Technology
ശാസ്ത്രത്തിൽ ഇന്ത്യയുടെ പുതിയ അതിർത്തികൾ തുറന്ന് ബയോമെഡിക്കൽ ഗവേഷണ കരിയറുകൾ
Posted On:
09 OCT 2025 3:21PM
പ്രധാന വസ്തുതകൾ:
ബയോമെഡിക്കൽ ഗവേഷണ കരിയർ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ മൊത്തം ചെലവ് 1500 കോടി രൂപ.
രണ്ടായിരത്തിലധികം ഗവേഷകർക്ക് പരിശീലനം, ഉയർന്ന സ്വാധീനം ചെലുത്തുന്ന പ്രസിദ്ധീകരണങ്ങൾ, പേറ്റൻ്റ് ലഭ്യമാവുന്ന കണ്ടെത്തലുകൾ, സമപ്രവർത്തക അംഗീകാരം എന്നിവ ഈ സംരംഭം ലക്ഷ്യമിടുന്നു.
വനിതാ ശാസ്ത്രജ്ഞർക്ക് പത്ത് മുതൽ 15 ശതമാനം വരെ അധികപിന്തുണ ലക്ഷ്യമിടുക, 25 മുതൽ 30 ശതമാനം വരെ പദ്ധതികളെ സാങ്കേതിക പക്വതാ തലത്തിലോ (TRL-4) അതിനു മുകളിലോ എത്താൻ പ്രേരിപ്പിക്കുക, വിശാലമായ ദ്വിതീയ, ത്രിതീയ തലത്തിൽ വ്യാപനം എന്നിവ ലക്ഷ്യമിടുന്നു.
രണ്ടാം ഘട്ട പരിപാടിക്ക് 90 അന്താരാഷ്ട്ര, ദേശീയ അംഗീകാരങ്ങൾ ലഭിച്ചു.
ആമുഖം:
ദേശീയ വളർച്ചയ്ക്കും ആഗോള നേതൃത്വത്തിനും അടിസ്ഥാനശിലയാകാൻ ബയോമെഡിക്കൽ ഗവേഷണം ഉയർന്നുവരുന്ന തലത്തിൽ ബയോടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഒരു വിപ്ലവത്തിൻ്റെ കൊടുമുടിയിലാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ ദശകത്തിൽ, ബയോടെക്നോളജി വകുപ്പ് (ഡി.ബി.ടി) മുൻനിര ദേശീയ ദൗത്യങ്ങളായ ആത്മനിർഭര ഭാരതം, ആരോഗ്യ ഇന്ത്യ (സ്വസ്ഥ് ഭാരത്), സംരംഭക ഇന്ത്യ (സ്റ്റാർട്ടപ്പ് ഇന്ത്യ), മേക്ക് ഇൻ ഇന്ത്യ എന്നിവയുമായി ചേർന്ന് നവീകരണം, സംരംഭകത്വം, ശേഷി വികസനം എന്നിവയ്ക്ക് നേതൃത്വം നൽകി. ഈ സുസ്ഥിര ശ്രമങ്ങൾ ഏറ്റവും വേഗത്തിൽ വളരുന്ന ലോകത്തെ ജൈവ സമ്പദ്വ്യവസ്ഥകളിലൊന്നായി മാറാൻ ഇന്ത്യയ്ക്ക് ഗതിവേഗമേകി.
ഇതിന് ആക്കം കൂട്ടിക്കൊണ്ട്, 2025-26 മുതൽ 2030-31 വരെയുള്ള കാലയളവിൽ നടപ്പിലാക്കുന്നതും 2037-38 വരെ വിപുലീകൃത സേവനഘട്ടമുള്ളതുമായ ബയോമെഡിക്കൽ ഗവേഷണ കരിയർ പദ്ധതിയുടെ (ബി.ആർ.സി.പി) മൂന്നാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ബയോമെഡിക്കൽ സയൻസസ്, ക്ലിനിക്കൽ, പൊതുജനാരോഗ്യ ഗവേഷണം എന്നിവയിൽ ലോകോത്തര ഗവേഷണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ബി.ആർ.സി.പി ലക്ഷ്യമിടുന്നത്. ഫെല്ലോഷിപ്പുകളിലൂടെയും സഹകരണ ഗ്രാൻ്റുകളിലൂടെയും കരിയറിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള ശാസ്ത്രജ്ഞരെ പദ്ധതി പിന്തുണയ്ക്കുകയും ഇന്ത്യയിലെ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടാൻ ഉയർന്ന നിലവാരമുള്ളതും ധാർമ്മികവുമായ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വൈവിധ്യം, ഉൾച്ചേർക്കൽ, അന്താരാഷ്ട്ര മത്സരക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുകയും ഗവേഷണത്തെ പ്രവർത്തനത്തിലേക്കും നൂതനാശയങ്ങളിലേക്കും നയപരമായ മാറ്റത്തിലേക്കും പരിവർത്തനം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
യുകെയിലെ വെൽകം ട്രസ്റ്റുമായി (ഡബ്ല്യു.ടി) സഹകരിച്ച് ബയോടെക്‌നോളജി വകുപ്പ് 2008-2009 ൽ ഡി.ബി.ടി/വെൽകം ട്രസ്റ്റ് ഇന്ത്യ സഖ്യം (ഇന്ത്യ അലയൻസ്) വഴി 'ബയോമെഡിക്കൽ ഗവേഷണ കരിയർ പദ്ധതി' (ബി.ആർ.സി.പി) ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ള ബയോമെഡിക്കൽ ഗവേഷണത്തിനായി മന്ത്രിസഭയുടെ അംഗീകാരത്തോടെ ഇന്ത്യയിൽ ഗവേഷണ ഫെലോഷിപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സമർപ്പിത പ്രത്യേക ഉദ്ദേശ്യ നിയമപര സ്ഥാപനമാണിത് (എസ്.പി.വി). തുടർന്ന്, 2018/19 ൽ വിപുലീകരിച്ച ഒരു ചുമതലവിഭാഗത്തോടെ രണ്ടാം ഘട്ടം നടപ്പിലാക്കി, ഇപ്പോൾ പരിപാടിയുടെ മൂന്നാം ഘട്ടം മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.
