ഗോവയിൽ നടന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനദിനം ഒൻപത് ദിവസം നീണ്ടുനിന്ന ചലച്ചിത്രാന്വേഷണങ്ങളുടെയും സാംസ്കാരിക സംഗമങ്ങളുടെയും സർഗാത്മക വിനിമയങ്ങളുടെയും പരിസമാപ്തിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമകളെയും ചലച്ചിത്രകാരന്മാരെയും പ്രേക്ഷകരെയും ഒരുമിപ്പിച്ച മേള, ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ ഭേദിക്കാനുള്ള സിനിമയുടെ കരുത്ത് ആഘോഷിച്ചു.

‘അതിരുകളില്ലാത്ത കഥകൾ’ എന്ന പ്രമേയത്തോട് നീതിപുലർത്തി, പ്രശസ്ത ചലച്ചിത്രകാരന്മാർക്കും നവാഗത കഥാകൃത്തുക്കൾക്കും ചലച്ചിത്രപ്രവർത്തകർക്കും സിനിമാപ്രേമികൾക്കും ഒത്തുചേരാനുള്ള വേദിയായി ഈ വർഷത്തെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള മാറി. വിവിധ സംസ്കാരങ്ങൾക്കും ഭാഷകൾക്കും ചലച്ചിത്ര പാരമ്പര്യങ്ങൾക്കുമിടയിൽ സംവാദങ്ങൾക്കും മേള അവസരമൊരുക്കി.

റെഡ് കാർപെറ്റ് വരവേൽപ്പ്, സാംസ്കാരിക പരിപാടികൾ, മികച്ച ചലച്ചിത്ര നേട്ടങ്ങളെയും വളർന്നുവരുന്ന പ്രതിഭകളെയും ആദരിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുരസ്കാരദാന ചടങ്ങ് എന്നിവയിലൂടെ സിനിമയെയും സംസ്കാരത്തെയും ഒന്നിപ്പിക്കുന്ന ആഘോഷമായി സമാപനച്ചടങ്ങ് മാറി.
സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് മേളയുടെ വിജയത്തെക്കുറിച്ച് എടുത്തുപറഞ്ഞു. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ഗോവയ്ക്കുള്ള 22 വർഷത്തെ ബന്ധവും ചലച്ചിത്ര വ്യവസായത്തിന്റെ പ്രധാന ആഗോള സംഗമകേന്ദ്രമായി ഗോവ വളർന്നുവന്നതും അദ്ദേഹം വിശദീകരിച്ചു.
ഏകദേശം 90 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഒൻപത് ദിവസം നീണ്ട മേളയെ ആഗോള സിനിമയുടെ ഉത്സവമാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമ എല്ലാവരിലേക്കും എത്തുന്നതിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്നതിന്റെയും പ്രാധാന്യം അടിവരയിട്ട അദ്ദേഹം, വിവിധ ഭാഷാ-സാംസ്കാരിക പാരമ്പര്യങ്ങളിലെ സിനിമകൾ ആസ്വദിക്കാനും ലോകസിനിമയെക്കുറിച്ചുള്ള അറിവും ആസ്വാദനവും വിപുലീകരിക്കാനും യുവപ്രേക്ഷകരെ പ്രോത്സാഹിപ്പിച്ചു.
ഒരു ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനപ്പുറമാണ് ഗോവയുടെ അഭിലാഷങ്ങളെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചലച്ചിത്ര നിർമാണത്തിന്റെയും സർഗാത്മക വ്യവസായത്തിന്റെയും കേന്ദ്രമായി വളരാനുള്ള സംസ്ഥാനത്തിന്റെ ലക്ഷ്യം ആവർത്തിച്ചു. ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രേക്ഷകരിലേക്ക് സിനിമകൾ വികസിപ്പിച്ച്, നിർമിച്ച് എത്തിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊങ്കണി സിനിമയ്ക്ക് കൂടുതൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സംസ്ഥാനത്ത് ചലച്ചിത്ര നിർമാണ വിദ്യാഭ്യാസം, നൈപുണ്യ വികസനം, സർഗാത്മക സംരംഭകത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ചും എടുത്തുപറഞ്ഞു. ഗോവയുടെ കാഴ്ചപ്പാട് സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഗോവയിൽ നിർമിക്കൂ, ലോകത്തിനായി നിർമിക്കൂ.”

