുമായ 1593 ബ്ലോക്കുകളെ 256 ജില്ലകളില്‍ നിന്നും ജല്‍ ശക്തി അഭിയാനു വേണ്ടി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി വിവിധ പദ്ധതികളില്‍ നിന്നുള്ള ഫണ്ടുകള്‍ക്ക് പുറമേ കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ്ങ് അതോറിറ്റിക്ക് കീഴില്‍ ലഭ്യമായ അധിക ഫണ്ടുകള്‍ കൂടി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ ഗവണ്‍മെന്റ് ആരായുന്നുണ്ട്.
പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന് കീഴില്‍ രണ്ട് കോടിയിലധികം ഗ്രാമീണ ഇന്ത്യാക്കാര്‍ ഇതിനകം ഡിജിറ്റല്‍ സാക്ഷരത നേടി. ഗ്രാമീണ-നഗര ഡിജിറ്റല്‍ വിടവ് നികത്തുന്നതിന് രാജ്യത്തെ ഓരോ പഞ്ചായത്തിലും ഇന്റര്‍നെറ്റ് കണക്ടീവിറ്റി എത്തിക്കാനാണ് ഭാരത്-നെറ്റ് ലക്ഷ്യമിടുന്നത്. യൂണിവേഴ്‌സല്‍ ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നും പൊതു സ്വകാര്യ പങ്കാളിത്ത സംവിധാനത്തില്‍ നിന്നുമുമ സഹായത്തോടെ ഇത് ത്വരിതപ്പെടുത്തും.
പ്രധാന്‍ മന്ത്രി ആവാസ് യോജന-അര്‍ബന്‍(പിഎംഎവൈ-അര്‍ബന്‍) പദ്ധതിക്ക് കീഴില്‍ 4.83 ലക്ഷം കോടി രൂപ നിക്ഷേപം ആവശ്യമുള്ള 81 ലക്ഷം വീടുകള്‍ അനുവദിക്കുകയും ഇതില്‍ 47 ലക്ഷം വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 26 ലക്ഷത്തിലേറെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും അതില്‍ 24 ലക്ഷത്തോളം വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തു. 13 ലക്ഷത്തിലധികം വീടുകള്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്.
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം അദ്ദേഹത്തിന്റെ ആദര്‍ശങ്ങളിലേക്ക് നമ്മെ പുനരര്‍പ്പിക്കാനുള്ള യോജിച്ച സന്ദര്‍ഭമാണ്. 2019 ഒക്‌ടോബര്‍ രണ്ടോടു കൂടി ഇന്ത്യയെ വെളിയിട വിസര്‍ജ്ജന രഹിതമാക്കുന്നതിന് പ്രധാനമന്ത്രി മോദി സ്വച്ഛ ഭാരത് പദ്ധതി നടപ്പാക്കിയിരുന്നു. ഈ ലക്ഷ്യം ഒക്‌ടോബര്‍ രണ്ടോടു കൂടി തന്നെ കൈവരിക്കുമെന്ന് പറയാന്‍ എനിക്കേറെ സന്തോഷവും സംതൃപ്തിയുമുണ്ട്.
ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ചതാക്കി മാറ്റുന്നതിന് ഗവണ്‍മെന്റ് ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. പുതിയ നയം സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പ്രധാന മാറ്റങ്ങളും, മെച്ചപ്പെട്ട ഗവണ്‍മെന്റ് സംവിധാനങ്ങളും, ഗവേഷണത്തിലും നൂതന വിഷയങ്ങളിലും കൂടുതല്‍ ഊന്നലും നിര്‍ദ്ദേശിക്കുന്നു. രാജ്യത്ത് ഗവേഷണത്തിന് ഫണ്ട് ലഭ്യമാക്കാനും, അവ ഏകോപിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും ഒരു ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ രൂപീകരിക്കാന്‍ നയം ശുപാര്‍ശ ചെയ്യുന്നു. ഈ സംരംഭങ്ങള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തിയതായി അവര്‍ പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങുകളില്‍ ഒരൊറ്റ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനം പോലുമുണ്ടായിരുന്നില്ല. നിലവാരം ഉയര്‍ത്തുന്നതിനായുള്ള നമ്മുടെ സ്ഥാപനങ്ങളുടെ സംഘടിത ശ്രമങ്ങള്‍ മൂലം ഇന്ന് രണ്ട് ഐഐടികളും ഐഐഎസ്‌സി ബംഗലൂരുവും ടോപ്പ് 200 റാങ്കിലെത്തി.
