ഗോവ, നവംബർ 28, 2026
ഗോവയിൽ നടന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI 2026) സമാപന ചടങ്ങിൽ ഭാവനയുടെയും പ്രകൃതിയുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആഘോഷങ്ങൾ അരങ്ങേറി. ചലച്ചിത്രമേളയുടെ പ്രമേയമായ ‘അതിരുകളില്ലാത്ത കഥകൾ’ എന്ന ആശയത്തിന് മൂന്ന് കലാപ്രകടനങ്ങളും ജീവൻ പകർന്നു.
പൂക്കൾ വിടരുന്നതും കഥകളുടെ യാത്രയും തമ്മിലുള്ള സമാനതകൾ വരച്ചുകാട്ടുന്ന കാവ്യാത്മക നൃത്താവിഷ്കാരമായ ‘ബ്ലൂം: വേരൂന്നുന്ന കഥകൾ, അതിരുകളില്ലാത്ത കഥകൾ’ എന്ന പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഒരു പൂവ് ഓരോ ഇതളായി വിടർന്ന് പുതിയ നിറങ്ങളും കാഴ്ചപ്പാടുകളും വെളിപ്പെടുത്തുന്നതുപോലെ, വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും കഥകൾ ഉടലെടുക്കുകയും അതിരുകൾക്കപ്പുറമുള്ള മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ, പാശ്ചാത്യ നൃത്ത പാരമ്പര്യങ്ങളെ സമകാലിക ഭാവങ്ങളോടും ഏരിയൽ ഡാൻസിനോടും സമന്വയിപ്പിച്ച ഈ അവതരണത്തിൽ റോസാദളങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വേഷവിധാനങ്ങളണിഞ്ഞാണ് നർത്തകർ അണിനിരന്നത്. ചിത്രശലഭങ്ങളുടെ വരവ് സർഗ്ഗാത്മകതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെ അനന്തസാധ്യതകളുടെയും വ്യാപനത്തെ പ്രതീകപ്പെടുത്തി.

അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ ഗായകൻ മിസ്റ്റിക് പാപ്പിഷ് (Mystic Papizh) അവതരിപ്പിച്ച ‘പ്രകൃതി സംസാരിക്കുമ്പോൾ, അതിരുകളില്ലാത്ത കഥകൾ’ (വെൻ നേച്ചർ സ്പീക്സ്, സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്) എന്ന പരിപാടിയിലൂടെ വിടരുന്ന പൂവിന്റെ ദൃശ്യഭംഗിയിൽ നിന്ന് ആ സായാഹ്നം പ്രകൃതിയുടെ ശബ്ദങ്ങളിലേക്ക് നീങ്ങി. നാല് അഷ്ടക സ്വരപരിധിക്ക് പേരുകേട്ട പാപ്പിഷ്, ഇലകളുടെ മർമ്മരവും പ്രഭാതത്തിലെ പക്ഷികളുടെ പാട്ടും നദികളുടെ ഒഴുക്കും തന്റെ ശബ്ദത്തിലൂടെ പുനഃസൃഷ്ടിച്ചു. 'ഗോട്ട് ടാലന്റിന്റെ' അന്താരാഷ്ട്ര പതിപ്പുകളിൽ നാല് തവണ ഗോൾഡൻ ബസർ നേടിയ അദ്ദേഹം, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ശബ്ദങ്ങളെയും പുരാതന ആത്മീയ പാരമ്പര്യങ്ങളെയും സമകാലിക ആലാപന കലയെയും ഒരുമിപ്പിച്ച് മനുഷ്യരാശിയും പ്രകൃതിയും തമ്മിലുള്ള സമാധാനത്തിന്റെയും ഐക്യത്തിന്റെയും സംഗീതാവിഷ്കാരം നടത്തി.
_20261128215519_48e98d.jpeg)
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ പല കോണുകളിൽ നിന്നുമുള്ള താളങ്ങളെ ഒരുമിപ്പിക്കുന്ന സംഗീത സമ്മേളനമായ ‘ഡ്രംസ് ഓഫ് ഇന്ത്യ’യോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്. മൃദംഗം, തബല, നാസിക് ഡോൾ, പഞ്ചാബി ഡോൾ, ചെണ്ട, ഡോളു, തമട്ടെ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ഇന്ത്യൻ വാദ്യോപകരണങ്ങൾ ആഫ്രിക്കയുടെ ജെംബെ (Djembe), ടിംബെയ്ൽസ് (Timbales), ഓസ്‌ട്രേലിയയുടെ ഡിഡ്‌ജെറിഡൂ (Didgeridoo) എന്നിവയുമായി ഒത്തുചേർന്നു. ലിക്വിഡ് ഡ്രമ്മിംഗ്, ബീറ്റ്ബോക്സിംഗ്, പുല്ലാങ്കുഴൽ എന്നിവയുടെ അകമ്പടിയോടെ ഈ അവതരണം വൈവിധ്യമാർന്ന സംഗീത പാരമ്പര്യങ്ങളെ ഊർജ്ജസ്വലമായ ഒരു താളലയത്തിൽ ഒന്നിപ്പിച്ചു.

ഈ മൂന്ന് അവതരണങ്ങളും ചേർന്ന് കഥകൾ വിടരുന്നതിൽ നിന്നും പ്രകൃതിയുടെ ശബ്ദത്തിൽ നിന്നും താളത്തിന്റെ പങ്കിട്ട ഊർജ്ജത്തിലേക്കുള്ള ഒരു സർഗാത്മക യാത്ര അടയാളപ്പെടുത്തി. 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രമേയമായ ‘അതിരുകളില്ലാത്ത കഥകൾ’ എന്നതിന്റെ അന്തസ്സത്ത പ്രതിഫലിപ്പിച്ചുകൊണ്ട്, നൃത്തത്തിനും സംഗീതത്തിനും എങ്ങനെ ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ അതിരുകൾ മറികടക്കാനും വൈവിധ്യമാർന്ന സാംസ്കാരിക ആവിഷ്കാരങ്ങളെ ഒരേ വേദിയിൽ ഒരുമിപ്പിക്കാനും കഴിയുമെന്ന് അവ പ്രദർശിപ്പിച്ചു.


IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
* * *
SK