Social Welfare
വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ
മഹാപ്രസ്ഥാനമായി പരിണമിച്ച മധുരഗീതം
Posted On:
06 NOV 2025 4:16PM
പ്രധാന വസ്തുതകൾ
1950-ൽ ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ചു.
വന്ദേമാതരം ആദ്യം സ്വതന്ത്ര കൃതിയായി രചിക്കപ്പെടുകയും പിന്നീട് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ "ആനന്ദമഠം" എന്ന നോവലിൽ (1882-ൽ പ്രസിദ്ധീകൃതമായി) ഉൾപ്പെടുത്തുകയും ചെയ്തു.
1896-ൽ കോൺഗ്രസിൻ്റെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോറാണ് ഇത് ആദ്യമായി ആലപിച്ചത്.
ഒരു രാഷ്ട്രീയ മുദ്രാവാക്യമെന്ന നിലയിൽ വന്ദേമാതരം ആദ്യമായി ഉദ്‌ഘോഷിക്കപ്പെട്ടത് 1905 ഓഗസ്റ്റ് 7-നാണ്.
ആമുഖം

ഈ വർഷം, അതായത് 2025 നവംബർ 07ന്, ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം ആഘോഷിക്കുകയാണ്. "അമ്മേ, ഞാൻ അങ്ങേയ്ക്ക് വന്ദനം അർപ്പിക്കുന്നു" എന്നാണ് ഇതിൻ്റെ അർത്ഥം. അമര ഗാനമായ ഈ രചന, എണ്ണമറ്റ തലമുറകളിലെ സ്വാതന്ത്ര്യ സമര സേനാനികളെയും രാഷ്ട്ര നിർമ്മാതാക്കളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയതയുടെയും സഞ്ചിത സ്വത്വത്തിൻ്റെയും ശാശ്വത ചിഹ്നമായി ഗാനം നിലകൊള്ളുന്നു. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച 'വന്ദേമാതരം' 1875 നവംബർ 7 ന് സാഹിത്യ പ്രസിദ്ധീകരണമായ ബംഗദർശനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു. പിന്നീട്, 1882 ൽ പ്രസിദ്ധീകരിച്ച തൻ്റെ അനശ്വര നോവലായ 'ആനന്ദമഠം' എന്ന കൃതിയിൽ ഈ ഗാനം ബങ്കിം ചന്ദ്ര ചാറ്റർജി ഉൾപ്പെടുത്തി. രബീന്ദ്രനാഥ ടാഗോറാണ് വന്ദേമാതര ഗാനത്തിൻ്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. ഇന്ന്, രാജ്യത്തിൻ്റെ നാഗരിക, രാഷ്ട്രീയ, സാംസ്കാരിക അവബോധത്തിൻ്റെ അവിഭാജ്യ ഘടകമായി ഗാനം മാറിയിരിക്കുന്നു. ‘വന്ദേ മാതരം’ പ്രതിനിധീകരിക്കുന്ന ഐക്യം, ത്യാഗം, ഭക്തി തുടങ്ങിയ കാലാതീതമായ സന്ദേശങ്ങളെ മുഴുവൻ ഇന്ത്യക്കാർക്കും വേണ്ടി ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് 150-ാം വാർഷികമെന്ന നാഴികക്കല്ലിൻ്റെ അനുസ്മരണം.
ചരിത്ര പശ്ചാത്തലം
‘വന്ദേമാതര' ഗാനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ, അതിൻ്റെ ചരിത്രോത്ഭവം അന്വേഷിക്കുകയെന്നത് അനിവാര്യമാണ്. സാഹിത്യം, ദേശീയത, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവയെ ബന്ധിപ്പിക്കുന്ന മാർഗ്ഗമാണത്. ഒരു കാവ്യാത്മക രചന എന്നതിൽ നിന്ന് ദേശീയഗീതമെന്ന നിലയിലേക്കുള്ള ഇതിൻ്റെ പരിണാമം, ഇന്ത്യയുടെ കൂട്ടായ ഉണർവ്വിൻ്റെയും കോളനിവാഴ്ചക്കെതിരായ പ്രതിരോധത്തിൻ്റെയും നേർചിത്രമാണ്.
