Technology
22 ഭാഷകൾ, ഡിജിറ്റലായി പുനരാവിഷ്‌കരിച്ചത്
സാങ്കേതികവിദ്യയിലൂടെ ഇന്ത്യയുടെ ഭാഷാപരമായ ഭാവി തുറക്കുന്നു
Posted On:
25 OCT 2025 2:54PM
|
ഒരു ഭാഷ എന്നത് കേവലം ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമല്ല, അതൊരു നാഗരികതയുടെ ആത്മാവാണ്, അതിൻ്റെ സംസ്കാരമാണ്, അതിന്റെ പൈതൃകമാണ് - പ്രധാനമന്ത്രി നരേന്ദ്ര മോദി
|
പ്രധാന വസ്തുതകൾ
* ഭാഷിണി, ഭാരത്ജെൻ തുടങ്ങിയ AI പ്ലാറ്റ്‌ഫോമുകളിലൂടെ ഭരണഘടന അംഗീകരിച്ച 22 ഭാഷകൾക്കും പിന്തുണ നൽകുന്നു.
* SPPEL (സ്കീം ഫോർ പ്രൊട്ടക്ഷൻ ആൻഡ് പ്രിസർവേഷൻ ഓഫ് എൻഡെയ്ജേർഡ് ലാംഗ്വേജ്സ്), സഞ്ചിക എന്നിവയിൽ നിന്നുള്ള ഡിജിറ്റൈസ് ചെയ്ത ഭാഷാ ഡാറ്റ, ബഹുഭാഷാ പരിഹാരങ്ങൾക്കായുള്ള AI മോഡലുകളുടെ പരിശീലനത്തെ സമ്പന്നമാക്കുന്നു.
* സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങൾ ബഹുഭാഷാപരമായ ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യയെ ഒരു ആഗോള നേതാവായി സ്ഥാപിക്കുന്നു.
ആമുഖം

ഇന്ത്യയുടെ ഭാഷാപരമായ ഭൂമിക ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ഒന്നാണ്. ഇവിടെ 22 ഔദ്യോഗിക ഭാഷകളും നൂറുകണക്കിന് ഗോത്ര-പ്രാദേശിക ഭാഷാഭേദങ്ങളും അതിന്റെ വിശാലമായ ഭൂമിശാസ്ത്രത്തിൽ സംസാരിക്കപ്പെടുന്നു. ഡിജിറ്റൽ പരിവർത്തനം അതിവേഗം മുന്നോട്ട് പോകുമ്പോൾ, ഈ ഭാഷാപരമായ വൈവിധ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ഉൾച്ചേർക്കേണ്ടത് നിർണായകമായിരിക്കുന്നു. സാങ്കേതികവിദ്യ കേവലം ആശയവിനിമയത്തിനുള്ള ഒരു മാധ്യമം എന്നതിലുപരി, അത് ഉൾപ്പെടുത്തലിന്റെ നട്ടെല്ലാണ്.
ബുദ്ധിപരവും വിപുലീകരിക്കാൻ കഴിയുന്നതുമായ ഭാഷാപരമായ പരിഹാരങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), മെഷീൻ ലേണിംഗ്, സ്പീച്ച് റെക്കഗ്നിഷൻ പോലുള്ള നൂതന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്നു. തടസ്സമില്ലാത്ത ആശയവിനിമയം, തത്സമയ പരിഭാഷ, ശബ്ദം വഴി പ്രവർത്തിക്കുന്ന ഇൻ്റർഫേസുകൾ, പ്രാദേശികവൽക്കരിച്ച ഉള്ളടക്ക വിതരണം എന്നിവ സാധ്യമാക്കുന്നതിലൂടെ ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കാൻ ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു. ഭാഷാവൈവിധ്യത്തെ മാനിക്കുന്ന ഒരു ശക്തമായ സാങ്കേതിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലൂടെ, ഓരോ പൗരനും അവരുടെ മാതൃഭാഷ എന്തായിരുന്നാലും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലും ഭരണനിർവഹണത്തിലും പൂർണ്ണമായി പങ്കുചേരാൻ സാധിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭാവിക്കായി ഇന്ത്യ അടിത്തറയിടുന്നു.
