• Skip to Content
  • Sitemap
  • Advance Search
Technology

ഇലക്ട്രോണിക്സ് മേഖലയിലെ ഇന്ത്യൻ കുതിച്ചുചാട്ടം

2024–25ൽ ഉൽപ്പാദനം ₹11.3 ലക്ഷം കോടിയിലേക്ക് ഉയർന്നു, കഴിഞ്ഞ ഒരു ദശകത്തിനിടെ ആറ് മടങ്ങ് വളർച്ച

Posted On: 11 OCT 2025 2:16PM

പ്രധാന വസ്തുതകൾ

* ഇലക്ട്രോണിക്സ് മേഖലയിലെ ഉൽപ്പാദനം 2014–15ലെ ₹1.9 ലക്ഷം കോടിയിൽ നിന്ന് 2024–25ൽ ₹11.3 ലക്ഷം കോടിയായി ഏകദേശം ആറ് മടങ്ങ് വർദ്ധിച്ചു

* മൊബൈൽ ഫോൺ കയറ്റുമതി 2014–15ലെ ₹1,500 കോടിയിൽ നിന്ന് 2024–25ൽ ₹2 ലക്ഷം കോടിയായി 127 മടങ്ങ് വളർച്ച നേടി

* ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറി

* കഴിഞ്ഞ 10 വർഷത്തിനിടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു

ആമുഖം

ഇലക്ട്രോണിക്സ് നൂതനാശയങ്ങളുടെയും വളർച്ചയുടെയും എഞ്ചിനായി മാറിയിരിക്കുന്നു, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സാങ്കേതിക മേഖലയെ പുനർനിർവചിക്കുകയും ചെയ്യുന്നു. ലോകമെമ്പാടും ഇലക്ട്രോണിക്സ് മേഖല സമൂഹങ്ങളുടെ ജീവിതരീതി, ജോലി, ഇടപെടൽ എന്നിവയെ രൂപപ്പെടുത്തുകയും ആശയവിനിമയം, ഓട്ടോമേഷൻ, കണക്റ്റിവിറ്റി എന്നിവയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. 

കഴിഞ്ഞ ഒരു ദശകത്തിനിടെ ഉൽ‌പാദനത്തിൽ ഏകദേശം ആറ് മടങ്ങ് വർദ്ധന രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യ ഒരു പ്രധാന ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമായി അതിവേഗം മാറിയിരിക്കുന്നു. വ്യാവസായിക അടിത്തറ വികസിപ്പിക്കുന്നതിനൊപ്പം തന്നെ ഈ മേഖല, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് തൊഴിലവസരങ്ങളുടെയും സാമ്പത്തിക വളർച്ചയുടെയും ഒരു പ്രധാന ചാലകമെന്ന നിലയിൽ ഇലക്ട്രോണിക്സ് മേഖലയുടെ പങ്ക് അടിവരയിടുന്നു. തന്ത്രപ്രധാനമായ ​ഗവൺമെന്റ് പദ്ധതികളും ശക്തമായ നയ പിന്തുണയും പ്രാദേശിക ഉൽ‌പ്പാദനത്തെ കൂടുതൽ ഉത്തേജിപ്പിക്കുകയും കയറ്റുമതി വികസിപ്പിക്കുകയും ആഗോള നിക്ഷേപത്തെ ഗണ്യമായി ആകർഷിക്കുകയും ചെയ്തു.

2030–31 ഓടെ 500 ബില്യൺ ഡോളറിന്റെ ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണ മേഖല കെട്ടിപ്പടുക്കുക എന്ന അഭിലാഷത്തോടെ, ആഗോള സാങ്കേതികരം​ഗത്ത് ഇന്ത്യ ഒരു മാർ​ഗദർശിയായി ഉയർന്നുവരാൻ ഒരുങ്ങുകയാണ്. ആഭ്യന്തര തലത്തിൽ അനേകം അവസരങ്ങൾ സൃഷ്ടിക്കുകയുന്നതിനൊപ്പം ആ​ഗോളതലത്തിൽ നൂതനാശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. 