- 1875-ലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്. മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പാണ് ബങ്കിം തൻ്റെ വിഖ്യാത ഗാനം രചിച്ചതെന്ന് 1907 ഏപ്രിൽ 16-ന് ഇംഗ്ലീഷ് ദിനപത്രമായ ബന്ദേമാതരത്തിൽ ശ്രീ അരബിന്ദോ എഴുതിയ ലേഖനം സ്ഥിരീകരിക്കുന്നു. ആ സമയത്ത് വളരെ കുറച്ചുപേർ മാത്രമേ ഗാനം കേട്ടിരുന്നുള്ളൂവെന്ന് അദ്ദേഹം തുടർന്നു പറയുന്നു. ദീർഘസുഷുപ്തിയുടെ മിഥ്യാബോധത്തിൽ നിന്ന് ഉണർവ്വിൻ്റെ നിമിഷത്തിലേക്ക് ആനയിക്കപ്പെട്ട ആ മുഹൂർത്തത്തിൽ, സത്യത്തിനായി ബംഗാളിലെ ജനങ്ങൾ ചുറ്റും കാതോർത്തു; വിധിനിർണ്ണായകമായ ആ നിമിഷത്തിൽ ആരോ “വന്ദേ മാതരം” എന്ന് ഉച്ചൈസ്തരം ഘോഷിച്ചെന്ന് അദ്ദേഹം നിരീക്ഷിച്ചു.
- പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, ബംഗാളി മാസികയായ ബംഗദർശനിൽ ആനന്ദ മഠം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. അതിൻ്റെ സ്ഥാപക എഡിറ്ററായിരുന്നു ബങ്കിം.
- 1881 മാർച്ച്-ഏപ്രിൽ ലക്കത്തിൽ നോവലിൻ്റെ ആദ്യ ഭാഗത്തിൽ തന്നെ "വന്ദേമാതരം" എന്ന ഗാനം പ്രത്യക്ഷപ്പെട്ടു.
- 1907-ൽ, ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ബെർലിനിലെ സ്റ്റുട്ട്ഗാർട്ടിൽ മാഡം ഭികാജി കാമ ത്രിവർണ്ണ പതാക ഉയർത്തി. ആ പതാകയിൽ 'വന്ദേമാതരം' എന്ന് രേഖപ്പെടുത്തിയിരുന്നു.
ആനന്ദമഠവും ദേശഭക്തിയുടെ മതവും
സന്താനങ്ങൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം സന്യാസിമാരെ ചുറ്റിപ്പറ്റിയാണ് 'ആനന്ദമഠം' എന്ന നോവലിൻ്റെ കേന്ദ്ര ഇതിവൃത്തം വികാസം പ്രാപിക്കുന്നത്. സന്താനങ്ങൾ അഥവാ മക്കൾ, മാതൃഭൂമിക്കായി സ്വജീവിതം സമർപ്പിക്കുന്നു. അവർ മാതൃഭൂമിയെ ദേവി രൂപത്തിൽ ആരാധിക്കുന്നു; അവരുടെ ഭക്തി ജന്മഭൂമിയോട് മാത്രമാണ്. ആനന്ദമഠത്തിലെ സന്താനങ്ങൾ ആലപിക്കുന്ന ഗാനമാണ് "വന്ദേമാതരം". ആ ഗാനമാണ് നോവലിൻ്റെ മുഖ്യ പ്രമേയമായ ‘ദേശഭക്തിയുടെ മതം’ എന്ന ആശയത്തിൻ്റെ പ്രതീകമായി നിലകൊള്ളുന്നത്.
അവരുടെ ക്ഷേത്രത്തിൽ, മാതൃരാജ്യത്തെ പ്രതിനിധീകരിക്കുന്ന അമ്മയുടെ മൂന്ന് ചിത്രങ്ങൾ അവർ പ്രതിഷ്ഠിച്ചു: ഉത്കൃഷ്ടവും മഹനീയവും ശ്രേഷ്ഠവുമായ പശ്ചാത്തലത്തിൽ തേജോമയിയായ അമ്മ; പൊടിപടലങ്ങൾ മൂടി മണ്ണിൽ തളർന്നിരിക്കുന്ന ദുർബലയായ അമ്മ; നിർമ്മലമായ ഗതകാല പ്രൗഢിയിൽ വിരാജിക്കുന്ന ഭാവിയിലെ അമ്മ. ശ്രീ അരബിന്ദോയുടെ വാക്കുകളിൽ: "എൻ്റെ ദർശനത്തിലെ 'അമ്മ ഏഴ് കോടി ഇരട്ടക്കരങ്ങളിൽ ഏന്തി നിൽക്കുന്നത് മൂർച്ചയേറിയ വാളുകളാണ്, ഭിക്ഷാ പാത്രമല്ല."
ബങ്കിം ചന്ദ്ര ചാറ്റർജി

വന്ദേമാതരത്തിൻ്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റർജി (1838–1894) പത്തൊൻപതാം നൂറ്റാണ്ടിൽ ബംഗാൾ കണ്ട ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാളിൻ്റെ ബൗദ്ധിക, സാഹിത്യ ചരിത്രത്തിൽ അദ്ദേഹത്തിന് നിർണ്ണായക പങ്കുണ്ട്. വിഖ്യാത നോവലിസ്റ്റ്, കവി, ഉപന്യാസകാരൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾ ആധുനിക ബംഗാളി ഗദ്യസാഹിത്യത്തിൻ്റെ വികാസത്തെയും ഉയർന്നുവരുന്ന ഇന്ത്യൻ ദേശീയതയുടെ ആവിഷ്കാരത്തെയും ഗണ്യമായി സ്വാധീനിച്ചു.
