ഗോവ, നവംബർ 28, 2026
57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFI) മാനുവേല മാർട്ടെല്ലി സംവിധാനം ചെയ്ത ‘ദ മെൽറ്റ്ഡൗൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മായ ഒ'റൂർക്കിന് മികച്ച നടിക്കുള്ള രജത മയൂര പുരസ്കാരം ലഭിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ, ഐ.എഫ്.എഫ്.ഐ ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ആഴവും കലാപരമായ മികവും കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച അഭിനയത്തിന് മായ ഒ'റൂർക്കിനെ ജൂറി അഭിനന്ദിച്ചു. വെള്ളിത്തിരയിൽ ആകർഷകമായ സാന്നിധ്യം സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞതായും ജൂറി വിലയിരുത്തി.
ജൂറിയുടെ പുരസ്കാര പരാമർശം ഇങ്ങനെ: "പ്രേക്ഷകരിൽ ജിജ്ഞാസ ഉണർത്തുകയും സിനിമയുടെ നിഗൂഢതകൾ പര്യവേക്ഷണം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആകർഷകമായ അഭിനയത്തിനാണ് പുരസ്കാരം. നടിയുടെ പ്രകടനവും സംവിധായികയുടെ അസാധാരണമായ കലാപരമായ ദർശനവും തമ്മിലുള്ള അതുല്യമായ ഒത്തിണക്കം ഈ പ്രകടനത്തെ കൂടുതൽ മികവുറ്റതാക്കുന്നു."
ഈ പുരസ്കാര നേട്ടത്തിലൂടെ, ഈ വർഷത്തെ മത്സരവിഭാഗത്തെ അസാധാരണമായ ചലച്ചിത്രപ്രതിഭകളുടെ ആഘോഷമാക്കി മാറ്റിയ കലാകാരന്മാരുടെ നിരയിൽ മായ ഒ'റൂർക്കും ഇടംപിടിച്ചു.
മികച്ച നടിക്കുള്ള രജത മയൂര പുരസ്കാരത്തിൽ മയിൽരൂപത്തിലുള്ള ട്രോഫി, സർട്ടിഫിക്കറ്റ്, 15 ലക്ഷം രൂപയുടെ സമ്മാനത്തുക എന്നിവ ഉൾപ്പെടുന്നു.
‘ദ മെൽറ്റ്ഡൗൺ’ – കഥാസംഗ്രഹം
1992-ൽ ചിലിയിലെ വിദൂര ആൻഡിയൻ പർവതനിരകളിലെ സ്കീ റിസോർട്ടിലാണ് കഥ നടക്കുന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം അവരുടെ ഹോട്ടലിൽ താമസിക്കുന്ന ഒൻപത് വയസ്സുകാരിയായ ഇനെസിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അവിടെവെച്ച് 15 വയസ്സുള്ള ജർമൻ സ്കീയർ ഹന്നയുമായി അവൾ സൗഹൃദത്തിലാകുന്നു. എന്നാൽ ഹന്ന പെട്ടെന്ന് അപ്രത്യക്ഷയാകുന്നതോടെ അവളെ കണ്ടെത്താനുള്ള അന്വേഷണം നിരവധി രഹസ്യങ്ങളും മറഞ്ഞിരിക്കുന്ന സത്യങ്ങളും പുറത്തുകൊണ്ടുവരുന്നു.

#IFFI2026 #57IFFI @IFFIGoa @MIB_India
— PIB India (@PIB_India) November 28, 2026
IFFILOID ഇവിടെ വായിക്കാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
* * *
SK