ചില ശബ്ദങ്ങൾ സംഗീതംകൊണ്ട് ഒരു മുറിയിൽ പ്രതിധ്വനിക്കുക മാത്രമല്ല ചെയ്യുന്നത്; അവ നമ്മുടെ ബാല്യത്തിന്റെ ഭാഗമാകുകയും ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ നമ്മോടൊപ്പം സഞ്ചരിക്കുകയുമാണ്. ഒരു ഗാനം അവസാനിച്ചാലും ഹൃദയത്തിൽ അതു നിലനിൽക്കും. പ്രശസ്ത ഗായിക കെ എസ് ചിത്രയെ സംബന്ധിച്ചിടത്തോളം ആശ ഭോസ്‌ലെ, എസ് ജാനകി, ലത മംഗേഷ്കർ എന്നിവരുടെ സ്വരങ്ങൾ അത്തരത്തിലുള്ളവയാണ്. 57-ാം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്‌ഐ), ‘ലത മംഗേഷ്കർ ടോക്ക്: ആശ ഭോസ്‌ലെയുടെയും എസ് ജാനകിയുടെയും ഓർമകളിൽ എന്നും പ്രതിധ്വനിക്കുന്ന സ്വരം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാസ്റ്റർക്ലാസിൽ, ഇതിഹാസ ഗായികമാരുടെ സംഗീതത്തിലൂടെയും ഓർമകളിലൂടെയും വ്യക്തിപരമായ അനുഭവങ്ങളിലേക്കുള്ള ഹൃദയസ്പർശിയായ യാത്രയിൽ സദസ്സിനെ ചിത്ര പങ്കുചേർത്തു. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണു പരിപാടി നിയന്ത്രിച്ചത്.
_20261125184045_3bcdae.jpeg)
ഊഷ്മളവും പരിചിതവുമായ അന്തരീക്ഷത്തിലാണു സംഭാഷണം ആരംഭിച്ചത്. തനിക്ക് അൽപ്പം പരിഭ്രമമുണ്ടെങ്കിലും സുഹാസിനി അതു മാറ്റി തന്റെ പിരിമുറുക്കം കുറയ്ക്കുമെന്ന് ഉറപ്പുണ്ടെന്നു ചിത്ര പറഞ്ഞു. ഇരുവരുടെയും പഴയകാല ബന്ധവും സംഭാഷണത്തിൽ കടന്നുവന്നു. ചിത്ര ശബ്ദം നൽകിയ സിനിമകളിലെ ഗാനങ്ങൾ തന്റെ ജീവിതയാത്രയുടെ അവിഭാജ്യഭാഗമായി മാറിയതെങ്ങനെയെന്നു സുഹാസിനി ഓർത്തെടുത്തു. തുടർന്നു നടന്നത് ഔപചാരികമായ ചർച്ചയായിരുന്നില്ല; മറിച്ച്, ഓർമകളും അനുഭവങ്ങളും ഇടയ്ക്കിടെ ഈണങ്ങളായി മാറിയ ഹൃദ്യമായ കൂടിക്കാഴ്ചയായിരുന്നു.
സംഗീതജീവിതത്തിന്റെ തുടക്കകാലം അനുസ്മരിച്ച ചിത്ര, സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന കുടുംബാന്തരീക്ഷത്തിൽ വളർന്നതും മത്സരങ്ങളിൽ പങ്കെടുത്തതും കർണാടക സംഗീതം അഭ്യസിച്ചതും വിവരിച്ചു. തനിക്കു നന്നായി ചെയ്യാൻ കഴിയുമെന്ന് അറിയാമായിരുന്ന ഒരേയൊരു കാര്യം പാടുക എന്നതായിരുന്നുവെന്നും എന്നാൽ അത് ഇത്രയധികം ദൂരം തന്നെ എത്തിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ചിത്ര പറഞ്ഞു. സിനിമാസംഗീതത്തിലേക്കുള്ള പ്രവേശനം യാദൃച്ഛികമായിരുന്നു. വിനോദവേദികളിൽ സിനിമാഗാനങ്ങൾ പാടിയിരുന്ന കാലവും അവർ ഓർത്തെടുത്തു. പി സുശീല ജനപ്രിയമാക്കിയ ഗാനങ്ങളായിരുന്നു പലപ്പോഴും അന്നു പാടിയിരുന്നത്.
