• Skip to Content
  • Sitemap
  • Advance Search
Others

ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ

“ഉപഭോക്തൃ സംരക്ഷണത്തിൽ ഇന്ത്യയുടെ ജീവനാഡി”

Posted On: 16 OCT 2025 12:41PM
പ്രധാന വസ്തുതകൾ

•2025 ജൂലൈയിൽ 7,256 ഉപഭോക്തൃ പരാതികൾ പരിഹരിച്ചുകൊണ്ട് ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ ₹2.72 കോടിയുടെ റീഫണ്ടുകൾ സാധ്യമാക്കി.

•1.34 കോടിരൂപയുടെ പരിഹാരവുമായി റീഫണ്ട് പരാതികളിൽ ഇ-കൊമേഴ്‌സ് സംവിധാനം മുൻപന്തിയിലാണ്.

•2025 ലെ ജിഎസ്ടി പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈനിന് 3,981 കോളുകൾ ലഭിച്ചു; ഇതിൽ 31% അന്വേഷണങ്ങളും 69% പരാതികളുമാണ്.

 •2015 ഡിസംബറിൽ 12,553 ആയിരുന്ന കോൾ നിരക്ക് പത്തിരട്ടിയിലധികം വർദ്ധിച്ച് 2024 ഡിസംബറിൽ 1,55,138 ആയി ഉയർന്നു.

•പ്രതിമാസ പരാതി രജിസ്ട്രേഷനുകളുടെ ശരാശരി എണ്ണം 2017 ലെ 37,062 ൽ നിന്ന് 2025 ൽ 1,70,585 ആയി വർദ്ധിച്ചു.

•സംയോജിത പങ്കാളികളുടെ എണ്ണം 2017 ലെ 263 ൽ നിന്ന് 2025 സെപ്റ്റംബർ വരെ 1,142 കമ്പനികളായി ക്രമാനുഗതമായി വർദ്ധിച്ചു.

ആമുഖം

ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്നുള്ള ഒരു ഉപഭോക്താവ് ഒരു അംഗീകൃത ഏജൻസിയിൽ നിന്ന് പ്രതീക്ഷിച്ചതിലും കുറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടർ ലഭിച്ചതിനെക്കുറിച്ച് പരാതിപ്പെട്ടു. ഏജൻസി ഒരു പരിഹാരവും വാഗ്ദാനം ചെയ്യാത്തതിനാൽ ഉപഭോക്താവ് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിലൂടെ പരാതിപ്പെട്ടു . പ്രശ്നം ഉടനടി പരിഹരിച്ചു. ന്യായ പൂർണവും സത്വരവുമായ നടപടി എടുത്തതിൽ ഉപഭോക്താവ് എൻ സി എച്ചിനെ അഭിനന്ദിച്ചു.....

സാധുതയുള്ള റേഷൻ കാർഡ് കൈവശമുണ്ടായിരുന്നിട്ടും നാല് മാസമായി റേഷൻ ലഭിക്കാത്തതിനാൽ ബിഹാറിലെ നളന്ദയിൽ നിന്നുള്ള ഉപഭോക്താവ് പ്രതിസന്ധി നേരിട്ടു. പ്രാദേശികമായി സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്ന് ഉപഭോക്താവ് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിനെ സമീപിച്ചു. തുടർന്ന് റേഷൻ വിതരണം പുനഃസ്ഥാപിക്കപ്പെട്ടു. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിച്ചതിന് ഉപഭോക്താവ് നന്ദി പ്രകടിപ്പിച്ചു.


ഇവ കേവലം ഒറ്റപ്പെട്ട വിജയഗാഥകളല്ല, മറിച്ച് സാധാരണ പൗരന്മാർക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ എങ്ങനെ ഒരു ജീവനാഡിയായി പ്രവർത്തിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായുള്ള ഉപഭോക്തൃ കാര്യ വകുപ്പിന്റെ ഒരു മുൻനിര സംരംഭമാണ് ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ. ഒരു സംയോജിത പരാതി പരിഹാര സംവിധാനമായി പ്രവർത്തിക്കുന്ന ഇത് consumerhelpline.gov.in എന്ന പോർട്ടലിലൂടെയാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾ, ഗവൺമെന്റ് ഏജൻസികൾ, നിയന്ത്രണ സംവിധാനങ്ങൾ, ഓംബുഡ്‌സ്‌മെൻ, കമ്പനികൾ, കോൾ സെന്ററുകൾ എന്നിവരെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.

