Social Welfare
സന്തോഷകരമായ മടക്കം
ഇന്ത്യയുടെ പവിത്ര ബുദ്ധ തിരുശേഷിപ്പുകള്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നു
Posted On: 05 AUG 2025 4:20PM
''നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് സന്തോഷ സുദിനം''
- പ്രധാനമന്ത്രി നരേന്ദ്ര മോദി
ആഗോള ബുദ്ധമത സമൂഹത്തിന്റെ ഹൃദയങ്ങളില്‍ ആനന്ദം പകര്‍ന്ന് പവിത്രമായ പിപ്രഹ്വ ശേഷിപ്പുകളെ ഇന്ത്യ തിരികെ വരവേറ്റു. ഇതുവരെ കണ്ടെത്തിയതില്‍ ആത്മീയമായും പൗരാണികമായും ഏറ്റവും പ്രാധാന്യമേറിയ നിധികളിലൊന്നാണിത്. 127 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തിരികെയെത്തിച്ച ഈ ശേഷിപ്പുകള്‍ കേവലം ഭൂതകാല ശകലങ്ങള്‍ മാത്രമല്ല, ഇന്ത്യയുടെ ശാശ്വത സാംസ്‌കാരിക പൈതൃകത്തിന്റെയും മൃദുശക്തി നയതന്ത്രത്തിന്റെയും ശക്തമായ പ്രതീകമാണ്.

2025 ജൂലൈയില്‍ സാംസ്‌കാരിക മന്ത്രാലയം ഗോദ്റെജ് വ്യാവസായിക ഗ്രൂപ്പുമായി സഹകരിച്ച് തിരിച്ചുവരവ് സാധ്യമാക്കിയതോടെയാണ് കൊളോണിയല്‍ ഭരണകാലത്ത് നാടുകടത്തപ്പെട്ട ഈ തിരുശേഷിപ്പുകളുടെ യാത്ര പൂര്‍ത്തിയായത്. ഒരു അന്താരാഷ്ട്ര ലേലത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ശേഷിപ്പുകളുടെ വില്‍പ്പന നിര്‍ണായക ഇടപെടലിലൂടെ നിര്‍ത്തിവെച്ച് തിരികെ രാജ്യത്തെത്തിക്കുകയായിരുന്നു.
പവിത്രതയുടെ വീണ്ടെടുപ്പ്: പിപ്രഹ്വ തിരുശേഷിപ്പുകള്‍
1898-ല്‍ ഉത്തര്‍പ്രദേശിലെ പിപ്രഹ്വ സ്തൂപത്തില്‍ നിന്ന് കണ്ടെത്തിയ പവിത്ര പുരാവസ്തു ശേഖരമാണ് പിപ്രഹ്വ ശേഷിപ്പുകള്‍. ഗൗതമ ബുദ്ധന്റെ ജന്മനാടായ പുരാതന കപിലവസ്തുവുമായി ബന്ധപ്പെട്ടതെന്ന് വിശ്വസിക്കുന്ന സ്ഥലമാണിത്.
1898-ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ എന്‍ജിനീയര്‍ വില്യം ക്ലാക്സ്റ്റണ്‍ പെപ്പെ കുഴിച്ചെടുത്ത ഈ ശേഷിപ്പുകളില്‍ ശ്രീബുദ്ധന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അസ്ഥികൂടങ്ങള്‍ക്കു പുറമെ സ്ഫടികപ്പെട്ടികളും സ്വര്‍ണ്ണാഭരണങ്ങളും രത്‌നക്കല്ലുകളും മണല്‍ക്കല്ലിന്റെ ശവമഞ്ചവും ഉള്‍പ്പെടുന്നു.
ശവമഞ്ചത്തിലൊന്നില്‍ ബ്രാഹ്മി ലിപിയില്‍ കണ്ടെത്തിയ ലിഖിതം ഈ ശേഷിപ്പുകളെ ബുദ്ധന്‍ ഉള്‍പ്പെട്ട ശാക്യ വംശവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനാല്‍ ഇവ ബിസി മൂന്നാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷ്ഠിച്ചതായി സൂചനയുണ്ട്. 1971 നും 1977 നും ഇടയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ഖനനങ്ങളില്‍ കണ്ടെത്തിയ 22 വിശുദ്ധ അസ്ഥി ശകലങ്ങളടങ്ങിയ കൂടുതല്‍ സ്റ്റീറ്റൈറ്റ് മഞ്ചങ്ങള്‍ ന്യൂഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
തിരിച്ചെത്തുന്നത് 127 വര്‍ഷങ്ങള്‍ക്ക് ശേഷം

ശ്രീബുദ്ധന്റെ പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകള്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷം ആഘോഷപൂര്‍വം ഇന്ത്യയില്‍ തിരിച്ചെത്തിച്ച ]പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് വിശേഷിപ്പിച്ചു.