ഭാഷാപരമായ ഉൾപ്പെടുത്തലിന് പ്രേരകമാകുന്ന പ്രധാന പ്ലാറ്റ്‌ഫോമുകൾ
AI- പ്രേരക ഭാഷാ പ്ലാറ്റ്‌ഫോമുകളും വിപുലമായ ഡിജിറ്റൽ ശേഖരങ്ങളും ഇന്ത്യയുടെ ഭാഷകൾ സംരക്ഷിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും വികസിക്കുന്നതും എങ്ങനെയെന്ന് പുനർനിർവചിക്കുന്നു. ഭാഷിണി, ഭാരത്ജെൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഭരണനിർവഹണം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയിലുടനീളം ബഹുഭാഷാ പിന്തുണ നൽകുന്നു. ആദി-വാണി പോലുള്ള സംരംഭങ്ങൾ ഗോത്ര ഭാഷകളെ ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുവരുന്നു. ഈ സംയോജനം വഴി ഇന്ത്യയുടെ ഭാഷാ പൈതൃകം സംരക്ഷിക്കപ്പെടുക മാത്രമല്ല, ഡിജിറ്റൽ യുഗത്തിൽ അത് പ്രവർത്തനക്ഷമവും ചലനാത്മകവുമാവുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെ മുന്നേറ്റങ്ങൾ ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യത്തെ രേഖപ്പെടുത്തുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി. ഈ സാങ്കേതികവിദ്യകൾ നൂറുകണക്കിന് ഭാഷകളിലും പ്രാദേശിക ഭാഷാഭേദങ്ങളിലും (ഇതിൽ പലതും മുമ്പ് വേണ്ടത്ര പരിഗണിക്കപ്പെടാത്തവയാണ്) വലിയ തോതിലുള്ള ഭാഷാ ഡാറ്റാ ശേഖരണം, ഓട്ടോമേറ്റഡ് പരിഭാഷ, സ്പീച്ച് റെക്കഗ്നിഷൻ എന്നിവ സാധ്യമാക്കി. ഈ സാങ്കേതികപരമായ മുന്നേറ്റം ആശയവിനിമയ വിടവുകൾ നികത്താനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം പ്രോത്സാഹിപ്പിക്കാനും ഡിജിറ്റൽ ഉള്ളടക്കം മാതൃഭാഷയിൽ പ്രാപ്യമാക്കി സമൂഹങ്ങൾക്ക് ശാക്തീകരണം നൽകാനും സഹായിച്ചിട്ടുണ്ട്.
ആദി-വാണി: ഗോത്ര ഭാഷാ ഉൾപ്പെടുത്തലിനായുള്ള AI

2024-ൽ സ്ഥാപിതമായ ആദി-വാണി, ഇന്ത്യയിലെ ഗോത്ര ഭാഷകളുടെ തത്സമയ പരിഭാഷയ്ക്കും സംരക്ഷണത്തിനുമുള്ള രാജ്യത്തെ ആദ്യത്തെ AI-അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ്. അത്യാധുനിക ഭാഷാ സാങ്കേതികവിദ്യകളിലൂടെ ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ആദി-വാണി, തടസ്സമില്ലാത്ത ബഹുഭാഷാപരമായ അനുഭവം നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ കൃത്യതയെ മനുഷ്യന്റെ ഭാഷാ വൈദഗ്ധ്യവുമായി സംയോജിപ്പിക്കുന്നു.
ആദി-വാണിയുടെ പ്രധാന ശക്തി സന്താലി, ഭിലി, മുണ്ടാരി, ഗോണ്ടി തുടങ്ങിയ ഭാഷകളെ പിന്തുണയ്ക്കാൻ അഡ്വാൻസ്ഡ് സ്പീച്ച് റെക്കഗ്നിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) എന്നിവ ഉപയോഗപ്പെടുത്തുന്നതിലാണ്. ഈ ഭാഷകളിൽ പലതും പരമ്പരാഗതമായി വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്നവയും വേണ്ടത്ര ഡിജിറ്റൽ പ്രാതിനിധ്യമില്ലാത്തവയുമാണ്. ഗോത്രഭാഷകളും പ്രധാന ഇന്ത്യൻ ഭാഷകളും തമ്മിൽ തത്സമയം പരിഭാഷ സാധ്യമാക്കുന്നതിലൂടെ, ഈ സമ്പന്നമായ ഭാഷാ പാരമ്പര്യങ്ങളെ പ്ലാറ്റ്‌ഫോം സംരക്ഷിക്കുക മാത്രമല്ല, വിദ്യാഭ്യാസം, ഭരണനിർവഹണം, സാംസ്കാരിക ഡോക്യുമെന്റേഷൻ എന്നിവയ്ക്കായി അവയെ പ്രാപ്യമാക്കുകയും ചെയ്യുന്നു.