ഈ സംവിധാനത്തിലൂടെ, ഉപഭോക്താക്കൾക്ക് ഓൺലൈനായി പരാതികൾ രജിസ്റ്റർ ചെയ്യാനും വ്യവഹാര നടപടികൾക്ക് മുമ്പുള്ള ഘട്ടത്തിൽ പരിഹാരം തേടാനും കഴിയും. നടപടികളിൽ തൃപ്തരല്ലെങ്കിൽ, ഉപഭോക്തൃ കമ്മീഷനുകളെ സമീപിക്കാനുള്ള അവസരം ഉപഭോക്താവിന് ഉണ്ട്. പൗരന്മാരെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു വിജ്ഞാന വേദിയായും ഈ പോർട്ടൽ വർത്തിക്കുന്നു.

ഉപഭോക്തൃ പരിഹാരത്തിലെ പുരോഗതി

 നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഹെൽപ്പ്‌ലൈനിന്റെ വ്യാപ്തിയും കാര്യക്ഷമതയും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2015 ഡിസംബറിൽ 12,553 ആയിരുന്ന കോൾ നിരക്ക് 2024 ഡിസംബറിൽ പത്തിരട്ടിയിലധികം വർദ്ധിച്ച് 1,55,138 ആയി. ഉയർന്നു വരുന്ന ഉപഭോക്തൃ വിശ്വാസം പ്രതിഫലിപ്പിക്കുന്ന തരത്തിൽ നിലവിൽ പ്ലാറ്റ്‌ഫോമിൽ പ്രതിമാസം ഒരു ലക്ഷത്തിലധികം പരാതികൾ ലഭിക്കുന്നു. പ്രതിമാസ പരാതി രജിസ്ട്രേഷനുകളുടെ ശരാശരി എണ്ണം 2017 ലെ 37,062 ൽ നിന്ന് 2025 ൽ 1,70,585 ആയി വർദ്ധിച്ചു. ഡിജിറ്റൽ രീതികൾ നിലവിൽ വന്നതോടെ, ഹെൽപ്പ്‌ലൈനിലെ ഉപഭോക്തൃ പരാതികളിൽ ഏകദേശം 65% ഓൺലൈൻ, ഡിജിറ്റൽ  മാർഗ്ഗങ്ങളിലൂടെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാട്ട്‌സ്ആപ്പ് വഴിയുള്ള പരാതി രജിസ്ട്രേഷൻ 2023 മാർച്ചിൽ 3% ആയിരുന്നത് 2025 മാർച്ചിൽ 20% ആയി ഗണ്യമായ വളർച്ച കൈവരിച്ചു.

 

കൂടാതെ, 2025 ജൂലൈയിൽ, ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ 27 വ്യത്യസ്ത മേഖലകളിലായി 7,256 ഉപഭോക്തൃ പരാതികൾ പരിഹരിച്ചുകൊണ്ട് 2.72 കോടി രൂപയുടെ റീഫണ്ടുകൾ വിജയകരമായി ലഭ്യമാക്കി. 2025 ഏപ്രിലിൽ 1079 ഉപഭോക്തൃ പരാതികളിൽ നിന്ന് 62 ലക്ഷം രൂപയുടെ റീഫണ്ട് ലഭ്യമാക്കിയ സ്ഥിതിയിൽ നിന്നാണ് ഈ പുരോഗതി ഉണ്ടായത് . 2025 ജൂലൈയിൽ ഇ-കൊമേഴ്‌സ് മേഖലയിലാണ് ഏറ്റവും കൂടുതൽ റീഫണ്ട് സംബന്ധിച്ച പരാതികൾ ലഭിച്ചത്. ഇതിൽ 3,594 കേസുകളിലായി 1.34 കോടി രൂപയുടെ റീഫണ്ടുകൾ ലഭ്യമാക്കി. 31 ലക്ഷം രൂപയുടെ റീഫണ്ടുകൾ ലഭ്യമാക്കിയ ട്രാവൽ & ടൂറിസം മേഖലയാണ് തൊട്ടുപിന്നിൽ.

 ഉപഭോക്തൃ പരാതികൾ വേഗത്തിലും സൗഹാർദ്ദപരമായും പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംയോജിത സംരംഭത്തിന് കീഴിൽ, കമ്പനികൾ സ്വമേധയാ സൗജന്യമായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനുമായി പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നു. പരാതികൾ തത്സമയം കൈമാറുകയും കമ്പനികൾ 30 ദിവസത്തിനുള്ളിൽ പരാതിയോട് പ്രതികരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു.