പുരസ്കാര ജേതാക്കളെയും ചലച്ചിത്ര മേഖലയിലുള്ളവരെയും അഭിനന്ദിച്ച മുഖ്യമന്ത്രി, ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് തുടർച്ചയായ പിന്തുണ നൽകുന്ന കേന്ദ്ര ഗവൺമെന്റിനും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നന്ദി രേഖപ്പെടുത്തി.

ഇന്ത്യൻ സിനിമയെയും അന്താരാഷ്ട്ര സിനിമയെയും ഒന്നിപ്പിക്കുന്നതിലും ആഗോള പ്രേക്ഷകരിലേക്ക് കഥകൾ എത്തിക്കുന്നതിന് അവസരമൊരുക്കുന്നതിലും ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള വഹിക്കുന്ന പങ്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ എടുത്തുപറഞ്ഞു.

86 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം അന്താരാഷ്ട്ര ചിത്രങ്ങൾ ഒൻപത് ദിവസം നീണ്ട മേളയുടെ പരിപാടികളെ സമ്പന്നമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സഹകരണങ്ങൾ, ബ്രിക്സ് പ്രദർശനം, വളർന്നുവരുന്ന ചലച്ചിത്രകാരന്മാർക്കായി ഒരുക്കിയ സംരംഭങ്ങൾ, വേവ്സ് ഫിലിം ബസാറിന്റെ 20-ാമത് പതിപ്പ് എന്നിവ എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥയിൽ ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ചലച്ചിത്ര പ്രദർശനങ്ങളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും സിനിമയെ പ്രാദേശിക സമൂഹങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന തരത്തിൽ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയും ഗോവയും തമ്മിലുള്ള സവിശേഷ ബന്ധത്തെ അദ്ദേഹം പ്രകീർത്തിച്ചു.

മേളയുടെ സ്വാധീനം കണക്കുകൾക്കപ്പുറമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന് ആളുകൾ നേടുന്ന അനുഭവങ്ങൾ എണ്ണത്തിൽ മാത്രം അളക്കാനാവില്ലെന്നും അത് ഓർമയിൽ തങ്ങിനിൽക്കുന്ന ഒരു സിനിമയോ കണ്ടെത്തിയ ഒരു ആശയമോ രൂപപ്പെട്ട ഒരു സൗഹൃദമോ നാളെയെ രൂപപ്പെടുത്തുന്ന ഒരു സഹകരണമോ ആകാമെന്നും പറഞ്ഞു.

ചലച്ചിത്രകാരന്മാർക്കും കലാകാരന്മാർക്കും പ്രത്യേക സന്ദേശം നൽകിയാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്. മേളയിൽ ആഘോഷിച്ച സിനിമകൾ ദൂരങ്ങളിലേക്ക് സഞ്ചരിക്കട്ടെയെന്നും ഇവിടെ നാം കണ്ടെത്തിയ യുവശബ്ദങ്ങൾ കൂടുതൽ കരുത്താർജിക്കട്ടെയെന്നും ലോകത്തെ സ്പർശിക്കുന്ന അടുത്ത മഹത്തായ കഥ ഇന്ത്യയിൽ നിന്ന് പ്രയാണം തുടങ്ങട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
‘അതിരുകളില്ലാത്ത കഥകൾ’ എന്ന പ്രമേയത്തിന്റെ അർഥം ഉൾക്കൊണ്ട്, കഥകളുടെയും വികാരങ്ങളുടെയും സാംസ്കാരിക ബന്ധങ്ങളുടെയും ഒൻപത് ദിവസത്തെ യാത്രയെക്കുറിച്ച് മേളയുടെ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ സംസാരിച്ചു. നമ്മെ പരസ്പരം ബന്ധിപ്പിക്കാനുള്ള അസാധാരണ കഴിവ് സിനിമയ്ക്കുണ്ടെന്നും നാം ഒരുമിച്ച് ചിരിക്കുകയും കരയുകയും ചെയ്യുമ്പോൾ അതിരുകൾ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 15 ചിത്രങ്ങൾ, ‘സിനിമ ഓഫ് ദി വേൾഡ്’ വിഭാഗത്തിലെ 35 ചിത്രങ്ങൾ, ഫീച്ചർ അനിമേഷൻ വിഭാഗത്തിന്റെ തിരിച്ചുവരവ്, സിനിമയെക്കുറിച്ചുള്ള സിനിമകൾക്കായി ആരംഭിച്ച പുതിയ വിഭാഗം, മികച്ച വെബ് സീരീസ് (ഒ.ടി.ടി) പുരസ്കാരത്തിന്റെ തുടക്കം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ആന്ദ്രേ തർക്കോവ്സ്കിക്കുള്ള ശതാബ്ദി ആദരം, മേളയുടെ പങ്കാളിത്ത രാജ്യങ്ങളായ സ്പെയിനിന്റെയും റഷ്യയുടെയും സാന്നിധ്യം, 22 ബ്രിക്സ് രാജ്യങ്ങളുടെ പ്രദർശനം, വേവ്സ് ഫിലിം ബസാറിന്റെ 20-ാമത് പതിപ്പ് എന്നിവയും അദ്ദേഹം പരാമർശിച്ചു.
ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കാനും ശബ്ദമില്ലാത്തവർക്ക് ശബ്ദം പകരാനുമുള്ള സിനിമയുടെ കഴിവ് എടുത്തുപറഞ്ഞ അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചു: “ചിലപ്പോൾ അത് ചോദ്യങ്ങൾ ഉയർത്തണം, സമൂഹത്തിന് നേരെ കണ്ണാടി പിടിക്കണം, നമ്മുടെ പങ്കിട്ട മാനവികതയെക്കുറിച്ച് ഓർമിപ്പിക്കണം.”
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുമായുള്ള ബന്ധം ഒരു ബഹുമതിയും അഭിമാനവുമാണെന്ന് വിശേഷിപ്പിച്ച ശ്രീ ഗോവാരിക്കർ, സിനിമയിലൂടെ സംസ്കാരങ്ങളെയും കഥകളെയും ജനങ്ങളെയും ഒന്നിപ്പിക്കുന്നതിൽ മേള വഹിക്കുന്ന പങ്ക് ആവർത്തിച്ച് വ്യക്തമാക്കി.
സിനിമയുടെ മാസ്മരികത ആഘോഷിക്കുന്ന ഊർജസ്വലമായ വേദിയായി മേളയെ മാറ്റുന്നതിൽ വിവിധ പങ്കാളികളും പ്രതിനിധികളും സന്ദർശകരും നടത്തിയ പരിശ്രമങ്ങളെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ശ്രീ ധീരജ് സിങ് അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി ചെയർപേഴ്സൺ ആനന്ദ് എൽ. റായ്, ഒ.ടി.ടി. ജൂറി ചെയർപേഴ്സൺ ജംനാദാസ് മജേത്തിയ, ഐ.സി.എഫ്.ടി.-യുനെസ്കോ ഗാന്ധി മെഡൽ ജൂറി ചെയർപേഴ്സൺ മനോജ് കദം എന്നിവരും മേളയെക്കുറിച്ചും ജൂറി വിലയിരുത്തലുകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ ജി. കൃഷ്ണകുമാർ, എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവ വൈസ് ചെയർപേഴ്സൺ ശ്രീമതി ഡെലീല എം. ലോബോ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ ശ്രീ ദീപക് നരെയ്ൻ, എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവ സി.ഇ.ഒ. ശ്രീ ദീപക് ബന്ദേക്കർ എന്നിവർ പ്രമുഖ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
ചലച്ചിത്ര മികവിന്റെ ആഘോഷം
57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രധാന അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അഭിമാനകരമായ സുവർണമയൂര പുരസ്കാരം ടിയാഗോ ഗെഡെസ് സംവിധാനം ചെയ്ത ഫ്രഞ്ച്-പോർച്ചുഗീസ് സംയുക്ത ചിത്രം ‘അക്വി’ സ്വന്തമാക്കി. മത്സരരംഗത്തുണ്ടായിരുന്ന 15 ചിത്രങ്ങളിൽ നിന്നാണ് ഈ ചിത്രം പുരസ്കാരത്തിന് അർഹമായത്.
അപ്രവചനീയതകൾക്കിടയിലും പ്രേക്ഷകർക്ക് സ്വന്തമെന്ന് തോന്നുന്നതും വിട്ടുപോകാൻ ആഗ്രഹിക്കാത്തതുമായ ആശ്വാസകരവും സ്വപ്നസമാനവുമായ ഒരു പ്രപഞ്ചമാണ് ചിത്രമെന്ന് അന്താരാഷ്ട്ര ജൂറി വിശേഷിപ്പിച്ചു. ചിത്രത്തിലെ പ്രധാന നടനായിരുന്ന അന്തരിച്ച മനോലോ സോളോയ്ക്ക് ശ്രെദ്ധാഞ്ജലി അർപ്പിച്ച ജൂറി അദ്ദേഹത്തിന്റെ അനശ്വര കലാപാരമ്പര്യത്തെ അനുസ്മരിച്ചു.