ബയോമെഡിക്കൽ ഗവേഷണ കരിയർ പരിപാടിയുടെ പ്രാധാന്യം:
ബയോമെഡിക്കൽ ആവാസവ്യവസ്ഥയിൽ ഗവേഷണം, ചികിത്സാസംബന്ധമായ നൂതനാശങ്ങൾ, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നിവ ഉൾക്കൊള്ളുന്ന താങ്ങാനാവുന്ന ചെലവിൽ ആരോഗ്യ സംരക്ഷണം, മികച്ച രോഗ പ്രതിരോധം, മെച്ചപ്പെട്ട പോഷകാഹാരം, വ്യക്തിഗതമാക്കിയ മരുന്ന് എന്നിവ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ നൽകുന്നു. താഴെ നൽകിയിരിക്കുന്ന ഒരു ചിത്രീകരണം ബഹുമുഖ ബയോമെഡിക്കൽ ആവാസവ്യവസ്ഥയുടെ വൈവിധ്യമാർന്ന നേട്ടങ്ങൾ എടുത്തുകാണിക്കുന്നു.

ലാബുകളിൽ നിന്ന് ജീവിതങ്ങളിലേക്ക്: ഇന്ത്യയുടെ ബയോമെഡിക്കൽ ഗവേഷണ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ
ബി.ആർ.സി.പി ഇന്ത്യയിലെ ലോകോത്തര ബയോമെഡിക്കൽ ഗവേഷണ ഫെലോഷിപ്പുകളെ പിന്തുണയ്ക്കുന്നു. ഉന്നതതല ശാസ്ത്ര പ്രതിഭകളെ പരിശീലിപ്പിക്കുക, സംയോജിത പഠനശാഖകളും പരിവർത്തന ഗവേഷണങ്ങളും പരിപോഷിപ്പിക്കുക, ശാസ്ത്രീയ ശേഷിയിലെ പ്രാദേശിക അസമത്വങ്ങൾ കുറയ്ക്കുന്നതിന് ഗവേഷണ നിർവഹണവും സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നിവയാണ് ഇത് ലക്ഷ്യം വെക്കുന്നത്.
ഈ പരിപാടിയ്ക്ക് പിന്നിലെ പ്രധാന ലക്ഷ്യം ഇപ്രകാരമാണ്:
- സമ്പൂർണവും സുസ്ഥിരവുമായ ഗവേഷണ കരിയറുകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ഗവേഷണ പരിപാടികൾക്ക് പ്രമാണീകരണം നൽകുന്നതിനായി ബയോമെഡിക്കൽ, ക്ലിനിക്കൽ സയൻസുകളിലെ ലോകോത്തര ഗവേഷകരെ ആകർഷിക്കുക.
- ഇന്ത്യയിലെ അസാമാന്യ പ്രതിഭയുള്ള പ്രാരംഭ കരിയർ ഗവേഷകരുടെ സ്വാതന്ത്ര്യവും കരിയർ പുരോഗതിയും പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന ഗവേഷണങ്ങൾക്ക് ധനസഹായം നൽകുക.
- ഗവേഷണ നിർവഹണം, ശാസ്ത്ര കാര്യനിർവഹണം, നിയന്ത്രണ കാര്യങ്ങൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ അവബോധം വളർത്തുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള പരിപാടികളെ പിന്തുണച്ച് തുറന്നതും ധാർമ്മികവുമായ ഗവേഷണ ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക.
- രാജ്യത്തുടനീളമുള്ള പുതിയ മേഖലകളിലേക്കും പരിമിത സേവനലഭ്യതയുള്ള ഗവേഷണ സമൂഹങ്ങളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് ഇന്ത്യാ സഖ്യത്തിൻ്റെ വ്യാപ്തി വിശാലമാക്കുക.
ബി.ആർ.സി.പി രണ്ടാം ഘട്ടം: എഴുന്നൂറിലധികം സഹായധനവും അന്താരാഷ്ട്ര അംഗീകാരവും
ബയോമെഡിക്കൽ, ക്ലിനിക്കൽ ശാസ്ത്രശാഖകളിൽ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഗവേഷകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനാണ് ബി.ആർ.സി.പി രണ്ടാം ഘട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും ഈ പരിപാടി ഗണ്യമായ വിജയം കൈവരിച്ചിരുന്നു. പദ്ധതിക്ക് കീഴിൽ ആകെ 2,388 കോടി രൂപയുടെ നിക്ഷേപം നടത്തുകയും, അതിൻ്റെ ഫലമായി 721 ഗവേഷണ ധനസഹായങ്ങൾ ലഭ്യമാവുകയും ചെയ്തു.