 ഈ സംരംഭത്തിലെ പങ്കാളികളുടെ എണ്ണം 2017-ലെ 263-ൽ നിന്ന് 2025 സെപ്റ്റംബർ വരെ 1,142 കമ്പനികളായി ക്രമാനുഗതമായി വർദ്ധിച്ചു.ഇത് സമയബന്ധിത പരാതി പരിഹാരത്തിനുള്ള സഹകരണ സംവിധാനങ്ങളെ ശാക്തീകരിക്കുന്നു.

എൻ‌സി‌എച്ചുമായുള്ള പങ്കാളിത്തം നിരവധി നേട്ടങ്ങൾ നൽകുന്നു.

തർക്കങ്ങൾ വർദ്ധിക്കുന്നത് തടഞ്ഞുകൊണ്ട് കമ്പനികൾക്ക് ഉപഭോക്തൃ പരാതികൾ മുൻ‌കൂട്ടി പരിഹരിക്കാൻ ഇതിലൂടെ കഴിയും.

ഈ സമീപനം ഉപഭോക്താക്കൾക്കും കമ്പനിക്കും പ്രയോജനം ചെയ്യുന്നതരത്തിൽ വേഗതയേറിയതും പരസ്പരം തൃപ്തികരവുമായ പരിഹാരങ്ങൾ പ്രാപ്തമാക്കുന്നു.

മികച്ച സേവനത്തിലൂടെ കമ്പനിയിലുള്ള ഉപഭോക്താവിന്റെ ആശ്രിതത്വം മെച്ചപ്പെടുത്താനും വിശ്വാസ്യത വളർത്താനും ഇത് സഹായിക്കുന്നു.
 


പങ്കാളിത്തം ശക്തമായ കോർപ്പറേറ്റ് ഭരണം പ്രോത്സാഹിപ്പിക്കുകയും സാമൂഹിക ഉത്തരവാദിത്വത്തോടുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കുകയും ചെയ്യുന്നു.

 റീഫണ്ട് തർക്കങ്ങളിൽ,ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നു

 സിവിൽ സർവീസസ്, എഞ്ചിനീയറിംഗ്, മറ്റ് കോഴ്‌സുകൾ എന്നിവയ്ക്കായി പരിശീലന സ്ഥാപനത്തിൽ ചേർന്ന 600-ലധികം വിദ്യാർത്ഥികൾക്ക്, പരിശീലന സ്ഥാപനങ്ങൾ അവരുടെ റീഫണ്ട് പ്രതിജ്ഞാബദ്ധതകൾ നിറവേറ്റാത്ത സാഹചര്യത്തിൽ ഉപഭോക്തൃ കാര്യ വകുപ്പ് ഇടപ്പെട്ട് ₹1.56 കോടിയുടെ റീഫണ്ടുകൾ 2025 ഫെബ്രുവരി വരെ ലഭ്യമാക്കി. ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈനിൽ സമർപ്പിച്ച പരാതികളിലൂടെയാണ് ഈ നടപടി കൈക്കൊണ്ടത്.ഇത് നിറവേറ്റപ്പെടാത്ത സേവനങ്ങൾ, റദ്ദാക്കിയ ക്ലാസുകൾ, അന്യായ രീതികൾ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായ പരിഹാരം ഉറപ്പാക്കി. കൂടാതെ സുതാര്യവും വിദ്യാർത്ഥി സൗഹൃദവുമായ റീഫണ്ട് നയങ്ങൾ സ്വീകരിക്കാൻ പരിശീലന സ്ഥാപനങ്ങളെ നിർബന്ധിതരാക്കുകയും ചെയ്തു.

