ബഹിരാകാശ വകുപ്പ്
ബഹിരാകാശത്തേക്കുള്ള ഐഎസ്ആര്‍ഒയുടെ പ്രഥമ മനുഷ്യ ദൗത്യം 2022ല്‍
Posted On:
28 AUG 2018 4:54PM by PIB Thiruvananthpuram
ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ പ്രഥമ മനുഷ്യ ദൗത്യത്തിന് ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) 2022ല്‍ തുടക്കം കുറിക്കുമെന്ന് കേന്ദ്ര ആണവോര്‍ജ്ജ, ബഹിരാകാശ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ് പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നടത്തിയിരുന്നു.
ഗഗന്‍യാന്‍ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന് ജിഎസ്എല്‍വി എംകെ-III എന്ന വിക്ഷേപണ വാഹനമാണ് ഉപയോഗിക്കുക. അഞ്ച് മുതല്‍ ഏഴു ദിവസത്തേക്ക് മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി. മനുഷ്യ ദൗത്യത്തിന് മുന്നോടിയായി രണ്ട് മനുഷ്യരഹിത ഗഗന്‍യാന്‍ ദൗത്യങ്ങളും ഐഎസ്ആര്‍ഒ പരീക്ഷണാര്‍ത്ഥം നടത്തും. ആദ്യ മനുഷ്യരഹിത ബഹിരാകാശ വിക്ഷേപണം 30 മാസത്തിനുള്ളിലും സമ്പൂര്‍ണ്ണ പദ്ധതി 2022നുള്ളിലും പൂര്‍ത്തീകരിക്കും. 10,000 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ദൗത്യം വിജയകരമായാല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ലോകത്തെ നാലാമാത് രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ദൗത്യത്തിനു വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ ഇന്ത്യന്‍ വ്യോമസേനയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് തിരഞ്ഞെടുക്കും. നിശ്ചിത കാലയളവില്‍ തന്നെ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള ശേഷി ഐഎസ്ആര്‍ഒയ്ക്കുണ്ടെന്ന് ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ഈ ദൗത്യം വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുമെന്നും രാജ്യത്തിന്റെ ശ്രേയസ്സുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യം 2019 ജനുവരിയില്‍ വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
IE-BSN
(Release ID: 1544167)
Visitor Counter : 372