ധനകാര്യ മന്ത്രാലയം

    സി.പി.ഐ.-സി. അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2018-19ല്‍ 3.4 ശതമാനമായി താഴ്ന്നു; അഞ്ചു സാമ്പത്തിക വര്‍ഷമായി തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നു; നാലു ശതമാനത്തില്‍ കീഴെയായതു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍

ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സി.പി.എഫ്.ഐ.) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം കഴിഞ്ഞ അഞ്ചു വര്‍ഷമായി താഴ്ന്നുകൊണ്ടിരിക്കുന്നു, കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി രണ്ടു ശതമാനത്തിനുകീഴെ

ഗ്രാമീണ പണപ്പെരുപ്പം (സി.പി.ഐ.) 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞു; 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പല സംസ്ഥാനങ്ങളിലും സി.പി.ഐ. പണപ്പെരുപ്പം താഴ്ന്നു

Posted On: 04 JUL 2019 12:16PM by PIB Thiruvananthpuram

 

2018-19ലേക്കുള്ള സാമ്പത്തിക സര്‍വേ കേന്ദ്ര ധനകാര്യ-കമ്പനികാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാ രാമന്‍  ഇന്നു പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ചു. വര്‍ധിച്ചതും ചാഞ്ചാടിക്കൊണ്ടിരിക്കുന്നതുമായ വര്‍ധിച്ച പണപ്പെരുപ്പ നിരക്കു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, കുറഞ്ഞതും സ്ഥിരതയാര്‍ന്നതുമായ നിരക്കിലേക്കു താഴ്ന്നതായി സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്നു. 
സര്‍വേ ചൂണ്ടിക്കാട്ടുന്നു: 'ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2014-15ല്‍ 5.9 ശതമാനവും 2015-16ല്‍ 4.9 ശതമാനവും 2016-17ല്‍ 4.5 ശതമാനവും 2017-18ല്‍ 3.6 ശതമാനവും ആയിരുന്നെങ്കില്‍ 2018-19ല്‍ ഇത് 3.4 ശതമാനമായി താഴ്ന്നു.'. സാമ്പത്തിക സര്‍വേ തുടര്‍ന്നു ചൂണിക്കാട്ടുന്നു: '2018 ഏപ്രിലില്‍ 4.6 ശതമാനമായിരുന്നു ഇതെങ്കില്‍ 2019 ഏപ്രിലില്‍ 2.9 ശതമാനമായി താഴ്ന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്തൃ ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം 2018-19 സാമ്പത്തിക വര്‍ഷം 0.1 ശതമാനം താഴ്ന്നു.'
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തെക്കുറിച്ചു സര്‍വേ വ്യക്തമാക്കുന്നു: '2016-17ല്‍ 1.7 ശതമാനം, 2015-16ല്‍ -3.7 ശതമാനം, 2014-15ല്‍ 1.2 ശതമാനം എന്നീ നിരക്കുകളെ അപേക്ഷിച്ച് 2017-18ല്‍ മിതമായ നിരക്കായ മൂന്നു ശതമാനത്തില്‍ നിലകൊണ്ടു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.3 ശതമാനമായി.'

പണപ്പെരുപ്പത്തിന്റെ ഇപ്പോഴത്തെ ഗതി
പണപ്പെരുപ്പത്തിന്റെ ഇപ്പോഴത്തെ ഗതി പരാമര്‍ശിക്കവേ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു: '2019 ഏപ്രിലിലെ സി.പി.ഐ.-സി പണപ്പെരുപ്പം 2019 മാര്‍ച്ചിലെ നിരക്കായ 2.9 ശതമാനത്തില്‍ തുടരുന്നു. 2018 ഏപ്രിലില്‍ ഇത് 4.6 ശതമാനമായിരുന്നു.' ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം  കുറഞ്ഞതാണു 2018-19 സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം കുറയാന്‍ കാരണമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 
സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്തു ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം തീര്‍ത്തും അപകടകരമല്ലാത്ത നിരക്കാണ്. 2018 ഏപ്രിലില്‍ 2.8 ശതമാനവും 2019 മാര്‍ച്ചില്‍ 0.3 ശതമാനവും ആയിരുന്ന ഇത്, 2019 ഏപ്രിലില്‍ 1.1 ശതമാനമായി. ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സി.പി.എഫ്.ഐ.) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം 2017-18ല്‍ 1.8 ശതമാനമായി താഴ്ന്നു. ഇത് 2016-17ല്‍ 4.2 ശതമാനവും 2015-16ല്‍ 4.9 ശതമാനവും 2014-15ല്‍ 6.4 ശതമാനവും ആയിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി ഭക്ഷ്യ പണപ്പെരുപ്പം 0.1 ശതമാനമായി താഴ്ന്നിട്ടുണ്ട്. '2018-19 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതിയിലെ ഭക്ഷ്യ മൂല്യത്തകര്‍ച്ചയ്ക്കു പ്രധാന കാരണം പച്ചക്കറി, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, പഞ്ചസാര, മധുരപലഹാരങ്ങള്‍, മുട്ടകള്‍ എന്നിവ ഉള്‍പ്പെടെ ആകെ സി.പി.ഐ.-സിയുടെ 13.1 ശതമാനം വരുന്ന ഉല്‍പന്നങ്ങളുടെ വില താഴ്ന്നതാണ്', സര്‍വേ നിരീക്ഷിക്കുന്നു. 
സര്‍വേ തുടര്‍ന്നു വിശദീകരിക്കുന്നു: 'കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പവും വര്‍ധിച്ചുവരികയാണ്. ഇതു 2018-19 ല്‍ 0.6 ശതമാനത്തിനു മീതെയായിരുന്നു. ഇത് 2019 ഏപ്രിലില്‍ 4.9 ശതമാനവും 2019 മാര്‍ച്ചില്‍ 3.9 ശതമാനവും 2018 ഏപ്രിലില്‍ 0.8 ശതമാനവും ആയിരുന്നു.'