‘വിസിറ്റേഷൻ’ എന്ന ചിത്രത്തിലൂടെ ജർമൻ ചലച്ചിത്രകാരൻ വോൾക്കർ ഷ്ലോണ്ടോർഫ് മികച്ച സംവിധായകനുള്ള രജതമയൂര പുരസ്കാരം നേടി.
ചിത്രത്തിന്റെ സൂക്ഷ്മതയെയും കരവിരുതിനെയും പ്രശംസിച്ച ജൂറി ഇങ്ങനെ നിരീക്ഷിച്ചു: “അഭിനേതാക്കളുടെ പ്രകടനത്തിലായാലും കുറ്റമറ്റ എഡിറ്റിങ്ങിലായാലും ശക്തവും അതേസമയം സൂക്ഷ്മവുമായ പശ്ചാത്തലസംഗീതത്തിലായാലും ഓരോ വിശദാംശത്തിലും പുലർത്തിയ കൃത്യത കൊണ്ട് ‘വിസിറ്റേഷൻ’ ഞങ്ങളെ വിസ്മയിപ്പിച്ചു.”
ഷ്ലോണ്ടോർഫിന് വേണ്ടി ഛായാഗ്രാഹകൻ ആക്സൽ ഷ്നെപ്പാറ്റും രണ്ടാമത്തെ സഹഛായാഗ്രാഹകൻ കോൺറാഡ് വാൾഡ്മാനും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
‘കാന്താര: എ ലെജൻഡ് - ചാപ്റ്റർ 1’ എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് റിഷഭ് ഷെട്ടി മികച്ച നടനുള്ള രജതമയൂര പുരസ്കാരം നേടി.

അദ്ദേഹത്തിന്റെ തീവ്രമായ അഭിനയശേഷിയെയും വൈകാരിക ആഴത്തെയും പ്രശംസിച്ച ജൂറി ഇങ്ങനെ അഭിപ്രായപ്പെട്ടു: “അദ്ദേഹം ചിരിക്കുന്നു, കരയുന്നു, വികാരങ്ങളുടെ വിശാലമായ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അദ്ദേഹത്തിന്റെ ശരീരം മുഴുവൻ സിനിമയുമായി ലയിച്ചുചേരുന്നു. കഥയിലേക്ക് അദ്ദേഹം സ്വയം പൂർണമായി സമർപ്പിക്കുന്നു. അഭിനയത്തിനപ്പുറം ഒരു അനുഭവമായി മാറുന്ന റിഷഭ് ഷെട്ടിയുടെ അമ്പരപ്പിക്കുന്ന പ്രകടനം.”
‘ദി മെൽറ്റ്ഡൗൺ’ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ മായ ഒ’റൂർക്ക് മികച്ച നടിക്കുള്ള രജതമയൂര പുരസ്കാരം നേടി.
സൂക്ഷ്മവും ഭാവതീവ്രവുമായ അവരുടെ അഭിനയത്തെ പ്രശംസിച്ച ജൂറി ഇങ്ങനെ നിരീക്ഷിച്ചു: “ഹൃദയസ്പർശിയായ അവരുടെ പ്രകടനം കൗതുകമുണർത്തുകയും സിനിമയുടെ നിഗൂഢതകൾ പര്യവേക്ഷണം ചെയ്യാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. നടിയും സംവിധായകന്റെ അസാധാരണമായ ദീർഘവീക്ഷണവും തമ്മിലുള്ള അതുല്യമായ ഒത്തിണക്കം ഈ പ്രകടനത്തെ കൂടുതൽ ഉയരങ്ങളിലെത്തിച്ചു.”
മായ ഒ’റൂർക്കിന് വേണ്ടി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ശ്രീ ധീരജ് സിങ് പുരസ്കാരം ഏറ്റുവാങ്ങി.
ലോറെൻസോ ഫെറോയും ലൂക്കാസ് എ. വിഗ്നാലെയും ചേർന്ന് സംവിധാനം ചെയ്ത അർജന്റീനിയൻ ചിത്രം ‘ദി റിവർ ട്രെയിൻ’, കലാപരമായ മികവിനും വ്യത്യസ്തമായ ചലച്ചിത്രാവിഷ്കാരത്തിനുമുള്ള രജതമയൂരം പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.