ആനന്ദമഠം (1882), ദുർഗേശ നന്ദിനി (1865), കപാൽകുണ്ഡല (1866), ദേവി ചൗദുറാനി (1884) എന്നിവയുൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ കൃതികൾ, ആത്മാവിഷ്ക്കാരത്തിനായി പരിശ്രമിക്കുന്ന കോളനിവത്ക്കരിക്കപ്പെട്ട സമൂഹത്തിൻ്റെ സാമൂഹിക, സാംസ്കാരിക, ധാർമ്മിക ആശങ്കകളെ പ്രതിഫലിപ്പിക്കുന്നു.
മാതൃരാജ്യത്തോടുള്ള ഭക്തിയുടെയും ആത്മീയ ദർശനത്തിൻ്റെയും സമന്വയത്തെ പ്രതീകവത്ക്കരിക്കുന്ന, ദേശീയവാദ ചിന്താധാരയിലെ നാഴികക്കല്ലായി വന്ദേമാതരത്തിൻ്റെ രചന അംഗീകരിക്കപ്പെട്ടിരിക്കുന്നു. തൻ്റെ രചനകളിലൂടെ, ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി സാഹിത്യത്തെ സമ്പന്നമാക്കുക മാത്രമല്ല, ഇന്ത്യയുടെ ആദ്യകാല ദേശീയ പ്രസ്ഥാനത്തിന് അടിത്തറ പാകുകയും ചെയ്തു. വന്ദേമാതരത്തിലൂടെ അദ്ദേഹം അമ്മയായി മൂർത്തിമദ്ഭാവം പൂണ്ട മാതൃരാജ്യത്തിൻ്റെ ദർശനം നൽകി.
വന്ദേമാതരം - ചെറുത്തുനിൽപ്പിൻ്റെ ഗാനം
മാതൃഭൂമിയെ ഒരു ദൗത്യമായും ആത്മീയ ഭാവനയായും പ്രോത്സാഹിപ്പിക്കുന്നതിനായി 1905 ഒക്ടോബറിൽ, ഉത്തര കൽക്കട്ടയിൽ 'വന്ദേമാതര സമ്പ്രദായം' സ്ഥാപിതമായി. എല്ലാ ഞായറാഴ്ചയും, സമൂഹത്തിലെ നാനാ തുറകളിലുള്ളവർ പ്രഭാത ഭേരികളിൽ "വന്ദേമാതരം" ആലപിക്കുകയും മാതൃരാജ്യത്തെ പിന്തുണക്കുന്നവരിൽ നിന്ന് സ്വമേധയാ ഉള്ള സംഭാവനകൾ സ്വീകരിക്കുകയും ചെയ്തു. രബീന്ദ്രനാഥ ടാഗോറും പലപ്പോഴും ഈ സമ്പ്രദായക്കാരുടെ പ്രഭാത ഭേരികളിൽ പങ്ക് ചേർന്നു.
1906 മെയ് 20ന്, ബാരിസാലിൽ (ഇപ്പോൾ ബംഗ്ലാദേശിൽ), അഭൂതപൂർവമായ ഒരു വന്ദേമാതരം ഘോഷയാത്ര നടന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ പതിനായിരത്തിലധികം പേർ വന്ദേമാതര പതാകകൾ വഹിച്ചുകൊണ്ട് പട്ടണത്തിലെ പ്രധാന തെരുവുകളിലൂടെ സഞ്ചലനം നടത്തി.
1906 ഓഗസ്റ്റിൽ, ബിപിൻ ചന്ദ്ര പാലിൻ്റെ പത്രാധിപത്യത്തിൽ വന്ദേമാതരം എന്ന പേരിൽ ഒരു ഇംഗ്ലീഷ് ദിനപത്രം ആരംഭിച്ചു. പിന്നീട് ശ്രീ അരബിന്ദോ സഹ പത്രാധിപരായി ചേർന്നു. മൂർച്ചയേറിയതും പ്രേരണാത്മകവുമായ എഡിറ്റോറിയലുകളിലൂടെ, പത്രം ഇന്ത്യയുടെ ഉണർവിൻ്റെ പര്യായമായി മാറി. സ്വാശ്രയത്വം, ഐക്യം, രാഷ്ട്രീയ അവബോധം എന്നിവയുടെ സന്ദേശം അഖിലേന്ത്യാ തലത്തിൽ പ്രേക്ഷകരിലേക്ക് വ്യാപിച്ചു. ദേശീയതയുടെ സുവിശേഷം നിർഭയമായി ഉദ്‌ബോധനം ചെയ്യപ്പെട്ടു. കൊളോണിയൽ നുകം വലിച്ചെറിഞ്ഞ് ഉയർന്നു വരാൻ യുവ ഇന്ത്യക്കാരെ പ്രചോദിപ്പിച്ചു. ദേശീയ ചിന്തകൾ പ്രകടിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം സമാഹരിക്കുന്നതിനുമുള്ള സുപ്രധാന വേദിയായി വന്ദേമാതരം ദിനപത്രം പ്രവർത്തിച്ചു.
ഒരു ഗാനമെന്ന നിലയിലും മുദ്രാവാക്യമെന്ന നിലയിലും വന്ദേമാതരത്തിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ പരിഭ്രാന്തരായ ബ്രിട്ടീഷ് ഭരണകൂടം അതിൻ്റെ വ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിച്ചു. പുതുതായി സൃഷ്ടിക്കപ്പെട്ട കിഴക്കൻ ബംഗാൾ പ്രവിശ്യയിലെ സർക്കാർ സ്കൂളുകളിലും കോളേജുകളിലും വന്ദേമാതരം ചൊല്ലുകയോ ആലപിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ട് സർക്കുലറുകൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ സർക്കാർ സേവനത്തിൽ നിന്ന് വിലക്കുമെന്ന് ഭീഷണിപ്പെടുത്തി.
1905 നവംബറിൽ, ബംഗാളിലെ രംഗ്പൂരിൽ, ഒരു സ്കൂളിലെ 200 വിദ്യാർത്ഥികളെ വന്ദേമാതരം ചൊല്ലിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തി, ഓരോരുത്തർക്കും 5 രൂപ വീതം പിഴ ചുമത്തി. രംഗ്പൂരിൽ, സ്പെഷ്യൽ കോൺസ്റ്റബിൾമാരായി സേവനമനുഷ്ഠിക്കാനും വന്ദേമാതരം ആലപിക്കുന്നത് തടയാനും പ്രമുഖ വിഭജന വിരുദ്ധ നേതാക്കൾക്ക് നിർദ്ദേശം നൽകുകയുണ്ടായി. 1906 നവംബറിൽ, ഒരു വലിയ പുരുഷാരം പങ്കെടുത്ത ധൂലിയയിലെ (മഹാരാഷ്ട്ര) യോഗത്തിൽ, വന്ദേമാതരം ആലപിക്കപ്പെട്ടു. 1908-ൽ, ബെൽഗാമിൽ (കർണാടക) ലോകമാന്യ തിലകനെ ബർമ്മയിലെ മണ്ഡലയിലേക്ക് നാടുകടത്തിയ ദിവസം, വന്ദേമാതരം ആലപിക്കുന്നത് നിരോധിച്ചു കൊണ്ട്, വാക്കാലുള്ള ഉത്തരവ് പുറപ്പെടുവിക്കുക മാത്രമല്ല, അത് ലംഘിച്ചതിന് ഒട്ടേറെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് മർദ്ദിക്കുകയുണ്ടായി.
ദേശീയതയുടെ പുനരുജ്ജീവനത്തിനായുള്ള യുദ്ധകാഹളം
"വന്ദേമാതരം" എന്ന ഗാനം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ പ്രതീകമായി മാറി. സ്വയംഭരണത്തിനായുള്ള സഞ്ചിതമായ അഭിലാഷത്തെയും ജനങ്ങളും മാതൃരാജ്യവും തമ്മിലുള്ള വൈകാരിക ബന്ധത്തെയും വന്ദേമാതരം പൂർണ്ണമായും ഉൾക്കൊണ്ടു. പ്രാരംഭത്തിൽ സ്വദേശി, വിഭജന വിരുദ്ധ പ്രസ്ഥാനങ്ങളിലൂടെ പ്രചാരമാർജ്ജിച്ച ഗാനം, പ്രാദേശിക വെല്ലുവിളികൾ മറികടന്ന് ദേശീയ ഉണർവിൻ്റെ ഗാനമായി വർത്തിച്ചു. ബംഗാളിലെ തെരുവുകളിലും ബോംബെയിലെ നഗര കേന്ദ്രങ്ങളിലും പഞ്ചാബിലെ സമതല പ്രദേശങ്ങളിലും, കൊളോണിയൽ ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായി "വന്ദേമാതരം" പ്രതിധ്വനിച്ചു. ബ്രിട്ടീഷുകാർ ഗാനാലാപനത്തെ അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ അതിൻ്റെ ദേശസ്‌നേഹപരമായ പ്രാധാന്യം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ജാതി, മതം, ഭാഷ എന്നിവയ്‌ക്കപ്പുറം വ്യക്തികളെ ഒന്നിപ്പിക്കുന്ന ധാർമ്മിക ശക്തിയായി അത് മാറി. നേതാക്കളും വിദ്യാർത്ഥികളും വിപ്ലവകാരികളും അതിലെ വരികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. രാഷ്ട്രീയ സമ്മേളനങ്ങളിലും പ്രകടനങ്ങളിലും തടവിലാക്കപ്പെടുന്നതിന് മുമ്പും അത് പാരായണം ചെയ്യപ്പെട്ടു. ഈ രചന നിസ്സഹകരണ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകുക മാത്രമല്ല, സ്വാന്ത്ര്യ സമര പ്രസ്ഥാനത്തിന് സാംസ്കാരിക അഭിമാനവും ആത്മീയ തീക്ഷ്ണതയും പകരുകയും, സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ പാതയ്ക്ക് വൈകാരിക അടിത്തറ ഒരുക്കുകയും ചെയ്തു.
