ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വെസ്റ്റ് നൈല്‍ വൈറസ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം സാഹചര്യം വിലയിരുത്തി
Posted On:
14 MAR 2019 2:35PM by PIB Thiruvananthpuram
മലപ്പുറത്ത് ഏഴ് വയസ്സുകാരന് വെസ്റ്റ് നൈല്‍ രോഗബാധയുണ്ടായത് സംബന്ധിച്ച സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായും രോഗ നിയന്ത്രണത്തിന് സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി അറിയിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ രാജീവ് സദാനന്ദനുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നിന്നുള്ള കേന്ദ്ര സംഘത്തെ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചു. തിരുവനന്തപുരം ആര്‍എച്ച്ഒ ഡോ. രുചി ജയിന്‍, എന്‍സിഡിസി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സുനീത് കൗര്‍, എന്‍സിഡിസി എന്റോമോളജിസ്റ്റ് ഡോ. ഇ. രാജേന്ദ്രന്‍, എന്‍സിഡിസി ഇഐഎസ് ഓഫീസര്‍ ഡോ. ബിനോയ് ബസു എന്നിവര്‍ അടങ്ങിയതാണ് കേന്ദ്ര സംഘം. രോഗ നിയന്ത്രണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് സംഘം സഹായങ്ങള്‍ നല്‍കും.
സംസ്ഥാന, കേന്ദ്ര തലങ്ങളില്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.
IE/AB/BSN (14.03.2019)
(Release ID: 1568846)