ഗോവയില്‍ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ അനിസിമോവും സഹതിരക്കഥാകൃത്ത് വെറോണിക്ക ഒസ്‌നോബിഷിനയും 'ടാഗോ' എന്ന ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു. മേളയിലെ 'സിനിമ ഓഫ് ദി വേള്‍ഡ്' വിഭാഗത്തിലാണ് ചിത്രത്തിന്റെ ലോക പ്രീമിയര്‍ പ്രദര്‍ശനം നടന്നത്. പ്രാദേശിക സമൂഹങ്ങളിലെ പുതുമുഖ അഭിനേതാക്കളെ അണിനിരത്തി ജോര്‍ജിയയുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം സ്വന്തം ഇടത്തിനായുള്ള അന്വേഷണം, മനുഷ്യന്റെ ദൗര്‍ബല്യം, ലിംഗപരമായ സമവാക്യങ്ങള്‍, സംഘര്‍ഷങ്ങളോട് ബലപ്രയോഗത്തിലൂടെ പ്രതികരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയാണ് പര്യവേക്ഷണം ചെയ്യുന്നത്.

മഞ്ഞുമൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു വിദൂര ജോര്‍ജിയന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമവാസിയായ ഒരാള്‍ നദീതീരത്തുനിന്ന് കണ്ടെത്തുന്ന അപരിചിതനായ ഒരു യുവാവിന്റെ മൃതദേഹം ഭാര്യയും ചെറുമകനും താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അപ്രതീക്ഷിതമായ ഈ വരവ് കുടുംബത്തിന്റെ നിലവിലെ ദുര്‍ബലമായ ജീവിതതാളം തകിടം മറിക്കുകയും, കഠിനവും അങ്ങേയറ്റം നിര്‍ണായകവുമായ തീരുമാനങ്ങളെടുക്കാന്‍ കുടുംബാംഗങ്ങളെ നിര്‍ബന്ധിതരാക്കുന്ന സംഭവ പരമ്പരകള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നു.

സ്വന്തം വീട്ടില്‍ തന്നെ കൂട്ടിലകപ്പെട്ട തരത്തിലാണ് ആ സ്ത്രീ ജീവിക്കുന്നതെന്നും ദൈനംദിന ജീവിതത്തില്‍ അവള്‍ നേരിടുന്ന പ്രതിസന്ധികള്‍ തിരിച്ചറിയാന്‍ പുരുഷന് സാധിക്കുന്നില്ലെന്നും കാണിക്കുകയാണ് ഈ ചിത്രത്തിലൂടെ ആഗ്രഹിച്ച ആദ്യ കാര്യമെന്ന് സിനിമയിലെ ലിംഗപരമായ സമവാക്യങ്ങളെക്കുറിച്ചും നായിക അനുഭവിക്കുന്ന വൈകാരിക തടവറയെക്കുറിച്ചും സംസാരിച്ച ഒസ്‌നോബിഷിന പറഞ്ഞു.
ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്തവിധം അമിതമായ ആവേശത്താല്‍ നയിക്കപ്പെടുന്ന നായക കഥാപാത്രം നേരിടുന്ന ആത്മസംഘര്‍ഷങ്ങളെയും ചിത്രം വരച്ചുകാട്ടുന്നുണ്ടെന്ന് അവര്‍ വിശദീകരിച്ചു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനാവശ്യമായ ആന്തരിക കരുത്തിന്റെയും അതിജീവനശേഷിയുടെയും പ്രാധാന്യവും അവര്‍ എടുത്തുപറഞ്ഞു.
സംഘര്‍ഷങ്ങളോടുള്ള നായകന്റെ സമീപനത്തെക്കുറിച്ച് സംസാരിച്ച അനിസിമോവ്, പഴയ രീതിയില്‍ ബലപ്രയോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അയാള്‍ ശ്രമിക്കുന്നതെന്ന് നിരീക്ഷിച്ചു. വിവിധ സമൂഹങ്ങളിലെ മനുഷ്യസ്വഭാവവുമായി ഇതിനെ താരതമ്യം ചെയ്ത അദ്ദേഹം, പ്രയാസകരമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ ആളുകള്‍ പലപ്പോഴും ബലപ്രയോഗത്തെ ആശ്രയിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുന്ന ചിത്രം, ജീവിതത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബലപ്രയോഗത്തിന് കഴിയുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.