ഇലക്ട്രോണിക്സ് ഉൽ‌പാദനവും കയറ്റുമതിയും

മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ സംരംഭങ്ങളുടെ പ്രചോദനത്താൽ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിലെ ഒരു ആഗോള കേന്ദ്രമായി ഇന്ത്യ അതിവേഗം മാറിയിരിക്കുന്നു. ശക്തമായ നയ പിന്തുണ, സാങ്കേതിക പുരോഗതി, വൈദഗ്ധ്യമുള്ള തൊഴിലാളികൾ ‌എന്നിവ ഉൽപ്പാദനത്തെയും കയറ്റുമതിയെയും അഭൂതപൂർവമായ നിലവാരത്തിലേക്ക് നയിച്ചു.

പ്രധാന നേട്ടങ്ങൾ

* ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനം 2014–15ലെ ₹1.9 ലക്ഷം കോടിയിൽ നിന്ന് 2024–25ൽ ₹11.3 ലക്ഷം കോടിയായി വർദ്ധിച്ചു, ഏകദേശം ആറ് മടങ്ങ് വർധന.

* ഇതേ കാലയളവിൽ കയറ്റുമതി എട്ട് മടങ്ങ് വർധിച്ച് ₹38,000 കോടിയിൽ നിന്ന് ₹3.27 ലക്ഷം കോടിയായി.

* കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖല 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

* 2020-21 സാമ്പത്തിക വർഷം മുതൽ ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ ഇന്ത്യ 4 ബില്യൺ യുഎസ് ഡോളറിലധികം വിദേശ നിക്ഷേപം ആകർഷിച്ചു.

* 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത അഞ്ച് രാജ്യങ്ങൾ യുഎസ്എ, യുഎഇ, നെതർലാൻഡ്‌സ്, യുകെ, ഇറ്റലി എന്നിവയാണ്.

 

ഉൽപ്പാദന-ബന്ധിത പ്രോത്സാഹന (PLI) പദ്ധതി, ബിസിനസ് എളുപ്പമാക്കാൻ സഹായിക്കുന്ന നടപടിക്രമങ്ങൾ തുടങ്ങിയവയിലൂടെ ഉൽപ്പാദനവും കയറ്റുമതിയും ഗണ്യമായി വർദ്ധിച്ചു. ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിലെ ദ്രുതഗതിയിലുള്ള വളർച്ച രാജ്യത്തുടനീളം ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, അതേസമയം ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖല ആഗോള വിതരണ ശൃംഖലകളുമായി ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു, ഒപ്പം മത്സരശേഷി വർദ്ധിപ്പിക്കുകയും വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നു.

മൊബൈൽ നിർമ്മാണവും കയറ്റുമതിയും

ഇന്ത്യയുടെ മൊബൈൽ ഫോൺ വിപ്ലവം ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും മാറ്റിമറിച്ചിരിക്കുന്നു. 85 ശതമാനത്തിലധികം ഇന്ത്യൻ കുടുംബങ്ങളിലും കുറഞ്ഞത് ഒരു സ്മാർട്ട്‌ഫോണെങ്കിലും ഉള്ളതിനാൽ, ഇന്ന് ബാങ്കിംഗ്, വിദ്യാഭ്യാസം, വിനോദം, ​ഗവൺമെന്റ് സേവനങ്ങളുടെ ലഭ്യത എന്നിവയ്ക്കുള്ള ഒരു ഉപകരണമായി മൊബൈൽ പ്രവർത്തിക്കുന്നു. മൊബൈൽ കണക്റ്റിവിറ്റി സാമ്പത്തിക ഉൾപ്പെടുത്തലിന്റെയും ഡിജിറ്റൽ ശാക്തീകരണത്തിന്റെയും ശക്തമായ ഒരു ചാലകമായി മാറിയിരിക്കുന്നു, ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും പരസ്പരബന്ധിതമായ സമൂഹങ്ങളിലൊന്നാക്കി മാറ്റുന്നു.

പ്രധാന നേട്ടങ്ങൾ

* മൊബൈൽ ഫോൺ ഉൽപ്പാദനം 2014–15ലെ ₹18,000 കോടിയിൽ നിന്ന് 2024–25 ൽ ₹5.45 ലക്ഷം കോടിയായി 28 മടങ്ങ് വർദ്ധിച്ചു.

* ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറി

* ഇന്ത്യയുടെ മൊബൈൽ നിർമ്മാണ വ്യവസായം അതിവേഗം വളർന്നു - 2014ലെ വെറും 2 യൂണിറ്റുകളിൽ നിന്ന് ഇന്ന് 300 യൂണിറ്റുകളിലധികമായി ഉയർന്നു.