ഒരു കുട്ടിയുടെ കണ്ണുകളിലൂടെ സിനിമയെ കളിസ്ഥലമാക്കി മാറ്റിയതിനെയും പരീക്ഷണങ്ങളിലൂടെ ചലച്ചിത്രത്തിന്റെ അതിരുകൾ ഭേദിച്ചതിനെയും ജൂറി പ്രകീർത്തിച്ചു. പ്രശസ്തിപത്രത്തിൽ ജൂറി ഇങ്ങനെ രേഖപ്പെടുത്തി: “ഇരുസംവിധായകരുടെയും ദീർഘവീക്ഷണത്തെ ഞങ്ങൾ ആദരിക്കുന്നു; ലൂക്കാസ് എ. വിഗ്നാലെയുടെ അനശ്വര സ്മരണയ്ക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു.”
സംവിധായകർക്ക് വേണ്ടി നിർമാതാവ് വാലന്റൈൻ ടോറെയും അഭിനേത്രി റീത്ത പോൾസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
‘ദി ഗോൾഡൻ ഏജ്’ എന്ന ചിത്രത്തിലൂടെ ബെറഞ്ചർ തുയിൻ മികച്ച നവാഗത സംവിധായകനുള്ള രജതമയൂര പുരസ്കാരം നേടി.
വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു ചരിത്രനാടകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത സംവിധായകനെ അഭിനന്ദിച്ച ജൂറി ഇങ്ങനെ കുറിച്ചു: “വർഷങ്ങളോളം നീളുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രത്തിന്റെ എല്ലാ വെല്ലുവിളികളെയും ആദ്യ ചിത്രത്തിൽ തന്നെ നേരിടുകയെന്നത് അസാധാരണമാണ്. എന്നാൽ ആർക്കൈവ് ദൃശ്യങ്ങളും യഥാർഥ ദൃശ്യങ്ങളും സമർഥമായി സംയോജിപ്പിച്ച് ഈ ചിത്രം എല്ലാ പ്രതിസന്ധികളെയും മറികടന്നു.”
തുയിന് വേണ്ടി, ചിത്രത്തിന് സംഗീതം നൽകിയ അദ്ദേഹത്തിന്റെ സഹോദരൻ സെലസ്റ്റ് തുയിൻ പുരസ്കാരം ഏറ്റുവാങ്ങി.
ഇന്ത്യൻ പനോരമ വിഭാഗത്തിൽ ‘ഹനുമാൻ അൻഷ്’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത ഇന്ത്യൻ സംവിധായകനുള്ള പുരസ്കാരം നേടിയ ഡോ. വിശാൽ ചതുർവേദിയായിരുന്നു ചടങ്ങിലെ മറ്റൊരു പ്രധാന ജേതാവ്.
ലളിതമായ കഥാവിഷ്കാരത്തിലൂടെ സംസ്കാരത്തെയും വിശ്വാസത്തെയും സംഗീതത്തെയും കോർത്തിണക്കാനുള്ള സംവിധായകന്റെ കഴിവിനെ ജൂറി പ്രശംസിച്ചു. പ്രശസ്തിപത്രത്തിൽ ജൂറി ഇങ്ങനെ രേഖപ്പെടുത്തി: “ബജറ്റല്ല, ഉള്ളടക്കമാണ് പ്രധാനം. ആദ്യ ചിത്രമായ ‘ഹനുമാൻ അൻഷി’ലൂടെ സിനിമയുടെ ഈ അടിസ്ഥാന തത്ത്വം ഉൾക്കൊണ്ട ഡോ. വിശാൽ ചതുർവേദിയെ ഞങ്ങൾ അഭിനന്ദിക്കുന്നു.”
റോബി ഗ്രെവാൾ സംവിധാനം ചെയ്ത് പ്രഭ്ലീൻ സന്ധു സൃഷ്ടിച്ച് ഓൾമൈറ്റി മോഷൻ പിക്ചർ നിർമിച്ച ‘മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി’ എന്ന ഹിന്ദി ഡോക്യുഡ്രാമ പരമ്പര 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച വെബ് സീരീസ് (ഒ.ടി.ടി) പുരസ്കാരം നേടി. ആമസോൺ എം.എക്സ്. പ്ലെയറിലാണ് ഈ പരമ്പര സ്ട്രീം ചെയ്യുന്നത്.
