57th International Film Festival of India 2026
20 – 28 Nov 2026

2001-ലേക്ക് ഒരു തിരിഞ്ഞുനോട്ടം: ഹിന്ദി സിനിമയ്ക്ക് പുതിയ ദിശാബോധം നൽകിയ ചലച്ചിത്രകാരന്മാർ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്നു

പോസ്റ്റഡ് ഓണ്‍: 27 NOV 2026 6:01PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342796Views: 5

ഒരു ഗ്രാമം ക്രിക്കറ്റിലൂടെ ഒരു സാമ്രാജ്യത്തോട് പോരാടുന്നു; മൂന്ന് സുഹൃത്തുക്കൾ സൗഹൃദത്തെയും പ്രണയത്തകർച്ചയെയും വളർച്ചയുടെ അനിശ്ചിതത്വങ്ങളെയും അതിജീവിക്കുന്നു; സമൂഹം പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന സ്ത്രീകളിലേക്കും യാഥാർത്ഥ്യങ്ങളിലേക്കും ഒരു ചലച്ചിത്രകാരൻ ക്യാമറ തിരിക്കുന്നു. വ്യത്യസ്തമായ കഥകൾ പറഞ്ഞ മൂന്ന് സിനിമകളിലൂടെ ഹിന്ദി സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ വർഷങ്ങളിലൊന്നായി 2001 മാറി.

 

'ലഗാൻ', 'ദിൽ ചാഹ്താ ഹേ', 'ചാന്ദ്നി ബാർ' എന്നീ ചിത്രങ്ങൾ പ്രേക്ഷകരെ രസിപ്പിക്കുക മാത്രമല്ല ചെയ്തത്; പരമ്പരാഗത രീതികളെ വെല്ലുവിളിച്ച ആ ചിത്രങ്ങള്‍ പുതിയ പാതകൾ വെട്ടിത്തെളിക്കുകയും സിനിമാ ചർച്ചകളുടെ ഗതി മാറ്റുകയും ചെയ്തു. 'ലഗാൻ' പോരാട്ടവീര്യത്തെ ആഘോഷിച്ചപ്പോൾ, 'ദിൽ ചാഹ്താ ഹേ' ഒരു തലമുറയുടെ വികാരങ്ങളെ ഒപ്പിയെടുത്തു; പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്ത്രീകളിലേക്കും അവരുടെ ജീവിതങ്ങളിലേക്കുമാണ് 'ചാന്ദ്നി ബാർ' ശ്രദ്ധ ക്ഷണിച്ചത്.

 

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം, ഈ വിഖ്യാത ചിത്രങ്ങൾക്ക് പിന്നിലെ പ്രതിഭാധനരായ ചലച്ചിത്രകാരന്മാർ — അശുതോഷ് ഗോവാരിക്കർ, ഫർഹാൻ അക്തർ, മധുർ ഭണ്ഡാർക്കർ എന്നിവർ — ഗോവയിലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ദി ലെജൻഡറി 25' എന്ന പ്രത്യേക സെഷനിൽ വീണ്ടും ഒത്തുചേർന്നു. നിലവിലെ ചട്ടക്കൂടുകളെ പൊളിച്ചെഴുതാൻ ധൈര്യപ്പെട്ട സിനിമകളെയും സ്വന്തം പാതയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ച ചലച്ചിത്രകാരന്മാരെയും ആദരിക്കുന്ന വേദിയായിരുന്നു ഇത്.

 

 

"നിർമിതബുദ്ധി ചലച്ചിത്രനിർമാണത്തെ മാറ്റിയേക്കാം, പക്ഷേ മനുഷ്യാത്മാവിന് പകരമാകാൻ അതിനാവില്ല"