വംശനാശഭീഷണി നേരിടുന്ന ഭാഷകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള പദ്ധതി (SPPEL)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2013-ൽ ആരംഭിക്കുകയും മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (CIIL) നടപ്പിലാക്കുകയും ചെയ്ത പദ്ധതിയാണിത്. 10,000-ൽ താഴെ ആളുകൾ സംസാരിക്കുന്ന, വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ഭാഷകളുടെ ഡോക്യുമെന്റേഷനിലും ഡിജിറ്റൽ ആർക്കൈവിങ്ങിലുമാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സംരക്ഷണത്തിനും നൂതന സാങ്കേതികവിദ്യകൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഡാറ്റാസെറ്റുകൾ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇത് AI, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് സംവിധാനങ്ങൾക്ക് നിർണായകമായ വിവരങ്ങൾ നൽകുന്നു. CIIL-ന്റെ ഡിജിറ്റൽ ശേഖരമായ സഞ്ചിക പോലുള്ള പ്ലാറ്റ്‌ഫോമുകൾ AI മോഡൽ പരിശീലനം, മെഷീൻ പരിഭാഷ, സാംസ്കാരിക അടിത്തറയുള്ള ഭാഷാ സാങ്കേതികവിദ്യകളുടെ വികസനം എന്നിവയ്ക്ക് പിന്തുണ നൽകുന്നു.
സഞ്ചിക: ഇന്ത്യൻ ഭാഷകൾക്കായുള്ള ഡിജിറ്റൽ ശേഖരം
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് ആണ് സഞ്ചികയുടെ മേൽനോട്ടം വഹിക്കുന്നത്. ഔദ്യോഗിക ഭാഷകൾക്കും ഗോത്ര ഭാഷകൾക്കുമുള്ള നിഘണ്ടു, പ്രാഥമിക ഗ്രന്ഥങ്ങൾ, കഥാപുസ്തകങ്ങൾ, മൾട്ടിമീഡിയ വിഭവങ്ങൾ എന്നിവ ഈ ശേഖരം ഏകീകരിക്കുന്നു. ഭാഷാ മോഡലുകൾ പരിശീലിപ്പിക്കുന്നതിനും പരിഭാഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും സാംസ്കാരിക വിവരണങ്ങൾ സംരക്ഷിക്കുന്നതിനും ഒരു പ്രധാന ഡാറ്റാ ഉറവിടമാണ് ഈ കേന്ദ്രീകൃത ഡിജിറ്റൽ ആർക്കൈവ്.
അക്കാദമിക് ഗവേഷണം, ഭാഷാ വിദ്യാഭ്യാസം, സാംസ്കാരിക ഡോക്യുമെന്റേഷൻ എന്നിവയ്ക്ക് സഹായകമാകുന്ന, ഭാഷാപരമായി തരംതിരിച്ച ടെക്സ്റ്റ്, ഓഡിയോ, വിഷ്വൽ സാമഗ്രികൾ ഈ പ്ലാറ്റ്‌ഫോം നൽകുന്നു. ഈ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ശേഖരങ്ങൾ, വളർന്നുവരുന്ന AI, NLP ആപ്ലിക്കേഷനുകൾക്ക് അടിസ്ഥാനപരമായ ഡാറ്റാസെറ്റുകൾ നൽകുന്നു. ഇത് കുറഞ്ഞ വിഭവശേഷിയുള്ള ഗോത്ര, പ്രാദേശിക ഭാഷകൾക്കായി കൂടുതൽ സമഗ്രവും ഫലപ്രദവുമായ ഡിജിറ്റൽ ടൂളുകൾ സാധ്യമാക്കുന്നു.
