പോസ്റ്റഡ് ഓണ്:
27 NOV 2026 3:43PM by PIB Thiruvananthpuram
ആഗോള പഠനാവസരങ്ങളിലേക്ക് തുറക്കുന്ന വാതിലുകൾ
ഉന്നത വിദ്യാഭ്യാസം അറിവിന്റെയും അവസരങ്ങളുടെയും തൊഴിൽപരമായ പുരോഗതിയുടെയും പുതിയ വാതിലുകൾ തുറന്നു നൽകുന്നു. 'ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ' (AISHE) 2023–24 റിപ്പോർട്ട് പ്രകാരം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശിച്ച പട്ടികവർഗ്ഗ (ST) വിദ്യാർത്ഥികളുടെ എണ്ണം 28,83,218 ആയി ഉയർന്നു. 2019–20-ൽ ഇത് 21,56,109 ആയിരുന്നു. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസം കേവലം വിദേശപഠനത്തിനുള്ള അവസരം മാത്രമല്ല; നൂതന വിജ്ഞാനം നേടാനും, മികച്ച ഗവേഷണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും, ആഗോളതലത്തിലുള്ള അക്കാദമിക അനുഭവങ്ങൾ ആർജിക്കാനുമുള്ള വലിയൊരു സാധ്യത കൂടിയാണ്. വിദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിലൂടെ അറിവിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കാനും, തൊഴിൽപരമായ നൈപുണ്യം മെച്ചപ്പെടുത്താനും, ആഗോളതലത്തിൽ പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താനും കഴിയും. ഇത്തരം അവസരങ്ങൾ വിദ്യാർത്ഥികളുടെ വ്യക്തിഗതവും അക്കാദമികവുമായ വളർച്ചയ്ക്ക് കരുത്തേകുന്നതിനൊപ്പം, സ്വന്തം സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയിൽ സജീവമായി പങ്കാളികളാകാനും അവരെ പ്രാപ്തരാക്കുന്നു.

ആഗോളതലത്തിൽ മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് വിദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനം നടത്തുന്നതിന് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 'നാഷണൽ ഓവർസീസ് സ്കോളർഷിപ്പ്' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേന്ദ്ര ഗോത്രവർഗ കാര്യ മന്ത്രാലയത്തിന് കീഴിൽ നടപ്പിലാക്കുന്ന ഈ പദ്ധതി 1954–55 മുതൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. വിദേശത്തെ പ്രശസ്തമായ സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ (Master's), ഡോക്ടറൽ (PhD) പഠനങ്ങൾ നടത്തുന്നതിനായി പ്രതിവർഷം 20 പുതിയ സ്കോളർഷിപ്പുകളാണ് പദ്ധതിയിലൂടെ അനുവദിക്കുന്നത്. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും നയതന്ത്ര ദൗത്യങ്ങളും മുഖേനയാണ് പദ്ധതിയുടെ നിർവഹണം.
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനായി കാലക്രമേണ ഈ പദ്ധതിയുടെ പരിധിയും ആനുകൂല്യങ്ങളും വിപുലീകരിച്ചിട്ടുണ്ട്. 2010–11 വർഷത്തിൽ എൻജിനീയറിങ്, സാങ്കേതികവിദ്യ, ശാസ്ത്രം എന്നീ മേഖലകളിലായി 15 സ്കോളർഷിപ്പുകളാണ് അനുവദിച്ചിരുന്നതെങ്കിൽ, നിലവിൽ നാല് വ്യത്യസ്ത പഠനമേഖലകളിലായി പ്രതിവർഷം 20 സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഈ വികാസം, വിദേശത്ത് ഉന്നതപഠനം നടത്താൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ (ST) വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു നൽകുന്നു.
വിപുലമാകുന്ന അവസരങ്ങൾ: എൻ.ഒ.എസ് (NOS) പദ്ധതി - ഒരു അവലോകനം
ലോകമെമ്പാടുമുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 'നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് സ്കീം' അവസരമൊരുക്കുന്നു. 'QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ' ആദ്യത്തെ 1,000 സ്ഥാനങ്ങളിൽ ഉൾപ്പെടുന്ന സർവകലാശാലകളിലും സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പഠനങ്ങൾ നടത്തുന്നതിന് ഈ പദ്ധതി സഹായം നൽകുന്നു. നാല് പ്രധാന പഠന മേഖലകളെ ഉൾക്കൊള്ളുന്ന ഈ പദ്ധതിയിൽ, ഓരോ മേഖലയ്ക്കും നിശ്ചിത എണ്ണം സീറ്റുകൾ (സ്ലോട്ടുകൾ) അനുവദിച്ചിട്ടുണ്ട്.
ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന വിഷയങ്ങളും സീറ്റുകളും
|
പഠന മേഖല
|
ഒഴിവുകളുടെ എണ്ണം
|
|
പ്യുവർ/അപ്ലൈഡ് സയൻസ്, എൻജിനീയറിംഗ്, ടെക്നോളജി, ഗണിതശാസ്ത്രം (STEM)
|
10
|
|
മാനേജ്മെന്റ്, സാമ്പത്തിക ശാസ്ത്രം, ധനകാര്യം, നിയമം
|
04
|
|
കൃഷി/മെഡിസിൻ
|
04
|
|
ഹ്യുമാനിറ്റീസ്/സാമൂഹിക ശാസ്ത്രം/ലളിത കലകൾ
|
02
|
പ്രതിവർഷം നൽകിവരുന്ന 20 സ്കോളർഷിപ്പുകളിൽ 17 എണ്ണം പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും, 3 എണ്ണം അതീവ ദുർബല ഗോത്രവിഭാഗങ്ങൾക്കും (PVTGs) ആയി നീക്കിവച്ചിരിക്കുന്നു. ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ മേഖലയിൽ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദ്ധതി പ്രത്യേക ഊന്നൽ നൽകുന്നു; ഇതിനായി 30% സ്കോളർഷിപ്പുകൾ വിദ്യാർത്ഥിനികൾക്കായി നീക്കിവച്ചിരിക്കുന്നു. 2015-16 വർഷത്തിൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 20% (തിരഞ്ഞെടുക്കപ്പെട്ട 15 പേരിൽ 3 പേർ) വനിതകളായിരുന്നു; 2024-25 വർഷത്തിൽ ഇത് 47.8% (തിരഞ്ഞെടുക്കപ്പെട്ട 23 പേരിൽ 11 പേർ) ആയി വർദ്ധിച്ചു. വനിതകൾക്കായി നീക്കിവച്ച അവസരങ്ങൾ ആവശ്യക്കാരില്ലാത്ത സാഹചര്യത്തിൽ, അർഹരായ പുരുഷ വിദ്യാർത്ഥികൾക്ക് നല്കാൻ വ്യവസ്ഥയുണ്ട്.
കോഴ്സ്/ഗവേഷണം പൂർത്തിയാകുന്നതുവരെയോ, കോഴ്സിനായി നിശ്ചയിച്ചിട്ടുള്ള കാലാവധി കഴിയുന്നതുവരെയോ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ) സാമ്പത്തിക സഹായം ലഭിക്കും.
|
ക്രമ നമ്പർ
|
കോഴ്സ്
|
പരമാവധി കാലാവധി
|
|
1
|
പി.എച്ച്.ഡി. (Ph.D.)
|
4 വർഷം
|
|
2
|
ബിരുദാനന്തര ബിരുദം
|
കോഴ്സിന്റെ സ്വഭാവവും ദൈർഘ്യവും അനുസരിച്ച് 1 അല്ലെങ്കിൽ 2 വർഷം
|
അവസരങ്ങളുടെ വാതിലുകൾ: യോഗ്യതയും മാനദണ്ഡവും
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്രതലത്തിൽ മികച്ച ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി വ്യക്തമായ യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് തുല്യവും നീതിയുക്തവുമായ വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ ലക്ഷ്യമിടുന്നു.
യോഗ്യത
|
ക്രമ നമ്പർ
|
കോഴ്സ്
|
മാർക്കും വിദ്യാഭ്യാസ യോഗ്യതയും
|
തിരഞ്ഞെടുപ്പ് വർഷം ജൂലൈ 1-ലെ കണക്കാക്കിയുള്ള പരമാവധി പ്രായം
|
|
1
|
Ph.D.
|
55% marks or equivalent grade in relevant Master's Degree
|
35 years
|
|
1
|
പിഎച്ച്.ഡി.
|
ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദത്തിന് 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്
|
35 വയസ്സ്
|
|
2
|
ബിരുദാനന്തര ബിരുദം
|
ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദത്തിന് 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്
|
32 വയസ്സ്
|
വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്കും, അവിടെ പഠിക്കുന്നതിനായുള്ള സ്കോളർഷിപ്പിനും നേരിട്ട് അപേക്ഷിക്കണം. ഏറ്റവും പുതിയ 'QS വേൾഡ് റാങ്കിംഗ്' പ്രകാരം മുൻനിരയിലുള്ള 1,000 വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ/സർവകലാശാലകളിൽ പ്രവേശനത്തിന് അവസരം ലഭിച്ചിട്ടുള്ളവരും, അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ അവിടെ പ്രവേശനം നേടിക്കഴിഞ്ഞിട്ടില്ലാത്തവരുമായ ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന നൽകുക. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ റാങ്കിംഗിനെ അടിസ്ഥാനമാക്കിയായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ഒന്നിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ QS റാങ്കിംഗ് വരുന്ന സാഹചര്യത്തിൽ, സ്കോളർഷിപ്പിനായി അപേക്ഷിച്ചിട്ടുള്ള ഉന്നത പഠന കോഴ്സിലേക്ക് പ്രവേശനം നേടുന്നതിന് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്ന പരീക്ഷയിൽ അവർ നേടിയ മാർക്ക് അല്ലെങ്കിൽ ഗ്രേഡ് പരിഗണിച്ചായിരിക്കും മെറിറ്റ് തീരുമാനിക്കുക.
ഒരു കുടുംബത്തിൽ ഒരു കുട്ടിക്ക് മാത്രം; ഒറ്റത്തവണ സഹായം
അപേക്ഷകന്റെ സ്വയം സാക്ഷ്യപ്പെടുത്തലിന് വിധേയമായി, ഒരേ കുടുംബത്തിലെ ഒരു കുട്ടിക്ക് മാത്രമേ ഈ സ്കോളർഷിപ്പിന് അർഹതയുണ്ടാവുകയുള്ളൂ. ഓരോ അപേക്ഷകനും ഈ സ്കോളർഷിപ്പ് ഒരിക്കൽ മാത്രമേ പ്രയോജനപ്പെടുത്താൻ കഴിയൂ; കൂടാതെ, ഈ പദ്ധതിക്ക് കീഴിൽ അതേ തലത്തിലോ അതിനു മുകളിലുള്ള തലത്തിലോ മറ്റൊരു ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
വരുമാന മാനദണ്ഡം
സ്കോളർഷിപ്പിന് അർഹത ലഭിക്കുന്നതിന്, അപേക്ഷകന്റെ കുടുംബത്തിന്റെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
തിരഞ്ഞെടുപ്പ്
2026–27 അധ്യയന വർഷം മുതൽ, ഏറ്റവും പുതിയ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആദ്യ 1,000 സ്ഥാനങ്ങളിൽ ഉൾപ്പെട്ട വിദേശ സർവകലാശാലകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം ലഭിച്ചിട്ടും പഠനം ആരംഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന നൽകും. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ QS റാങ്കിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളുടെ മുൻഗണനാക്രമം നിശ്ചയിക്കുക. ഒന്നിലധികം സ്ഥാപനങ്ങൾക്ക് ഒരേ റാങ്ക് ലഭിക്കുന്ന സാഹചര്യത്തിൽ, ഉദ്യോഗാർത്ഥികളുടെ യോഗ്യതാ പരീക്ഷയിലെ മാർക്കുകൾ പരിഗണിച്ച് അന്തിമ മുൻഗണനാക്രമം തീരുമാനിക്കും. ഇതിനുശേഷവും ഒഴിവുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ, മന്ത്രാലയം നിയോഗിക്കുന്ന വിദഗ്ധ സമിതി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. GRE (Graduate Record Examinations), GMAT (Graduate Management Admission Test), TOEFL (Test of English as a Foreign Language) തുടങ്ങിയ പരീക്ഷകളിൽ യോഗ്യത നേടിയവർക്ക് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ സ്കോളർഷിപ്പ് അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ലഭിച്ച തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ അംഗീകൃത വിദേശ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടുകയും പഠനം ആരംഭിക്കുകയും വേണം.
നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പോർട്ടൽ
നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. പദ്ധതിയുടെ മാർഗനിർദേശങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ഇത് അപേക്ഷാ നടപടികൾ കൂടുതൽ ലളിതവും സുതാര്യവും കാര്യക്ഷമവുമാക്കുന്നു. ഡിജിലോക്കറുമായി സംയോജിപ്പിച്ചിരിക്കുന്ന പോർട്ടൽ വഴി അപേക്ഷകർക്ക് നിലവിലുള്ള രേഖകൾ ഡിജിറ്റലായി വീണ്ടെടുക്കാനും ആവശ്യമായ അധിക രേഖകൾ അപ്ലോഡ് ചെയ്യാനും സാധിക്കും. കൂടാതെ, രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് സംശയങ്ങളും പരാതികളും നേരിട്ട് പോർട്ടൽ മുഖേന സമർപ്പിക്കാനുള്ള സൗകര്യവുമുണ്ട്. എസ്എംഎസ്, ഇമെയിൽ അറിയിപ്പുകൾ ഉൾക്കൊള്ളുന്ന ഓട്ടോമേറ്റഡ് നോട്ടിഫിക്കേഷൻ സംവിധാനം അപേക്ഷയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നു. അതോടൊപ്പം, സംയോജിത ഡാഷ്ബോർഡ് പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും സഹായിക്കുന്നു.
സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള നിക്ഷേപം: എൻ.ഒ.എസ് പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം
വിദേശത്ത് പഠനം നടത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് 'നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് സ്കീം'. അമേരിക്കയിലും യുണൈറ്റഡ് കിംഗ്ഡത്തിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, യഥാക്രമം 15,400 യു.എസ് ഡോളറോ (USD) 9,900 ബ്രിട്ടീഷ് പൗണ്ടോ (GBP) വാർഷിക ചെലവിനുള്ള മുൻകൂർ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. മറ്റ് രാജ്യങ്ങളിലെ പഠനത്തിന്, ഇതിന് തുല്യമായ തുക യു.എസ് ഡോളറിലോ അതത് രാജ്യത്തെ നിരക്കിലോ നൽകുന്നു. പുസ്തകങ്ങൾ, പഠനാവശ്യത്തിനുള്ള ഉപകരണങ്ങൾ, പഠനയാത്രകൾ, ടൈപ്പിംഗ്, തീസിസ് ബൈൻഡിംഗ് തുടങ്ങിയ ചെലവുകൾക്കായി 1,532 യു.എസ് ഡോളറോ (അല്ലെങ്കിൽ 1,116 ബ്രിട്ടീഷ് പൗണ്ടോ) വാർഷിക അലവൻസായി (contingency and equipment allowance) നൽകിവരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്ന ട്യൂഷൻ ഫീസും, നിർബന്ധിതവും തിരികെ ലഭിക്കാത്തതുമായ മറ്റ് ഫീസുകളും, യഥാർത്ഥ വിസ ഫീസും ബാധകമായ നികുതികളും (poll taxes) ഈ സ്കോളർഷിപ്പിൽ ഉൾപ്പെടുന്നു. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങൾ, ബന്ധപ്പെട്ട ഇന്ത്യൻ എംബസിയോ മിഷനോ വിലയിരുത്തിയ ശേഷം, യഥാർത്ഥ നിരക്കിൽ തിരികെ നൽകുന്നതാണ്. യാത്രയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 20 യുഎസ് ഡോളർ വരെയോ (അല്ലെങ്കിൽ അതിന് തുല്യമായ ഇന്ത്യൻ രൂപയോ) അനുവദനീയമാണ്.
വിദേശപഠനത്തിനായുള്ള അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിൽ നിന്ന് പഠനസ്ഥാപനത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള എക്കോണമി ക്ലാസ് വിമാനയാത്രാ നിരക്ക് പദ്ധതി പ്രകാരം അനുവദിക്കുന്നു. ഏറ്റവും കുറഞ്ഞ ദൂരമുള്ള റൂട്ടിൽ, ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റിന്റെ യഥാർത്ഥ ചെലവാണ് ഇതിനായി തിരികെ നൽകുന്നത്. കൂടാതെ, എത്തിച്ചേരുന്ന വിമാനത്താവളത്തിൽ നിന്ന് പഠനസ്ഥലത്തേക്കും തിരിച്ചുമുള്ള പ്രാദേശിക യാത്രാച്ചെലവുകളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. ഇതിൽ രണ്ടാം ക്ലാസ് ട്രെയിൻ യാത്രാനിരക്കും ഉൾപ്പെടും. ട്രെയിൻ സൗകര്യം ലഭ്യമല്ലാത്ത റൂട്ടുകളിൽ ബസ്, ഫെറി (ബോട്ട്) തുടങ്ങിയ ബദൽ യാത്രാമാർഗങ്ങളിലൂടെയുള്ള ചെലവുകളും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കുന്നതാണ്.

നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് സ്കീമിന് കീഴിൽ ഗവണ്മെന്റ് അനുവദിക്കുന്ന സാമ്പത്തിക സഹായത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടുന്ന പട്ടികവർഗ്ഗ ഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ നിരന്തരമായ ഇടപെടലുകളെയാണ് ഈ വർദ്ധനവ് പ്രതിഫലിപ്പിക്കുന്നത്. പദ്ധതിക്കായി അനുവദിച്ച സാമ്പത്തിക വിഹിതം 2015–16-ൽ 0.39 കോടി രൂപയായിരുന്നത് 2025–26-ൽ 8 കോടി രൂപയായി ഉയർന്നു. അതോടൊപ്പം, ഓരോ വർഷവും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം (പുതിയതും നിലവിൽ പഠനം തുടരുന്നതുമായ വിദ്യാർത്ഥികൾ ഉൾപ്പെടെ) 2013–14-ലെ 8-ൽ നിന്ന് 2025–26-ൽ 64 ആയി വർദ്ധിച്ചു. ഈ കാലയളവിൽ ആകെ 400 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. കൂടാതെ, 2014–15 മുതൽ പദ്ധതിയുടെ കീഴിൽ വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടുന്നതിന് അർഹരായ പട്ടികവർഗ്ഗ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം ആകെ 46.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അവസരങ്ങൾ വിപുലമാകുന്നു
'നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് സ്കീം' ഇന്ത്യയിലുടനീളമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്, വിദേശരാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നു. കേന്ദ്ര ഗവണ്മെന്റ് ആവിഷ്കരിച്ച്, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഓരോ വർഷവും 20 പുതിയ സ്കോളർഷിപ്പുകൾ നൽകുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അർഹരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഇതിൽ സംസ്ഥാനങ്ങൾക്കോ ജില്ലകൾക്കോ പ്രത്യേകമായി സീറ്റുകളോ ഫണ്ടുകളോ നീക്കിവച്ചിട്ടില്ല. ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരങ്ങൾ വിപുലീകരിക്കാൻ ഗവണ്മെന്റ് നടത്തുന്ന നിരന്തരമായ ശ്രമങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
അതിരുകൾ ഭേദിച്ച് അഭിലാഷങ്ങളെ സാക്ഷാത്ക്കരിക്കുന്നു
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിലുള്ള മികച്ച ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രാപ്യമാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി. സാമ്പത്തിക പരിമിതികൾ മറികടന്ന് വിദേശത്തെ പ്രമുഖ സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നതപഠനവും ഗവേഷണവും നടത്താൻ അർഹരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി അവസരമൊരുക്കുന്നു. അന്താരാഷ്ട്ര അക്കാദമിക അന്തരീക്ഷവുമായുള്ള സമ്പർക്കം നൂതന വിജ്ഞാനം ആർജിക്കാനും പ്രത്യേക മേഖലകളിലെ വൈദഗ്ധ്യം വികസിപ്പിക്കാനും തൊഴിൽപരമായ കഴിവുകൾ മെച്ചപ്പെടുത്താനും ആഗോളതലത്തിൽ മികച്ച കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്നു. ഇതിലൂടെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വ്യക്തിഗതവും തൊഴിൽപരവുമായ വളർച്ചയ്ക്ക് വഴിയൊരുക്കുന്നതിനൊപ്പം, സാമൂഹിക-സാമ്പത്തിക പുരോഗതിയും തുല്യമായ വിദ്യാഭ്യാസ അവസരങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. കൂടാതെ, ഈ നേട്ടങ്ങൾ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾ പിന്തുടരാൻ വരുംതലമുറയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്നു.
ഓരോ തിരഞ്ഞെടുപ്പ് ഘട്ടത്തിന്റെയും വിജ്ഞാപനം നാഷണൽ ഓവർസീസ് സ്കോളർഷിപ്പിനായുള്ള പ്രത്യേക ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നു. ഇതിലൂടെ അർഹരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷാ തീയതികൾ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാനും നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാനും കഴിയും. ആഗോള വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിലൂടെ, പദ്ധതി ഗോത്രസമൂഹങ്ങളുടെ സമഗ്ര വിദ്യാഭ്യാസ വികസനത്തെ പിന്തുണയ്ക്കുകയും വികസിത ഭാരതമെന്ന ദർശനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.
സൂചനകൾ
Click here to see pdf
********