കൃഷി മന്ത്രാലയം

പിഎം കിസാന്‍ പദ്ധതിയില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുന്നത് വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

100 ദിവസത്തിനുള്ളില്‍ ഒരു കോടി കര്‍ഷകരെ കൂടി കിസാന്‍ കെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ കൊണ്ടു വരുന്നതിന് ക്യാമ്പയിന്‍

കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

Posted On: 13 JUN 2019 3:21PM by PIB Thiruvananthpuram

കേന്ദ്ര കൃഷി മന്ത്രി ശ്രീ. നരേന്ദ്ര സിങ്ങ് തോമര്‍ സംസ്ഥാന കൃഷി മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറസിലൂടെ യോഗം ചേര്‍ന്നു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎം-കിസാന്‍), ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ എന്നീ മൂന്ന് പദ്ധതികളുടെ നടപ്പാക്കലിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗ്യരായ കര്‍ഷകരെ പിഎം കിസാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും, അതിലൂടെ 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ ആനുകൂല്യം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നത് ഉറപ്പു വരുത്താന്‍ കേന്ദ്ര മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

18 മുതല്‍ 40 വരെ പ്രായത്തിലുള്ള കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതികളെക്കുറിച്ച് സംസ്ഥാനമന്ത്രിമാരുമായി സംവദിച്ച കേന്ദ്ര മന്ത്രി പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്താനും നിര്‍ദ്ദേശിച്ചു. വരുന്ന 100 ദിവസത്തിനുള്ളില്‍  ഒരു കോടി കര്‍ഷകരെ കൂടി കിസാന്‍ കെഡിറ്റ് കാര്‍ഡ് പദ്ധതിയ്ക്ക് കീഴില്‍ കൊണ്ടു വരുന്നതിന് ഗ്രാമതല ക്യാമ്പയിന്‍ നടത്താനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 


കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്ന് തവണകളായി 6000 രൂപ നല്‍കുന്ന പദ്ധതിയാണ് പിഎം-കിസാന്‍. 14.5 കോടി ഗുണഭോക്താക്കള്‍ പദ്ധതിയ്ക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പദ്ധതിയില്‍ ആദ്യ മൂന്ന് വര്‍ഷത്തിനിടെ 5 കോടി കര്‍ഷകരെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 1998 ല്‍ ആരംഭിച്ച കിസാന്‍ കെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ ഭാഗമായി 6.92 കോടി പ്രവര്‍ത്തനസജ്ജമായ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവിലുള്ളത്.


IE/AB



(Release ID: 1574582) Visitor Counter : 162