വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted On: 13 APR 2018 1:42PM by PIB Thiruvananthpuram
അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്ക്‌സ്റ്റാറാണ് ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം. നഗര്‍കിര്‍ത്തന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് റിഥി സെന്‍ മികച്ച നടനായും മോം എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ബാഹുബലി- ദ കണ്‍ക്ലൂഷന്‍ ആണ് മികച്ച ജനപ്രിയ ചിത്രം. വിഖ്യാത നടന്‍ വിനോദ് ഖന്നയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌ക്കാരം ലഭിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.  
 
മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജിന് ലഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌ക്കാരം നേടി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജിന് ലഭിച്ചു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം നിഖില്‍ എസ്. പ്രവീണിന് ലഭിച്ചു; ചിത്രം - ഭയാനകം. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ 'പോയ് മറഞ്ഞ കാലം' എന്ന ഗാനം ആലപിച്ച കെ.ജെ. യേശുദാസാണ് മികച്ച ഗായകന്‍. 
 
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌ക്കാരം വി.സി. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിന് ലഭിച്ചു. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ഇതേ ചിത്രത്തിലൂടെ സന്തോഷ് രാമന്‍ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌ക്കാരം നേടി. മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുക്കപ്പെട്ടു. 
 

AB/BSN (13.04.2018)

 
 

(Release ID: 1528991) Visitor Counter : 91
Read this release in: Marathi , English , Tamil