ഭാരത്ജെൻ: ഇന്ത്യൻ ഭാഷകൾക്കായുള്ള AI മോഡലുകൾ
22 ഔദ്യോഗിക ഭാഷകൾക്കുമായി നൂതനമായ ടെക്സ്റ്റ്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് പരിഭാഷാ മോഡലുകൾ ഭാരത്ജെൻ വികസിപ്പിക്കുന്നു. SPPEL, സഞ്ചിക എന്നിവയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച്, ഭരണനിർവഹണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ ആപ്ലിക്കേഷനുകൾക്ക് ശക്തി പകരുന്ന ബഹുഭാഷാ AI സംവിധാനങ്ങൾ ഇത് സൃഷ്ടിക്കുന്നു. അതുവഴി എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും ഡിജിറ്റൽ ഉള്ളടക്കം പ്രാപ്യമാക്കുന്നു.
ഭാരത്ജെനിൻ്റെ ബഹുഭാഷാ AI സംവിധാനങ്ങൾ ഭരണനിർവഹണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലുടനീളം ഡിജിറ്റൽ പ്രാപ്യതയും ഉൾക്കൊള്ളലും വർദ്ധിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഇത് ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷാപരമായ ഭൂമികയിൽ തടസ്സമില്ലാത്ത ആശയവിനിമയവും ഉള്ളടക്ക വിതരണവും സാധ്യമാക്കുന്നു.
GeM, GeMAI: ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസിനായുള്ള AI-പ്രേരക ബഹുഭാഷാ സഹായി
ഇന്ത്യാ ഗവൺമെന്റിന്റെ പൊതു സംഭരണത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM). കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം 2016 ഓഗസ്റ്റ് 9-നാണ് ഇത് ആരംഭിച്ചത്. ഗവൺമെന്റ് വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമുള്ള വാങ്ങൽ പ്രക്രിയ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് GeM ലളിതമാക്കുന്നു.
ഉപയോക്താക്കൾക്ക് കൂടുതൽ പ്രാപ്യതയും ഉൾപ്പെടുത്തലും ഉറപ്പാക്കുന്നതിനായി, GeM, GeMAI എന്ന AI-അധിഷ്ഠിത ബഹുഭാഷാ സഹായിയെ സംയോജിപ്പിച്ചിരിക്കുന്നു. അഡ്വാൻസ്ഡ് നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗും മെഷീൻ ലേണിംഗും ഉപയോഗപ്പെടുത്തി, GeMAI ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ വോയ്‌സ്-ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പിന്തുണ നൽകുന്നു. ഇത് ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിൽ എളുപ്പത്തിൽ തിരയാനും, നാവിഗേറ്റ് ചെയ്യാനും, ഇടപാടുകൾ പൂർത്തിയാക്കാനും സഹായിക്കുന്നു. അതുവഴി ഗവൺമെന്റ് സംഭരണത്തിലെ ഭാഷാ തടസ്സങ്ങൾ മറികടക്കാൻ GeMAI സഹായിക്കുന്നു.
ഭാഷിണി: എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യക്കുവേണ്ടിയുള്ള AI-പ്രേരക ബഹുഭാഷാ പരിഭാഷ
ദേശീയ ഭാഷാ വിവർത്തന മിഷന് (NLTM) കീഴിലുള്ള ഒരു സുപ്രധാന AI പ്ലാറ്റ്‌ഫോമാണ് ഭാഷിണി. ഇത് 22 ഔദ്യോഗിക ഭാഷകൾക്കും ഗോത്ര ഭാഷകൾക്കും തത്സമയ പരിഭാഷ സാധ്യമാക്കുന്നു. മെഷീൻ പരിഭാഷ, സ്പീച്ച് റെക്കഗ്നിഷൻ, നാച്ചുറൽ ലാംഗ്വേജ് അണ്ടർസ്റ്റാൻഡിംഗ് (NLU) എന്നിവയിലൂടെ ഗവൺമെന്റ് സേവനങ്ങളിലേക്കും ഡിജിറ്റൽ ഉള്ളടക്കത്തിലേക്കുമുള്ള പ്രവേശനം സുഗമമാക്കുകയും ഡിജിറ്റൽ ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ഇത് സഹായിക്കുന്നു.