സംരംഭകത്വം, സ്ഥിരോത്സാഹം, ദീർഘവീക്ഷണം എന്നിവയുടെ ആവിഷ്കാരത്തെ അംഗീകരിച്ചുകൊണ്ട് വിജയഗാഥകൾ, പ്രത്യേകിച്ച് ഇന്ത്യയുടെ വ്യാവസായിക നേട്ടങ്ങൾ രേഖപ്പെടുത്തുന്ന കഥകൾ, ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം ഒ.ടി.ടി. ജൂറി എടുത്തുപറഞ്ഞു. അഭിലാഷത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ചൈതന്യം ഈ പരമ്പര ഒപ്പിയെടുക്കുന്നുണ്ടെന്നും രാജ്യത്തുടനീളം സാക്ഷാത്കരിക്കപ്പെട്ട സ്വപ്നങ്ങളുടെയും പൂർത്തീകരിക്കപ്പെട്ട അഭിലാഷങ്ങളുടെയും കൂടുതൽ വിജയഗാഥകൾക്ക് ഇത് വഴിയൊരുക്കുമെന്നും ജൂറി നിരീക്ഷിച്ചു.
സാങ്കേതിക മികവ്, ശക്തമായ സംഗീതം, വ്യത്യസ്തമായ കഥാഖ്യാനം എന്നിവ പരിഗണിച്ച് ‘കാന്താര: എ ലെജൻഡ് - ചാപ്റ്റർ 1’ എന്ന ചിത്രത്തിന് അന്താരാഷ്ട്ര ജൂറി പ്രത്യേക പരാമർശം നൽകി.
“ധീരവും അതിശക്തവും ഒപ്പം ആഴത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമായ ഒരു ചലച്ചിത്രാനുഭവം; നർമം കൊണ്ട് സമ്പന്നമാക്കിയ ഒന്ന്” എന്നാണ് ജൂറി ചിത്രത്തെ വിശേഷിപ്പിച്ചത്.
ഫൈസൽ സോയ്സാൽ സംവിധാനം ചെയ്ത ‘റഹ്മ’ എന്ന തുർക്കിഷ് ഫീച്ചർ ഫിലിം അഭിമാനകരമായ ഐ.സി.എഫ്.ടി.-യുനെസ്കോ ഗാന്ധി മെഡൽ 2026 സ്വന്തമാക്കി.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ദേശീയ പുരസ്കാര ജേതാവും ഗോവൻ ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ ആദിത്യ സുഹാസ് ജാംഭലെയെ ചലച്ചിത്രമേളയിൽ ആദരിച്ചു.

ഗോവൻ നാടകവേദിയിൽ നിന്ന് ദേശീയ ചലച്ചിത്ര വ്യവസായത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അടയാളപ്പെടുത്തിയ ഈ ആദരം, അദ്ദേഹത്തിന്റെ സർഗാത്മക ദീർഘവീക്ഷണത്തെയും നേട്ടങ്ങളെയും ഇന്ത്യൻ സിനിമയിൽ വളർന്നുവരുന്ന ഗോവൻ പ്രതിഭകളുടെ സാന്നിധ്യത്തെയും ആഘോഷിക്കുന്നതായിരുന്നു.
‘അതിരുകളില്ലാത്ത കഥകൾ’ എന്ന മേളയുടെ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന മൂന്ന് സാംസ്കാരിക പരിപാടികൾ സമാപനച്ചടങ്ങിന് വർണവും താളവും പകർന്നു.
ഇന്ത്യൻ-പാശ്ചാത്യ നൃത്തപാരമ്പര്യങ്ങളെയും സമകാലിക ആവിഷ്കാരങ്ങളെയും ആകാശനൃത്തത്തെയും ഒന്നിപ്പിച്ച ‘ബ്ലൂം: സ്റ്റോറീസ് ദാറ്റ് ടേക്ക് റൂട്ട്, സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ വിവിധ സംസ്കാരങ്ങളിലൂടെ കഥകൾ വിടരുന്നതിന്റെ ദൃശ്യാവിഷ്കാരമായി.
അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ശബ്ദകലാകാരൻ മിസ്റ്റിക് പാപിഷ് അവതരിപ്പിച്ച ‘വെൻ നേച്ചർ സ്പീക്സ്, സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന പരിപാടിയിൽ നാല് ഒക്ടേവ് സ്വരപരിധിയിലൂടെ അദ്ദേഹം പ്രകൃതിയുടെ ശബ്ദങ്ങൾ പുനഃസൃഷ്ടിച്ചു. വൈവിധ്യമാർന്ന താളങ്ങളെയും സംഗീത പാരമ്പര്യങ്ങളെയും ഊർജസ്വലമായി സമന്വയിപ്പിച്ച ‘സൗണ്ട് ഓഫ് സെലിബ്രേഷൻ’ എന്ന പരിപാടിയോടെയാണ് സായാഹ്നത്തിലെ സംഗീതാഘോഷങ്ങൾക്ക് തിരശ്ശീല വീണത്.

ഒൻപത് ദിവസങ്ങൾ, എണ്ണമറ്റ കഥകൾ
വെള്ളിത്തിര മുതൽ സിനിമാ വ്യവസായം വരെ ചലച്ചിത്ര നിർമാണത്തിന്റെ എല്ലാ തലങ്ങളെയും ആഘോഷിച്ച 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള, ചലച്ചിത്ര പാരമ്പര്യങ്ങളെ ആദരിക്കുന്നതിനൊപ്പം വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
‘ഫാദർലാൻഡ്’ എന്ന ചിത്രത്തോടെ ആരംഭിച്ച മേളയിൽ ‘ഐ മാറ്റർ’ മിഡ്-ഫെസ്റ്റിവൽ ചിത്രമായി പ്രദർശിപ്പിച്ചു. ‘വി ആർ ഓൾ സ്ട്രേഞ്ചേഴ്സ്’ എന്ന ചിത്രത്തോടെയാണ് മേള സമാപിച്ചത്. 86 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ പനോരമയിൽ 18 ഭാഷകളിലായി 76 ചിത്രങ്ങളും പ്രദർശിപ്പിച്ചു. ആദരിക്കപ്പെടുന്ന രാജ്യമായ സ്പെയിനും പങ്കാളിത്ത രാജ്യമായ റഷ്യയും മേളയുടെ അന്താരാഷ്ട്ര ശ്രദ്ധ വർധിപ്പിച്ചപ്പോൾ, ബ്രിക്സ് പ്രദർശനം മേളയുടെ സാംസ്കാരിക തലം വിപുലീകരിച്ചു.
വരുംതലമുറയിലെ ചലച്ചിത്രകാരന്മാരെ വളർത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച ‘ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ’ 13 ചലച്ചിത്ര മേഖലകളിലെ 100 യുവപ്രതിഭകളെ ഒരുമിപ്പിച്ചു. ആദ്യമായി സംഘടിപ്പിച്ച ‘പേജ് സെ പിച്ച് തക്’ സംരംഭം വളർന്നുവരുന്ന തിരക്കഥാകൃത്തുക്കൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകി.
54 രാജ്യങ്ങളിൽ നിന്നുള്ള 2,288 പ്രതിനിധികളെ സ്വാഗതം ചെയ്ത വേവ്സ് ഫിലിം ബസാറിന്റെ 20-ാമത് പതിപ്പ് ആഗോള ചലച്ചിത്ര വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തി. ഇതിൽ 471 വാങ്ങലുകാരും ഉൾപ്പെടുന്നു. മാസ്റ്റർക്ലാസുകൾ, ശിൽപശാലകൾ, ചലച്ചിത്രകാരന്മാരുമായുള്ള സംവാദങ്ങൾ, റെട്രോസ്പെക്റ്റീവുകൾ, പുനരുദ്ധരിച്ച ക്ലാസിക് ചിത്രങ്ങൾ, ശതാബ്ദി ആദരങ്ങൾ, ഗാല പ്രീമിയറുകൾ, ഗോവൻ സിനിമകൾ എന്നിവ മേളയുടെ പരിപാടികളെ കൂടുതൽ സമ്പന്നമാക്കി.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള 2026-ന് തിരശ്ശീല വീണെങ്കിലും സിനിമയുടെ പ്രയാണത്തിന് അവസാനമില്ല. അതിന്റെ കഥകൾ സഞ്ചരിച്ചുകൊണ്ടേയിരിക്കും; ആ മാസ്മരികത മനസ്സുകളിൽ തങ്ങിനിൽക്കും; അതിരുകളോ പരിധികളോ ഇല്ലാതെ അതിന്റെ ചൈതന്യം എന്നെന്നും നിലനിൽക്കും.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***