'ധനസഹായത്തിലൂടെയും ഇടപെടലിലൂടെയും ഇന്ത്യയിൽ ബയോമെഡിക്കൽ ഗവേഷണം പ്രാപ്തമാക്കുക' എന്നതായിരുന്നു രണ്ടാം ഘട്ട ദൗത്യത്തിൻ്റെ ലക്ഷ്യം.
രണ്ടാം ഘട്ടത്തിലെ ലക്ഷ്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- അന്താരാഷ്ട്ര മത്സരശേഷി കൈവരിക്കുന്നതിനും ഇന്ത്യയിലെ ഭാവി നേതാക്കളായി ഉയർന്നുവരുന്നതിനും ഗവേഷകരെ ശാക്തീകരിക്കുക.
- ഗവേഷണ നിർവഹണത്തിലെ വിടവുകൾ നികത്തുകയും ശാസ്ത്രത്തിനും സമൂഹത്തിനും ഇടയിൽ ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക.
- വൈവിധ്യം, ഉൾച്ചേർക്കൽ, സുതാര്യത എന്നിവ ഉറപ്പാക്കി ശാസ്ത്രത്തിലെ മേൻമ പ്രോത്സാഹിപ്പിക്കുക.

ഇന്ത്യയുടെ ബയോമെഡിക്കൽ ശേഷി വർദ്ധിപ്പിക്കൽ: ബി.ആർ.സി.പി മൂന്നാംഘട്ട രൂപരേഖ
ബയോമെഡിക്കൽ ഗവേഷണ കരിയർ പരിപാടിയുടെ മൂന്നാം ഘട്ടം ആഗോള നിലവാരത്തിലുള്ള ബയോമെഡിക്കൽ ഗവേഷണ ശേഷി വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയിലെ പ്രധാന വികാസത്തെ അടയാളപ്പെടുത്തുന്നു. പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
സാമ്പത്തിക വിഹിതവും പങ്കാളിത്തവും
1,500 കോടി രൂപയാണ് ഈ പരിപാടിയുടെ ആകെ ചെലവ്. ഇതിൽ, ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് 1,000 കോടി രൂപ ലഭ്യമാക്കും. അതേസമയം വെൽകം ട്രസ്റ്റ് (യു.കെ) 500 കോടി രൂപയും സംഭാവന ചെയ്യും. ആഭ്യന്തര ഗവേഷണ പ്രതിഭകൾക്ക് സുസ്ഥിര പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ശാസ്ത്ര, സാങ്കേതിക മേഖലയിലെ അന്താരാഷ്ട്ര സഹകരണങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഈ സവിശേഷ സഹ-നിക്ഷേപ മാതൃക ശക്തിപ്പെടുത്തുന്നു.
സമയപരിധിയും ഘടനയും
2025-26 മുതൽ 2030-31 വരെ: പുതിയ ഗവേഷണ ഫെലോഷിപ്പുകൾ, സഹകരണ ഗ്രാൻ്റുകൾ, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവ നടപ്പിലാക്കുന്ന സജീവമായ നടപ്പാക്കൽ കാലയളവ്.
2031-32 മുതൽ 2037-38 വരെ: ദീർഘകാല തുടർച്ചയും പദ്ധതികളുടെ പൂർത്തീകരണവും ഉറപ്പാക്കി, ഇതിനകം നൽകിയിട്ടുള്ള ഫെലോഷിപ്പുകളുടെയും ഗ്രാൻ്റുകളുടെയും തുടർ പിന്തുണയ്ക്കുള്ള സേവന കാലയളവ്.
പ്രതിഭകളെയും കരിയർ പിന്തുണയെയും ആകർഷിക്കൽ
ബിആർസിപിയുടെ മൂന്നാം ഘട്ടം, കരിയർ ഘട്ടങ്ങളിലും ഗവേഷണ മേഖലകളിലും ലക്ഷ്യകേന്ദ്രീകൃത പിന്തുണയിലൂടെ ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു:
പ്രാരംഭ കരിയർ, ഇൻ്റർമീഡിയറ്റ് റിസർച്ച് ഫെലോഷിപ്പുകൾ: അടിസ്ഥാന, ക്ലിനിക്കൽ, പൊതുജനാരോഗ്യ ഗവേഷണതലങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഈ ഫെലോഷിപ്പുകൾ, അന്താരാഷ്ട്രതല അംഗീകാരമുള്ളതും ശാസ്ത്രജ്ഞരെ അവരുടെ ഗവേഷണ ജീവിതത്തിൻ്റെ രൂപീകരണ ഘട്ടങ്ങളിൽ പരിപോഷിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്.
സഹകരണ ഗ്രാൻ്റ് പരിപാടി: കരിയർ ഉന്നമന ഗ്രാൻ്റുകളും കാറ്റലിറ്റിക് സഹകരണ ഗ്രാൻ്റുകളും അടങ്ങുന്ന ഈ പരിപാടി, രാജ്യത്തെ കഴിവ് തെളിയിക്കപ്പെട്ട ഗവേഷണ ട്രാക്ക് റെക്കോർഡുള്ള പ്രാരംഭ ഗവേഷകർ മുതൽ ഇടത്തരക്കാരെയും മുതിർന്ന കരിയർ ഗവേഷകരെയും ലക്ഷ്യമിടുന്ന രണ്ട് മുതൽ മൂന്നുവരെ അന്വേഷക സംഘങ്ങളെ പിന്തുണയ്ക്കുന്നു.
ഗവേഷണ നിർവഹണ പരിപാടി: പ്രധാന ഗവേഷണ ശേഷി ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സംരംഭം, ശാസ്ത്രീയ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഭരണം, നിർവഹണം എന്നിവ ശക്തിപ്പെടുത്തുന്നു.
