ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മസ്തിഷ്‌ക ജ്വരം: 8 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആമ്പുലന്‍സുകള്‍ വിന്യസിച്ചു

രോഗികളെ കണ്ടെത്തുന്നതിനായി വീടുകള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍

വൈറോളജി ലാബ് പ്രവര്‍ത്തനസജ്ജമാക്കാന്‍ ഐസിഎംആര്‍ സംഘം

Posted On: 20 JUN 2019 4:55PM by PIB Thiruvananthpuram

ബീഹാറിലെ മുസാഫര്‍പൂരിലും, സമീപ ജില്ലകളിലും മസ്തിഷ്‌ക ജ്വരബാധ  (എഇഎസ്/ജെഇ) വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയില്‍ എട്ട് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആമ്പുലന്‍സുകള്‍ വിന്യസിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ നിര്‍ദ്ദേശം നല്‍കി. 10 ശിശുരോഗ വിദഗ്ധരും, 5 പാരാമെഡിക്കല്‍ സ്റ്റാഫും അടങ്ങിയ കേന്ദ്ര സംഘത്തെ കഴിഞ്ഞ ദിവസം തന്നെ അയയ്ക്കുകയും, സംഘം സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ത്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. രോഗബാധ നേരത്തേ തന്നെ കണ്ടെത്തുന്നതിനും, നിരീക്ഷിക്കുന്നതിനുമായി രോഗസാധ്യത കൂടിയ ബ്ലോക്കുകളിലേക്ക് 16 മുതിര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരെയും, ആരോഗ്യ പ്രവര്‍ത്തകരെയും അയച്ചതായും ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു.

ജില്ലാ കളക്ടര്‍മാര്‍ നേരിട്ട് സ്ഥിതിഗതികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായും മന്ത്രി അറിയിച്ചു. സീനിയര്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ ബ്ലോക്ക് തല സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ചുമതലപ്പെടുത്തി. ജില്ലാതല മെഡിക്കല്‍ ഓഫീസര്‍മാര്‍ ഈ സംഘങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കും. ദൈനംദിന നിരീക്ഷണത്തിനും അതിലൂടെ രോഗം തുടക്കത്തില്‍ തന്നെ നിര്‍ണ്ണയിക്കുന്നതിനും സംസ്ഥാനം നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞതായും ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. വീടുകള്‍ കയറിയിറങ്ങിയുള്ള സര്‍വ്വേയിലൂടെ രോഗസാധ്യതയുള്ളവരെ കണ്ടെത്തി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള കാമ്പയിനും സംസ്ഥാന ഗവണ്‍മെന്റ് ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, അങ്കണവാടികളിലും പരിശോധന നടത്തും. മസ്തിഷ്‌ക ജ്വരത്തെപ്പറ്റി അവബോധം ഉണ്ടാക്കുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനായി എഎന്‍എം മാരെയും ആശാ വര്‍ക്കര്‍മാരെയും നിയോഗിച്ചു. വൈറോളജി ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ ഐസിഎംആര്‍ വിദഗ്ധ സംഘത്തെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വിന്യസിച്ചതായും ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു.
 
IE/AB (20.06.19)


(Release ID: 1575124) Visitor Counter : 59


Read this release in: English , Urdu , Hindi