പ്രധാന നേട്ടങ്ങൾ:

AI-പ്രേരക പാർലമെൻ്ററി സംവാദ പരിഭാഷകൾക്കും പൗര പങ്കാളിത്തത്തിനും വേണ്ടിയുള്ള സൻസദ് ഭാഷിണി
ട്രൈബൽ റിസർച്ച്, ഇൻഫർമേഷൻ, എജ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ & ഇവൻ്റ്സ് (TRI-ECE) പദ്ധതി
കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബൽ റിസർച്ച്, ഇൻഫർമേഷൻ, എജ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ & ഇവൻ്റ്സ് (TRI-ECE) പദ്ധതി, ഗോത്ര ഭാഷകളെയും സംസ്കാരങ്ങളെയും സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നൂതനമായ ഗവേഷണ-ഡോക്യുമെന്റേഷൻ പ്രോജക്റ്റുകൾക്ക് പിന്തുണ നൽകുന്നു. ഈ സംരംഭത്തിൻ്റെ ഭാഗമായി, ഇംഗ്ലീഷ്/ഹിന്ദി ടെക്‌സ്‌റ്റുകളും സംസാരങ്ങളും ഗോത്ര ഭാഷകളിലേക്കും തിരിച്ചും മാറ്റാൻ കഴിയുന്ന AI-അധിഷ്ഠിത ഭാഷാ പരിഭാഷാ ടൂളുകളുടെ വികസനത്തിന് മന്ത്രാലയം പിന്തുണ നൽകിയിട്ടുണ്ട്.
ഈ ടൂളുകൾ മെഷീൻ ലേണിംഗ്, സ്പീച്ച് റെക്കഗ്നിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവ സംയോജിപ്പിച്ച് വംശനാശഭീഷണി നേരിടുന്ന ഗോത്ര ഭാഷകളുടെ തത്സമയ പരിഭാഷയെയും ഡിജിറ്റൽ സംരക്ഷണത്തെയും പിന്തുണയ്ക്കുന്നു. ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുമായും (TRI) ഭാഷാ വിദഗ്ധരുമായുമുള്ള സഹകരണത്തിലൂടെ, ഭാഷാപരമായ കൃത്യതയും സാംസ്കാരിക സംവേദനക്ഷമതയും ഉറപ്പാക്കിക്കൊണ്ട്, സമൂഹത്തിൻ്റെ പങ്കാളിത്തത്തിന് ഈ പദ്ധതി ഊന്നൽ നൽകുന്നു.
ഡിജിറ്റൽ ആർക്കൈവുകളും അക്കാദമിക് ഉദ്യമങ്ങളും
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (CIIL), ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സ് (IGNCA) തുടങ്ങിയ സ്ഥാപനങ്ങൾ പുരാതന കൈയെഴുത്തുപ്രതികൾ, നാടോടി സാഹിത്യം, വാമൊഴി പാരമ്പര്യങ്ങൾ എന്നിവ ഡിജിറ്റൈസ് ചെയ്തുകൊണ്ട് ഭാഷിണി പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്നു. ഈ ഡിജിറ്റൽ ആർക്കൈവുകൾ AI, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) സംവിധാനങ്ങളെ സമ്പന്നമാക്കുകയും സാംസ്കാരിക പൈതൃകവും ആധുനിക സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട് സംരക്ഷണത്തെയും അത്യാധുനിക പരിഭാഷാ പരിഹാരങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
AI-അധിഷ്ഠിത ബഹുഭാഷാ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസ ശാക്തീകരണം
AI-അധിഷ്ഠിത ഭാഷാ സാങ്കേതികവിദ്യകളുടെ സംയോജനം, 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) കാഴ്ചപ്പാടിന് അനുസൃതമായി പ്രവർത്തിക്കുന്നു. ഇത് കുറഞ്ഞത് 5-ാം ക്ലാസ് വരെയും, സാധ്യമെങ്കിൽ 8-ാം ക്ലാസ് വരെയും അതിനുശേഷവും പഠിതാവിൻ്റെ വീട്ടിലെ ഭാഷയിലോ, മാതൃഭാഷയിലോ, പ്രാദേശിക ഭാഷയിലോ ഉള്ള അധ്യാപനത്തിന് ഊന്നൽ നൽകുന്നു. പഠനം കൂടുതൽ ഉൾക്കൊള്ളുന്നതും, പ്രാപ്യവും, ഭാഷാപരമായി വൈവിധ്യപൂർണ്ണവുമാക്കിക്കൊണ്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ പരിവർത്തനം ചെയ്യുകയാണ്.
|
എന്താണ് ഇ-കുംഭ് പോർട്ടൽ?