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും ഉയർന്നുവന്ന ഇന്ത്യൻ ദേശീയതയുടെ മുദ്രാവാക്യമായി "വന്ദേമാതരം" മാറി.
- 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചു.
1905-ലെ പ്രശ്‌നങ്ങളുടെയും, സംഘർഷങ്ങളുടെയും ദിനങ്ങളിൽ, ബംഗാളിലെ വിഭജന വിരുദ്ധ, സ്വദേശി പ്രസ്ഥാനങ്ങളിൽ, വന്ദേമാതരം എന്ന ഗാനത്തിൻ്റെയും മുദ്രാവാക്യത്തിൻ്റെയും ആകർഷണീയത ഏറെ ശക്തിപ്പെട്ടു..
- അതേ വർഷം തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വാരണാസി സമ്മേളനത്തിൽ, 'വന്ദേമാതരം' എന്ന ഗാനം അഖിലേന്ത്യാ തലത്തിൽ സ്വീകരിച്ചു.

1906 ഏപ്രിലിൽ, പുതുതായി സൃഷ്ടിക്കപ്പെട്ട കിഴക്കൻ ബംഗാൾ പ്രവിശ്യയിലെ ബാരിസാലിൽ നടന്ന ബംഗാൾ പ്രവിശ്യാ സമ്മേളനത്തിനിടെ, ബ്രിട്ടീഷ് അധികാരികൾ, പൊതുജനങ്ങൾക്കായി വന്ദേമാതരം ആലപിക്കുന്നത് നിരോധിക്കുകയും ഒടുവിൽ സമ്മേളനം തന്നെ നിരോധിക്കുകയും ചെയ്തു. ഉത്തരവ് ലംഘിച്ച് പ്രതിനിധികൾ മുദ്രാവാക്യം മുഴക്കുന്നത് തുടർന്നു. ഇത് കടുത്ത പോലീസ് നടപടികളിലേക്ക് നയിച്ചു.
റാവൽപിണ്ടിയിൽ സ്വദേശി പ്രസ്ഥാനത്തിൻ്റെ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 1907 മെയ് മാസത്തിൽ, സാമ്രാജ്യത്വ ഭരണകൂടത്തിൻ്റെ ഉത്തരവുകൾ ലംഘിച്ച് യുവാക്കളായ ഒരു കൂട്ടം പ്രതിഷേധക്കാർ ലാഹോറിൽ വന്ദേമാതര മുദ്രാവാക്യമുയർത്തി മാർച്ച് നടത്തി. പ്രകടനത്തെ പോലീസ് ക്രൂരമായി അടിച്ചമർത്തി. യുവാക്കൾ നിർഭയമായി മുദ്രാവാക്യം മുഴക്കിയത് രാജ്യമെമ്പാടും വളർന്നു പന്തലിക്കുന്ന പ്രതിരോധ മനോഭാവത്തെ പ്രതിഫലിപ്പിച്ചു.
1908 ഫെബ്രുവരി 27-ന്, തൂത്തുക്കുടിയിലെ (തമിഴ്നാട്) കോറൽ മിൽസിലെ ആയിരത്തോളം തൊഴിലാളികൾ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അധികാരികളുടെ അടിച്ചമർത്തൽ നടപടികൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും പണിമുടക്കി. പ്രതിഷേധത്തിൻ്റെയും ദേശസ്‌നേഹത്തിൻ്റെയും മുദ്രാവാക്യമെന്ന നിലയിൽ വന്ദേമാതരം ആലപിച്ചുകൊണ്ട് അവർ രാത്രി വൈകിയും തെരുവുകളിലൂടെ പ്രകടനം നടത്തി.