കൂടാതെ, മൂന്നാം ഘട്ടം, ഇന്ത്യയിലെ ബയോമെഡിക്കൽ ഗവേഷണത്തിൻ്റെ മൊത്തത്തിലുള്ള സ്വാധീനവും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് മെൻ്റർഷിപ്പ്, നെറ്റ്‌വർക്കിങ്, പൊതുജന ഇടപെടൽ, നൂതന ദേശീയ, അന്തർദേശീയ പങ്കാളിത്തങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു.
പ്രതീക്ഷിത ഫലങ്ങൾ
രണ്ടായിരത്തിലധികം വിദ്യാർത്ഥികൾക്കും പോസ്റ്റ്-ഡോക്ടറൽ ഫെല്ലോകൾക്കും പരിശീലനം നൽകൽ, ഉയർന്ന സ്വാധീനമുള്ള പ്രസിദ്ധീകരണങ്ങൾ പ്രാപ്തമാക്കൽ, പേറ്റൻ്റ് ചെയ്യാവുന്ന കണ്ടെത്തലുകൾ സൃഷ്ടിക്കൽ, സഹകരണ പരിപാടികളുടെ 25 മുതൽ 30 ശതമാനം വരെ നാലാം സാങ്കേതിക പക്വതാ തലത്തിനും (ടി.ആർ.എൽ-4) അതിനു മുകളിലേക്കും എത്തിക്കൽ എന്നിവയിലൂടെ മൂന്നാം ഘട്ടം ഇന്ത്യയിൽ ബയോമെഡിക്കൽ മികവിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയിൽ കൂടുതൽ ഉൾച്ചേർക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വനിതാ ശാസ്ത്രജ്ഞർക്കുള്ള പിന്തുണയിൽ 10 മുതൽ 15 ശതമാനം വർദ്ധനവും ഈ പരിപാടി ലഭ്യമാക്കും.
ഇന്ത്യയെ ബയോമെഡിക്കൽ നൂതനാശയങ്ങൾക്കും പരിവർത്തന ഗവേഷണത്തിനും ഒരു ആഗോള കേന്ദ്രമായി സ്ഥാപിക്കുന്ന, 'വികസിത ഭാരതം 2047' ൻ്റെ ദേശീയ ദർശനവുമായി നേരിട്ട് യോജിക്കുന്നതാണ് ഈ സംരംഭം.
നവീകരണം മുതൽ പരിവർത്തനം വരെ: പരിപാടിയുടെ ശാശ്വത സ്വാധീനം
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഇന്ത്യയുടെ ബയോമെഡിക്കൽ ഗവേഷണ സംരംഭങ്ങൾ ഗണ്യമായ നാഴികക്കല്ലുകൾ കൈവരിച്ചു:
എഴുപതിലധികം കോവിഡ്-19 പദ്ധതികൾക്ക് ധനസഹായം
രോഗനിർണയം, രോഗചികിത്സ, വാക്‌സിനുകൾ, സഹായ സാങ്കേതികവിദ്യകൾ എന്നിവയിൽ താങ്ങാനാവുന്നതും നൂതനവുമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബഹുവിഷയ സംയോജിത (മൾട്ടി-ഡിസിപ്ലിനറി) ഗവേഷണത്തെ ബി.ആർ.സി.പി പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ കോവിഡ്-19 ഗവേഷണ പ്രതികരണത്തിനുള്ള തന്ത്രപരമായ ചട്ടക്കൂട് ഇത് നൽകി, അതിൽ 10 വാക്‌സിൻ കാൻഡിഡേറ്റുകൾ, 34 രോഗനിർണയ ഉപകരണങ്ങൾ, 10 രോഗചികിത്സാ ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയുടെ ബയോമെഡിക്കൽ നൂതന ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ബി.ആർ.സി.പിയുടെ ദീർഘകാല ലക്ഷ്യവുമായി അടിയന്തര പകർച്ചാവ്യാധി പ്രതിരോധത്തെ യോജിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തെ പ്രഥമ ഓറൽ കാൻസർ ജനിതകവകഭേദ വിവരശേഖരം
ഡി.ബി.ടി-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്‌സ് (എൻ.ഐ.ബി.എം.ജി) പൊതുജനങ്ങൾക്ക് അഭിഗമ്യമായ ലോകത്തിലെ ആദ്യത്തെ ഓറൽ കാൻസർ ജനിതക വകഭേദ വിവരശേഖരമായ ജീനോമിക് വേരിയൻ്റ്സ് ഓറൽ കാൻസർ ഡാറ്റാബേസ് (ഡിബി ജെൻവോക്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആഗോള വിവരങ്ങൾക്കൊപ്പം, ഇന്ത്യയിലെ രോഗികളിൽ നിന്നുള്ള 24 ദശലക്ഷത്തിലധികം വകഭേദങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം അന്വേഷണത്തിനും വിശകലനത്തിനുമുള്ള ശക്തമായ ഉപാധികളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലുടനീളമുള്ളതും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുമുള്ളതുമായ ഡാറ്റ ഉപയോഗിച്ച് വർഷം തോറും പുതുക്കുന്ന ഡിബി ജെൻവോക്, വായിലെ അർബുദത്തിലേക്കുള്ള മാർഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തെ പിന്തുണയ്ക്കുന്നു. പുകയില ചവയ്ക്കുന്നത് കാരണം പുരുഷന്മാർക്കിടയിൽ ഏറ്റവും സാധാരണ അർബുദമായ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ജനസംഖ്യാപരമായ ജനിതക വ്യതിയാനങ്ങൾ തിരിച്ചറിയുന്നതിലൂടെ, മെച്ചപ്പെട്ട പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ഡിബി ജെൻവോക്.