വികസനവും പൈതൃകവുമെന്ന ആശയത്തിലൂന്നിയ പ്രസ്താവനയില്‍ ബുദ്ധന്റെ ശിക്ഷണത്തോടുള്ള ഇന്ത്യയുടെ ആഴമേറിയ ആദരവും അതിന്റെ ആത്മീയവും ചരിത്രപരവുമായ പൈതൃകം സംരക്ഷിക്കാന്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
1898 ല്‍ പിപ്രഹ്വയില്‍ നിന്ന് കണ്ടെത്തി കൊളോണിയല്‍ കാലഘട്ടത്തില്‍ വിദേശത്തേക്ക് കടത്തിയ തിരുശേഷിപ്പുകള്‍ ഈ വര്‍ഷം ആദ്യം ഒരു അന്താരാഷ്ട്ര ലേലത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിജയകരമായി തിരികെയെത്തിച്ചുവെന്നും ഇതിനായി നടത്തിയ സംയോജിത ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പോസ്റ്റില്‍ കുറിച്ചു. ബുദ്ധനുമായുള്ള ഇന്ത്യയുടെ ബന്ധം പ്രദര്‍ശിപ്പിക്കുന്നതിലും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ രാജ്യം സ്വീകരിക്കുന്ന സമര്‍പ്പണത്തിലും ശേഷിപ്പുകളുടെ പ്രാധാന്യം എടുത്തുകാണിച്ച പ്രധാനമന്ത്രി ഈ ശ്രമത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

ഹോങ്കോങ്ങിലെ സോത്ത്ബീസ് 2025 മെയ് മാസത്തില്‍ പിപ്രഹ്വ ശേഷിപ്പുകളുടെ ഒരു ഭാഗം ലേലം ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇടപെട്ടിരുന്നു. കേന്ദ്രസര്‍ക്കാരും ഗോദ്റെജ് വ്യാവസായിക ഗ്രൂപ്പും ഉള്‍പ്പെട്ട പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ 2025 ജൂലൈ 30 ന് ശേഷിപ്പുകള്‍ വിജയകരമായി ഇന്ത്യയില്‍ തിരികെയെത്തിച്ചു.

പിപ്രഹ്വ ശേഷിപ്പുകളെ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മാനവികതയുടെ പങ്കാളിത്ത പൈതൃകത്തിന്റെയും കാലാതീത പ്രതീകങ്ങളായി വിശേഷിപ്പിച്ച ഗോദ്റെജ് വ്യാവസായിക ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ പിറോജ്ഷ ഗോദ്റെജ് ഈ നാഴികക്കല്ലിന് സംഭാവന നല്‍കാനായതില്‍ അഭിമാനം പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാരുമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സാധ്യമാക്കിയ വിജയകരമായ വീണ്ടെടുപ്പ് സാംസ്‌കാരിക നയതന്ത്രത്തിനും സഹകരണത്തിനും പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു.
രാജ്യത്തെ പൗരന്മാര്‍ക്കും ആഗോള സന്ദര്‍ശകര്‍ക്കും പവിത്രമായ ഈ തിരുശേഷിപ്പുകളുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുന്നതിന് വൈകാതെ ഒരു പൊതുചടങ്ങില്‍ ശേഷിപ്പുകള്‍ അനാച്ഛാദനം ചെയ്യും. ഭാരതത്തിന്റെ പൗരാണിക പൈതൃകം ആഘോഷിക്കാനും വീണ്ടെടുക്കാനും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ദൗത്യത്തിന്റെ ഭാഗമായി ബുദ്ധമത മൂല്യങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ആഗോള സംരക്ഷകരെന്ന നിലയില്‍ ഇന്ത്യയുടെ പങ്കിനെ ഈ സംരംഭം ശക്തിപ്പെടുത്തുന്നു.
