ഗോവ, 2026 നവംബർ 24
അമാനുഷിക ഘടകങ്ങളും ആവേശകരമായ ആക്ഷൻ രംഗങ്ങളും ആഴത്തിൽ വേരൂന്നിയ മനുഷ്യവികാരങ്ങളും സമന്വയിപ്പിക്കുന്ന മലയാള ചിത്രം ‘ഹാഫി’ന് 57-ാം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) പ്രൗഢഗംഭീരമായ ആദ്യ പ്രദർശനം. പ്രേക്ഷകർക്കു ചലച്ചിത്രലോകത്തിന്റെ വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇന്നു സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിച്ച നടി അമല പോൾ, വാമ്പയർമാരെയും അമാനുഷിക കഥാപാത്രങ്ങളെയും അവതരിപ്പിക്കാനുള്ള അവസരങ്ങൾ അഭിനേതാക്കൾക്ക് അപൂർവമായേ ലഭിക്കാറുള്ളൂവെന്നു പറഞ്ഞു. അതുകൊണ്ടുതന്നെ ‘ഹാഫ്’ തനിക്ക് ഏറെ ആവേശകരമായ പ്രോജക്ടാണെന്നും അവർ വ്യക്തമാക്കി. ഒരിക്കലും അവതരിപ്പിക്കുമെന്നു കരുതിയിട്ടില്ലാത്ത കഥാപാത്രത്തിലേക്കു കടന്നുചെല്ലാനുള്ള അവസരമാണിത്. അഭിനേത്രിയെന്ന നിലയിൽ എന്നും പരീക്ഷിച്ചുനോക്കാൻ ആഗ്രഹിച്ചിരുന്ന ഒന്നുകൂടിയാണിതെന്നും അമല പോൾ പറഞ്ഞു.
_20261124193151_94c611.jpeg)
ചിത്രത്തിലെ കഥാപാത്രം തന്റെ മുൻ ചിത്രങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണെന്ന് നടൻ അബ്ബാസ് പറഞ്ഞു. ജയ്സാൽമെറിലെ കടുത്ത ചൂടിൽ ചിത്രീകരണം നടത്തിയതിന്റെ വെല്ലുവിളികൾ ഓർത്തെടുത്ത അദ്ദേഹം, ആ അനുഭവം തനിക്കു പരിചിതമായ അഭിനയമേഖലകൾക്കപ്പുറത്തേക്കു കടക്കാൻ പ്രേരിപ്പിച്ചുവെന്നും വ്യക്തമാക്കി. പ്രേക്ഷകർക്ക് അപ്രതീക്ഷിതമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണു ‘ഹാഫ്’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ആസ്വാദ്യകരമായ ചലച്ചിത്രാനുഭവം ഒരുക്കാൻ പരിശ്രമിച്ച മുഴുവൻ സംഘത്തെയും അഭിനന്ദിച്ചു.

അഭിനയത്തോടുള്ള അഭിനിവേശമാണ് ഈ പ്രോജക്ടിനെ ഏറെ ആവേശകരമാക്കിയതെന്നു നടൻ രഞ്ജിത്ത് സജീവ് പറഞ്ഞു. വ്യത്യസ്തമായ അവതരണശൈലിയുള്ള ആക്ഷൻ ത്രില്ലറാണ് ‘ഹാഫ്’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, വെല്ലുവിളി നിറഞ്ഞ ആക്ഷൻ രംഗങ്ങൾക്കായി താനും ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ ഐശ്വര്യ രാജും തീവ്രമായ പരിശീലന ശിൽപ്പശാലയിൽ പങ്കെടുത്തതായും വെളിപ്പെടുത്തി. ആക്ഷനു പ്രാധാന്യമുള്ള ചിത്രമാണെങ്കിലും ‘ഹാഫി’ൽ ഒരൊറ്റ സ്ലോ മോഷൻ രംഗം പോലുമില്ലെന്ന്, കഥാപാത്രത്തെക്കുറിച്ചു വിശദീകരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രേക്ഷകർക്കു തിയറ്ററിൽ തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിക്കണമെന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ലക്ഷ്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഹോദരങ്ങൾ തമ്മിലുള്ള ബന്ധമാണു ചിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഘടകങ്ങളിലൊന്നെന്നു നടി ഐശ്വര്യ രാജ് പറഞ്ഞു. ആക്ഷൻ രംഗങ്ങൾ പഠിച്ചെടുക്കുന്നതും അവതരിപ്പിക്കുന്നതും വെല്ലുവിളി നിറഞ്ഞതും പ്രതീക്ഷിച്ചതിൽനിന്നു തികച്ചും വ്യത്യസ്തവുമായിരുന്നുവെന്നും അവർ വ്യക്തമാക്കി. വാമ്പയർമാരുടെ ഏറ്റവും ശ്രദ്ധേയമായ ആവിഷ്കാരങ്ങളിലൊന്നാണു ‘ഹാഫ്’ എന്നു വിശേഷിപ്പിച്ച അവർ, സാധാരണ അമാനുഷിക ജീവികളായല്ല, സൗഹൃദപരവും പ്രേക്ഷകർക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്നതുമായ, തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നവരെപ്പോലെയുള്ള കഥാപാത്രങ്ങളായാണു ചിത്രത്തിൽ വാമ്പയർമാരെ അവതരിപ്പിക്കുന്നതെന്നും പറഞ്ഞു.

ചിത്രത്തിന്റെ ധീരമായ ആശയത്തെക്കുറിച്ചും വേറിട്ട പ്രമേയത്തെക്കുറിച്ചും നിർമാതാവ് ആൻ സജീവ് സംസാരിച്ചു. മലയാളസിനിമയെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് എത്തിക്കുകയെന്നതാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി. ചിത്രത്തിന്റെ വ്യത്യസ്തമായ കഥ അന്താരാഷ്ട്ര പ്രേക്ഷകരിലേക്കും എത്തിക്കാൻ ടീം ആഗ്രഹിച്ചിരുന്നു. ഭാവിയിൽ കൂടുതൽ വ്യത്യസ്തവും ആകർഷകവുമായ ഉള്ളടക്കങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***
SK