* ഏകദേശം 330 ദശലക്ഷം മൊബൈൽ ഫോണുകൾ പ്രതിവർഷം നിർമ്മിക്കുന്നു, ഏകദേശം ഒരു ബില്യൺ മൊബൈൽ ഫോണുകൾ രാജ്യമെമ്പാടും സജീവമായി ഉപയോഗിക്കുന്നു.

* കയറ്റുമതി 2014–15ലെ ₹1,500 കോടിയിൽ നിന്ന് 2024–25 ൽ ₹2 ലക്ഷം കോടിയായി 127 മടങ്ങ് വർദ്ധിച്ചു.

* 2024 ൽ, ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതി റെക്കോർഡ് 42% വാർഷിക വളർച്ചയോടെ ₹1 ലക്ഷം കോടി കവിഞ്ഞ്, ₹1,10,989 കോടി (US$12.8 ബില്യൺ)യിൽ എത്തി.

* 2025–26 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ, സ്മാർട്ട്‌ഫോൺ കയറ്റുമതി ₹1 ലക്ഷം കോടിയിലെത്തി, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 55% വർദ്ധന.

* 2014–15 ൽ 78% ഇറക്കുമതി ചെയ്തിരുന്നതിൽ നിന്നും ഇന്ന് മിക്കവാറും എല്ലാ ഉപകരണങ്ങളും ആഭ്യന്തരമായി നിർമ്മിക്കുന്നതിലേക്ക് വരെ ഇന്ത്യയെത്തി. മൊബൈൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു.

* 2025–26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ, അമേരിക്കയിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി.

* ഇന്ത്യാ മൊബൈൽ കോൺഗ്രസ് 2025* 

ഇന്ത്യാ മൊബൈൽ കോൺഗ്രസിന്റെ 9-ാമത് പതിപ്പ് ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ്, മൊബൈൽ ഉൽപ്പാദനം, കയറ്റുമതി, സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ എന്നിവയിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തി ഈ പരിപാടി എടുത്തുകാണിക്കുന്നു.

IMC 25

150 രാജ്യങ്ങളിൽ നിന്നുള്ള 1.5 ലക്ഷത്തിലധികം സന്ദർശകർ, 7,000 ആഗോള പ്രതിനിധികൾ, 400 കമ്പനികൾ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ, 800 പ്രഭാഷകരുള്ള 100 സെഷനുകളിലായി, മൊബൈൽ സാങ്കേതികവിദ്യ, 5G, 6G, AI, സ്മാർട്ട് മൊബിലിറ്റി, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഗ്രീൻ ടെക്നോളജി എന്നിവയിലെ 1,600-ലധികം യൂസ്-കേസുകൾ കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നു.

ഇന്ത്യയുടെ ഇലക്ട്രോണിക്സ്, മൊബൈൽ രം​ഗത്തെ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ എടുത്തുകാണിക്കുന്ന ആറ് പ്രധാന ആഗോള ഉച്ചകോടികൾ ഈ പരിപാടിയിൽ ഉൾപ്പെടുന്നു:

* 6G ഗവേഷണത്തിൽ ഇന്ത്യയുടെ ആധിപത്യം പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര ഭാരത് 6G സിമ്പോസിയം

* നെറ്റ്‌വർക്കുകളിലും മൊബൈൽ സേവനങ്ങളിലും AI ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര AI ഉച്ചകോടി

* 1.2 ബില്യണിലധികം ഉപയോക്താക്കൾക്ക് സുരക്ഷിത ടെലികോമിന് ഊന്നൽ നൽകുന്ന സൈബർ സുരക്ഷാ ഉച്ചകോടി

* ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ പരിഹാരങ്ങൾക്കായി സാറ്റ്‌കോം ഉച്ചകോടി

* ആഗോള നിക്ഷേപകരുമായി സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്ന IMC ആസ്പയർ പ്രോഗ്രാം

* അന്താരാഷ്ട്ര നിക്ഷേപത്തിന് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഗ്ലോബൽ സ്റ്റാർട്ടപ്പ് വേൾഡ് കപ്പ് - ഇന്ത്യൻ പതിപ്പ്

ഉൽപ്പാദനം, കയറ്റുമതി, നെക്സ്റ്റ് ജനറേഷൻ സാങ്കേതികവിദ്യ എന്നിവയെ പിന്തുണച്ച് കൊണ്ട് ഇലക്ട്രോണിക്സ്, മൊബൈൽ രം​ഗത്ത നൂതന ആശയങ്ങൾക്കുളള ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം IMC 2025 ‍വ്യക്തമാക്കുന്നു.