ഇ-കുംഭ് പോർട്ടൽ എന്നത്, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) പ്ലാറ്റ്‌ഫോമാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായി, മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനാണ് ഈ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വിവിധ ഇന്ത്യൻ ഭാഷകളിലുള്ള സാങ്കേതിക പുസ്‌തകങ്ങളും പഠന സാമഗ്രികളും സൗജന്യമായി ലഭ്യമാക്കുന്നു.
|
സ്ഥാപനതലത്തിൽ, AICTE-യുടെ അനുവാദിനി ആപ്പ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത AI-അധിഷ്ഠിത ബഹുഭാഷാ പരിഭാഷാ ടൂളാണ്. എഞ്ചിനീയറിംഗ്, മെഡിക്കൽ, നിയമം, ബിരുദതല, ബിരുദാനന്തര തല, നൈപുണ്യ വികസന പുസ്തകങ്ങൾ എന്നിവ അതിവേഗം ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഇത്തരത്തിൽ പരിഭാഷപ്പെടുത്തിയ ഉള്ളടക്കം ഇ-കുംഭ് പോർട്ടലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, അതുവഴി മാതൃഭാഷകളിൽ സാങ്കേതിക വിജ്ഞാനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നു.

AI-അധിഷ്ഠിത സംരംഭങ്ങൾക്ക് പുറമെ, ദീർഘകാലമായി നിലനിൽക്കുന്ന ചില ദേശീയ പദ്ധതികളും ഈ ലക്ഷ്യത്തിന് പിന്തുണ നൽകുന്നുണ്ട്. വിജ്ഞാന ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ സഹായിക്കുന്ന ദേശീയ വിവർത്തന മിഷൻ (NTM), ഇന്ത്യയുടെ പുരാതന പണ്ഡിത കൃതികൾ സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യുന്ന ദേശീയ കൈയെഴുത്തുപ്രതി മിഷൻ (NMM) എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഈ സംരംഭങ്ങൾ ഒരുമിച്ച്, ഇന്ത്യയുടെ ഭാഷാ പൈതൃകവും ഭാവിക്ക് തയ്യാറായ, AI-പ്രാപ്തമാക്കിയ വിദ്യാഭ്യാസ ആവാസവ്യവസ്ഥയും തമ്മിൽ ഒരു തുടർച്ച ഉറപ്പാക്കുന്നു.
അതേസമയം, SWAYAM പോലുള്ള പ്ലാറ്റ്‌ഫോമുകൾ ബഹുഭാഷാ ഉള്ളടക്കം വിതരണം ചെയ്യുന്നതിനുള്ള ഡിജിറ്റൽ അടിത്തറയായി പ്രവർത്തിക്കുന്നു. 2025-ന്റെ മധ്യത്തോടെ, 5 കോടിയിലധികം പഠിതാക്കൾ SWAYAM-ൽ എൻറോൾ ചെയ്തിട്ടുണ്ട്. കൂടാതെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ സ്കൂൾ-ഉന്നതവിദ്യാഭ്യാസ പാഠപുസ്തകങ്ങളും പഠന സാമഗ്രികളും ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റലായി ലഭ്യമാക്കാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭാഷിണി പോലുള്ള ഭാഷാ-AI പ്ലാറ്റ്‌ഫോമുകൾക്കൊപ്പം ഈ സംരംഭങ്ങൾ ചേരുമ്പോൾ, സ്കൂളുകൾ, എഡ്-ടെക് സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രാദേശികവൽക്കരിച്ച പഠന സാമഗ്രികൾ, സംവേദനാത്മക ഉപകരണങ്ങൾ, അധ്യാപക സഹായങ്ങൾ എന്നിവപ്രാദേശിക ഭാഷകളിൽ നൽകാൻ പ്രാപ്തമാക്കുന്നു. ഇത് ഭാഷാപരമായ വിടവുകൾ നികത്താനും ഗ്രഹണശേഷി മെച്ചപ്പെടുത്താനും എല്ലാ പഠിതാക്കളെയും അവരുടെ മാതൃഭാഷയിൽ ഡിജിറ്റൽ വിദ്യാഭ്യാസം നേടാൻ ശാക്തീകരിക്കാനും സഹായിക്കുന്നു.