ദേശീയ എ.എം.ആർ ദൗത്യം
ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യു.എച്ച്.ഒ) സഹകരിച്ചാണ് രോഗാണു നിരീക്ഷണത്തിനായി ആൻ്റിമൈക്രോബ്യൽ പ്രതിരോധ (എഎംആർ) ദൗത്യം ആരംഭിച്ചത്. നവ ആൻറിബയോട്ടിക്കുകൾ, ബദലുകൾ, രോഗനിർണയം എന്നിവയിൽ ഗവേഷണ വികസനത്തെ പിന്തുണച്ചുകൊണ്ട് ആൻ്റിമൈക്രോബ്യൽ പ്രതിരോധത്തെ ചെറുക്കുന്നതിന് ഇതൊരു ഏകോരാഗ്യ(വൺ ഹെൽത്ത്) സമീപനം സ്വീകരിക്കുന്നു.
പ്രതിരോധശേഷിയുള്ള സൂക്ഷ്മാണുക്കളുടെ ഒരു ദേശീയ ബയോ-ശേഖരം സ്ഥാപിക്കുക, ലോകാരോഗ്യസംഘടനയുമായി ചേർന്ന് ഇന്ത്യയുടെ എ.എം.ആർ രോഗാണു മുൻഗണനാ പട്ടിക സൃഷ്ടിക്കുക, മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള അണുബാധകൾക്കെതിരായ നവീകരണം ശക്തിപ്പെടുത്തുന്നതിന് ആൻ്റി മൈക്രോബ്യൽ പ്രതിരോധ ഗവേഷണ-വികസന കേന്ദ്രം (എ.എം.ആർ- ആർ ആൻഡ് ഡി ഹബ്ബ്) വഴി ആഗോളതലത്തിൽ പങ്കാളിത്തം സ്ഥാപിക്കുക എന്നിവയും ഇത് ലക്ഷ്യം വെക്കുന്നു.
ജൈവ സംഭരണികളും ചികിത്സാ പരീക്ഷണ ശൃംഖലകളും
പരിവർത്തന ഗവേഷണത്തിനായുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിലുടനീളം ജൈവ സംഭരണികളും (ബയോറെപ്പോസിറ്ററി) ചികിത്സാ പരീക്ഷണ ശൃംഖലകളും സ്ഥാപിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ജൈവ സാമ്പിളുകളുടെയും ഡാറ്റയുടെയും വ്യവസ്ഥാപിത ശേഖരണം, സംഭരണം, പങ്കിടൽ എന്നിവ ഈ വേദികൾ പ്രാപ്തമാക്കുന്നു. രോഗിയുടെ പ്രയോജനത്തിനായി ലബോറട്ടറി കണ്ടെത്തലുകളിൽ നിന്ന് ചികിത്സാസംബന്ധ ആപ്ലിക്കേഷനുകളിലേക്കുള്ള നൂതനാശയങ്ങളുടെ ചലനത്തെ അവ ഒരുമിച്ച് ത്വരിതപ്പെടുത്തുന്നു.
ബയോമെഡിക്കൽ ഗവേഷണത്തിലെ സ്ത്രീകൾ
ബയോമെഡിക്കൽ ഗവേഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി) പ്രതിജ്ഞാബദ്ധമാണ്. ബയോകെയർ പ്രോഗ്രാം വനിതാ ശാസ്ത്രജ്ഞർക്ക് പ്രഥമ സ്വതന്ത്ര ഗവേഷണ ഗ്രാൻ്റുകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം ജാനകി അമ്മാൾ പുരസ്‌കാരം മുതിർന്ന വനിതാ ഗവേഷകരുടെ ബയോമെഡിക്കൽ ഗവേഷണത്തിലെ മികവിനെ ആദരിക്കുന്നു. BIRACൻ്റെ WInER (സംരംഭക ഗവേഷണത്തിലെ സ്ത്രീകൾ) പുരസ്‌കാരം സ്ത്രീ കേന്ദ്രീകൃത ബയോഇൻക്യുബേറ്ററുകളും സ്ത്രീകൾ നയിക്കുന്ന ബയോടെക് സംരംഭങ്ങളെയുമാണ് പിന്തുണയ്ക്കുന്നത്. നേതൃത്വവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോള ആരോഗ്യ സമ്മേളനത്തിലെ വനിതാ നേതാക്കളുടെ കൂട്ടായ്മയ്ക്ക് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സഹ-ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. ഈ ശ്രമങ്ങൾ ഇന്ത്യയുടെ ബയോമെഡിക്കൽ ഗവേഷണ ആവാസവ്യവസ്ഥയിൽ ഉൾച്ചേർക്കൽ, നൂതനാശയങ്ങൾ, ഉത്കൃഷ്ടത എന്നിവയ്ക്ക് വഴിയൊരുക്കുന്നു.
വൈദ്യശാസ്ത്രത്തിൻ്റെ ഭാവി രൂപരേഖ: ഗവേഷണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
താങ്ങാനാവുന്നതും നൂതനവും ഉൾച്ചേർന്നതുമായ ആരോഗ്യപരിരക്ഷ പരിഹാരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ ബയോമെഡിക്കൽ ഗവേഷണം വിവിധ നിർണായക മേഖലകളിൽ വ്യാപിച്ചുകിടക്കുന്നു.