ഏറ്റവും അധികം ആരാധിച്ചിരുന്ന ഗായികമാർ ആരൊക്കെയെന്ന ചോദ്യത്തിനു പി സുശീല, എസ് ജാനകി, ലത മംഗേഷ്കർ എന്നിവരുടെ പേരുകളാണു ചിത്ര പറഞ്ഞത്. കുട്ടിക്കാലത്തു ജാനകിയെ അനുകരിക്കാറുണ്ടായിരുന്നുവെന്നും, എന്നാൽ, അവരുടെ സവിശേഷമായ ആലാപനശൈലി അതേപടി അനുകരിക്കുക അസാധ്യമാണെന്നും ചിരിച്ചുകൊണ്ടു ചിത്ര പറഞ്ഞു. ലത മംഗേഷ്‌കറിന്റെ ആലാപനത്തിലെ വൈകാരികമായ ആഴത്തെക്കുറിച്ചും, പ്രത്യേകിച്ച് ഭക്തിഗാനങ്ങളിലെ മാധുര്യത്തെക്കുറിച്ചും, ചിത്ര സംസാരിച്ചു. ലത മംഗേഷ്‌കറിന്റെ ഏറെ പ്രിയപ്പെട്ട ഗാനവും സദസ്സിനായി ചിത്ര ആലപിച്ചു.
ആശ ഭോസ്‌ലെയെക്കുറിച്ചുള്ള ഓർമകൾ മറ്റൊരു തരത്തിലുള്ള ആരാധനയാണു വെളിപ്പെടുത്തിയത്. ഗസലുകൾ ഉൾപ്പെടെ വിവിധ സംഗീതശാഖകളിൽ പരീക്ഷണങ്ങൾ നടത്താനുള്ള ആശ ഭോസ്‌ലെയുടെ അസാധാരണമായ കഴിവിനെയും വൈവിധ്യത്തെയും ചിത്ര പ്രശംസിച്ചു. പരിപാടിക്കിടെ അത്തരത്തിലുള്ള ഗസൽ ചിത്ര മൂളുകയും ചെയ്തു. സഹോദരി ലത മംഗേഷ്‌കറുമായി താരതമ്യം ചെയ്യപ്പെടുന്നതിനുപകരം സംഗീതരംഗത്തു സ്വന്തമായ വ്യക്തിത്വം സൃഷ്ടിക്കാനാണ് ആശ ഭോസ്‌ലെ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും ചിത്ര ഓർത്തെടുത്തു.

ആശ ഭോസ്‌ലെയുമായുള്ള ആദ്യ കൂടിക്കാഴ്ചയിലെ രസകരമായ അനുഭവവും ചിത്ര പങ്കുവച്ചു. എന്തുകൊണ്ടാണ് ഇത്ര ഉയർന്ന ശ്രുതിയിൽ പാടുന്നതെന്ന് ആശ ഭോസ്‌ലെ തന്നോടു ചോദിച്ചതായി അവർ ഓർത്തെടുത്തു. ഇതിഹാസ ഗായികയുടെ തുറന്നുപറച്ചിലിന്റെയും വ്യക്തിത്വത്തിന്റെയും നേർക്കാഴ്ചയായിരുന്നു ആ ചെറിയ സംഭാഷണം.
എന്നാൽ എസ് ജാനകിയെക്കുറിച്ചുള്ള ഓർമകളിൽ പ്രത്യേകമായ സ്നേഹവായ്പാണു നിറഞ്ഞുനിന്നത്. ജാനകിയുടെ സംഗീതയാത്രയുടെ ആദ്യകാലത്തെക്കുറിച്ചു ചിത്ര സംസാരിച്ചു. അക്കാലത്തു മിമിക്രി കലാകാരന്മാർ വേദികളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ, അവതരണങ്ങൾക്കിടയിലെ ഇടവേളകൾ നികത്താനായി ജാനകിയെ പാടാൻ ക്ഷണിക്കാറുണ്ടായിരുന്നു. ഇതിലൂടെ പ്രേക്ഷകർക്ക് അവരുടെ സ്വരം കേൾക്കാനുള്ള അവസരം ലഭിക്കുകയും ക്രമേണ പിന്നണിഗാനരംഗത്തേക്കു വഴിതുറക്കുകയും ചെയ്തു. ജാനകിയുടെ സവിശേഷമായ ശബ്ദം, ആവിഷ്‌കാരത്തിലെ വൈവിധ്യം, ഓരോ ഗാനത്തിനും ജീവൻ നൽകാനുള്ള കഴിവ് എന്നിവയും ചിത്ര അനുസ്മരിച്ചു. സംഗീതത്തിനപ്പുറം ജാനകിയെ അമ്മയുടെ സ്ഥാനത്താണു ചിത്ര കണ്ടിരുന്നത്. അവരുടെ വീട്ടിലെ സന്ദർശനങ്ങൾ ഓർത്തെടുത്ത ചിത്ര, മുതിർന്ന ഗായിക സ്നേഹത്തോടെ സ്വന്തം കൈകൊണ്ടു ഭക്ഷണം വാരിത്തന്നിരുന്ന അനുഭവം വാത്സല്യത്തോടെ പങ്കുവച്ചു. അവരുടെ കൈയിൽനിന്നു ലഭിക്കുമ്പോൾ എരിവുള്ള ഭക്ഷണത്തിനുപോലും മധുരം തോന്നുമായിരുന്നുവെന്നും ചിത്ര പറഞ്ഞു.
പരിപാടിയിലുടനീളം, സുഹാസിനി വിവിധ ഗാനങ്ങൾ സംഭാഷണത്തിന്റെ ഭാഗമാക്കി. സിനിമകളിലൂടെ ഗാനങ്ങൾ പകർന്നുനൽകിയ വികാരങ്ങളെയും ഓർമകളെയും അവർ കൂട്ടിയിണക്കി. പ്രണയം, വിവാഹം, ദുഃഖം, സന്തോഷം തുടങ്ങി ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ സിനിമാഗാനങ്ങൾ എങ്ങനെയാണു മനുഷ്യർക്കൊപ്പം സഞ്ചരിക്കുന്നതെന്നും വാക്കുകൾക്കു പ്രകടിപ്പിക്കാനാകാത്ത വികാരങ്ങൾ പലപ്പോഴും ഗാനങ്ങൾ പ്രകടിപ്പിക്കുന്നതെങ്ങനെയെന്നും സുഹാസിനി വിശദീകരിച്ചു. മലയാളത്തിലെ ‘സ്വർണമുകിലേ’ എന്ന ഗാനം ഇന്നും തന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ടെന്നു ചിത്ര വെളിപ്പെടുത്തി.

രസകരമായ സംഗീതക്വിസ് പരിപാടിക്കു മറ്റൊരു മാനം നൽകി. പശ്ചാത്തലസംഗീതം ഒഴിവാക്കിയ സിനിമാരംഗങ്ങൾ ചിത്രയ്ക്കു മുന്നിൽ അവതരിപ്പിച്ചു. സുഹാസിനിയുടെ സിനിമകളിലേതുൾപ്പെടെ അഞ്ചുരംഗങ്ങളിലെയും ഗാനങ്ങൾ ചിത്ര തിരിച്ചറിയുകയും ആലപിക്കുകയും ചെയ്തു. റെക്കോർഡിങ്ങിലെ വെല്ലുവിളികൾ, പ്രയാസമേറിയ ഗാനങ്ങൾ, പ്രായം കൂടുന്നതിനനുസരിച്ചു സ്വന്തം ശബ്ദത്തിന്റെ പരിമിതികൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
സിന്ധുഭൈരവി എന്ന സിനിമയിലെ ‘പാടറിയേൻ’ എന്ന ഗാനം ചിത്ര ആലപിച്ചതോടെയാണു സംഭാഷണം ഏറ്റവും അവിസ്മരണീയമായ നിമിഷത്തിലെത്തിയത്. സുഹാസിനിയും ഗാനത്തിനൊപ്പം ലിപ് സിങ്ക് ചെയ്തു ചേർന്നതോടെ ഇരുവരും ചേർന്നു മനോഹരമായ മുഹൂർത്തം സൃഷ്ടിച്ചു. സംഗീതവും ഓർമകളും ഒന്നുചേർന്ന ആ നിമിഷം സംഭാഷണത്തെ അതിന്റെ പൂർണതയിലെത്തിച്ചു. ഗാനങ്ങൾ വെറും ഈണങ്ങൾ മാത്രമല്ലെന്നും അവ ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും യാത്രകളുടെയും ഭാഗങ്ങളാണെന്നും തലമുറകളിലൂടെ അവയുടെ പ്രതിധ്വനി നിലനിൽക്കുമെന്നും ഓർമിപ്പിക്കുന്ന മനോഹരമായ കൂടിക്കാഴ്ചയായി പരിപാടി മാറി.
https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****