സിനിമയെ സമൂഹത്തിൻ്റെ   കണ്ണാടിയായി ഉയർത്തിക്കാട്ടിയ സംവിധായകൻ മധുർ ഭണ്ഡാർക്കർ യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതും പ്രത്യേകിച്ച് പുറംലോകം അറിയാത്ത ആഖ്യാനങ്ങളും അവഗണിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളും മുന്നിലേക്ക് കൊണ്ടുവരുന്നതുമായ കഥകൾ പറയുന്നതിലെ പ്രതിബദ്ധത ആവർത്തിച്ചു. സ്ത്രീകളുടെ വേറിട്ട ആവിഷ്കാരങ്ങൾ സ്വീകരിക്കാൻ ചലച്ചിത്രലോകം മടിച്ചുനിന്നിരുന്ന കാലത്ത് സ്ത്രീകേന്ദ്രീകൃത വിഷയങ്ങൾക്കായി വാദിച്ചതിലെ വെല്ലുവിളികൾ അദ്ദേഹം ഓർത്തെടുത്തു. സ്ത്രീകളെ അവരുടെ എല്ലാ സങ്കീർണതകളോടും ദുർബലതകളോടും കരുത്തോടും കൂടി അവതരിപ്പിക്കണമെന്ന ബോധ്യത്തിൽ നിന്നാണ് 'ചാന്ദ്നി ബാർ', 'കോർപ്പറേറ്റ്', 'ഫാഷൻ' തുടങ്ങിയ ചിത്രങ്ങൾ പിറവിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സംസാരിക്കാനോ അന്വേഷിക്കാനോ പോലും മടിക്കുന്ന വിഷയങ്ങളെക്കുറിച്ച് സിനിമകൾ നിർമിക്കാനാണ് എപ്പോഴും ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അണിയറയിലെ കഥകളും പൊതുജനങ്ങളുടെ കണ്ണിൽ നിന്ന് പലപ്പോഴും മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളുമാണ് തന്നെ ആകർഷിക്കുന്നതെന്നും സിനിമയെ എപ്പോഴും സമൂഹത്തിൻ്റെ   കണ്ണാടിയായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദർശവൽക്കരിക്കപ്പെട്ട സിനിമാജീവിതം സൃഷ്ടിക്കുന്നതിനേക്കാൾ യഥാർത്ഥ ജീവിതത്തെ പര്യവേക്ഷണം ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

സർഗാത്മക ധൈര്യത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പ്രാധാന്യം എടുത്തുപറഞ്ഞ ഭണ്ഡാർക്കർ, ചലച്ചിത്രമേഖലയിലെ നിലവിലെ പ്രവണതകളിലോ പ്രേക്ഷക പ്രതീക്ഷകളിലോ സ്വാധീനിക്കപ്പെടാതെ സ്വയം വിശ്വസിക്കുന്ന കഥകളോട് സത്യസന്ധത പുലർത്താൻ ചലച്ചിത്രകാരന്മാരോട് ആഹ്വാനം ചെയ്തു. ചലച്ചിത്രനിർമാണത്തിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നിർമിതബുദ്ധിയും വിഷ്വൽ ഇഫക്റ്റുകളും ദൃശ്യാവിഷ്കാരത്തിൽ ആവേശകരമായ പുതിയ മാനങ്ങൾ തുറന്നേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, സിനിമയ്ക്ക് വൈകാരിക ആഴം നൽകുന്ന മാനുഷിക ഘടകത്തിന് പകരമാകാൻ സാങ്കേതികവിദ്യയ്ക്ക് ഒരിക്കലും കഴിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.  

 

"നിർമിതബുദ്ധിക്കും വിഷ്വൽ ഇഫക്റ്റുകൾക്കും ദൃശ്യാനുഭവം മെച്ചപ്പെടുത്താനും ചലച്ചിത്രനിർമാണത്തിൻ്റെ   സാധ്യതകൾ വിപുലീകരിക്കാനും തീർച്ചയായും കഴിയും; എന്നാൽ അവയ്ക്ക് ഒരിക്കലും മാനുഷിക സ്പർശത്തിന് പകരമാകാനാവില്ല. സാങ്കേതികവിദ്യയ്ക്ക് ദൃശ്യങ്ങൾ സൃഷ്ടിക്കാനാവും, പക്ഷേ ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്ന മനുഷ്യവികാരങ്ങളെയും സംവേദനക്ഷമതയെയും വൈകാരിക ബന്ധത്തെയും അനുകരിക്കാൻ അതിന് ഒരിക്കലും കഴിയില്ല," അദ്ദേഹം പറഞ്ഞു.

 

"ഓരോ സിനിമയും പൂജ്യത്തിൽ നിന്നുള്ള പുനരാരംഭം; അഭിനയത്തിൻ്റെ   മാന്ത്രികത വാക്കുകൾക്കിടയിലെ നിശബ്ദതയില്‍"

 

സ്വന്തം സർഗാത്മക യാത്രയെക്കുറിച്ച് ഓർത്തെടുത്ത അശുതോഷ് ഗോവാരിക്കർ, ഓരോ പുതിയ സിനിമയെയും 'പൂജ്യത്തിൽ നിന്നുള്ള പുനരാരംഭ'മെന്നാണ് വിശേഷിപ്പിച്ചത്. പുതിയ കാഴ്ചപ്പാടും തുറന്ന മനസ്സും കഥാഖ്യാന കലയെ വീണ്ടും കണ്ടെത്താനുള്ള സന്നദ്ധതയും ഇതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷണാത്മക സിനിമകൾ നേരിടുന്ന വെല്ലുവിളികൾ എടുത്തുപറഞ്ഞ അദ്ദേഹം നവീനമോ വ്യത്യസ്തമോ പരീക്ഷണാത്മകമോ ആയ ഏതൊരു സൃഷ്ടിക്കും പ്രേക്ഷകരെ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണെന്നും ആദ്യ വാരാന്ത്യത്തിലെ കളക്ഷൻ മാത്രം നോക്കി ഒരു സിനിമയെ വിലയിരുത്തരുതെന്നും വ്യക്തമാക്കി.

 

അഭിനയകലയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ച അദ്ദേഹം, ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്നതിൽ ശ്രദ്ധാപൂര്‍വം കേൾക്കൽ, ഭാവപ്രകടനങ്ങൾ, വാക്കുകള്‍ക്കിടയിലെ നിശബ്ദത എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. യഥാർത്ഥ അഭിനയം സംഭാഷണങ്ങൾക്കിടയിലെ നിശബ്ദതയിലാണെന്നും ശ്രദ്ധിച്ചു കേൾക്കുകയെന്നത് ഒരു അഭിനേതാവിൻ്റെ   ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സൂചനയോട് അഭിനേതാവ് എങ്ങനെ പ്രതികരിക്കുന്നു എന്നതും അതുപോലെതന്നെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് മുൻകൂട്ടി അനുമാനിക്കുന്നതിന് പകരം ചലച്ചിത്രകാരന്മാർ സ്വന്തം കഥകളിൽ വിശ്വസിക്കണമെന്ന് ആവർത്തിച്ച അദ്ദേഹം, പ്രേക്ഷകർക്ക് അവരുടേതായ വ്യാഖ്യാനങ്ങൾ രൂപപ്പെടുത്താൻ അവസരം നൽകേണ്ടതിൻ്റെ   പ്രാധാന്യവും വിശദീകരിച്ചു.  

 

"ഭയമില്ലാതെ നിങ്ങളുടെ കഥ പറയുക; അഹംഭാവം പുറത്തുവെക്കുക"

മൗലികതയെയും സർഗാത്മക നിർഭയത്വത്തെയും ഉയർത്തിപ്പിടിച്ച ഫർഹാൻ അക്തർ, സ്വന്തം ഉൾവിളികളിൽ വിശ്വസിക്കാനും സ്വന്തം കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന കഥകൾ പറയാനും യുവ ചലച്ചിത്രകാരന്മാരോട് ആഹ്വാനം ചെയ്തു. പരമ്പരാഗത ചിന്താഗതികളിൽ നിന്ന് പുറത്തുകടക്കേണ്ടതിൻ്റെ   പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ഒരു സംവിധായകനോ എഴുത്തുകാരനോ തുറന്ന ഹൃദയവും മനസ്സും സൂക്ഷിക്കുകയും അഹംഭാവം ഉപേക്ഷിക്കുകയും വേണമെന്ന് വ്യക്തമാക്കി. നിർഭയരാവാനും സ്വന്തം കാഴ്ചപ്പാടിൽ വിശ്വസിക്കാനും യഥാർത്ഥത്തിൽ പറയാൻ ആഗ്രഹിക്കുന്ന കഥ പറയാനും അദ്ദേഹം ആഹ്വാനം ചെയ്തു.  

 

തിരക്കഥയെ "ജീവന്‍ തുടിക്കുന്ന ഒന്ന്" എന്ന് വിശേഷിപ്പിച്ച ഫർഹാൻ, എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ ഭാവനയിലൂടെ ഒരു കഥ എങ്ങനെ വികസിക്കുന്നുവെന്ന് വിശദീകരിച്ചു. ചലച്ചിത്രനിർമാണം ഒരു കൂട്ടായ പ്രക്രിയയാണെന്നും, വ്യക്തിപരമായ അഹംഭാവങ്ങൾ മാറ്റിവെക്കുന്നത് ഒരു കഥയെ വളരാനും അതിൻ്റെ   യഥാർത്ഥ ശബ്ദം കണ്ടെത്താനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത പ്രചാരണങ്ങൾ സിനിമയുടെ അന്തസ്സത്തയെ മറയ്ക്കാൻ അനുവദിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, അർത്ഥപൂര്‍ണമായ കഥാവിഷ്കാരത്തിനും പ്രേക്ഷകരുമായുള്ള ആത്മാർത്ഥമായ ബന്ധത്തിനും എപ്പോഴും മുൻഗണന നൽകണമെന്നും അഭിപ്രായപ്പെട്ടു.  

 

സംവാദം അവസാനിക്കുമ്പോൾ ഒരു ചിന്ത വേറിട്ടുനിന്നു: സർഗാത്മക ധൈര്യം, മൗലികമായ കഥാഖ്യാനം, പരമ്പരാഗത രീതികളെ വെല്ലുവിളിക്കാനുള്ള സന്നദ്ധത എന്നിവയിൽ നിന്നാണ് മഹത്തായ സിനിമകൾ പിറക്കുന്നത്. ഇന്ത്യൻ സമൂഹത്തിൻ്റെ   വ്യത്യസ്ത തലങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചലച്ചിത്ര ചർച്ചകളെ പുനർനിർമിക്കുകയും ചെയ്ത 'ലഗാൻ', 'ദിൽ ചാഹ്താ ഹേ', 'ചാന്ദ്നി ബാർ' എന്നീ ചിത്രങ്ങൾക്ക് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും മാനുഷിക അനുഭവങ്ങളിൽ വേരൂന്നിയ കഥകളുടെ ശാശ്വതമായ കരുത്ത് അവയുടെ സ്രഷ്ടാക്കൾ ആവര്‍ത്തിച്ച് വ്യക്തമാക്കി.  

 

'അതിരുകളില്ലാത്ത കഥകൾ' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അന്തസ്സത്ത പ്രതിധ്വനിപ്പിച്ച് സാംസ്കാരികമോ ഭൂമിശാസ്ത്രപരമോ ആയ വേർതിരിവുകൾക്കതീതമായി ആധികാരിക കഥകൾക്ക് ലോകത്തിൻ്റെ   വിവിധ ഭാഗങ്ങളിലെ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുമെന്ന് ചർച്ച വ്യക്തമാക്കി. സാങ്കേതികവിദ്യ ചലച്ചിത്രനിർമാണത്തെ മാറ്റിക്കൊണ്ടിരിക്കുമ്പോഴും മനുഷ്യവികാരങ്ങളും സർഗാത്മക ബോധ്യങ്ങളും കഥാഖ്യാനത്തിൻ്റെ   സാർവത്രികതയുമാണ് സിനിമയ്ക്ക് ശാശ്വതമായ ആകർഷണീയത നൽകുന്നത്.

പ്രശസ്ത നടിയും നിർമാതാവുമായ ഖുശ്ബു സുന്ദർ സെഷൻ നിയന്ത്രിച്ചു.

 

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48 

 

*****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342796
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026