ഇലക്ട്രോണിക്സ് - ആധുനിക വ്യവസായങ്ങളുടെ നട്ടെല്ല് 

ആധുനിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഇലക്ട്രോണിക്സ്. അവ വീടുകൾ മുതൽ ആശുപത്രികൾ വരെ, ഫാക്ടറികൾ മുതൽ വാഹനങ്ങൾ വരെ കാര്യക്ഷമത, സുഖസൗകര്യങ്ങൾ, നവീകരണം എന്നിവ സാധ്യമാക്കുന്നു. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും ഇന്ന് എല്ലാ പ്രധാന മേഖലകളും ഇലക്ട്രോണിക്സിനെ ആശ്രയിക്കുന്നു. സാങ്കേതികവിദ്യ വികസിക്കുമ്പോൾ വ്യവസായങ്ങളിലുടനീളം പുരോഗതി കൈവരിക്കുന്നതിൽ ഇലക്ട്രോണിക്സിന്റെ പ്രാധാന്യവും വളരുന്നു.

ഇലക്ട്രോണിക്സ് നിർണായക പങ്ക് വഹിക്കുന്ന ചില മേഖലകളിൽ ഇവ ഉൾപ്പെടുന്നു:

ഉപഭോക്തൃ ഇലക്ട്രോണിക്സ്

ഉപഭോക്തൃ ഇലക്ട്രോണിക്സ് ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഓരോ വീടും ഇപ്പോൾ ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങളെ ആശ്രയിക്കുന്നു. ഇവ വീടുകളിൽ സൗകര്യവും വിനോദവും കാര്യക്ഷമതയും പ്രദാനം ചെയ്യുന്നു. ഉപഭോക്തൃ ഉപകരണങ്ങളുടെ താങ്ങാനാവുന്ന വിലയും വൈവിധ്യവും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു. ഇത് ഇലക്ട്രോണിക്സിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു.

ഇലക്ട്രോണിക് ഘടകങ്ങൾ

ഇലക്ട്രോണിക് ഘടകങ്ങൾ മുഴുവൻ ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയുടെയും അടിത്തറയാണ്. ലളിതമായ ഒരു വീട്ടുപകരണം മുതൽ സങ്കീർണ്ണമായ വ്യാവസായിക സംവിധാനങ്ങൾ വരെയുള്ള എല്ലാ ഉപകരണങ്ങൾക്കും അവ ശക്തി പകരുന്നു. ഈ അവശ്യ ഘടകങ്ങൾ ഇല്ലാതെ ഒരു നിർമ്മാതാവിനും ഉപഭോക്തൃ ഇലക്ട്രോണിക്സ്, പ്രതിരോധ സംവിധാനങ്ങൾ അല്ലെങ്കിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ കഴിയില്ല. ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയും മത്സരക്ഷമതയും ഈ ഉപമേഖലയുടെ ശക്തി നിർണ്ണയിക്കുന്നു.

ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്

കാര്യക്ഷമത, സുരക്ഷ, കണക്റ്റിവിറ്റി എന്നിവയ്ക്കായി ആധുനിക വാഹനങ്ങൾ ഇലക്ട്രോണിക്സിനെ കൂടുതലായി ആശ്രയിക്കുന്നു. ലോകം ഇലക്ട്രിക്, സ്മാർട്ട് മൊബിലിറ്റിയിലേക്ക് മാറുമ്പോൾ, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിനുള്ള ആവശ്യകത കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നഗരവൽക്കരണവും സുസ്ഥിര ഗതാഗതത്തിന്റെ ആവശ്യകതയും ഈ മാറ്റത്തെ കൂടുതൽ ത്വരിതപ്പെടുത്തുന്നു. സെൻസറുകളിൽ നിന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളിലേക്ക്, ഇലക്ട്രോണിക്സ് വാഹനങ്ങൾ പ്രവർത്തിക്കുന്ന രീതിയെയും ഉപയോക്താക്കളുമായി ഇടപഴകുന്ന രീതിയെയും പരിവർത്തനം ചെയ്യുന്നു. 

