പരിസ്ഥിതി, വനം മന്ത്രാലയം

കടപ്പുറങ്ങള്‍, നദീമുഖങ്ങള്‍, കായലുകള്‍ എന്നിവ വൃത്തിയാക്കുന്നതിന്  കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 19 സംഘങ്ങള്‍ രൂപീകരിച്ചു

Posted On: 17 MAY 2018 11:42AM by PIB Thiruvananthpuram

 

ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി രാജ്യത്തെ കടപ്പുറങ്ങള്‍, നദീമുഖങ്ങള്‍, കായലുകള്‍ എന്നിവ വൃത്തിയാക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 19 സംഘങ്ങള്‍ക്ക് രൂപം നല്‍കി. കേരളം ഉള്‍പ്പെടെയുള്ള 9 തീരദേശ സംസ്ഥാനങ്ങളിലെ 24 ബീച്ചുകള്‍, ഏറ്റവും മലിനീകരിക്കപ്പെട്ട 24 നദീമുഖങ്ങള്‍  മുതലായവയായിരിക്കും വൃത്തിയാക്കുക. കേരളത്തിലെ ഭാരതപുഴയും, കോഴിക്കോട്, കണ്ണൂര്‍ ബീച്ചുകളും ഇതിലുള്‍പ്പെടും. ഡല്‍ഹിയിലെ യമുനാ നദീമുഖത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാന നോഡല്‍ ഏജന്‍സികള്‍, സ്‌കൂളുകളിലെ ഇക്കോ ക്ലബ്ബുകള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍, ജില്ലാ ഭരണകൂടം മറ്റ് വിദ്യാഭ്യാസ / ഗവേഷണ സ്ഥാപനങ്ങള്‍ മുതലാവയുടെ പ്രതിനിധികള്‍ സംഘത്തിലുള്‍പ്പെടും.

ഓരോ ബീച്ചിലെയും, നദീമുഖത്തെയും, കായലുകളെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ വീതം നീക്കി വച്ചിട്ടുണ്ട്. പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങളും ശുചീകരിക്കും. ദേശീയ ഹരിതസേനാ പദ്ധതിയുടെ ഭാഗമായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം ധനസഹായം നല്‍കുന്ന ഇക്കോ ക്ലബ്ബ് സ്‌കൂളുകളെയും പരിപാടിയില്‍ ഉള്‍പ്പെടുത്തും.

തങ്ങളുടെ സ്‌കൂളുകളെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ രാജ്യത്തുടനീളമുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ കത്തെഴുതിയിട്ടുണ്ട്.

പ്ലാസ്റ്റിക് മുക്ത സ്‌കൂള്‍ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഹരിത സ്‌കൂള്‍ / കോളേജ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 'പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടുക' എന്നതാണ് ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിന സന്ദേശം. 


ND/MRD



(Release ID: 1532705) Visitor Counter : 83