പോസ്റ്റഡ് ഓണ്:
28 NOV 2026 6:51PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് എന്നിവരുടെ സാന്നിധ്യത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ കാശി തമിഴ് സംഗമത്തിൻ്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്തു. 10 വിദേശ ഭാഷകൾ ഉൾപ്പെടെ 50 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത തിരുക്കുറൽ പതിപ്പുകൾ ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു.

കാശിയും തമിഴ്നാടും തമ്മിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതും ആഴത്തിൽ വേരൂന്നിയതുമായ നാഗരികവും സാംസ്കാരികവും ആത്മീയവുമായ ബന്ധമാണുള്ളതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. 'തിരുക്കുറൽ അഭ്യാസ് കരേൻ' (നമുക്ക് തിരുക്കുറൽ പഠിക്കാം) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. തിരുക്കുറലിലെ കാലാതീതമായ ജ്ഞാനവും ധാർമ്മിക മൂല്യങ്ങളും പ്രത്യേകിച്ച് വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഭാഷയുടെയും പ്രദേശത്തിൻ്റെയും രാജ്യത്തിൻ്റെയും അതിർവരമ്പുകൾക്കതീതമായി സമത്വത്തിൻ്റെയും മാനവികതയുടെയും ധാർമ്മികതയുടെയും സന്ദേശം പകരുന്ന ജീവിതത്തിനായുള്ള സാർവത്രിക വഴികാട്ടിയാണ് തിരുക്കുറലെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. തിരുക്കുറലിലെ ആശയങ്ങൾ പഠിക്കാനും അവ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

വിദേശഭാഷകൾ ഉൾപ്പെടെ 50 ഭാഷകളിലേക്ക് തിരുക്കുറൽ വിവർത്തനം ചെയ്തത് തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനും വലിയ നേട്ടമാണെന്നും, തിരുവള്ളുവരുടെ ഉപദേശങ്ങളുടെ സാർവത്രിക പ്രസക്തിക്കുള്ള ആദരവാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കാശി തമിഴ് സംഗമത്തിൻ്റെ ആദ്യ പതിപ്പിൽ തിരുക്കുറൽ 13 ഭാഷകളിൽ പ്രസിദ്ധീകരിച്ചതായും രണ്ടാം പതിപ്പിൽ 16 ഭാഷകളിലേക്ക് കൂടി വിവർത്തനം ചെയ്തതായും അദ്ദേഹം അനുസ്മരിച്ചു. അഞ്ചാം പതിപ്പിൽ 50 ഭാഷകളിൽ തിരുക്കുറൽ ലഭ്യമാകുന്നത് തമിഴ് സാഹിത്യ പൈതൃകം കൂടുതൽ വിപുലമായ വായനാസമൂഹത്തിലേക്ക് എത്തിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ നിലനിൽക്കുന്ന നാഗരികവും സാംസ്കാരികവുമായ ഐക്യത്തെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ പുരാതന കാലം മുതൽ നിലനിന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാടിൻ്റെയും കാശിയുടെയും സമ്പന്നമായ സാംസ്കാരിക, ആത്മീയ, വൈജ്ഞാനിക പാരമ്പര്യങ്ങളെ ഒരുമിപ്പിക്കുന്ന 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന കാഴ്ചപ്പാടിൻ്റെ സാക്ഷാത്കാരമാണ് കാശി തമിഴ് സംഗമമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ധാർമ്മിക ജീവിതം, സദ്ഭരണം, മനുഷ്യബന്ധങ്ങൾ, സദാചാര മൂല്യങ്ങൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്ന തിരുക്കുറലിലെ ആശയങ്ങൾ പഠിക്കേണ്ടതിൻ്റെയും അവ പ്രാവർത്തികമാക്കേണ്ടതിൻ്റെയും പ്രാധാന്യം ശ്രീ ജോഷി എടുത്തുപറഞ്ഞു. 1,330-ലധികം സ്ഥാപനങ്ങളിലൂടെ ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും, ഇത് തിരുക്കുറലിലെ കാലാതീതമായ ജ്ഞാനവുമായി ഇടപഴകാനും കൂടുതൽ പഠനവും ഗവേഷണവും നടത്താനും വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ, അധ്യാപകർ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രതിനിധികൾ കാശി തമിഴ് സംഗമത്തിൻ്റെ അഞ്ചാം പതിപ്പിൽ പങ്കെടുക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നെത്തിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഈ പതിപ്പിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് നൽകിയ പ്രത്യേക ശ്രദ്ധയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

പരിപാടി സുഗമമായി സംഘടിപ്പിക്കുന്നതിനും പങ്കെടുക്കുന്ന പ്രതിനിധികൾക്ക് അർത്ഥവത്തായ അനുഭവം ഉറപ്പാക്കുന്നതിനും ഐ.ഐ.ടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല, ഉത്തർപ്രദേശ് ഗവൺമെന്റ്, ജില്ലാ ഭരണകൂടം എന്നിവ നടത്തിയ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. കാശി തമിഴ് സംഗമത്തിൻ്റെ സന്ദേശം രാജ്യത്തുടനീളമുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു.
കാശി തമിഴ് സംഗമം 5.0-ൽ സദസ്സിനെ അഭിസംബോധന ചെയ്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കാശിയും തമിഴ്നാടും തമ്മിൽ നിലനിൽക്കുന്ന നാഗരികവും സാംസ്കാരികവുമായ ബന്ധങ്ങൾ എടുത്തുപറഞ്ഞു. പങ്കിട്ട പാരമ്പര്യങ്ങളിലും ആത്മീയ പൈതൃകത്തിലും സാംസ്കാരിക ബോധത്തിലുമാണ് ഇന്ത്യയുടെ ഐക്യം വേരൂന്നിയിരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുവായ സാംസ്കാരിക പൈതൃകത്തിലൂടെ വൈവിധ്യമാർന്ന ഭാഷകളും പാരമ്പര്യങ്ങളും ഒത്തുചേരുന്ന 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തിൻ്റെ ചൈതന്യത്തെയാണ് കാശി തമിഴ് സംഗമം ആഘോഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെങ്കാശി, അഗസ്ത്യ മഹർഷി, ആദിശങ്കരാചാര്യർ, കുമാരഗുരുപരർ, സുബ്രഹ്മണ്യ ഭാരതി തുടങ്ങിയവരുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ പരാമർശിച്ചുകൊണ്ട് തമിഴ്നാടും കാശിയും തമ്മിലുള്ള ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങൾ ശ്രീ യോഗി ആദിത്യനാഥ് അടിവരയിട്ടു പറഞ്ഞു. തലമുറകളിലൂടെ ഇന്ത്യയുടെ നാഗരിക ഐക്യത്തിന് കരുത്തേകിയ ആഴത്തിൽ വേരൂന്നിയ സാംസ്കാരിക വിനിമയങ്ങളെയാണ് ഈ ചരിത്രബന്ധങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക വിനിമയത്തിലൂടെ ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ദേശീയ ഐക്യത്തിൻ്റെ ഇഴയടുപ്പം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ചൈതന്യമാണ് ഈ സംഗമം പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളെ കൂട്ടിയിണക്കുകയും പൊതുവായ ദേശീയ സ്വത്വബോധം വളർത്തുകയും ചെയ്യുന്ന സംരംഭങ്ങളിലൂടെ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഉത്തർപ്രദേശ് മന്ത്രിമാരായ ശ്രീ അനിൽ രാജ്ഭർ, ശ്രീ രവീന്ദ്ര ജയ്സ്വാൾ, ശ്രീ ദയാശങ്കർ മിശ്ര, ശ്രീ ഹൻസ്രാജ് വിശ്വകർമ്മ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീമതി ദീപ്തി ഗൗർ മുഖർജി, ഭാരതീയ ഭാഷാ സമിതി അധ്യക്ഷൻ ശ്രീ ചമു കൃഷ്ണ ശാസ്ത്രി, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ ശ്രീ വി. കാമകോടി, ബനാറസ് ഹിന്ദു സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. അജിത് കുമാർ ചതുർവേദി, ആത്മീയ നേതാക്കൾ, പണ്ഡിതർ, തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2026 നവംബർ 28 മുതൽ ഡിസംബർ 12 വരെയാണ് കാശി തമിഴ് സംഗമത്തിൻ്റെ (KTS) അഞ്ചാം പതിപ്പ് നടക്കുന്നത്. ഐ.ഐ.ടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല (BHU), ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്, ഉത്തർപ്രദേശ് ഗവൺമെന്റ്, കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്.