പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സെപ്റ്റംബര്‍ 22ന് ഒഡിഷയും ഛത്തീസ്ഗഢും സന്ദര്‍ശിക്കും

Posted On: 21 SEP 2018 5:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സെപ്റ്റംബര്‍ 22ന് ഒഡിഷയും ഛത്തീസ്ഗഢും സന്ദര്‍ശിക്കും.
ഒഡിഷയിലെ താല്‍ച്ചറില്‍ താല്‍ച്ചര്‍ വളംനിര്‍മാണ പ്ലാന്റ് പുനരുദ്ധരിക്കുന്നതിനുള്ള ജോലിയുടെ ഉദ്ഘാടനഫലകം അദ്ദേഹം അനാച്ഛാദനം ചെയ്യും. കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ അധിഷ്ഠിത വളംനിര്‍മാണ യൂണിറ്റോടുകൂടിയ ഇന്ത്യയിലെ പ്രഥമ പ്ലാന്റാണ് ഇത്. വളത്തിനു പുറമെ, ഈ പ്ലാന്റില്‍ പ്രകൃതിവാതക ഉല്‍പാദനവും നടത്തും. ഇതു രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കു ഗുണകരമാകും.
തുടര്‍ന്നു ഝാര്‍സുഗുഡയിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി, ഝാര്‍സുഗുഡ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പടിഞ്ഞാറന്‍ ഒഡിഷയെ വ്യോമയാന ഭൂപടത്തിലേക്ക് എത്തിക്കുന്ന ഈ വിമാനത്താവളം ഉഡാന്‍ പദ്ധതി വഴി വ്യോമഗതാഗത സൗകര്യം ഒരുക്കുകയും ചെയ്യും.
ഗര്‍ജന്‍ബഹല്‍ കല്‍ക്കരി ഖനികളും ഝാര്‍സുഗുഡ-ബാരപാലി-സര്‍ദേഗ റയില്‍വൈ ലൈനും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ദുലംഗ കല്‍ക്കരി ഖനികളില്‍ കല്‍ക്കരി ഉല്‍പാദനവും കടത്തും ആരംഭിക്കുന്നതിന്റെ ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്യും.
തുടര്‍ന്നു പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചാംപയിലെത്തും. പരമ്പരാഗത കൈത്തറി, കൃഷി പ്രദര്‍ശനം അദ്ദേഹം സന്ദര്‍ശിക്കും. ദേശീയ പാത പദ്ധതികള്‍ക്കും പെന്‍ദ്ര-അനുപ്പൂര്‍ മൂന്നാമതു റെയില്‍പ്പാതയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും. തുടര്‍ന്നു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

 



(Release ID: 1547006) Visitor Counter : 99