ഈ ഉയർന്നുവരുന്ന ബഹുഭാഷാ ഡിജിറ്റൽ വിദ്യാഭ്യാസ ചട്ടക്കൂട്, വിദ്യാഭ്യാസപരമായ ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി, രാജ്യത്തെ നിരവധി ഭാഷകൾ കേവലം സാംസ്കാരിക അവശിഷ്ടങ്ങൾ എന്നതിലുപരി സജീവവും പ്രവർത്തനക്ഷമവുമായ പഠന, വിജ്ഞാന, നവീകരണ മാധ്യമങ്ങളായി നിലനിർത്തുന്നു.
പരിവർത്തനത്തിന് പിന്നിലെ സാങ്കേതികവിദ്യ
ഇന്ത്യയുടെ ബഹുഭാഷാ ഡിജിറ്റൽ ആവാസവ്യവസ്ഥയ്ക്ക് ശക്തി പകരുന്നത്, അതിൻ്റെ ഭാഷാപരമായ വൈവിധ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത നൂതനമായ AI, കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് സാങ്കേതികവിദ്യകളാണ്. അത്യാധുനിക കണ്ടുപിടിത്തങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഈ സാങ്കേതികവിദ്യകൾ ഭാഷാപരമായ പൈതൃകം സംരക്ഷിക്കുക മാത്രമല്ല, വൈവിധ്യമാർന്ന ഭാഷകളിലുടനീളം തടസ്സമില്ലാത്ത, തത്സമയ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു. ഇത് വിപുലമായ ഡിജിറ്റൽ ഉൾക്കൊള്ളലിന് വഴിയൊരുക്കുന്നു.
ഈ ആവാസവ്യവസ്ഥയിലെ പ്രധാന ഘടകങ്ങൾ ഇവയാണ്:
ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ (ASR): വൈവിധ്യമാർന്ന ഇന്ത്യൻ സംസാരഭാഷകളെ കൃത്യമായ ടെക്സ്റ്റ് രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ഇത് ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകൾ, കമാൻഡ് ഇൻ്റർഫേസുകൾ, തത്സമയ ട്രാൻസ്ക്രിപ്ഷൻ സേവനങ്ങൾ എന്നിവ സാധ്യമാക്കുന്നു.
ടെക്സ്റ്റ്-ടു-സ്പീച്ച് (TTS): മാതൃഭാഷകളിൽ സ്വാഭാവികവും വ്യക്തവുമായ സംസാര ഔട്ട്പുട്ടുകൾ സംയോജിപ്പിക്കുന്നു. ഇത് ഡിജിറ്റൽ അസിസ്റ്റൻ്റുകൾ, വിദ്യാഭ്യാസ ഉപകരണങ്ങൾ, ഗവൺമെന്റ് സേവനങ്ങൾ എന്നിവയിലെ പ്രാപ്യത വർദ്ധിപ്പിക്കുന്നു.
ന്യൂറൽ മെഷീൻ ട്രാൻസ്ലേഷൻ (NMT): വിവിധ ഇന്ത്യൻ ഭാഷകൾക്കിടയിൽ സന്ദർഭമറിഞ്ഞുള്ള, തത്സമയ പരിഭാഷ നൽകുന്നതിന് ഡീപ് ലേണിംഗ് മോഡലുകൾ ഉപയോഗിക്കുന്നു. ഇത് വാക്യഘടനയിലെയും അർത്ഥപരമായുമുള്ള സങ്കീർണതകളെ മറികടക്കുന്നു.
