57th International Film Festival of India 2026
20 – 28 Nov 2026

സബ്ടൈറ്റിലിംഗ് വിവർത്തനത്തിനപ്പുറമാണ്, ഭാഷകൾക്കപ്പുറത്തേക്ക് വികാരങ്ങളെ എത്തിക്കുന്ന കലയാണത്: ഐ.എഫ്.എഫ്.ഐ 2026-ൽ രേഖ്‌സ്

പോസ്റ്റഡ് ഓണ്‍: 25 NOV 2026 8:54PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341679Views: 3

അഞ്ച് ഭാഷകളിലായി 800-ലധികം സിനിമകൾക്ക് സബ്ടൈറ്റിൽ ഒരുക്കിയ പ്രശസ്ത സബ്ടൈറ്റിലർ രേഖ്‌സ്, ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘വേഡ്സ് എക്രോസ് ബോർഡേഴ്സ്: സബ്ടൈറ്റിലിംഗ് എക്രോസ് കൾച്ചേഴ്സ്’ എന്ന വിഷയത്തിൽ നടത്തിയ മാസ്റ്റർക്ലാസ്സിൽ സബ്ടൈറ്റിലിംഗ് കലയെയും ഇന്ത്യൻ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അതിനുള്ള പങ്കിനെയും കുറിച്ച് തന്റെ ഉൾക്കാഴ്ചകൾ പങ്കുവെച്ചു.

സബ്ടൈറ്റിലിംഗ് എന്നത് കേവലം വാക്കുകളുടെ വിവർത്തനത്തിനപ്പുറമാണെന്ന് എടുത്തുപറഞ്ഞ രേഖ്‌സ്, അതിന് ക്ഷമയും സർഗ്ഗാത്മകതയും സാംസ്കാരിക ധാരണയും സിനിമയിലടങ്ങിയിരിക്കുന്ന വികാരങ്ങളോടുള്ള സൂക്ഷ്മമായ സംവേദനക്ഷമതയും ആവശ്യമാണെന്ന് വ്യക്തമാക്കി. സൂക്ഷ്മതയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് അവർ കൂട്ടിച്ചേർത്തു, “സബ്ടൈറ്റിലിംഗിൽ ക്ഷമ അത്യന്താപേക്ഷിതമാണ്. നിങ്ങൾ ആവർത്തിച്ചാവർത്തിച്ചു പരിശോധിച്ചുകൊണ്ടിരിക്കണം.”

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ആവിർഭാവത്തിനു മുൻപ്, അവാർഡ് നിർണ്ണയങ്ങൾക്കായി അയക്കുന്ന സിനിമകൾക്ക് വേണ്ടിയായിരുന്നു പ്രധാനമായും സബ്ടൈറ്റിലുകൾ തയ്യാറാക്കിയിരുന്നതെന്ന് രേഖ്‌സ് അനുസ്മരിച്ചു. ഡിജിറ്റൽ സ്ട്രീമിംഗ് വന്നതോടെ സബ്ടൈറ്റിലുകളുടെ വ്യാപ്തി വർദ്ധിക്കുകയും പ്രാദേശിക സിനിമകൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കുകയും ചെയ്തു. എന്നാൽ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സബ്ടൈറ്റിലുകളിൽ മാറ്റങ്ങൾ വരുത്തുന്നതിൽ അവർ ആശങ്ക രേഖപ്പെടുത്തുകയും യഥാർത്ഥ വിവർത്തനത്തിന്റെ തനിമ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

തന്റെ സർഗ്ഗാത്മക സമീപനം പങ്കുവെച്ചുകൊണ്ട്, സബ്ടൈറ്റിലിംഗിന് കൃത്യമായ നിയമങ്ങളൊന്നുമില്ലെന്നും പലപ്പോഴും വ്യക്തിഗത രീതികളാണ് ആവശ്യമായി വരുന്നതെന്നും അവർ വിശദീകരിച്ചു. സംഭാഷണങ്ങളിൽ നിന്ന് ഗാനരംഗങ്ങളെ വേർതിരിച്ചറിയാൻ പ്രേക്ഷകരെ സഹായിക്കുന്നതിനായി പാട്ടുകളുടെ സബ്ടൈറ്റിലുകൾക്ക് താളാത്മകത നൽകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അവർ പറഞ്ഞു. ചെറിയ വാക്യങ്ങൾ മുകളിലും വലിയ വാക്യങ്ങൾ താഴെയുമായി വരുന്ന പിരമിഡ് ആകൃതിയിലുള്ള ഘടനയാണ് താൻ ഉപയോഗിക്കുന്നതെന്നും മികച്ച ദൃശ്യപരതയ്ക്കായി മഞ്ഞ നിറത്തിലുള്ള സബ്ടൈറ്റിലുകളാണ് താൽപ്പര്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി

സബ്ടൈറ്റിലിംഗിലെ സൂക്ഷ്മതകൾ വിശദീകരിച്ചുകൊണ്ട്, പ്രാദേശിക പ്രയോഗങ്ങളും 'ഡങ്കമാരി' ഉൾപ്പെടെയുള്ള പാട്ടുകളും വിവർത്തനം ചെയ്യുന്നതിലെ വെല്ലുവിളികളെക്കുറിച്ച് രേഖ്‌സ് പരാമർശിച്ചു. ''വേഷം', 'വിഷം' എന്നീ തമിഴ് വാക്കുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അവർ, ഉച്ചാരണത്തിലെ ചെറിയൊരു വ്യത്യാസം പോലും വേഷം എന്നതിനെ വിഷം എന്നാക്കി മാറ്റുന്നത് എങ്ങനെയെന്ന് വിശദീകരിച്ചു. 'കബാലി' എന്ന സിനിമയിൽ പ്രവർത്തിച്ച അനുഭവം അനുസ്മരിച്ച അവർ, രജനികാന്തിന്റെ ചിരിയുടെ വ്യത്യസ്ത ഭാവങ്ങൾ പ്രകടിപ്പിക്കാൻ വാത്സല്യത്തോടെയുള്ള ചിരി, സംശയത്തോടെയുള്ള ചിരി തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിച്ചതായും പങ്കുവെച്ചു.

എല്ലാവരെയും ഉൾക്കൊള്ളുന്നതിനുള്ള ഉപാധിയായി സബ്ടൈറ്റിലിംഗിനെ ഉയർത്തിക്കാട്ടിയ അവർ, കേൾവി പരിമിതിയുള്ളവർക്ക് ഇതിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞു. സംസ്കാരവുമായി ബന്ധപ്പെട്ട സവിശേഷ പ്രയോഗങ്ങളും ബന്ധങ്ങളും പദാനുപദ വിവർത്തനത്തിന് പകരം സൂക്ഷ്മമായ വ്യാഖ്യാനമാണ് ആവശ്യപ്പെടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

നിർമ്മിതബുദ്ധിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് പരാമർശിക്കവെ, നിർമ്മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന സബ്ടൈറ്റിലുകൾ അർത്ഥങ്ങളെ വളച്ചൊടിക്കാനും, ലിംഗപരമായ പരാമർശങ്ങളിൽ മാറ്റം വരുത്താനും, ഒരു രംഗത്തിന്റെ വൈകാരിക പശ്ചാത്തലം നഷ്ടപ്പെടുത്താനും ഇടയാക്കുമെന്ന് രേഖ്‌സ് മുന്നറിയിപ്പ് നൽകി. “നിർമ്മിതബുദ്ധിക്ക് നിഘണ്ടു അറിയാം, എന്നാൽ നാടകീയതയോ ആത്മാവിന്റെ വികാരങ്ങളോ അതിനറിയില്ല,” മനുഷ്യന്റെ സർഗ്ഗാത്മകതയുടെ തുടർച്ചയായ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് അവർ അഭിപ്രായപ്പെട്ടു.

“സബ്ടൈറ്റിലുകൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിൽ ബാക്കിയാകുന്ന ഒന്നല്ല,” എന്ന് പറഞ്ഞ അവർ, നല്ലൊരു സബ്ടൈറ്റിലിംഗ് കേവലം സംഭാഷണങ്ങൾ പകർത്തുന്നതിന് ഉപരിയായി സിനിമയുടെ ആശയവും വികാരവും കൃത്യമായി പകർന്നുനൽകുന്നതാകണമെന്ന് വ്യക്തമാക്കി. 
ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ ഭേദിച്ച്, ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് കഥകളെ എത്തിക്കാൻ ഇത് സഹായിക്കുന്നു.

 

https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341679
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026