പ്രധാനമന്ത്രി കൗശല്‍ വികാസ യോജനയിലൂടെ 10 ദശലക്ഷം യുവാക്കള്‍ക്ക് വ്യവസായങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഗവണ്‍മെന്റ് നൈപുണ്യ പരിശീലനം നല്‍കുമെന്ന് ശ്രീ സീതാരാമന്‍ പറഞ്ഞു. പുതു തലമുറ ശേഷികളായ നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, ബിഗ് ഡേറ്റ, 3ഡി പ്രിന്റിങ്ങ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്‌സ് തുടങ്ങിയവക്കും ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്കും എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്കമുള്ള വിഹിതം 2018 ഏപ്രില്‍ 01 മുതല്‍ 12 ശതമാനമാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായി ഗുണഭോക്താക്കളുടെ എണ്ണം 2018-19ല്‍ 88 ലക്ഷമെങ്കിലും വര്‍ദ്ധിച്ചു. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം പദ്ധതിക്ക് കീഴിലുള്ള ആകെ ഗുണഭോക്താക്കളുടെ എണ്ണം 1,18,05,000 വും സ്ഥാപനങ്ങള്‍ 1,45,512 ഉം ആണ്. വിവിധങ്ങളായ തൊഴില്‍ നിയമങ്ങളെ നാലു സെറ്റുകളായുള്ള ലേബര്‍ കോഡുകളാക്കി പാകപ്പെടുത്താന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നു.
ഈ ഗവണ്‍മെന്റ് മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ, സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് മൂവ്‌മെന്റ് തുടങ്ങിയ വിവിധ പദ്ധതികളിലൂടെ വനിതാ സംരംഭകത്വത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു. വനിതാ സംരംഭകത്വത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ എസ്എച്ച്ജി ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍ പ്രോഗ്രാം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുള്ള ഓരോ അംഗീകൃത വനിതാ സ്വയം സഹായ അംഗത്തിനും 5000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റും അനുവദിച്ചു. ഓരോ സ്വയം സഹായ സംഘത്തിലെയും ഒരു വനിതയ്ക്ക് മുദ്ര പദ്ധതിക്ക് കീഴില്‍ 1 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കും യോഗ്യതയുണ്ടായിരിക്കും.
ഗവണ്‍മെന്റ് രാജ്യത്തെ 17 ഐക്കോണിക് ടൂറിസം സൈറ്റുകളെ ലോകോത്തര നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളായി വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സമ്പന്നമായ ഗോത്ര സാംസ്‌കാരിക പാരമ്പര്യത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഡിജിറ്റല്‍ റിപ്പോസിറ്ററി വികസിപ്പിച്ചതായും അവര്‍ അറിയിച്ചു. ഇന്ത്യയിലെ ഗോത്രങ്ങളെ സംബന്ധിച്ച രേഖകള്‍, നാടന്‍ പാട്ടുകള്‍, അവരുടെ പരിണാമത്തെ സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും, പ്രഭവകേന്ദ്രം, പരിണാമം, ജീവിതരീതി, വാസ്തുവിദ്യ, വിദ്യാഭ്യാസനിലവാരം, പരമ്പരാഗത കല, നൃത്ത രൂപങ്ങള്‍, മറ്റ് നരവംശശാസ്ത്രപരമായ വിവരങ്ങള്‍ എന്നിവ ഈ റിപ്പോസിറ്ററിയില്‍ ശേഖരിക്കുന്നുണ്ട്. ഇത് കൂടുതല്‍ സമ്പന്നമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
ഗവണ്‍മെന്റിന്റെ വീക്ഷണത്തെ സംബന്ധിച്ച പത്ത് ആശയങ്ങളും ധനമന്ത്രി അവതരിപ്പിച്ചു:
· ഭൗതിക, സാമൂഹിക അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മ്മാണം
· സമ്പദ് വ്യവസ്ഥയുടെ ഓരോ മേഖലയിലും കടന്നു ചെല്ലുന്ന ഡിജിറ്റല്‍ ഇന്ത്യ
· ഹരിതാഭയാര്‍ന്ന മാതൃഭൂമിയും നീലാകാശവുമുള്ള മലിനീകരണ മുക്ത ഇന്ത്യ
· എംഎസ്എംഇകള്‍ക്കും, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും, പ്രതിരോധ നിര്‍മ്മാണത്തിനും, ഓട്ടോമൊബൈലുകള്‍ക്കും, ഇലക്‌ട്രോണിക്‌സിനും, ബാറ്ററികള്‍ക്കും, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ.
· ജലം, ജല മാനേജ്‌മെന്റ്, വൃത്തിയുള്ള നദികള്‍
· ബ്ലൂ സമ്പദ്‌വ്യവസ്ഥ
· ബഹിരാകാശ പദ്ധതികള്‍. ഗഗന്‍യാന്‍, ചന്ദ്രയാന്‍, ഉപഗ്രഹ പദ്ധതികള്‍
· ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരു, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയിലുള്ള സ്വാശ്രയത്വവും, കയറ്റുമതിയും
· ആരോഗ്യകരമായ സമൂഹം-ആയുഷ്മാന്‍ ഭാരത്, പുഷ്ടിയുള്ള കുട്ടികളും സ്ത്രീകളും, പൗരന്മാരുടെ സുരക്ഷിതത്വം.
· ജനപങ്കാളിത്തത്തോടു കൂടിയുള്ള ടീം ഇന്ത്യ. മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്.
IE/AB/BSN (05.07.19)
(Release ID: 1577518)
Visitor Counter : 123