നാച്ചുറൽ ലാംഗ്വേജ് അണ്ടർസ്റ്റാൻഡിംഗ് (NLU): മാതൃഭാഷകളിലെ ഉപയോക്താവിൻ്റെ ഉദ്ദേശ്യം, വികാരം, സന്ദർഭം എന്നിവ വ്യാഖ്യാനിക്കാൻ AI സംവിധാനങ്ങളെ സഹായിക്കുന്നു. ഇത് സംഭാഷണ ഏജൻ്റുകളുടെയും ഉപയോക്തൃ ഇടപെടലിൻ്റെയും നിലവാരം മെച്ചപ്പെടുത്തുന്നു
ട്രാൻസ്ഫോർമർ അധിഷ്ഠിത ആർക്കിടെക്ചറുകൾ (IndicBERT, mBART): ഈ അത്യാധുനിക മോഡലുകൾ, വലിയ ബഹുഭാഷാ ഇന്ത്യൻ ഭാഷാ കോർപ്പസുകളിൽ മുൻകൂട്ടി പരിശീലിപ്പിച്ചവയാണ്. ഇത് ഭാഷാ മോഡലിംഗ്, പരിഭാഷ, മനസ്സിലാക്കൽ ജോലികൾ എന്നിവയിൽ ഉയർന്ന കൃത്യത ഉറപ്പാക്കുന്നു.
കോർപ്പസ് വികസനവും ഡാറ്റാ ക്യുറേഷനും: ഡിജിറ്റൈസ് ചെയ്ത കൈയെഴുത്തുപ്രതികൾ, നാടോടിക്കഥകൾ, വാമൊഴി പാരമ്പര്യങ്ങൾ, ഗവൺമെന്റ് രേഖകൾ, വിദ്യാഭ്യാസ ഉള്ളടക്കം എന്നിവയിൽ നിന്ന് വിപുലമായ ഡാറ്റാസെറ്റുകൾ സമാഹരിക്കുന്നു. ഇത് ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷാപരമായ ഭൂമികയ്ക്ക് അനുയോജ്യമായ AI മോഡലുകൾ പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സമ്പന്നവും പ്രാതിനിധ്യപരവുമായ ഡാറ്റ നൽകുന്നു.
ഈ സാങ്കേതിക അടിത്തറയാണ് ഭാഷിണി, ഭാരത്ജെൻ, ആദി-വാണി പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കരുത്ത് പകരുന്നത്. ഇന്ത്യയുടെ സവിശേഷമായ ബഹുഭാഷാ സാഹചര്യത്തിന് അനുയോജ്യമായതും, വിപുലീകരിക്കാൻ കഴിയുന്നതും, കൃത്യതയുള്ളതും, ഉൾക്കൊള്ളുന്നതുമായ ഭാഷാ സാങ്കേതികവിദ്യകൾ ഇത് ഉറപ്പാക്കുന്നു.
ഉപസംഹാരം
ഇന്ത്യയുടെ ഭാഷാ സംരക്ഷണത്തിന്റെ ഭാവി മുന്നോട്ട് പോകുന്നത് അത്യാധുനിക സാങ്കേതികവിദ്യയുടെ കരുത്തിലാണ്. രാജ്യത്തിൻ്റെ സമ്പന്നമായ ഭാഷാ പൈതൃകം ചലനാത്മകവും പ്രാപ്യവുമായി നിലനിർത്തുന്നതിനായി AI-യും ഡിജിറ്റൽ ആർക്കൈവുകളും സംയോജിപ്പിക്കുന്നു. ഭാഷിണി, ഭാരത്ജെൻ, ആദി-വാണി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും SPPEL, TRI-ECE പോലുള്ള ലക്ഷ്യബോധമുള്ള സംരംഭങ്ങളും രാജ്യമെമ്പാടുമുള്ള പൗരന്മാരെ അവരുടെ മാതൃഭാഷകളിൽ സേവനങ്ങളിൽ പങ്കുചേരാൻ ശാക്തീകരിക്കുന്നു. ഈ സമഗ്രമായ സമീപനം ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ സംരക്ഷിക്കുക മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ വളർച്ചയ്ക്ക് പ്രേരണ നൽകുകയും ബഹുഭാഷാ നവീകരണത്തിൽ ഒരു ആഗോള നേതാവായി രാജ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നു.
അവലംബം
Press Information Bureau
Digital.gov
Ministry Of Home Affairs
Ministry of Electronics & Information Technology
https://dic.gov.in/bhashini
https://aikosh.indiaai.gov.in/home/models/details/ai4bharat_indicbert_multilingual_language_representation_model.html
Ministry Of Tribal Affairs
https://adivaani.tribal.gov.in/
Ministry Of Education
https://swayam.gov.in/
See in PDF
***
SK
(Backgrounder ID: 155755)
Visitor Counter : 4
Provide suggestions / comments