 പുതുതലമുറ ജിഎസ്ടി പരിഷ്കാരങ്ങളുമായി എൻ സി എച്ച് സംയോജിപ്പിച്ചു

2025 സെപ്റ്റംബറിൽ കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന 56-ാമത് ജിഎസ്ടി കൗൺസിലിന്റെ യോഗത്തിൽ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങളെ അംഗീകരിച്ചു. ഇതോടൊപ്പം പൊരുത്തപ്പെടുന്ന വിധത്തിൽ ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈനിനെ ഉപഭോക്തൃ കാര്യ വകുപ്പ് യോജിപ്പിച്ചു.കൂടാതെ 2025 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വെച്ച ദർശനത്തിന് അനുസൃതവുമാണിത്. 2025 സെപ്റ്റംബർ 22 മുതൽ പുതുക്കിയ ജിഎസ്ടി നിരക്കുകൾ, വിലകൾ, ഇളവുകൾ എന്നിവ നിലവിൽ വന്നതിനുശേഷം, ഉപഭോക്തൃ അന്വേഷണങ്ങളിലും പരാതികളിലും സ്വാഭാവികമായി പ്രതീക്ഷിക്കുന്ന വർദ്ധന കൈകാര്യം ചെയ്യുന്നതിനായി, INGRAM പോർട്ടലിൽ ഒരു പ്രത്യേക വിഭാഗം സൃഷ്ടിച്ചു. ഓട്ടോമൊബൈൽസ്, ബാങ്കിംഗ്, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ , ഇ-കൊമേഴ്‌സ്, വേഗത്തിൽ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾ ഈ വിഭാഗത്തിൽ ഉൾക്കൊള്ളുന്നു.ഇവിടെ ഉപഭോക്താക്കൾക്ക് നേരിട്ട് ജിഎസ്ടി സംബന്ധമായ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയും.

അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ 2025 നടപ്പിലാക്കിയതിനുശേഷം, 2025 ഒക്ടോബർ 2 വരെ ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ ജിഎസ്ടി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 3,981 കോളുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ 31% അന്വേഷണങ്ങളും 69% തുടർനടപടികൾക്കായി നീക്കിയ ഔപചാരിക പരാതികളുമാണ്.

ആകെ 1,992 പരാതികൾ തുടർനടപടികൾക്കായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് & കസ്റ്റംസിന് (CBIC) കൈമാറി. അതേസമയം 761 പരാതികൾ നേരിട്ടുള്ള പരിഹാരത്തിനായി ബന്ധപ്പെട്ട കൺവെർജൻസ് പങ്കാളി കമ്പനികൾക്ക് തത്സമയം റഫർ ചെയ്തു.

 ജിഎസ്ടി മാറ്റങ്ങളെത്തുടർന്ന് ഉപഭോക്താക്കൾ വ്യക്തതയും നടപടിയും തേടുന്ന നിരവധി പ്രധാന മേഖലകൾ ഉയർന്നുവന്നിട്ടുണ്ട്:

പരാതികളിൽ ഗണ്യമായ പങ്ക് പാൽ വിലനിർണ്ണയവുമായി ബന്ധപ്പെട്ടതായിരുന്നു. പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രകാരം പാൽ കമ്പനികൾ പാൽ വില കുറയ്ക്കേണ്ടതുണ്ട് എന്ന് കരുതി നിരവധി ഉപഭോക്താക്കൾ എൻ‌സി‌എച്ചിനെ സമീപിച്ചു. എന്നാൽ ശുദ്ധമായ പാൽ ഇതിനകംതന്നെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ യുഎച്ച്ടി പാലും ഒഴിവാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കി.

ഓൺലൈനായി വാങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ സംബന്ധിച്ചതാണ് മറ്റൊരു വലിയ പരാതി. ജിഎസ്ടി കുറച്ചിട്ടും ഒരു ആനുകൂല്യവും ലഭിച്ചില്ലെന്ന് ഉപഭോക്താക്കൾ ആരോപിച്ചു. ടിവി, എസി, മോണിറ്റർ, ഡിഷ് വാഷറുകൾ തുടങ്ങിയ ഇനങ്ങൾക്ക് നിരക്ക് കുറയ്ക്കൽ (28% മുതൽ 18% വരെ) ബാധകമാണെന്നും ലാപ്‌ടോപ്പുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ചില ഇനങ്ങൾക്ക് ഇതിനകം 18% നികുതി ചുമത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ ചൂണ്ടികാണിച്ചു.

ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില കുറച്ചിട്ടില്ലെന്നതായിരുന്നു ജനങ്ങളുടെ മറ്റൊരു പ്രധാന പരാതി .എന്നാൽ ഗാർഹിക എൽപിജിയുടെ ജിഎസ്ടി നിരക്ക് 5% ൽ തന്നെ തുടരുന്നുവെന്ന് വ്യക്തമാക്കി.പെട്രോൾ വിലനിർണ്ണയവുമായി ബന്ധപ്പെട്ട ചില പരാതികൾ ഉണ്ട്.  ജനങ്ങൾ പെട്രോൾ വിലക്കുറവ് പ്രതീക്ഷിക്കുന്നു. എന്നാൽ പെട്രോൾ പൂർണ്ണമായും ജിഎസ്ടി വ്യവസ്ഥയ്ക്ക് പുറത്താണ്.