മെഡിക്കൽ ഇലക്ട്രോണിക്സ്

ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവും ആരോഗ്യ സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും മെഡിക്കൽ ഇലക്ട്രോണിക്സിനുള്ള വിപണിയെ വികസിപ്പിച്ചു. ഓക്സിമീറ്ററുകൾ, ഗ്ലൂക്കോമീറ്ററുകൾ, ഡിജിറ്റൽ മോണിറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ ഇപ്പോൾ വീടുകളിലും ആശുപത്രികളിലും ഒരുപോലെ സാധാരണമാണ്. മെഡിക്കൽ സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ രോഗനിർണയം, ചികിത്സ, രോഗീപരിചരണം എന്നിവ മെച്ചപ്പെടുത്തുന്നു. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്ക് ആരോഗ്യസംരക്ഷണത്തെ കൂടുതൽ പ്രാപ്യവും കൃത്യവും പ്രതികരിക്കുന്നതുമാക്കി ഇലക്ട്രോണിക്സ് മാറ്റി. 

ഇലക്ട്രോണിക്സ് നിർമ്മാണം; പ്രധാന സർക്കാർ സംരംഭങ്ങൾ

ശക്തമായ നയ പിന്തുണയുടെയും ​ഗവൺമെന്റ് സംരംഭങ്ങളുടെയും പിൻബലത്തിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് വ്യവസായം വളർന്നു. ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു നിർമ്മാണ മേഖല കെട്ടിപ്പടുക്കുക, നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനൊപ്പം വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.

ഉൽപ്പാദന-ബന്ധിത പ്രോത്സാഹന (PLI) പദ്ധതി

₹1.97 ലക്ഷം കോടി രൂപ ചെലവിൽ ആരംഭിച്ച ഉൽപ്പാദന-ബന്ധിത പ്രോത്സാഹന പദ്ധതി ഇലക്ട്രോണിക്സ്, ഐടി ഹാർഡ്‌വെയർ എന്നിവയുൾപ്പെടെ 14 പ്രധാന മേഖലകളെ ഉൾക്കൊള്ളുന്നു. ഉൽപ്പാദനം വർദ്ധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും കയറ്റുമതി വികസിപ്പിക്കാനും ഇത് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു.

വലിയ തോതിലുള്ള ഇലക്ട്രോണിക്സ് നിർമ്മാണത്തിനും ഐടി ഹാർഡ്‌വെയറിനുമുള്ള PLI പദ്ധതി (2025 ജൂൺ വരെയുള്ള കണക്ക്)

* ₹13,107 കോടി രൂപയുടെ നിക്ഷേപങ്ങൾ ആകർഷിച്ചു
* ₹8.56 ലക്ഷം കോടിയുടെ ഉൽപ്പാദനം
* ₹4.65 ലക്ഷം കോടിയുടെ കയറ്റുമതി
* 1.35 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു 
                                                                      

നേരത്തെ സൂചിപ്പിച്ചതുപോലെ, 2020-21 സാമ്പത്തിക വർഷം മുതൽ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ ഇന്ത്യ 4 ബില്യൺ യുഎസ് ഡോളറിലധികം വിദേശ നിക്ഷേപം (FDI) ആകർഷിച്ചു. ഇതിന്റെ ഏകദേശം 70%വും PLI പദ്ധതിയുടെ ഗുണഭോക്താക്കളാണ് സംഭാവന ചെയ്തത്.

ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്ടറുകളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPECS) 

പ്രധാന ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള മൂലധന ചെലവിൽ 25 ശതമാനം സാമ്പത്തിക പ്രോത്സാഹനം SPECS വാഗ്ദാനം ചെയ്യുന്നു. നിർണായകമായ വിതരണ ശൃംഖല വിടവുകൾ നികത്തുക, പ്രാദേശിക ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുക, അസംബ്ലി അധിഷ്ഠിത ഉൽപ്പാദനത്തിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഘടക ഉൽപ്പാദനത്തിലേക്കുള്ള ഇന്ത്യയെ മാറ്റാൻ സഹായിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണ പദ്ധതി (ECMS)

2025 മെയ് 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ₹22,919 കോടി സാമ്പത്തിക വിഹിതത്തോടെയുള്ള ECMS-ന് 249 അപേക്ഷകൾ ലഭിച്ചത് വ്യവസായ താൽപ്പര്യത്തിന്റെ ശക്തമായ സൂചനയാണ്. ₹1,15,351 കോടി പ്രതീക്ഷിക്കുന്ന നിക്ഷേപ പ്രതിബദ്ധത ₹59,350 കോടിയുടെ പ്രാരംഭ ലക്ഷ്യത്തിന്റെ ഇരട്ടിയാണ്.