ഇന്ത്യയുടെ ബുദ്ധമത പൈതൃകവും സാംസ്‌കാരിക നയതന്ത്രവും

ബി.സി.ഇ. ആറാം നൂറ്റാണ്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥ ഗൗതമന്‍ ബുദ്ധനായി മാറുകയും ബുദ്ധ ധര്‍മം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ശിക്ഷണത്തിന്റെ വ്യാപനത്തിന് തുടക്കം കുറിക്കുകയും ചെയ്തു
മഹാപരിനിര്‍വാണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ഈ തത്വങ്ങള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത് ഥേരവാദ, മഹായാന, വജ്രയാന എന്നീ മൂന്ന് പ്രധാന ബുദ്ധമത പാരമ്പര്യങ്ങളുടെ വികാസത്തിലേക്ക് നയിച്ചു. ബുദ്ധമത തത്വങ്ങള്‍ ഭരണത്തില്‍ സംയോജിപ്പിച്ച അശോക ചക്രവര്‍ത്തി (ബി.സി.ഇ 268-232) സമാധാനവും ഐക്യവും പ്രോത്സാഹിപ്പിച്ചും ശിലാ-സ്തംഭ ശാസനകളിലൂടെ ഏഷ്യയിലുടനീളം ബുദ്ധ തത്വങ്ങള്‍ പ്രചരിപ്പിച്ചും ബുദ്ധമതത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയി.
ബുദ്ധമതം വികസിച്ചതോടെ മഹായാന, നികായ ദര്‍ശനങ്ങളിലേക്ക് വൈവിധ്യവല്‍ക്കരിക്കപ്പെട്ട ബുദ്ധമത തത്വങ്ങളില്‍ ശേഷിക്കുന്ന ഏക നികായ ദര്‍ശനമായി മാറിയ ഥേരവാദ, പ്രാദേശിക സംസ്‌കാരങ്ങളുമായി ചേര്‍ന്ന് മധ്യ - കിഴക്കന്‍ ഏഷ്യയില്‍ വടക്കന്‍ ശാഖയും തെക്കുകിഴക്കന്‍ ഏഷ്യയില്‍ തെക്കന്‍ ശാഖയും രൂപീകരിക്കപ്പെട്ടതോടെ ചരിത്രത്തിലുടനീളം വൈവിധ്യമാര്‍ന്ന ആത്മീയ ആവശ്യങ്ങള്‍ നിറവേറി.
ബുദ്ധന്റെയും അനുയായികളുടെയും ശിക്ഷണങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ് ആഴത്തില്‍ വേരൂന്നിയ ഇന്ത്യയുടെ ബുദ്ധമത പൈതൃകം അതിന്റെ സാംസ്‌കാരിക സ്വത്വത്തെ മികച്ച രീതിയില്‍ രൂപപ്പെടുത്തുകയും ജീവിത മൂല്യങ്ങളും ദിവ്യത്വവും സാമൂഹ്യ ഒരുമയും പ്രോത്സാഹിപ്പിച്ച് ഏഷ്യയിലുടനീളം ഐക്യം വളര്‍ത്തിയെടുക്കുകയും ചെയ്തു. ഈ പൈതൃകം ഇന്ത്യയുടെ വിദേശനയത്തെയും നയതന്ത്ര ബന്ധങ്ങളെയും ശക്തിപ്പെടുത്തുകയും രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഈ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കപിലവസ്തു ഉള്‍പ്പെടെയുള്ള പ്രധാന ബുദ്ധമത കേന്ദ്രങ്ങളെ വികസിപ്പിക്കാനും സാംസ്‌കാരിക വിനോദസഞ്ചാരം മെച്ചപ്പെടുത്തി ബുദ്ധമതവുമായി ഇന്ത്യയുടെ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും സ്വദേശ് ദര്‍ശന്‍ പദ്ധതിയ്ക്ക് കീഴില്‍ ബുദ്ധമത വിനോദസഞ്ചാര പാത ഉള്‍പ്പെടെ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സാംസ്‌കാരിക ബന്ധം വളര്‍ത്തുന്ന ബുദ്ധമത ശേഷിപ്പുകള്‍
ഈയിടെ തായ്ലന്‍ഡിലും വിയറ്റ്‌നാമിലും പൊതുജന ആരാധനയ്ക്കായി ബുദ്ധമത ശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ച് ഗണ്യമായ സാംസ്‌കാരിക വിനിമയങ്ങള്‍ ഇന്ത്യ സാധ്യമാക്കി. ഇത് ഈ രാജ്യങ്ങളിലുടനീളം ആത്മീയ ബന്ധം ശക്തിപ്പെടുത്തുന്നു. തായ്ലന്‍ഡില്‍ ബുദ്ധ ഭഗവാന്റെയും ശിഷ്യന്മാരായ അരഹന്ത് സരിപുത്രന്റെയും അരഹന്ത് മൗദ്ഗല്യായനയുടെയും തിരുശേഷിപ്പുകള്‍ ബാങ്കോക്ക്, ചിയാങ് മായ്, ഉബോണ്‍ റാച്ചത്താനി, ക്രാബി എന്നിവിടങ്ങളില്‍ 26 ദിവസത്തേക്ക് പ്രദര്‍ശിപ്പിച്ചത് നാല് ദശലക്ഷത്തിലധികം ഭക്തരെയാണ് ആകര്‍ഷിച്ചത്. കേന്ദ്ര സാംസ്‌കാരിക
മന്ത്രാലയവും അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഈ പ്രദര്‍ശനം ആഴമേറിയ സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് അടിവരയിടുന്നു.
സമാനമായി വിയറ്റ്‌നാമില്‍ ബുദ്ധന്റെ തലയോട്ടിയിലെ അസ്ഥിശകലമടക്കം തിരുശേഷിപ്പുകളുടെ ഒരു മാസം നീണ്ടുനിന്ന പ്രദര്‍ശനം യുഎന്‍ വെസക് ദിനാഘോഷങ്ങളുടെ ഭാഗമായി ഹോ ചി മിന്‍ സിറ്റി, തായ് നിന്‍, ഹാനോയ്, ഹാ നാം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു. ഇത് 17.8 ദശലക്ഷം ഭക്തരെ ആകര്‍ഷിച്ചു. പങ്കാളിത്ത ബുദ്ധമത പൈതൃകത്തിലൂടെ ഇന്ത്യയെയും തായ്ലന്‍ഡിനെയും വിയറ്റ്‌നാമിനെയും ഒന്നിപ്പിക്കുന്ന ആത്മീയവും സാംസ്‌കാരികവുമായ ശാശ്വത ബന്ധങ്ങളെയാണ് ഈ പരിപാടികള്‍ എടുത്തുകാണിക്കുന്നത്.
കൂടാതെ ഇന്ത്യയും മംഗോളിയയും തമ്മിലെ സാംസ്‌കാരികവും ആത്മീയവുമായ ബന്ധങ്ങളുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായി 2022-ല്‍ മംഗോളിയയില്‍ സംഘടിപ്പിച്ച 11 ദിവസത്തെ പൊതു പ്രദര്‍ശനത്തില്‍ ഭഗവാന്‍ ബുദ്ധന്റെ നാല് വിശുദ്ധ തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചു. ജൂണ്‍ 14-ന് ആഘോഷിച്ച മംഗോളിയന്‍ ബുദ്ധ പൂര്‍ണിമയുടെ സ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഉച്ചകോടികളിലൂടെയും അനുസ്മരണ പരിപാടികളിലൂടെയും സമാധാനം, കരുണ, ശാന്തി തുടങ്ങിയ ബുദ്ധമത തത്വങ്ങളുടെ ആഗോള വ്യാപനം ഉറപ്പാക്കുകയും ബുദ്ധധര്‍മ്മം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അചഞ്ചലമായ പ്രതിബദ്ധത ബുദ്ധമതത്തിന്റെ കളിത്തൊട്ടിലായ ഇന്ത്യ പ്രകടമാക്കുകയും ചെയ്യുന്നു. ഗൗതമ ബുദ്ധന്റെ ജീവിതത്തെയും ശിക്ഷണങ്ങളെയും ആഘോഷിക്കുന്ന സുപ്രധാന ഒത്തുചേരലുകള്‍ സംഘടിപ്പിച്ച് ഈ സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നിര്‍ണായക പങ്കുവഹിക്കുന്നു. ബുദ്ധമതത്തിന്റെ പ്രസക്തി അഭിവൃദ്ധിപ്പെടുത്താനും ആത്മീയ പൈതൃകം ശക്തിപ്പെടുത്താനും ലോകമെങ്ങും ഭാവി തലമുറകളെ പ്രചോദിപ്പിക്കാനും ഇന്ത്യ കാഴ്ചവെയ്ക്കുന്ന സമര്‍പ്പണത്തെ എടുത്തുകാണിക്കുന്നതാണ് ഈ ശ്രമങ്ങള്‍.
ഉദാഹരണത്തിന്, സമീപ വര്‍ഷങ്ങളില്‍ ആഗോള ബുദ്ധിസ്റ്റ് ഉച്ചകോടി (2023), ഏഷ്യന്‍ ബുദ്ധിസ്റ്റ് ഉച്ചകോടി (2024) എന്നിവയുള്‍പ്പെടെ ബുദ്ധമത പൈതൃകം ഉയര്‍ത്തിക്കാട്ടുന്ന സുപ്രധാന പരിപാടികള്‍ ഇന്ത്യ സംഘടിപ്പിച്ചു. സാര്‍വത്രിക മൂല്യങ്ങള്‍, സമാധാനം, ആഗോള വെല്ലുവിളികള്‍ക്ക് സുസ്ഥിര മാതൃകകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആഗോള ഉച്ചകോടി 2023 ഏപ്രിലില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെയും സഹകരണത്തോടെ ആദ്യ ഏഷ്യന്‍ ബുദ്ധമത ഉച്ചകോടി 2024 നവംബറില്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചു. 'ഏഷ്യയെ ശക്തിപ്പെടുത്തുന്നതില്‍ ബുദ്ധധര്‍മത്തിന്റെ പങ്ക്' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 160-ലധികം അന്താരാഷ്ട്ര പങ്കാളികളടക്കം 32 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തമുണ്ടായിരുന്നു.
കൂടാതെ 2015 മുതല്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഭഗവാന്‍ ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട വെസക് ദിനം, ആഷാഢ പൂര്‍ണിമ, അഭിധര്‍മ്മ ദിനം എന്നീ മൂന്ന് സുപ്രധാന ദിവസങ്ങളെ അനുസ്മരിക്കാന്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു.

ബുദ്ധ പൂര്‍ണിമ എന്നും ബുദ്ധ ജയന്തി എന്നും അറിയപ്പെടുന്ന വെസക് ദിനം വൈശാഖ മാസത്തിലെ (സാധാരണ ഏപ്രില്‍ അല്ലെങ്കില്‍ മെയ്) പൗര്‍ണമി ദിനത്തില്‍ ആഘോഷിക്കുന്ന ഏറ്റവും പവിത്രമായ ബുദ്ധമത ഉത്സവമാണ്. ബുദ്ധന്റെ ലുംബിനിയിലെ ജനനം (ഏകദേശം ബിസി 623), ബോധ്ഗയയിലെ ബോധിവൃക്ഷത്തിന്‍ കീഴില്‍ അദ്ദേഹത്തിന്റെ ജ്ഞാനോദയം, 80-ാം വയസ്സില്‍ കുശിനഗറില്‍ അദ്ദേഹത്തിന്റെ മഹാപരിനിര്‍വാണം (ഇഹലോകവാസം വെടിയുക) എന്നീ മൂന്ന് സുപ്രധാന സംഭവങ്ങളെ ഇത് അടയാളപ്പെടുത്തുന്നു. ബുദ്ധന്റെ ജനനത്തിനും ജ്ഞാനോദയത്തിനും പരിനിര്‍വാണയ്ക്കും ആദരവായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2017 മെയ് മാസം ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന അന്താരാഷ്ട്ര വെസക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. അതുപോലെ 2021-ല്‍ ബുദ്ധപൂര്‍ണിമയിലെ ആഗോള വെസക് ആഘോഷങ്ങളുടെ ഭാഗമായി ഗൗതമബുദ്ധന്റെ ജീവിതത്തിന്റെ ആഘോഷം, സമാധാനം, ഐക്യം, സഹവര്‍ത്തിത്വം എന്നിവയെക്കുറിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെര്‍ച്വലായി നടത്തിയ അഭിസംബോധനയില്‍ മഹാസംഘത്തിന്റെ ആദരണീയ അംഗങ്ങള്‍, നേപ്പാളിന്റെയും ശ്രീലങ്കയുടെയും പ്രധാനമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ പ്രള്‍ഹാദ് ജോഷി,ശ്രീ കിരണ്‍ റിജിജു, അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍, മുതിര്‍ന്ന ഡോക്ടര്‍ ധമ്മപിയ തുടങ്ങിയവര്‍ പങ്കെടുത്തു

ധര്‍മ ദിനം എന്നും അറിയപ്പെടുന്ന ആഷാഢ പൂര്‍ണിമ എട്ടാം ചാന്ദ്ര മാസത്തിലെ (സാധാരണ ജൂലൈ) പൂര്‍ണിമ ദിനത്തിലാണ് ആഘോഷിക്കുന്നത്. ബുദ്ധന്‍ ജ്ഞാനോദയം നേടിയ ശേഷം സാരനാഥില്‍ തന്റെ അഞ്ച് സന്യാസി ശിഷ്യന്മാര്‍ക്കായി നടത്തിയ ആദ്യ പ്രഭാഷണമായ 'ധര്‍മചക്രത്തിന്റെ ഭ്രമണം' അനുസ്മരിക്കുന്നതാണ് ഈ ദിനാഘോഷം. നാല് ഉത്തമസത്യങ്ങളെയും അഷ്ടാംഗ പാതയെയും പരിചയപ്പെടുത്തി ബുദ്ധമത തത്വങ്ങള്‍ക്കും സന്യാസ സമൂഹത്തിന്റെ (സംഘ) സ്ഥാപനത്തിനും ഈ പ്രഭാഷണം അടിത്തറയിട്ടു. 2025 ജൂലൈയില്‍ സാംസ്‌കാരിക മന്ത്രാലയം, ഭാരതസര്‍ക്കാര്‍, മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ ഭഗവാന്‍ ബുദ്ധന്റെ ആദ്യ പ്രഭാഷണത്തിന്റെ ദിനം ധര്‍മ്മചക്ര പ്രവര്‍ത്തന ദിവസമായി അടയാളപ്പെടുത്തി സാരനാഥിലെ മുളഗന്ധ കുടി വിഹാരത്തില്‍ ആഷാഢ പൂര്‍ണിമ ആഘോഷിച്ചു. ലോകമെങ്ങുമുള്ള സന്യാസിവര്യരും പണ്ഡിതന്മാരും ഭക്തരും പങ്കെടുത്ത ഈ പരിപാടി ധമേക് സ്തൂപത്തിന് ചുറ്റും ഐക്യ പ്രദക്ഷിണത്തോടെ ആരംഭിച്ചു. ബുദ്ധമത തത്വങ്ങളുടെ സനാതന ധര്‍മം പ്രകാശിപ്പിക്കുന്ന സ്തൂപത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് സന്യാസിവര്യരുടെ ആത്മപരിശോധനയുടെയും ആത്മീയ വളര്‍ച്ചയുടെയും പ്രതീകമായ വര്‍ഷകാല ധ്യാനം അഥവാ വര്‍ഷ വസ്സയുടെ തുടക്കത്തിന്റെ സൂചന നല്‍കി.

ബുദ്ധമതത്തിന്റെ ജന്മദേശമായ ഇന്ത്യ, മാനസിക അച്ചടക്കത്തിനും ആത്മബോധത്തിനും പ്രാധാന്യം നല്‍കുന്ന അഭിധര്‍മയടക്കം ബുദ്ധന്റെ ആഴമേറിയ ദാര്‍ശനിക തത്വങ്ങളെ ആദരിക്കാനാണ് അന്താരാഷ്ട്ര അഭിധര്‍മ ദിനം ആഘോഷിക്കുന്നത്. താവതിംസ-ദേവലോകത്തുനിന്ന് സാങ്കിസയിലേക്ക് (ഇന്നത്തെ ഉത്തര്‍പ്രദേശിലെ സാങ്കിസ ബസന്ത്പൂര്‍) ബുദ്ധന്‍ ഇറങ്ങിവന്നതിന്റെ സ്മരണാര്‍ത്ഥമാണ് ഈ ആഗോള ദിനാചരണം. അശോകന്റെ ആനത്തൂണുകൊണ്ട് അടയാളപ്പെടുത്തിയ ഈ സ്ഥലത്ത് ബുദ്ധന്‍ തന്റെ അമ്മയുള്‍പ്പെടെയുള്ള ദേവതകള്‍ക്ക് വര്‍ഷകാല ധ്യാനത്തിനിടെ (വസ്സ) അഭിധര്‍മ പഠിപ്പിച്ചു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെ 2024-ല്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അഭിധര്‍മ ദിനത്തില്‍ 14 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സന്യാസിവര്യര്‍, പണ്ഡിതന്മാര്‍, യുവ വിദഗ്ധര്‍ എന്നിവരടക്കം ഏകദേശം 1,000 പേര്‍ പങ്കെടുത്തു. മുഖ്യ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിധര്‍മ തത്വങ്ങളുടെ കാലാതീത പ്രസക്തിയും പാലിയെ ഒരു ശ്രേഷ്ഠ ഭാഷയായി സംരക്ഷിക്കാന്‍ നടത്തിവരുന്ന ശ്രമങ്ങളും എടുത്തുപറഞ്ഞു.