ഗ്രാമീണ, നഗര പണപ്പെരുപ്പങ്ങളില്‍ കുറവ്
സാമ്പത്തിക സര്‍വേ പ്രകാരം നഗര, ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. 2018 ജൂലൈ മുതല്‍ നഗരമേഖലയിലെ പണപ്പെരുപ്പത്തെ അപേക്ഷിച്ചു ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം കുറയുന്നത് കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. 'ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം കുറഞ്ഞതാണു ഗ്രാമീണമേഖലയിലെ പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്. ഇതു കഴിഞ്ഞ ആറു മാസമായി നെഗറ്റീവാണ് (2018 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെ)', സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു. 

പല സംസ്ഥാനങ്ങളിലും സി.പി.ഐ. പണപ്പെരുപ്പം കുറഞ്ഞു
2018-19 സാമ്പത്തിക വര്‍ഷത്തില്‍ പല സംസ്ഥാനങ്ങളിലെയും സി.പി.ഐ. പണപ്പെരുപ്പം താഴ്ന്നുവെന്നും 23 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇത് നാലു ശതമാനത്തില്‍ താഴെയാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു. 16 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ 2018-19ല്‍ ഇതു ദേശീയ ശരാശരിയിലും കുറവാണ്. ദാമന്‍ ആന്‍ഡ് ഡിയുവിലാണ് ഇത് ഏറ്റവും കുറവ്. ഹിമാചല്‍ പ്രദേശും ആന്ധ്രാപ്രദേശുമാണു തൊട്ടടുത്തുള്ള സംസ്ഥാനങ്ങള്‍.

പണപ്പെരുപ്പത്തിനുള്ള കാരണങ്ങള്‍
സാമ്പത്തിക സര്‍വേ പ്രകാരം ദേശീയ തലത്തില്‍ സി.പി.ഐ.-സി. പണപ്പെരുപ്പത്തെ നിര്‍ണയിക്കുന്നതില്‍ സ്വാധീനിച്ച പ്രധാന മേഖലകള്‍ ബഹുവിധ ഗ്രൂപ്പും ഇതിനു പിറകെ പാര്‍പ്പിട, ഇന്ധന, ഇടത്തര ഗ്രൂപ്പുകളുമാണ്. ശേഷിയിലേറെ സംഭാവനകള്‍ അര്‍പ്പിക്കുന്നതിനാല്‍ പണപ്പെരുപ്പം തീരുമാനിക്കുന്നതില്‍ സേവന മേഖലയ്ക്കുള്ള താരതമ്യപരമായ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ടെന്നു രേഖ ചൂണ്ടിക്കാട്ടുന്നു. സേവന മേഖലയിലെ 40 ഇനങ്ങള്‍ സി.പി.ഐ.സിയുടെ 23.37 ശതമാനം നിര്‍ണയിക്കുന്നു. 

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള വഴികള്‍ 
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച സാമ്പത്തിക സര്‍വേ പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതു നയപരമായി പ്രാധാന്യമേറിയ കാര്യമാണെന്നു ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം, പ്രത്യേകിച്ചു ഭക്ഷ്യമേഖലയില്‍ ഉള്ളത്, കുറച്ചുകൊണ്ടുവരാനായി ഗവണ്‍മെന്റ് ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 'പൊതു നടപടിക്രമങ്ങളും പ്രത്യേക നടപടിക്രമങ്ങളും ഇതില്‍ ഉള്‍പ്പെടും', എന്നു സര്‍വേയില്‍ വ്യക്തമാക്കുന്നു.
 
സര്‍വേ പ്രകാരം, കൈക്കൊണ്ട നടപടികളില്‍ പണപ്പെരുപ്പം നിത്യവും വിലയിരുത്തല്‍, പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും എതിരെ സംസ്ഥാനങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കല്‍, വിലയും പ്രധാന അവശ്യവസ്തുക്കളുടെ ലഭ്യതയും സംബന്ധിച്ചു വിലയിരുത്താന്‍ കൃത്യമായി യോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഉല്‍പാദനത്തിന് ഊര്‍ജം പകരാനായി പയറുവര്‍ഗങ്ങള്‍ക്കും മറ്റ് ഉല്‍പന്നങ്ങള്‍ക്കും ഉയര്‍ന്ന താങ്ങുവില നല്‍കല്‍, കാര്‍ഷികോല്‍പന്നങ്ങളും പുഷ്പങ്ങളും സംഭരിക്കുന്നതിനു വിലസ്ഥിരതാ ഫണ്ട് (പി.എസ്.എഫ്.) രൂപീകരിക്കല്‍ എന്നിവ ഉള്‍പ്പെട്ടതാണു പൊതുവായ നടപടിക്രമങ്ങള്‍. പി.എസ്.എഫ്. പ്രകാരം സംഭരിച്ച ഉള്ളി ന്യായവിലയ്ക്കു ലഭ്യമാക്കല്‍, തന്ത്രപരമായി വിപണിയില്‍ ഇടുന്നതിനും അതോടൊപ്പം സൈന്യം, കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവയുടെ ആവശ്യത്തിനുമായി അധികമായി സംഭരിച്ച ധാന്യങ്ങള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ളതാണു പ്രത്യേക നടപടികള്‍.  

AKA/ND MRD – 376
***
 


(Release ID: 1577293)
Read this release in: English , Bengali , Tamil