ധനകാര്യ മന്ത്രാലയം
നിതി ആയോഗില്‍ ബിഹേവിയറല്‍ എക്കണോമിക്‌സ് യൂണിറ്റ് തുടങ്ങണമെന്ന് സാമ്പത്തിക സര്‍വേ
Posted On:
04 JUL 2019 12:04PM by PIB Thiruvananthpuram
അഭിലഷണീയമായ പെരുമാറ്റത്തിലേക്ക് ജനങ്ങളെ നയിക്കുന്നതിനാവശ്യമായ ഉള്‍ക്കാഴ്ച നല്‍കാന്‍ പെരുമാറ്റശീലങ്ങളുമായി ബന്ധപ്പെട്ട ബീഹേവിയറല്‍ എക്കണോമിക്‌സിന് സാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2018-19ലെ സാമ്പത്തിക സര്‍വേ പറയുന്നു. സാമൂഹികവും മതപരവുമായ മാനദണ്ഡങ്ങള്‍ പെരുമാറ്റത്തെ സ്വാധീനിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത്, മാറ്റത്തിന്റെ അമൂല്യ ഉപകരണമാകാന്‍ ബിഹേവിയറല്‍ എക്കണോമിക്‌സിന് സാധിക്കുമെന്നും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.
യഥാര്‍ത്ഥ മനുഷ്യരെടുക്കുന്ന തീരുമാനങ്ങള്‍ ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ അപ്രായോഗിക സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിക്കാറുണ്ടെന്നും സര്‍വേ പറയുന്നു. പെരുമാറ്റത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ നയപരമായ തീരുമാനങ്ങളില്‍ പ്രയോഗവത്ക്കരിച്ചതാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സ്വച്ഛ് ഭാരത് ദൗത്യം പോലുള്ള പദ്ധതികളുടെ വിജയത്തിന് കാരണമായതെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് #സെല്‍ഫി വിത്ത് ഡോട്ടര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഗോള ഹിറ്റാകുകയും പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുകയെന്ന മാതൃകയിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുകയും ചെയ്തു. അതേ പോലെ, നമാമി ഗംഗേ, ഉജ്ജ്വല, പോഷണ്‍ അഭിയാന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് സാമൂഹികവും സാംസ്‌കാരികവുമായി പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന പേരുകള്‍ ഉപയോഗിച്ചത് അവയോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് കാരണമായി.
ശുചിത്വത്തിലേക്കുള്ള സമൂഹാധിഷ്ഠിത സമീപനത്തിന് സ്വച്ഛഭാരത് ദൗത്യത്തിലുപയോഗിച്ച സ്വച്ഛാഗ്രഹികള്‍ എന്ന പദം സത്യാഗ്രഹികളോട് സമാനമായിരുന്നതിനാല്‍ അതിലെ സന്ദേശം കൂടുതല്‍ പ്രബലമാക്കാന്‍ സാധിച്ചു. സ്വച്ഛഭാരത് ദൗത്യത്തിലെ ലിംഗ ശാക്തീകരണ ഘടകം ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിക്ക് പരിപൂരകമായിരുന്നു. ഗുണകരമായ സാമൂഹിക പെരുമാറ്റത്തെ പ്രാധാന്യത്തോടെ പ്രതിപാദിക്കല്‍, നിലവിലെ തിരഞ്ഞെടുപ്പ് സാധ്യതകളിലൊരു മാറ്റം, ആവര്‍ത്തിച്ചുള്ള ഊന്നിപ്പറയല്‍ തുടങ്ങിയവയാണ് ബിഹേവിയറല്‍ എക്കണോമിക്‌സിന്റെ മൂല പ്രമാണങ്ങളെന്നും സാമ്പത്തിക സര്‍വേ വിശദീകരിക്കുന്നു.
നിരവധി ഇന്ത്യന്‍ പദ്ധതികളില്‍ ബിഹേവിയറല്‍ എക്കണോമിക്‌സിന്റെ തത്വങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും പദ്ധതികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇനിയും അത്തരം ഉള്‍ക്കാഴ്ചകള്‍ക്ക് വിശാലമായ സാധ്യതകളുണ്ടെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. നിതി ആയോഗില്‍ ബിഹേവിയറല്‍ എക്കണോമിക്‌സ് യൂണിറ്റ് രൂപീകരിക്കണമെന്നും സര്‍വേ ശുപാര്‍ശ ചെയ്യുന്നു. എല്ലാ പദ്ധതികളും നടപ്പാക്കും മുന്‍പ് ഒരു ബിഹേവിയറല്‍ എക്കണോമിക്‌സ് ഓഡിറ്റിലൂടെ കടന്നു പോകണമെന്നും സര്‍വേ ശക്തമായി ശുപാര്‍ശ ചെയ്യുന്നു.
(04.07.19)
(Release ID: 1577280)
Visitor Counter : 87