ബുദ്ധമത പൈതൃകത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് 2024 ഒക്ടോബര്‍ 4-ന് പാലി ഭാഷയ്ക്ക് ശ്രേഷ്ഠപദവി നല്‍കിയതിലൂടെ ബുദ്ധ പ്രഭാഷണങ്ങളുടെ മാധ്യമമെന്ന ചരിത്രപരമായ പങ്കിനെ ഇന്ത്യ അംഗീകരിച്ചു. 2024 ഒക്ടോബര്‍ 17 ന് ന്യൂഡല്‍ഹിയില്‍ അംബാസഡര്‍മാരും പണ്ഡിതന്മാരുമടക്കം 1,000-ത്തോളം പേര്‍ പങ്കെടുത്ത അന്താരാഷ്ട്ര അഭിധര്‍മ ദിനത്തില്‍ അഭിധര്‍മ തത്വങ്ങളുടെ പ്രസക്തിയും ബുദ്ധ ധര്‍മം സംരക്ഷിക്കുന്നതില്‍ പാലിയുടെ പങ്കും അടിവരയിട്ടു. ബുദ്ധമത സംസ്‌കാരം ആഘോഷിക്കാനും സംരക്ഷിക്കാനും ആഗോള സംവാദം വളര്‍ത്തിയെടുക്കാനും പങ്കാളിത്ത പൈതൃകത്തിലൂടെ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കാനും ഇന്ത്യ കൈക്കൊള്ളുന്ന സമര്‍പ്പണബോധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഉപസംഹാരം
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വിജയമായി രാജ്യമെങ്ങും ആഘോഷിക്കുന്ന ഈ തിരിച്ചുവരവ് പവിത്രമായ പൗരാണിക തിരുശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന പ്രതിബദ്ധത എടുത്തുകാട്ടുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ വിദേശത്തേക്ക് കടത്തിയ ഈ ശേഷിപ്പുകള്‍ ഇപ്പോള്‍ രാജ്യത്ത് തിരിച്ചെത്തിയിരിക്കുന്നു, ബുദ്ധന്റെ ശിക്ഷണങ്ങളുമായി രാജ്യം കാത്തുസൂക്ഷിക്കുന്ന ശാശ്വത ബന്ധത്തിന്റെ പ്രതീകമാണിത്.
അവലംബം:
https://www.pib.gov.in/PressReleaseIframePage.aspx?PRID=2127159
https://www.pib.gov.in/PressReleasePage.aspx?PRID=2150352
https://www.pib.gov.in/PressReleasePage.aspx?PRID=2150093
https://www.pib.gov.in/PressReleasePage.aspx?PRID=2143880
https://static.pib.gov.in/WriteReadData/specificdocs/documents/2024/feb/doc2024220313101.pdf
https://www.pib.gov.in/PressReleaseIframePage.aspx?PRID=2072224
https://www.pib.gov.in/PressNoteDetails.aspx?NoteId=153285
Ministry of Information and Broadcasting:
https://www.newsonair.gov.in/sacred-piprahwa-relics-of-lord-buddha-return-home-after-127-years/
Ministry of Tourism and Culture:
https://tourism.gov.in/sites/default/files/2021-10/Buddhist%20Tourism%20Circuit%20in%20India_ani_English_Low%20res.pdf
Ministry of External Affairs:
https://www.mea.gov.in/Speeches-Statements.htm?dtl/28459/Address+by+Prime+Minister+at+International+Vesak+Day+celebrations+in+Colombo+May+12+2017
PM India:
https://www.pmindia.gov.in/en/news_updates/pm-delivers-keynote-address-on-the-occasion-of-vesak-global-celebrations/
Doordarshan News:
https://ddnews.gov.in/en/pm-modi-extends-greetings-on-buddha-purnima-hails-lord-buddhas-message-of-peace/
pdf കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
(Backgrounder ID: 154983)
Visitor Counter : 3