പ്രധാന ശ്രദ്ധാമേഖലകളിൽ ഉൾപ്പെടുന്നവ:
മനുഷ്യ ജനിതകശാസ്ത്രവും ജനിതകഘടനയും
ജീനോം ഇന്ത്യ, യു.എം.എം.ഐ.ഡി പോലുള്ള പദ്ധതികൾ, പാരമ്പര്യരോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണയവും ചികിത്സയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ തനതായ ജനിതക ഭൂപ്രകൃതിയെ ചിത്രീകരിക്കുന്നു. 10,000 ജനിതകഘടനകൾ ക്രമീകരിച്ച ജീനോം ഇന്ത്യ, കൃത്യതയാർന്ന മരുന്ന് പ്രാപ്തമാക്കി അന്താരാഷ്ട്ര ഡാറ്റാബേസുകളോടുള്ള ആശ്രയത്വം കുറയ്ക്കുന്നു. കുട്ടികളിലും നവജാതശിശുക്കളിലും ഉണ്ടാകുന്ന അപൂർവ വൈകല്യങ്ങളിൽ യു.എം.എം.ഐ.ഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സംരംഭങ്ങൾ ഇന്ത്യയിൽ പ്രവചനാത്മകവും പ്രതിരോധപരവും വ്യക്തിഗതവുമായ ആരോഗ്യ സംരക്ഷണത്തിന് അടിത്തറയിടുന്നു.
സാംക്രമിക രോഗ ജീവശാസ്ത്രം (ഐ.ഡി.ബി)
എച്ച്.ഐ.വി, ടി.ബി, മലേറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പ്രധാന രോഗങ്ങളും കോവിഡ്-19, ഡെങ്കിപ്പനി തുടങ്ങിയ ഉയർന്നുവരുന്ന അണുബാധകളും ഐഡിബി പദ്ധതി ലക്ഷ്യമിടുന്നു. സമയബന്ധിതവും താങ്ങാനാവുന്നതുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് വലിയ തോതിലുള്ള കൂട്ടായ പഠനങ്ങൾ, ദേശീയ ബയോബാങ്കുകൾ, പരിവർത്തന ഗവേഷണം എന്നിവയെ ഇത് പിന്തുണയ്ക്കുന്നു. ഡെങ്കിപ്പനി ഒന്നാം ദിന പരീക്ഷണവും, എച്ച്‌ഐവി ട്രൈ-ഡോട്ട് -എജി പരിശോധനയും മുന്നേറ്റങ്ങളിൽ ഉൾപ്പെടുന്നു. ഭാവിയിലെ പകർച്ചവ്യാധികൾക്കെതിരായ ഇന്ത്യയുടെ തയ്യാറെടുപ്പ് ഈ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നു.
വാക്സിനുകൾ
1987-ൽ സ്ഥാപിതമായ ഇൻഡോ-യു.എസ് വാക്‌സിൻ കർമ്മ പദ്ധതി (വി.എ.പി), ക്ഷയം, ഡെങ്കിപ്പനി, മലേറിയ, കോവിഡ്-19 തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്‌സിൻ വികസനത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ റോട്ടവൈറസ് വാക്സിനായ റോട്ടവാക്ക്, കേന്ദ്ര ബയോടെക്‌നോളജി വകുപ്പിൻ്റെ വികസിപ്പിച്ചെടുത്ത കോവാക്‌സിൻ എന്നിവ ചരിത്രപരമായ വിജയങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ വാക്സിൻ സ്വയംപര്യാപ്തതയും ആഗോള നേതൃത്വവും മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, ക്ലിനിക്കൽ പരീക്ഷണ നടപടിക്രമങ്ങളും അന്താരാഷ്ട്ര സഹകരണങ്ങളും ഈ പദ്ധതി ശക്തിപ്പെടുത്തുന്നു.
രോഗ ലക്ഷണ പ്രതിപാദന ശാസ്ത്രവും ഉപകരണങ്ങളും
സി.ആർ.ഐ.എസ്.പി.ആർ അടിസ്ഥാനമാക്കിയുള്ള രോഗലക്ഷണ പ്രതിപാദന ശാസ്ത്രം, തദ്ദേശീയ ആർ.ടി-പി.സി.ആർ കിറ്റുകൾ, താങ്ങാനാവുന്ന വിലയിലുള്ള മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ നൂതനാശയങ്ങൾ ആരോഗ്യ സംരക്ഷണം കൂടുതൽ പ്രാപ്യമാക്കുന്നു. ചെലവുകളും ഇറക്കുമതി ആശ്രയത്വവും കുറയ്ക്കുന്നതിനൊപ്പം, നേരത്തെയുള്ള കൃത്യമായ രോഗനിർണയത്തെ ഈ ഉപകരണങ്ങൾ പിന്തുണയ്ക്കുന്നു. ഡെങ്കിപ്പനി, കോവിഡ്-19, മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള ദ്രുത പരിശോധനകൾ വ്യാപകമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യ പ്രത്യാഘാതത്തിനായി സ്വാശ്രയവും വിപുലീകരിക്കാവുന്നതുമായ സാങ്കേതികവിദ്യകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചികിത്സാരീതികളും മരുന്നുകളുടെ പുനർനിർമ്മാണവും
ഈ മേഖല പുതിയ മരുന്നുകളുടെ വികസനം ത്വരിതപ്പെടുത്തുകയും വേഗത്തിലുള്ള വിന്യാസത്തിനായി നിലവിലുള്ള മരുന്നുകൾ പുനർനിർമ്മിക്കുകയും ചെയ്യുന്നു. മരുന്ന് പുനർനിർമ്മാണം ചെലവ് കുറയ്ക്കുകയും ചികിത്സയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സമയപരിധി കുറയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസൃതമായി ഫലപ്രദവും താങ്ങാനാവുന്നതുമായ ചികിത്സകൾ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.
ബയോമെഡിക്കൽ എഞ്ചിനീയറിങ്ങും ബയോഡിസൈനും
എഞ്ചിനീയറിംഗ്-ക്ലിനിക്കൽ സഹകരണത്തിലൂടെ താങ്ങാനാവുന്ന വിലയിലുള്ള ഇംപ്ലാൻ്റുകൾ, സഹായ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും മെച്ചപ്പെട്ട പരിചരണത്തിലേക്കുള്ള അഭിഗമ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മൂലകോശങ്ങളും പുനരുൽപ്പാദന ഔഷധവും (എസ്.സി.ആർ.എം)
രോഗികൾക്കുള്ള ചികിത്സാ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി കോശാധിഷ്ഠിത ചികിത്സകൾ, ടിഷ്യൂ പുനരുജ്ജീവനം, മരുന്ന് വിതരണ മാതൃകകൾ എന്നിവയിലെ പ്രവർത്തനങ്ങളെ പദ്ധതി പിന്തുണയ്ക്കുന്നു. ഈ സമീപനങ്ങൾ വിട്ടുമാറാത്തതും സുഖപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതുമായ രോഗങ്ങളെ സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ രീതിയിൽ ചികിത്സിക്കുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കുന്നു.
മാതൃ-ശിശു ആരോഗ്യം (എം.സി.എച്ച്)
ശിശുമരണത്തിന് ഒരു പ്രധാന കാരണമായ അകാല ജനനത്തെയും വികസന രോഗങ്ങളെയും മനസ്സിലാക്കുന്നതിലാണ് ഗർഭ്-ഇനി (ഇൻ്റർ ഡിസിപ്ലിനറി ഗ്രൂപ്പ് ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഓൺ ബർത്ത് ഔട്ട്കംസ് - ഡിബിടി ഇന്ത്യ ഇനിഷ്യേറ്റീവ്) പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയ തോതിലുള്ള കൂട്ടായ പഠനങ്ങളിലൂടെ ജൈവശാസ്ത്രപരവും പാരിസ്ഥിതികവുമായ അപകട ഘടകങ്ങളെ ഇത് പഠിക്കുന്നു. ക്ലിനിക്കൽ മാർഗ്ഗനിർദ്ദേശങ്ങളും പൊതുജനാരോഗ്യ നയങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് കണ്ടെത്തലുകളുടെ ലക്ഷ്യം. മികച്ച മാതൃ പരിചരണത്തെയും ആരോഗ്യകരമായ ബാല്യകാല ഫലങ്ങളെയും ഈ പ്രവർത്തനം പിന്തുണയ്ക്കുന്നു.
മറൈൻ-അക്വാകൾച്ചർ ബയോടെക്‌നോളജി (എം.എ.ബി)
മറൈൻ, അക്വാകൾച്ചർ ബയോടെക്‌നോളജി (എം.എ.ബി) പദ്ധതി ആരോഗ്യവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നു. അക്വാകൾച്ചറിനെ സംരക്ഷിക്കുന്നതിനായി മത്സ്യ വാക്‌സിനുകൾ ഇത് വികസിപ്പിക്കുകയും, പുതിയ മരുന്നുകൾക്കും ചികിത്സകൾക്കുമായി സമുദ്ര ജീവികളിൽ നിന്നുള്ള ബയോആക്ടീവ് സംയുക്തങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ മനുഷ്യാരോഗ്യം വർദ്ധിപ്പിക്കുന്നതിനായി സമുദ്ര സ്രോതസ്സുകളിൽ നിന്നുള്ള ഒമേഗ-3 പോലുള്ള ന്യൂട്രാസ്യൂട്ടിക്കലുകൾ പ്രോത്സാഹിപ്പിക്കുന്നു.
പൊതുജനാരോഗ്യവും പോഷകാഹാരവും (പി.എച്ച്.എൻ)
ആൻ്റിമൈക്രോബ്യൽ പ്രതിരോധം (എ.എം.ആർ), ജീവിതശൈലി രോഗങ്ങൾ (പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി), പോഷകാഹാരക്കുറവ് തുടങ്ങിയ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നത്. ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരമായ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും താങ്ങാനാവുന്നതും ശാസ്ത്രാധിഷ്ഠിതവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തെ ഇത് പിന്തുണയ്ക്കുന്നു.
ഉപസംഹാരം
ആഗോള വൈദഗ്ധ്യത്തെ ദേശീയ മുൻഗണനകളുമായി വിന്യസിക്കുന്ന 1,500 കോടി രൂപയുടെ ഇന്തോ-യുകെ പങ്കാളിത്തത്തിൻ്റെ പിന്തുണയോടെ നടത്തുന്ന ബയോമെഡിക്കൽ ഗവേഷണ കരിയർ പദ്ധതി (ബി.ആർ.സി.പി) ഇന്ത്യയുടെ ആരോഗ്യ-നൂതനാശയ മേഖലയിലെ തന്ത്രപ്രധാന നിക്ഷേപമാണ്.
മികച്ച ശാസ്ത്ര പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലൂടെയും, വിവിധ വിഷയങ്ങൾ ചേർന്ന ഗവേഷണവും പരിവർത്തന ഗവേഷണവും മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും, ഗവേഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെയും ബി.ആർ.സി.പി മൂന്നാം ഘട്ടം പ്രാദേശിക അസമത്വങ്ങൾ നികത്തുന്നതിനും പ്രത്യേകിച്ച് വനിതാ ശാസ്ത്രജ്ഞർക്ക് ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
ശേഷി വർദ്ധിപ്പിക്കുന്നതിനപ്പുറം 2,000-ത്തിലധികം ശാസ്ത്രജ്ഞരെ പരിശീലിപ്പിക്കുക, പേറ്റൻ്റ് ചെയ്യാവുന്ന നൂതനാശയങ്ങൾ സൃഷ്ടിക്കുക, നാലാംഘട്ട സാങ്കേതിക പക്വതാ തലത്തിലേക്കും അതിനുമപ്പുറത്തേക്കും സാങ്കേതികവിദ്യകൾ വികസിപ്പിക്കുക തുടങ്ങിയ ബി.ആർ.സി.പിയുടെ വ്യക്തമായ ഫലങ്ങൾ ഇന്ത്യയുടെ വികസിത ഭാരതം 2047 ദർശനത്തിന് നേരിട്ട് സംഭാവന നൽകും. BioE3 സംരംഭവുമായി ചേർന്ന്, ആരോഗ്യ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കുമായി ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും നവീകരണാധിഷ്ഠിതവുമായ ഒരു ചാലകശക്തിയായി ഇന്ത്യയുടെ ബയോമെഡിക്കൽ ആവാസവ്യവസ്ഥയെ മാറ്റാൻ ബി.ആർ.സി.പി സഹായിക്കുന്നു.
സി.ആർ.ഐ.എസ്.പി.ആർ അധിഷ്ഠിത കിറ്റുകളും ഡെങ്കിപ്പനിയുടെ അതിവേഗ ടെസ്റ്റുകളും പോലുള്ള ചെലവ് കുറഞ്ഞ രോഗ നിർണയ സംവിധാനങ്ങൾ, ന്യുമോണിയ, മീസിൽസ്-റൂബെല്ല, കോവിഡ്-19 എന്നിവയ്ക്കുള്ള തദ്ദേശീയ വാക്സിനുകൾ, കൂടാതെ ജീനോം ഇന്ത്യ പദ്ധതി മുഖേന ലഭ്യമാവുന്ന വ്യക്തിഗത ചികിത്സാ മാർഗങ്ങൾ തുടങ്ങിയവയിലൂടെ ഇന്ത്യയിലെ ബയോമെഡിക്കൽ ഗവേഷണം ഇതിനകം തന്നെ ഫലങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.
താങ്ങാവുന്ന വിലയിലുള്ള ഇംപ്ലാൻ്റുകൾ, വെൻറിലേറ്ററുകൾ, പി.പി.ഇ തുടങ്ങിയവ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുമ്പോൾ, ദേശീയ എ.എം.ആർ ട്രാക്കിങ്, രോഗ വിവര ശേഖരം, ജൈവ സംഭരണികൾ എന്നിവ പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു. സമാന്തരമായി, ന്യൂട്രാസ്യൂട്ടിക്കലുകളെയും ബയോ ആക്റ്റീവ് സംയുക്തങ്ങളെയും കുറിച്ചുള്ള ഗവേഷണം പോഷകാഹാരവും പ്രതിരോധ പരിചരണവും മെച്ചപ്പെടുത്തുന്നു. ഈ ശ്രമങ്ങൾ ഒന്നാകെ ആരോഗ്യ സംരക്ഷണത്തെ കൂടുതൽ അഭിഗമ്യവും, തുല്യതയുള്ളതും, സ്വാശ്രയപരവുമാക്കുകയും, ബയോമെഡിക്കൽ നവീകരണത്തിൽ ഇന്ത്യയെ ആഗോള നേതാവായി സ്ഥാപിക്കുകയും ചെയ്യുന്നു.
അവലംബം:
Cabinet
https://www.pib.gov.in/PressReleasePage.aspx?PRID=2173562
Ministry of Science and Technology
https://www.pib.gov.in/PressReleasePage.aspx?PRID=2147239
Department of Biotechnology
https://dbtindia.gov.in/sites/default/files/DBT%20AR%202023-24%20%28English%29.pdf
https://dbtindia.gov.in/sites/default/files/Approved-copy-of-DBT---India-Alliance-EOI_21Aug2023.pdf
https://www.youtube.com/watch?v=5nk3IR5eqfs
https://dbtindia.gov.in/scientific-directorates/health-interventions-equity/diagnostics-drug-discovery
https://dbtindia.gov.in/dbt-press/dbt-nibmg-creates-world%E2%80%99s-first-database-genomic-variants-oral-cancer
https://dbtindia.gov.in/aquaculture-marine-biotechnology-0
https://dbtindia.gov.in/dbt-press/year-ender-2020-department-biotechnology-dbt-mo-s-t
https://dbtindia.gov.in/news-features/genomeindia-project
https://dbtindia.gov.in/scientific-directorates/health-interventions-equity/infectious-diseases
Click here to download PDF
*******
(Backgrounder ID: 155491)
Visitor Counter : 11
Provide suggestions / comments