_20261125195155_5c59e2.jpeg)
ജോര്‍ജിയയിലുടനീളം അനിസിമോവ് നടത്തിയ യാത്രകള്‍ക്കിടയിലാണ് ഈ ചിത്രം രൂപപ്പെട്ടത്. സാധാരണക്കാരുടെ ജീവിതവും അവരുടെ പ്രേരണകളും അനുഭവങ്ങളെ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളും അദ്ദേഹം നിരീക്ഷിച്ചു. അത്തരമൊരു യാത്രയ്ക്കിടെ ഒരു ജോര്‍ജിയന്‍ നാടകനടനെ കണ്ടുമുട്ടിയ അദ്ദേഹം, ഈ കഥ വെള്ളിത്തിരയിലെത്തിക്കാന്‍ അദ്ദേഹവുമായി കൈകോര്‍ത്തു. പ്രാദേശിക സമൂഹങ്ങളിലെ സാധാരണക്കാരെ അഭിനേതാക്കളാക്കാന്‍ തീരുമാനിച്ചതോടെ പ്രദേശവാസികളുടെ പങ്കാളിത്തം ഈ ചലച്ചിത്രനിര്‍മാണത്തിന്റെ കേന്ദ്രബിന്ദുവായി മാറി.
ഒരു ബസ് സ്‌റ്റോപ്പിലാണ് അനിസിമോവ് ചിത്രത്തിലെ നായികയായ മഗ്ദലീന ബോള്‍ക്വാഡ്‌സെയെ കണ്ടെത്തിയത്. അവരുടെ വ്യക്തിത്വത്തില്‍ എന്തോ ഒരു ദുരന്തകഥയുടെ സൂചന നല്‍കുന്നതായി അദ്ദേഹത്തിന് തോന്നുകയും, കൃത്രിമത്വമില്ലാതെ ആ വികാരം ക്യാമറയില്‍ എങ്ങനെ പകര്‍ത്താമെന്ന് അദ്ദേഹം വിഭാവനം ചെയ്യുകയും ചെയ്തു. യാദൃച്ഛികമായ ഈ കൂടിക്കാഴ്ച ഒടുവില്‍ അവരെ ചിത്രത്തിലെ നായികയാക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.
അന്തിമമായി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് പ്രദേശവാസികളുടെ നൂറുകണക്കിന് വീഡിയോകള്‍ അണിയറസംഘം ചിത്രീകരിച്ചിരുന്നു. പരിമിതമായ ബജറ്റില്‍ പ്രവര്‍ത്തിച്ച് ചുറ്റുമുള്ള സമൂഹങ്ങളിലെ കൂടുതല്‍ പേരെ ചലച്ചിത്രകാരന്മാര്‍ ക്രമേണ ഇതിന്റെ ഭാഗമാക്കി. വസ്ത്രങ്ങള്‍ നല്‍കിയും മറ്റ് ക്രമീകരണങ്ങളില്‍ സഹായിച്ചും അണിയറപ്രവര്‍ത്തകര്‍ക്ക് ഉദാരമായ പിന്തുണ നല്‍കിയ ജോര്‍ജിയയിലെ ജനങ്ങളോട് അനിസിമോവ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
സംവിധായകനുമായി യാദൃച്ഛികമായി പരിചയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ചലച്ചിത്ര യാത്രയുടെ ഭാഗമായതെന്ന് അഭിനയ പശ്ചാത്തലമില്ലാത്ത ചിത്രത്തിലെ നടന്‍ എഗോര്‍ സ്‌കോറോകോഡോവ് പങ്കുവെച്ചു.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച അണിയറപ്രവര്‍ത്തകര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സിനിമകള്‍ കാണാനും വൈവിധ്യമാര്‍ന്ന ചലച്ചിത്രാഖ്യാനങ്ങളുമായി സംവദിക്കാനും അവസരമൊരുക്കിയതിനെ പ്രശംസിച്ചു.
സന്ദീപ് സുനില്‍ വാര്‍ത്താസമ്മേളനം നിയന്ത്രിച്ചു.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാര്‍ത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48