അടുത്ത ആറ് വർഷത്തിനുള്ളിൽ ഈ പദ്ധതിയിലൂടെ 10,34,700 കോടി രൂപയുടെ ഉത്പാദനം പ്രതീക്ഷിക്കുന്നു, ഇത് പ്രാരംഭ ലക്ഷ്യമായ ₹4,56,000 കോടിയുടെ 2.2 മടങ്ങ് കൂടുതലാണ്. 91,600 എന്ന ലക്ഷ്യത്തേക്കാൾ വളരെ കൂടുതലായി 1,42,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിരവധി പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു. വലിയ തോതിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ കഴിവാണ് ഇത് തെളിയിക്കുന്നത്.

ഈ പദ്ധതിയോടുള്ള അഭൂതപൂർവമായ പ്രതികരണം ആഗോളതലത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന സ്ഥാനത്തെയും MSMEകൾ ഉൾപ്പെടെയുള്ള ആഭ്യന്തര ഇലക്ട്രോണിക്സ് വ്യവസായത്തിലുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.  2025 മെയ് 1 മുതൽ മൂന്ന് മാസത്തെ പ്രാരംഭ അപേക്ഷാ സമയം 2025 സെപ്റ്റംബർ 30 വരെ നീട്ടി. 2030-31 ഓടെ 500 ബില്യൺ ഡോളറിന്റെ ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണ മേഖല എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര ECMS ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ദേശീയ ഇലക്ട്രോണിക്സ് നയം (NPE) 2019

ഇന്ത്യയെ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിനുള്ള (ESDM) ഒരു ആഗോള കേന്ദ്രമാക്കി മാറ്റുക എന്നതാണ് ദേശീയ ഇലക്ട്രോണിക്സ് നയത്തിന്റെ ലക്ഷ്യം. 2025 ആകുമ്പോഴേക്കും ESDM-ൽ നിന്ന് 400 ബില്യൺ ഡോളർ വരുമാനം നേടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് ദീർഘകാല വ്യവസായ വളർച്ച ഉറപ്പാക്കുന്നതിന് നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഡിസൈൻ അധിഷ്ഠിത നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുകയും ഗവേഷണ, വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.

ഉപസംഹാരം

ഇന്ത്യയുടെ ഇലക്ട്രോണിക്സ്, മൊബൈൽ നിർമ്മാണ രം​ഗത്തെ യാത്ര അഭിലാഷം, നവീന ആശയങ്ങൾ, ആഗോള മത്സരശേഷി എന്നിവ പ്രതിഫലിപ്പിക്കുന്നു. ഉൽപ്പാദന-ബന്ധിത പ്രോത്സാഹന (PLI) പദ്ധതി, ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണ പദ്ധതി (ECMS), ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്ടറുകളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPECS) തുടങ്ങിയവ ആഭ്യന്തര ഉൽപ്പാദനത്തെ മുന്നോട്ട് നയിക്കുകയും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്തു. ദേശീയ ഇലക്ട്രോണിക്സ് നയവും മേക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിലുള്ള സംരംഭങ്ങളുമായി ചേർന്ന്, ഈ നടപടികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നിക്ഷേപം ആകർഷിക്കുകയും ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വം വർദ്ധിപ്പിക്കുകയും ചെയ്തു. സുസ്ഥിരമായ നവീകരണത്തിലൂടെയും നയപരമായ പിന്തുണയിലൂടെയും 2030-31 ആകുമ്പോഴേക്കും 500 ബില്യൺ ഡോളറിന്റെ ആഭ്യന്തര ഇലക്ട്രോണിക്സ് മേഖല കൈവരിക്കാനും ഇലക്ട്രോണിക്സ്, മൊബൈൽ സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ മുഖ്യസ്ഥാനം ഉറപ്പിക്കാനും രാജ്യം ഒരുങ്ങിയിരിക്കുന്നു.

References:

PIB Backgrounders:

Ministry of Electronics & IT:

 

Ministry of Communications:

 

Ministry of MSME:

 

Ministry of Commerce and Industry:

Click here to see pdf

***

(Backgrounder ID: 155508) Visitor Counter : 7
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate