മന്ത്രിസഭ

പ്രധാനമന്ത്രി വ്യയവന്ദന്‍ യോജന (പി.എം.വി.വി.വൈ)യുടെ കീഴില്‍ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ പരിധി 7.5 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കാന്‍ അനുമതി

മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതിന് സഹായിക്കും; പി.എം.വി.വി.വൈ പ്രകാരമുള്ള വരിസംഖ്യ അടയ്ക്കുന്നതിനുള്ള സമയപരിധി 4 മേയ് 2018 മുതല്‍ 2020 മാര്‍ച്ച് 31 വരെ നീട്ടി

Posted On: 02 MAY 2018 3:40PM by PIB Thiruvananthpuram

 


സാമ്പത്തികാശ്ലേഷണത്തോടും സാമൂഹിക സുരക്ഷയോടുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി വയ വന്ദന്‍ യോജന (പി.എം.വി.വി.വൈ) പ്രകാരമുള്ള നിക്ഷേപപരിധി 7.5 ലക്ഷത്തില്‍ നിന്നും ഇരട്ടിയായി 15 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിന്റെ വരിസംഖ്യ അടയ്ക്കുന്നതിനുള്ള കാലാവധി 2018 മേയ് 4 മുതല്‍ 2020 മാര്‍ച്ച് 31 വരെ നീട്ടാനും മന്ത്രിസഭായോഗം അനുമതി നല്‍കി.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി കുടംബമൊന്നിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ലക്ഷം രൂപ നിക്ഷേപിക്കാമെന്ന നിലവിലെ പദ്ധതിയിലെ പരിധി, പരിഷ്‌ക്കരിച്ച പി.എം.വി.വി.വൈ പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഇതിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിശാലമായ സാമൂഹികസുരക്ഷാ പരിരക്ഷയാണ് നല്‍കുന്നത്. ഇത് പ്രതിമാസം 10,000 രൂപയുടെ വരെ പെന്‍ഷന്‍ മുതിര്‍ന്നപൗരന്മാര്‍ക്ക് ലഭിക്കാനിടയാകും.

2018 മാര്‍ച്ച് വരെ പി.എം.വി.വി.വൈ പദ്ധതി പ്രകാരം 2.23 ലക്ഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണം ലഭിച്ചിട്ടുണ്ട്. ഇതിന് മുമ്പുണ്ടായിരുന്ന വരിഷ്ട പെന്‍ഷന്‍ ഭീമായോജന-2014 പ്രകാരം മൊത്തം 3.11 ലക്ഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണമുണ്ടായിട്ടുണ്ട്.

പശ്ചാത്തലം
വയസ്സ് കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനുമായി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴി നടപ്പാക്കുന്ന പദ്ധതിയാണ് പി.എം.വി.വി.വൈ. വിപണിയുടെ അനിശ്ചിതാവസ്ഥമൂലം അവരുടെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ഭാവിയില്‍ ഇടിവുണ്ടാകാതിരിക്കലാണ് ഇതിന്റെ ലക്ഷ്യം. പത്തുവര്‍ഷത്തേക്ക് 8% പലിശ അടിസ്ഥാനമാക്കിയുള്ള നിശ്ചിത പെന്‍ഷന്‍ പദ്ധതി വഴി ലഭിക്കും. മാസാമാസമോ, മൂന്ന് മാസത്തിലൊരിക്കലോ, അര്‍ദ്ധവാര്‍ഷികമായോ അല്ലെങ്കില്‍ വാര്‍ഷികനിരക്കിലോ പെന്‍ഷന്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. എല്‍.ഐ.സി തിരിച്ചുനല്‍കുന്ന തുകയും പ്രതിവര്‍ഷം 8% നിരക്കില്‍ ഉറപ്പുനല്‍കുന്ന തുകയും തമ്മിലുള്ള അന്തരം കേന്ദ്ര ഗവണ്‍മെന്റ് വാര്‍ഷിക സബ്‌സിഡിയായി വഹിക്കും.

RS/MRD 



(Release ID: 1531145) Visitor Counter : 117