1908 ജൂണിൽ, ലോകമാന്യ തിലകൻ്റെ വിചാരണയ്ക്കിടെ ബോംബെ കോടതിക്ക് പുറത്ത് ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടി. ഐക്യദാർഢ്യത്തിൻ്റെ ശക്തമായ പ്രകടനമെന്നോണം വന്ദേമാതരം ആലപിച്ചു. പിന്നീട്, 1914 ജൂൺ 21-ന്, മോചിതനായ തിലകിന് പൂനെയിൽ ഗംഭീരമായ സ്വീകരണം ലഭിച്ചു, അദ്ദേഹം ആസനസ്ഥനായി ഏറെ നേരം കഴിഞ്ഞും ജനക്കൂട്ടം വന്ദേമാതരം മുഴക്കിക്കൊണ്ടിരുന്നു.
പ്രവാസികളായ ഇന്ത്യൻ വിപ്ലവകാരികളിൽ വന്ദേമാതരം ചെലുത്തിയ സ്വാധീനം
- 1907-ൽ, മാഡം ഭികാജി കാമ ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ബെർലിനിലെ സ്റ്റുട്ട്ഗാർട്ടിൽ ത്രിവർണ്ണ പതാക ഉയർത്തി. പതാകയിൽ വന്ദേമാതരം എന്ന് ആലേഖനം ചെയ്തിരുന്നു.
- 1909 ഓഗസ്റ്റ് 17-ന്, ഇംഗ്ലണ്ടിൽ വച്ച് മദൻ ലാൽ ധിൻഗ്രയെ തൂക്കിലേറ്റിയപ്പോൾ, തൂക്കുമരത്തിലേക്ക് പോകുന്നതിന് മുമ്പുള്ള അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ "വന്ദേമാതരം" എന്നായിരുന്നു.
- 1909-ൽ, പാരീസിലെ ഇന്ത്യക്കാരായ ദേശസ്നേഹികൾ ജനീവയിൽ നിന്ന് പുറത്തിറക്കിയിരുന്ന ബന്ദേമാതരം മാസികയുടെ പ്രസിദ്ധീകരണം ഏറ്റെടുത്തു.
- 1912 ഒക്ടോബറിൽ, ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ എത്തിയപ്പോൾ, 'വന്ദേമാതരം' എന്ന ആർപ്പുവിളികളുടെ അകമ്പടിയോടെ ഒരു വലിയ ഘോഷയാത്ര അദ്ദേഹത്തെ സ്വീകരിച്ചു.
ദേശീയ പദവി
ജനഗണമനയും വന്ദേമാതരവും ദേശീയ ചിഹ്നങ്ങളായി അംഗീകരിക്കുന്നതിൽ ഭരണഘടനാ നിർമ്മാണ സഭയിൽ പൂർണ്ണമായ ഏകാഭിപ്രായം രൂപീകരിക്കപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ല. 1950 ജനുവരി 24 ന്, ഡോ. രാജേന്ദ്ര പ്രസാദ് ഭരണഘടനാ നിർമ്മാണ സഭയെ അഭിസംബോധന ചെയ്യവേ, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ വന്ദേമാതരത്തിൻ്റെ പങ്ക് ഉദ്ധരിക്കുകയും, ദേശീയഗാനമായ ജനഗണമനയുടെ അതേ പദവി വന്ദേമാതരത്തിന് ഉണ്ടായിരിക്കുമെന്നു വ്യക്തമാക്കുകയും രണ്ടും തുല്യമായി ആദരിക്കപ്പെടേണ്ടതാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
അദ്ദേഹം പറഞ്ഞു-
“ചർച്ചയ്ക്കായി ഒരു കാര്യം അവശേഷിക്കുന്നു. ദേശീയഗാനവുമായി ബന്ധപ്പെട്ട വിഷയമാണത്. ഈ വിഷയം സഭയുടെ മുമ്പാകെ കൊണ്ടുവന്ന് ഒരു പ്രമേയത്തിലൂടെ തീരുമാനമെടുക്കാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഒരു പ്രമേയത്തിലൂടെ ഔപചാരിക തീരുമാനം കൈക്കൊള്ളുന്നതിന് പകരം, ദേശീയഗാനവുമായി ബന്ധപ്പെട്ട് ഞാൻ ഒരു പ്രസ്താവന നടത്തുകയായിരിക്കും നല്ലതെന്ന് തോന്നുന്നു. അതനുസരിച്ച് ഞാൻ ഈ പ്രസ്താവന നടത്തുകയാണ്.
