പാര്‍ലമെന്ററികാര്യ മന്ത്രാലയം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സുഗമമായി നടക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു ; നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 24 ദിവസങ്ങളിലായി 18 സിറ്റിംഗുകള്‍

Posted On: 17 JUL 2018 2:21PM by PIB Thiruvananthpuram

രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്ന എല്ലാ വിഷയങ്ങള്‍ക്കും ഗവണ്‍മെന്റ് വമ്പിച്ച പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രത്തിന്റെ ഉത്തമമായ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സൃഷ്ടിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും കൂട്ടായി യത്‌നിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനും മുന്നോടിയായി രാജ്യസഭയിലെയും, ലോകസഭയിലെയും കക്ഷി നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കുമെന്ന് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ക്രീയാത്മക ചര്‍ച്ചകള്‍ സാധ്യമാക്കുമെന്നും ശ്രീ. നരേന്ദ്ര മോദി വിശ്വാസം പ്രകടിപ്പിച്ചു.

നിരവധി വിഷയങ്ങള്‍ കക്ഷി നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇരു സഭകളിലെയും സൃഷ്ടിപരമായ ചര്‍ച്ചകളിലൂടെ സ്തംഭനങ്ങള്‍ പരിഹരിച്ച് കൊണ്ട് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസമില്ലാതെ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് കക്ഷി രാഷ്ട്രീയത്തിന് അതീതമായ സമവായം യോഗത്തിലുണ്ടായി.

പിന്നീട് വാര്‍ത്താ ലേഖകരോട് സംസാരിക്കവെ, സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളുടെയും പ്രത്യേകിച്ച് പ്രതിപക്ഷത്തിന്റെ സഹകരണം ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി ശ്രീ. അനന്ദകുമാര്‍ പറഞ്ഞു. 'ഇന്ത്യയുടെ ജനങ്ങള്‍ക്ക് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. രാജ്യ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് എല്ലാ കക്ഷികളെയും ആഹ്വാനം ചെയ്തു. ഫലപ്രദമായൊരു വര്‍ഷകാല സമ്മേളനത്തിന് എല്ലാ കക്ഷികളും അനുകൂലമായിരുന്നുവെന്ന് ശ്രീ. അനന്ദകുമാര്‍ പറഞ്ഞു. ചട്ടങ്ങള്‍ക്കും, നടപടിക്രമങ്ങള്‍ക്കും അനുസൃതമായി ഏത് വിഷയവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് എപ്പോഴും സന്നദ്ധമാണ്. വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്താന്‍ ഗവണ്‍മെന്റ് സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

നാളെ (2018 ജൂലൈ 18 ) ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 10 വരെ നീണ്ടു നില്‍ക്കും. 24 ദിവസത്തെ കാലയളവില്‍ മൊത്തം 18 സിറ്റിംഗുകള്‍ ഉണ്ടാകും. 48 വിഷയങ്ങളാണ് ഈ സമ്മേളന കാലത്ത് പരിഗണിക്കാന്‍ കണ്ടെത്തിയിട്ടുള്ളത് (46 ബില്ലുകളും, 2 ധനകാര്യ ഇനങ്ങളും ഉള്‍പ്പെടെ).

ആറ് ഓഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ ഈ സമ്മേളന കാലത്ത് പാസ്സാക്കേണ്ടതുണ്ട്. പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളെ സംബന്ധിച്ച 2018 ലെ ഓര്‍ഡിനന്‍സ്, ക്രിമിനല്‍ നിയമ (ഭേദഗതി) ഓര്‍ഡിനന്‍സ് 2018, വാണിജ്യ കോടതികള്‍, ഹൈക്കോടതിയുടെ വാണിജ്യ അപ്പലേറ്റ് ഡിവിഷന്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് 2018. ഹോമിയോപതി (ഭേദഗതി) ഓര്‍ഡിനന്‍സ് 2018, ദേശീയ സ്‌പോര്‍ട്‌സ് അതോറിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സ് 2018, പാപ്പരത്ത നിര്‍ദ്ധന ചട്ട (ഭേദഗതി) ഓര്‍ഡിനന്‍സ് 2018 എന്നീ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പാസ്സാക്കേണ്ടത്.

ഇരുസഭകള്‍ക്കും മുമ്പാകെ പരിഗണനയിലുള്ള, നടപ്പ് സമ്മേളനത്തില്‍ പാസ്സാക്കേണ്ട മറ്റ് ചില സുപ്രധാന ബില്ലുകള്‍ ഇവയാണ് :

2018 ലെ ഉപഭോക്തൃ സംരക്ഷണ ബില്ല്, 2018 ലെ ന്യൂഡല്‍ഹി അന്താരാഷ്ട്ര തര്‍ക്ക പരിഹാരം കേന്ദ്ര ബില്‍, 2016 ലെ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണം) ബില്‍, 2017 ലെ ഭരണഘടന (123-ാം ഭേദഗതി ബില്‍), 2018 ലെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍, 2017 ലെ മുസ്ലീം വനിതകള്‍ (വിവാഹ അവകാശ സംരക്ഷണ) ബില്‍, 2017 ലെ മോട്ടോര്‍ വാഹന (ഭേദഗതി) ബില്‍, 2013 ലെ അഴിമതി നിരോധന (ഭേദഗതി) ബില്‍.

ആറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ളവയ്ക്ക് പുറമെ പുതുതായി കൊണ്ട് വരുന്ന ചില ബില്ലുകള്‍ ഇവയാണ്: 2018 ലെ എയര്‍പോര്‍ട്ട്‌സ് എക്കോണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഭേദഗതി) ബില്‍, 2018 ലെ നിയന്ത്രണമില്ലാത്ത നിക്ഷേപ പദ്ധതികള്‍ നിരോധിക്കാനുള്ള ബില്‍, 2018 ലെ മനുഷ്യാവകാശ സംരക്ഷണ (ഭേദഗതി) ബില്‍, 2018 ലെ സുക്ഷ്മ ചെറുകിട ഇടത്തരം സംരംഭകത്വ വികസന (ഭേദഗതി) ബില്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള ദേശീയ ട്രസ്റ്റിനും, ബഹുവിധ വൈകല്യങ്ങള്‍ (ഭേദഗതി)ക്കുമുള്ള 2018 ലെ ബില്‍, 2018 ലെ ഡാം സുരക്ഷാ ബില്‍, 2018ലെ മനുഷ്യക്കടത്ത് (തടയല്‍, സംരക്ഷണം, പുനരധിവാസം) ബില്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ് സിംഗ്, പാര്‍മെന്ററികാര്യ സഹമന്ത്രിമാരായ ശ്രീ. വിജയ് ഗോയല്‍, ശ്രീ. അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ മുതലായവരും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
ND  MRD – 593
***



(Release ID: 1538965) Visitor Counter : 129