മന്ത്രിസഭ
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ വാണിജ്യതര്‍ക്ക പരിഹാരത്തിനുള്ള സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന് അംഗീകാരം
Posted On:
16 MAY 2018 3:30PM by PIB Thiruvananthpuram
പൊതുമേഖല സ്ഥാപനങ്ങളിലെ വാണിജ്യതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുള്ളിലും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് ഗവണ്‍മെന്റ് വകുപ്പുകള്‍/സംഘടനകള്‍ എന്നിവ തമ്മിലുമുളള തര്‍ക്കങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. സെക്രട്ടറിമാരുടെ കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. ഈ തീരുമാനത്തിലൂടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ വാണിജ്യതര്‍ക്കങ്ങള്‍ കോടതിയില്‍ പോകാതെ വേഗത്തില്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റിനുള്ളില്‍ ഒരു സ്ഥാപനസംവിധാനം ഉണ്ടാകും.
വിശദാംശങ്ങള്‍
1. നിലവിലെ സ്ഥിരം തര്‍ക്കപരിഹാര സംവിധാനത്തിന്റെ സ്ഥാനത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ളിലും സ്ഥാപനങ്ങള്‍ തമ്മിലും ഗവണ്‍മെന്റ് വകുപ്പുകള്‍/സംഘടനകള്‍, എന്നിവ തമ്മിലുള്ള വാണജ്യതര്‍ക്കങ്ങള്‍ (റെയില്‍വേ, ആദായനികുതി, കസ്റ്റം ആന്റ് എക്‌സൈസ് വകുപ്പ് എന്നിവ ഒഴികെയുള്ള)കോടതിക്ക് പുറത്ത് പരഹിരിക്കുന്നതിനായി രണ്ടു തട്ടിലുള്ള സംവിധാനമാണുണ്ടാകുക.
2. ആദ്യതട്ടില്‍ ഇത്തരത്തിലുള്ള പരാതികള്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനം/പരാതിക്കാര്‍ ഏത് ഭരണ മന്ത്രാലയം/വകുപ്പ് എന്നിവയിലാണോ ഉള്‍പ്പെടുക അവയിലെ സെക്രട്ടറിമാറും നിയമകാര്യവകുപ്പിലെ സെക്രട്ടറിയും അടങ്ങിയിരിക്കുന്ന സമിതിയുടെ പരിഗണനയ്ക്ക് വിടും. പരാതിയുമായി ബന്ധപ്പെട്ട ഭരണ മന്ത്രാലയം/വകുപ്പുകളിലെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ ഈ കമ്മിറ്റി മുമ്പാകെ തര്‍ക്ക വിഷയങ്ങള്‍ അവതരിപ്പിക്കും. ഒരേ മന്ത്രാലയം/വകുപ്പ് എന്നിവയില്‍പ്പെട്ടതാണ് പരാതിക്കാര്‍ രണ്ടുപേരുമെങ്കില്‍ ബന്ധപ്പെട്ട ഭരണമന്ത്രാലയം/വകുപ്പ് എന്നിവയിലെ സെക്രട്ടറി, നിയമകാര്യവകുപ്പിലെ സെക്രട്ടറി, പൊതുമേഖലാ വകുപ്പിലെ സെക്രട്ടറിമാര്‍ എന്നിവരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങള്‍. അത്തരം കേസുകളില്‍ സാമ്പത്തിക ഉപദേഷ്ടാവും മന്ത്രാലയം/വകുപ്പ് എന്നിവയിലെ ഒരു ജോയിന്റ് സെക്രട്ടറിയുമായിരിക്കും കമ്മിറ്റി മുമ്പാകെ പ്രതിനിധീകരിക്കുക.
ഇതിനുപരിയായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകളും/സംഘടനകളുമായാണ് തര്‍ക്കമെങ്കില്‍ ബന്ധപ്പെട്ട കേന്ദ്രത്തിലെ മന്ത്രാലയം/വകുപ്പ് എന്നിവയിലെ സെക്രട്ടറി, നിയമകാര്യവകുപ്പിലെ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി നാമനിര്‍ദ്ദേശം ചെയ്യുന്ന മുതിര്‍ന്ന ഓഫീര്‍ എന്നിവര്‍ അടങ്ങുന്നതായരിക്കും സമിതി. അത്തരം കേസുകളില്‍ കമ്മിറ്റിക്ക് മുന്നില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട വകുപ്പ്/സംഘടനയിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരിക്കും പ്രതിനിധീകരിക്കുക.
3) രണ്ടാംതട്ടില്‍; ഈ കമ്മിറ്റികള്‍ പരിഗണിച്ചശേഷവും തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാബിനറ്റ് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിടും. അദ്ദേഹത്തിന്റെ തീരുമാനം അന്തിമവും ബന്ധപ്പെട്ട എല്ലാവരും അംഗീകരിക്കേണ്ടതുമാണ്.
4) തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി ആദ്യതലത്തിന് മൂന്നുമാസത്തെ സമയപരിധിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൊതുമേഖല വകുപ്പ്(ഡി.പി.ഇ) എത്രയൂം വേഗം തന്നെ ഇതു സംബന്ധിച്ച് എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണ മന്ത്രാലയം/വകുപ്പ്, സംസ്ഥാന ഗവണ്‍മെന്റുകള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയിലൂടെ വിവരം എത്തിക്കും.
ഈ പുതിയ സംവിധാനം പരസ്പര/കൂട്ടായ ശ്രമത്തിലൂടെ വാണിജ്യതര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് പ്രോത്സാഹിപ്പിക്കും. അതിലൂടെ വാണിജ്യതര്‍ക്കങ്ങള്‍ സംബന്ധിച്ച് നിയമകോടതികളില്‍ വരുന്ന പരാതികളുടെ എണ്ണം കുറയുകയും പൊതുപണത്തിന്റെ നഷ്ടം ഒഴിവാക്കാനാകുകയും ചെയ്യും.
RS MRD –382
***
(Release ID: 1532540)