"ജന ഗണ മന" എന്നറിയപ്പെടുന്ന, പദാവലികളും സംഗീതവും ചേർന്ന രചനയാണ് ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെടുന്നത്. സന്ദർഭോചിതമായി പദാവലികളിൽ സർക്കാർ അംഗീകരിച്ചേക്കാവുന്ന മാറ്റങ്ങൾക്ക് വിധേയമാണ് ദേശീയഗാനം; ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ചരിത്രപരമായ പങ്കുവഹിച്ച വന്ദേമാതരം എന്ന ഗാനത്തെ ജന ഗണ മനയ്ക്ക് തുല്യമായി ആദരിക്കുകയും തുല്യ പദവി നൽകുകയും ചെയ്യും. (കരഘോഷം). ഇത് അംഗങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
രവീന്ദ്രനാഥ ടാഗോറിൻ്റെ ജന-ഗണ-മന സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കുകയും ബങ്കിമിൻ്റെ വന്ദേമാതരം ജന-ഗണ-മനയ്ക്ക് തുല്യ പദവിയോടെ ദേശീയഗീതമായി അംഗീകരിക്കുകയും ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവന സർവ്വാത്മനാ അംഗീകരിക്കപ്പെട്ടു.
വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ അനുസ്മരിക്കുന്നു
രാജ്യം വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ ആഘോഷിക്കുമ്പോൾ, ഐക്യത്തിൻ്റെയും ചെറുത്തുനില്പിൻ്റെയും ദേശാഭിമാനത്തിൻ്റെയും ഗാനമെന്ന നിലയ്ക്കുള്ള അതിൻ്റെ സ്ഥായിയായ പാരമ്പര്യത്തെ ആദരിക്കുന്നതിനായി ഇന്ത്യയിലുടനീളം അനുസ്മരണ പ്രവർത്തനങ്ങൾ നടക്കുന്നു. ഗാനത്തിൻ്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം പുനഃപരിശോധിക്കുന്നതിനായി സാംസ്കാരിക സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ അടക്കമുള്ളവ സെമിനാറുകൾ, പ്രദർശനങ്ങൾ, സംഗീത അവതരണങ്ങൾ, പൊതു വായനകൾ എന്നിവ സംഘടിപ്പിക്കുന്നു.
ഇന്ത്യാ സർക്കാരിൻ്റെ അനുസ്മരണ പരിപാടികൾ നാല് ഘട്ടങ്ങളായി നടക്കും

ചില പ്രവർത്തനങ്ങൾ ചുവടെ പട്ടികയിൽ നൽകുന്നു.
2025 നവംബർ 7 ന്
- ദേശീയ തല അനുസ്മരണത്തിൻ്റെ ഭാഗമായി ഡൽഹിയിൽ (ഇന്ദിരാഗാന്ധി സ്റ്റേഡിയം) നടക്കുന്ന ഉദ്ഘാടന പരിപാടി.
- താലൂക്ക് തലം വരെ രാജ്യമെമ്പാടും വ്യാപകമായ പൊതുജന പങ്കാളിത്തത്തോടെ നവംബർ 7 ന് VIP പരിപാടികൾ നടക്കും.
- ദേശീയ പരിപാടിയിൽ ഒരു അനുസ്മരണ സ്റ്റാമ്പും നാണയവും പുറത്തിറക്കും.
- വന്ദേമാതരത്തിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു പ്രദർശനം സംഘടിപ്പിക്കുകയും ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിക്കുകയും ചെയ്യും.
- എല്ലാ ഔദ്യോഗിക പരിപാടികളിലും സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രകാശനത്തിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
- പരിപാടികളുടെ ഫോട്ടോകളും വീഡിയോകളും പ്രചാരണ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
- ദേശീയ തലത്തിൽ, വന്ദേമാതര ഗാനം വ്യത്യസ്ത രൂപത്തിൽ അവതരിപ്പിക്കുന്ന പരിപാടികളിൽ രാജ്യമെമ്പാടുമുള്ള പ്രമുഖ ഗായകർ പങ്കെടുക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ
- ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, എഫ്എം റേഡിയോ എന്നിവയിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കും.
- PIB യുടെ ആഭിമുഖ്യത്തിൽ ടയർ 2, 3 നഗരങ്ങളിൽ വന്ദേമാതരത്തെക്കുറിച്ച് പാനൽ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും.
- ലോകമെമ്പാടുമുള്ള ഇന്ത്യയുടെ ഔദ്യോഗിക നയതന്ത്ര ഓഫീസുകളിൽ വന്ദേമാതരത്തിൻ്റെ ആത്മാവുൾക്കൊണ്ടു കൊണ്ട് സാംസ്കാരിക സന്ധ്യ സംഘടിപ്പിക്കും.
- വന്ദേമാതരത്തിനായി സമർപ്പിക്കപ്പെട്ട ആഗോള സംഗീതോത്സവം സംഘടിപ്പിക്കും.
- വന്ദേമാതരം: ഭൂമാതാവിന് വന്ദനം- വൃക്ഷത്തൈ നടീൽ യജ്ഞങ്ങൾ സംഘടിപ്പിക്കും.