 ഉപഭോക്താക്കൾ പരിഹാര സംവിധാനത്തിൽ സജീവമായി ഇടപഴകുന്നുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതി റിപ്പോർട്ടിംഗിന്റെ ആദ്യ ആഴ്ച. ഇത് ഉപഭോക്തൃ കാര്യ വകുപ്പ് സ്ഥാപിച്ച സംവിധാനങ്ങളിലുള്ള വർദ്ധിച്ചുവരുന്ന അവബോധവും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നു.

ഒരാൾക്ക് പരാതി എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഉപഭോക്താക്കൾക്ക് ഒന്നിലധികം രീതികളിലൂടെ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാം:

1800 11 4000 എന്ന ടോൾ-ഫ്രീ നമ്പറുകളിൽ വിളിക്കുകയും ഒരു ഏജന്റുമായി നേരിട്ട് സംസാരിക്കുകയും ചെയ്യുക. 1915 എന്ന ടോൾ-ഫ്രീ നമ്പർ വഴി 17 ഭാഷകളിൽ പരാതികൾ രജിസ്റ്റർ ചെയ്യാം.

consumerhelpline.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. ഒറ്റത്തവണ സൈൻ അപ്പ് ചെയ്ത് ഇമെയിൽ പരിശോധനയ്ക്ക് ശേഷം, ഒരു ഉപയോക്തൃ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കപ്പെടും. ഇവ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാനും പരാതികൾ സമർപ്പിക്കാനും അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യാനും കഴിയും.

8800001915 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക. ഉദ്യോഗസ്ഥർ ഉപഭോക്താവിനെ തിരികെ ബന്ധപ്പെടും.

പരാതി ഉന്നയിക്കാൻ വാട്സ്ആപ്പ് ഉപയോഗിക്കുക.

 എൻ സി എച്ച് മൊബൈൽ ആപ്പ് വഴി പരാതികൾ സമർപ്പിക്കുക.

UMANG ആപ്പിലെ സേവനം പ്രയോജനപ്പെടുത്തുക

 കൂടാതെ, https://consumerhelpline.gov.in/public/feedback വഴി നിർദ്ദേശങ്ങൾ പങ്കിടാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അഭിപ്രായ വിനിമയ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. ലഭിക്കുന്ന അഭിപ്രായങ്ങൾ വ്യവസ്ഥാപിതമായി അവലോകനം ചെയ്യുകയും വിശകലനം നടത്തുകയും ചെയ്യുന്നു. ഇത് ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായി നിരന്തര പുരോഗതിക്ക് ഒരു സുപ്രധാന സംവിധാനമായി പ്രവർത്തിക്കുന്നു.

 ഉപസംഹാരം

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ ബിസിനസ്സ് രീതികൾ ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന വേദിയായി ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ മാറിയിട്ടുണ്ട്. സമയബന്ധിതമായ പരാതി പരിഹാരം നൽകുന്നതിലൂടെയും, ഉപഭോക്താക്കൾ, കമ്പനികൾ, അധികാരികൾ എന്നിവരുമായുള്ള സഹകരണം സുഗമമാക്കുന്നതിലൂടെയും, കൂടുതൽ കാര്യക്ഷമതയ്ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെയും, ദീർഘകാല നിയമ പ്രക്രിയകളില്ലാതെ നീതിയ്ക്കായി ആവശ്യപ്പെടാൻ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ വ്യക്തികളെ പ്രാപ്തരാക്കുന്നു. അതിന്റെ മുൻകൂട്ടിയുള്ള പ്രവർത്തന സമീപനം സുതാര്യത ശക്തിപ്പെടുത്തുകയും സംവിധാനത്തിൽ വിശ്വാസ്യത വളർത്തുകയും ഉത്തരവാദിത്വ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഇത് ഇന്ത്യയുടെ ഉപഭോക്തൃ സംരക്ഷണ ചട്ടക്കൂടിൽ എൻ സി എച്ചിനെ തികച്ചും അനിവാര്യമായ ഒരു സംവിധാനമാക്കി മാറ്റുന്നു.
 
******
(Backgrounder ID: 155623) Visitor Counter : 2
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate