ഒരു നിമിഷം വെറുതെ സ്ക്രോൾ ചെയ്തു തുടങ്ങുന്ന നാം മണിക്കൂറുകളോളം ആ സ്മാര്‍ട്ട്ഫോണ്‍ സ്ക്രീനില്‍ കുടുങ്ങിപ്പോകുന്നു; അടുത്ത നോട്ടിഫിക്കേഷന് പിന്നാലെ പായുകയും ഓരോ സ്വൈപ്പിനും നാം കീഴടങ്ങുകയും ചെയ്യുന്നു. എന്നാൽ, സ്ക്രീൻ നമ്മുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കാൻ തുടങ്ങിയാലോ? അസ്വസ്ഥതയുണ്ടാക്കുന്ന ഈ സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ സ്മാർട്ട്‌ഫോൺ ആസക്തി, അൽഗോരിതങ്ങളുടെ സ്വാധീനം, ഡിജിറ്റൽ അടിമത്തം എന്നിവ പരിശോധിക്കുകയാണ് ഗോവയിലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച തമിഴ് ഫീച്ചർ ഫിലിം 'സ്ക്രോൾ'.

ചലച്ചിത്രമേളയോടനുബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംവിധായകനും നിർമാതാവുമായ കണ്ണൻ എസ്., പ്രധാന അഭിനേതാക്കളായ അരവിന്ദ് സുന്ദർ, കാവ്യ അനിൽ എന്നിവർ ചിത്രത്തിൻ്റെ വേറിട്ട ആഖ്യാനശൈലി, പരീക്ഷണാത്മക ചലച്ചിത്ര നിർമാണ രീതികൾ, സമകാലിക പ്രമേയങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.

ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'സ്ക്രോൾ', ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഐ.സി.എഫ്.ടി-യുനെസ്കോ ഗാന്ധി മെഡലിന് നാമനിർദേശം ചെയ്യപ്പെട്ട ഏക തമിഴ് ചിത്രമാണ്. നൂതന 'സ്ക്രീൻ-ലൈഫ്' ഫോർമാറ്റ് ഉപയോഗിക്കുന്ന 128 മിനിറ്റ് ദൈർഘ്യമുള്ള ഈ സൈക്കോളജിക്കൽ ത്രില്ലർ, പൂർണമായും ഒരു മൊബൈൽ ഫോൺ ഇൻ്റർഫേസിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്.

സ്മാർട്ട്‌ഫോൺ ആസക്തിയോട് പൊരുതുന്ന ഒരു യുവാവ് ജീവിതത്തിൻ്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഗെയിമുകൾക്ക് സമാനമായ ടാസ്കുകളിലൂടെയും സമ്മാനങ്ങളിലൂടെയും ഡിജിറ്റൽ മോചനം വാഗ്ദാനം ചെയ്തുകൊണ്ട് ആരംഭിക്കുന്ന ഇത് താമസിയാതെ അസ്വസ്ഥതയുണ്ടാക്കുന്ന വെല്ലുവിളികളുടെയും മാനസിക സമ്മർദങ്ങളുടെയും ചക്രമായി മാറുന്നു.
ഐ.സി.എഫ്.ടി-യുനെസ്കോ ഗാന്ധി മെഡലിൻ്റെ നാമനിർദേശത്തെക്കുറിച്ച് സംസാരിച്ച സംവിധായകൻ കണ്ണൻ എസ്., സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന ഇന്നത്തെ ലോകത്ത് സത്യം, അഹിംസ, ആത്മസംയമനം എന്നീ ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തി എടുത്തുപറഞ്ഞു. 'ബ്ലൂ വെയിൽ ചലഞ്ച്' പോലുള്ള യഥാർത്ഥ ഡിജിറ്റൽ പ്രതിഭാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്നും, അനിയന്ത്രിതമായ ഡിജിറ്റൽ ആശ്രിതത്വത്തെക്കുറിച്ച് ഉപദേശരൂപത്തിലല്ലാതെ, ആത്മപരിശോധന നടത്താൻ യുവപ്രേക്ഷകരെ പ്രേരിപ്പിക്കുകയാണ് ചിത്രത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രഭാഷണത്തിന് പകരം ആകാംക്ഷഭരിതമായ ഒരു ത്രില്ലറിലൂടെ ശക്തമായ സാമൂഹ്യ സന്ദേശം നൽകാനാണ് ചിത്രത്തിലൂടെ ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പൂർണമായും ഒരു മൊബൈൽ ഫോൺ ഇൻ്റർഫേസില്‍ സിനിമ നിർമിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ചും കണ്ണൻ സംസാരിച്ചു. മിക്ക അഭിനേതാക്കളും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സ്വന്തമായാണ് അവരുടെ ഭാഗങ്ങൾ ചിത്രീകരിച്ചത്; പല താരങ്ങളും ചലച്ചിത്രമേളയിൽ വെച്ചാണ് ആദ്യമായി നേരിൽ കാണുന്നത്. ആഖ്യാനത്തിൻ്റെ ആകാംക്ഷയും തീവ്രതയും നിലനിർത്തിക്കൊണ്ടുതന്നെ, മൊബൈൽ സ്ക്രീനിൻ്റെ പരിമിതമായ ഫ്രെയിമിനകത്ത് സിനിമാറ്റിക് പിരിമുറുക്കം നിലനിർത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം വിശദീകരിച്ചു.
ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച അരവിന്ദ് സുന്ദർ, സ്മാർട്ട്‌ഫോൺ ആസക്തി മറികടക്കാൻ മറ്റൊരു ആപ്ലിക്കേഷനെ തന്നെ ആശ്രയിക്കുന്നതിലെ വിരോധാഭാസത്തെക്കുറിച്ച് സംസാരിച്ചു. ദൈനംദിന ജീവിതം തന്നെയാണ് ഈ കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പായി മാറിയതെന്ന് പറഞ്ഞ അദ്ദേഹം, ഓരോ ദിവസവും നാം ഈ യാഥാർത്ഥ്യം നിരന്തരം പരിശീലിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ചിത്രത്തിൻ്റെ സവിശേഷ അവതരണ ശൈലി, നായകൻ്റെ ശ്വാസംമുട്ടിക്കുന്ന ഡിജിറ്റൽ ലോകത്തേക്ക് പ്രേക്ഷകരെ നേരിട്ട് കൂട്ടിക്കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരക്കഥയുടെ വേറിട്ട ആഖ്യാനശൈലിയും സമകാലിക പ്രസക്തിയും കാവ്യ അനിൽ എടുത്തുപറഞ്ഞു. ദോഷകരമായ ഡിജിറ്റൽ വെല്ലുവിളികളെ മഹത്വവൽക്കരിക്കുകയോ അവയുടെ പ്രത്യാഘാതങ്ങളെ അതിശയോക്തി കലർത്തി അവതരിപ്പിക്കുകയോ ചെയ്യാതെ, മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനും അതേസമയം, നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയുടെ കഴിവിനെ ചിന്തോദ്ദീപകമായി പരിശോധിക്കുകയാണ് ചിത്രം ചെയ്യുന്നതെന്ന് അവർ വ്യക്തമാക്കി.
ശ്രീ സുരേഷ് കുമാർ എം. വാർത്താസമ്മേളനം നിയന്ത്രിച്ചു.
വാർത്താസമ്മേളനത്തിൻ്റെ പൂർണരൂപം ഇവിടെ കാണാം:
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***