57th International Film Festival of India 2026
20 – 28 Nov 2026

എന്താണ് നമ്മെ ഒരു കുടുംബമാക്കുന്നത്? ബന്ധങ്ങളുടെ അർത്ഥം അന്വേഷിച്ച് 57-ാം ഐ.എഫ്.എഫ്.ഐ സമാപന ചിത്രം

‘We Are All Strangers’ എന്ന ചിത്രത്തിലെ അഭിനേതാക്കൾ വളർച്ച, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കൽ, മാനുഷിക ബന്ധങ്ങൾ കണ്ടെത്തൽ എന്നിവയെക്കുറിച്ച് സംവദിച്ചു

പോസ്റ്റഡ് ഓണ്‍: 28 NOV 2026 3:48PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2343083Views: 6

ഗോവ, 2026 നവംബർ 28

എന്താണ് ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നത്? രക്തബന്ധങ്ങളോ, ഒരുമിച്ചു താമസിക്കുന്ന വീടോ, അതോ കാലക്രമേണ ഏവരും പരസ്പരം കെട്ടിപ്പടുക്കുന്ന ബന്ധങ്ങളോ? 57-ാമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) സമാപന ചിത്രമായ We Are All Strangers (നാമെല്ലാം അ‌പരിചിതർ) എന്ന സിനിമയുടെ കേന്ദ്രപ്രമേയം ഈ ചോദ്യമാണ്. ആന്റണി ചെൻ സംവിധാനം ചെയ്ത 157 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം മാൻഡറിൻ, ഇംഗ്ലീഷ് ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്. കുടുംബബന്ധങ്ങൾ, പ്രായപൂർത്തിയിലേക്കുള്ള വളർച്ചയിലെ അനിശ്ചിതത്വങ്ങൾ, സ്വന്തമായ ഇടം കണ്ടെത്തുന്നതിന്റെ അർത്ഥം എന്നിവയാണ് ചിത്രം അന്വേഷിക്കുന്നത്. ഗോവയിൽ ഇന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സിംഗപ്പൂർ അഭിനേതാക്കളായ കോ ജിയ ലറും റീജിൻ ലിമും ഈ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. 2013-ൽ പുറത്തിറങ്ങിയ ഇലോ ഇലോ (Ilo Ilo), 2019-ലെ വെറ്റ് സീസൺ (Wet Season) എന്നീ ചിത്രങ്ങൾക്കുശേഷം ചെൻ ഒരുക്കിയ 'ഗ്രോയിങ് അ‌പ്' (Growing Up) ത്രയത്തിലെ അവസാന ചിത്രമാണിത്.

സമകാലിക സിംഗപ്പൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം, 21 വയസ്സുകാരനായ ജുൻയാങ്ങിന്റെയും പിതാവ് ബൂൺ കിയാറ്റിന്റെയും ജീവിതമാണ് പിന്തുടരുന്നത്. പുതിയ ബന്ധങ്ങളും അപ്രതീക്ഷിത ഉത്തരവാദിത്വങ്ങളും അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. നാല് വ്യക്തികൾ ഒരേ വീട്ടിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങുന്നതോടെ, കുടുംബബന്ധങ്ങൾ, പ്രായപൂർത്തിയിലേക്കുള്ള വളർച്ചയിലെ അനിശ്ചിതത്വങ്ങൾ, തുടക്കത്തിൽ പരസ്പരം മനസ്സിലാക്കാൻ പ്രയാസപ്പെടുന്നവർക്കിടയിൽ ക്രമേണ രൂപപ്പെടുന്ന ബന്ധങ്ങൾ എന്നിവയാണ് കഥ അന്വേഷിക്കുന്നത്.

'ഗ്രോയിങ് അ‌പ്' ത്രയവുമായുള്ള തന്റെ യാത്രയെക്കുറിച്ച് സംസാരിച്ച കോ ജിയ ലർ, ഈ ചിത്രങ്ങൾക്കൊപ്പം താനും അഭിനേതാവെന്ന നിലയിൽ വളർന്നുവെന്ന് പറഞ്ഞു. ഏകദേശം 8,000 കുട്ടികളിൽനിന്നാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് അനുസ്മരിച്ച അദ്ദേഹം, ആന്റണി ചെനൊപ്പം പ്രവർത്തനം ആരംഭിക്കുമ്പോൾ തനിക്ക് ഔപചാരികമായ അഭിനയപരിശീലനം ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. സ്കൂൾ അവധിക്കാലത്ത് ആസ്വാദ്യകരമായ അനുഭവമായി ആരംഭിച്ച സിനിമാപ്രവർത്തനം, സംവിധായകനുമായുള്ള തുടർന്നുള്ള സഹകരണങ്ങളിലൂടെ സിനിമയെയും അഭിനയത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്ന അനുഭവമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കഥാപാത്രമായ ജുൻയാങ്ങിനെക്കുറിച്ച് സംസാരിക്കവേ, കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതനാകുന്നതിനൊപ്പം സമൂഹത്തിൽ തന്റേതായ ഇടം കണ്ടെത്താനും അവൻ ശ്രമിക്കുന്നുണ്ടെന്ന് കോ ജിയ ലർ നിരീക്ഷിച്ചു. വ്യക്തിപരമായ ചില അനുഭവങ്ങളും ചിത്രത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയിലേക്കുള്ള വളർച്ചയുടെ ഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രയാസകരമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നത്, ജീവിതത്തിൽ ശരിയായ ദിശ കണ്ടെത്താനുള്ള ശ്രമങ്ങൾ എന്നിവ ലോകമെമ്പാടുമുള്ള യുവപ്രേക്ഷകർക്ക് ഒരുപോലെ അനുഭവവേദ്യമാകുന്ന കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഥയിലെ അച്ഛനും മകനും ഉൾപ്പെടെ, രക്തബന്ധമുള്ളവർക്ക് പോലും പരസ്പരം അപരിചിതരായി തുടരാൻ കഴിയുമെന്നാണ് ചിത്രത്തിന്റെ പേരിന്റെ പ്രാധാന്യം വിശദീകരിച്ച്, ലിഡിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റീജിൻ ലിം പറഞ്ഞത്. നാല് വ്യക്തികൾ ഒരേ മേൽക്കൂരയ്ക്കു കീഴിൽ താമസിക്കാൻ തുടങ്ങുന്നതോടെ, അവർ ക്രമേണ പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും പഠിക്കുന്നു. ജൈവികമായ ബന്ധങ്ങൾ മാത്രമല്ല, പരസ്പര ധാരണയും അംഗീകാരവും വൈകാരിക അടുപ്പവും കൂടിയാണ് ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നതെന്ന് അവർ തിരിച്ചറിയുന്നു.

നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ കമ്മ്യൂണിക്കേഷൻസ് പഠനം പൂർത്തിയാക്കിയശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചും റീജിൻ ലിം സംസാരിച്ചു. പഠനം തന്റെ അഭിനയത്തോടുള്ള താൽപ്പര്യം വീണ്ടും ഉണർത്തിയെന്നും അവർ പറഞ്ഞു. സ്വന്തം ജീവിതത്തിൽനിന്ന് വ്യത്യസ്തമായ ജീവിതരീതികളും രാജ്യങ്ങളും സംസ്കാരങ്ങളും പ്രേക്ഷകർക്ക് പരിചയപ്പെടാൻ അവസരമൊരുക്കുന്ന മാധ്യമമാണ് സിനിമയെന്നും അവർ അഭിപ്രായപ്പെട്ടു.

സമ്പന്നരാജ്യമെന്ന സിംഗപ്പൂരിന്റെ പരിചിതമായ പ്രതിച്ഛായയ്ക്കപ്പുറം അവിടത്തെ സാധാരണക്കാരുടെ ദൈനംദിന ജീവിതം അന്താരാഷ്ട്ര പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ഈ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോ ജിയ ലർ പറഞ്ഞു. കുടുംബം, ഉത്തരവാദിത്വങ്ങൾ, വളർന്നുവരുന്നതിലെ അനിശ്ചിതത്വങ്ങൾ എന്നിവയുടെ ഹൃദയസ്പർശിയായ ആവിഷ്കാരത്തിലൂടെ, ഐ.എഫ്.എഫ്.ഐ 2026-ന്റെ 'അതിരുകൾക്കതീതമായ കഥകൾ' എന്ന പ്രമേയത്തിന് അനുയോജ്യമായ സമാപനമാണ് We Are All Strangers ഒരുക്കുന്നത്. സ്വന്തമായ ഇടം കണ്ടെത്തുന്നതിന്റെയും മാനുഷിക ബന്ധങ്ങളുടെയും അന്വേഷണം, സംസ്കാരങ്ങൾക്കും ഭൂമിശാസ്ത്രപരമായ അതിരുകൾക്കുമപ്പുറം വികാരങ്ങൾക്കും അനുഭവങ്ങൾക്കും മനുഷ്യരെ കൂട്ടിയിണക്കാൻ കഴിയുമെന്ന് അടിവരയിടുന്നു.

ശ്രീ കിരൺ മുരളിയാണ് വാർത്താസമ്മേളനത്തിന്റെ മോഡറേറ്ററായത്.

പൂർണ വാർത്താസമ്മേളനം കാണാം: : 

IFFILOID ഇവിടെ വായിക്കാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2343083
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026