- ദേശസ്നേഹ ചുവർച്ചിത്രങ്ങൾ സൃഷ്ടിച്ച് ദേശീയ പാതയോരങ്ങളിൽ പ്രദർശിപ്പിക്കും.
- ശബ്ദ സന്ദേശങ്ങളും പ്രത്യേക വിളംബരങ്ങളും നടത്തും. റെയിൽവേ സ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും LED സ്‌ക്രീനുകളിൽ വന്ദേമാതരത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും.
സവിശേഷമായ പ്രവർത്തനങ്ങൾ
- വന്ദേമാതരത്തിൻ്റെ വ്യത്യസ്ത വശങ്ങൾ, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ജീവിതകഥ, സ്വാതന്ത്ര്യസമരത്തിൽ വന്ദേമാതരത്തിൻ്റെ പങ്ക്, ഇന്ത്യയുടെ ചരിത്രം എന്നിവയെ സംബന്ധിക്കുന്ന ഒരു മിനിറ്റ് വീതമുള്ള 25 ചലച്ചിത്രങ്ങൾ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.
- ദേശസ്നേഹത്തിൻ്റെ ഉത്സാഹത്തെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതിനായി, വന്ദേമാതരം കാമ്പെയ്‌നും ഹർ ഘർ തിരംഗ കാമ്പെയ്‌നും ഒരേസമയം ആഘോഷിക്കും.
ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ കാലാതീതമായ സൃഷ്ടികൾക്ക് അഭിവാദ്യം അർപ്പിക്കുക മാത്രമല്ല, സ്വാതന്ത്ര്യസമരകാലത്ത് തലമുറകളെ പ്രചോദിപ്പിക്കുന്നതിൽ അത് വഹിച്ച പങ്ക് ഉയർത്തിക്കാട്ടുകയും ചെയ്യും. ഈ ആഘോഷങ്ങളിലൂടെ, വന്ദേമാതരത്തിൻ്റെ ആത്മാവ് സമകാലിക ഇന്ത്യയ്ക്കായി പുനർവ്യാഖ്യാനിക്കപ്പെടുന്നു - ഏകീകൃതവും സ്വാശ്രയവും സാംസ്കാരികവും ഊർജ്ജസ്വലവുമായ ഭാവിക്കായുള്ള അഭിലാഷങ്ങളുമായി വന്ദേമാതരത്തെ ബന്ധിപ്പിക്കുന്നു.
ഉപസംഹാരം
വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ അനുസ്മരിക്കപ്പെടുമ്പോൾ, ഇന്ത്യയുടെ ദേശീയ സ്വത്വത്തിൻ്റെ പരിണാമത്തിൽ ആ ഗാനം വഹിച്ച ആഴത്തിലുള്ളതും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം അടിവരയിടുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാന പാദത്തിലെ ബൗദ്ധിക, സാഹിത്യ പരിസരങ്ങളിൽ നിന്ന് ഉയർന്നുവന്ന വന്ദേമാതരം, അതിൻ്റെ സാഹിത്യ ഉത്ഭവത്തെ കവച്ചു വയ്ക്കുന്ന കൊളോണിയൽ വിരുദ്ധ പ്രതിരോധത്തിൻ്റെയും കൂട്ടായ അഭിലാഷത്തിൻ്റെയും ശക്തമായ പ്രതീകമായി നിലകൊണ്ടു. ഈ ആചരണം ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ദർശനത്തിൻ്റെ ശാശ്വത പ്രസക്തി ഊട്ടിയുറപ്പിക്കുക മാത്രമല്ല, ആധുനിക ഇന്ത്യയിൽ ദേശീയത, ഐക്യം, സാംസ്കാരിക സ്വത്വ ബോധം എന്നിവയെ സംബന്ധിക്കുന്ന വ്യവഹാരത്തെ രൂപപ്പെടുത്തുന്നതിൽ ഗാനത്തിനുള്ള പങ്കിനെക്കുറിച്ച് നവനവങ്ങളായ ചിന്തകൾ ക്ഷണിക്കുകയും ചെയ്യുന്നു.
സൂചനകൾ:
Ministry of Culture
https://indianculture.gov.in/digital-district-repository/district-repository/vande-mataram-nationalist-artwork
https://knowindia.india.gov.in/national-identity-elements/national-song.php
https://www.abhilekh-patal.in/Category/Search/QuerySearch?query=vande%20mataram
https://indianculture.gov.in/node/2820573
https://amritkaal.nic.in/vande-mataram
Press Information Bureau:
PIB Archives
https://static.pib.gov.in/WriteReadData/specificdocs/documents/2024/nov/doc20241125450301.pdf
https://www.pib.gov.in/newsite/erelcontent.aspx?relid=11804
Click here to see PDF
****
(Backgrounder ID: 155931)
Visitor Counter : 8
Provide suggestions / comments
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Nepali
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Kannada