57th International Film Festival of India 2026
20 – 28 Nov 2026

ചലച്ചിത്രകാരൻ അവതാർ കൗളിൻ്റെ ജീവിതവും സിനിമാ പൈതൃകവും ഓർമിപ്പിച്ച് 'അവതാർ കൗൾ: ദി (ഇൻ)കംപ്ലീറ്റ് സ്റ്റോറി’

പോസ്റ്റഡ് ഓണ്‍: 24 NOV 2026 4:09PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340844Views: 4
ഹ്രസ്വമായ സർഗാത്മക യാത്രകളുള്ള, എന്നാൽ അനുപമമായ സൃഷ്ടികളിലൂടെ ഇന്നും പ്രാധാന്യത്തോടെ നിലകൊള്ളുന്ന നിരവധി ചലച്ചിത്രകാരന്മാർ ഇന്ത്യൻ സിനിമയിലുണ്ട്. അത്തരത്തിലുള്ള ഒരു ചലച്ചിത്രകാരനായിരുന്നു അവതാർ കൗൾ. അദ്ദേഹത്തിൻ്റെ ഏക ഫീച്ചർ ചിത്രം '27 ഡൗൺ' (1974) ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ ഒരു സൃഷ്ടിയായി കണക്കാക്കപ്പെടുന്നു.
 
അവതാർ കൗളിൻ്റെ ജീവിതവും സിനിമാ പൈതൃകവും ‘അവതാർ കൗൾ: ദി (ഇൻ)കംപ്ലീറ്റ് സ്റ്റോറി’ എന്ന പുസ്തകത്തിലൂടെ വിശദമായി പരിചയപ്പെടുത്തുന്നു. പബ്ലിക്കേഷൻസ് ഡിവിഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ രചയിതാവ് വിനോദ് കൗളാണ്. ചലച്ചിത്രകാരൻ്റെ ജീവിതവും സർഗാത്മക യാത്രയും രേഖപ്പെടുത്തുന്നതിനായി കത്തുകൾ, ഫോട്ടോകൾ, വ്യക്തിപരമായ ഓർമകൾ, സംഭാഷണങ്ങൾ എന്നിവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2026 നവംബർ 21ന് ഗോവയിൽ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
 
നവംബർ 23ന് ഐ.എഫ്.എഫ്.ഐയിൽ നടന്ന സംവാദത്തിനിടെ പുസ്തകത്തിന് പ്രചോദനമായ വസ്തുതകളെയും അവതാർ കൗളിൻ്റെ ജീവിതകഥ കൂടുതൽ വിപുലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ശ്രമങ്ങളെയും  കുറിച്ച് ഗ്രന്ഥകാരൻ വിനോദ് കൗൾ സംസാരിച്ചു. ഒരു ചലച്ചിത്രകാരനെക്കുറിച്ച് പുസ്തകം എഴുതണമെന്ന ആസൂത്രിതമായ ആശയത്തിൽ നിന്നല്ല ഇതിൻ്റെ തുടക്കമെന്ന് അദ്ദേഹം പറഞ്ഞു. താൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അന്തരിച്ച തൻ്റെ അമ്മാവനെക്കുറിച്ച് കൂടുതൽ അറിയാനുള്ള വ്യക്തിപരമായ ശ്രമമായിരുന്നു തുടക്കം.
 
അമ്മാവൻ്റെ ഫോട്ടോകളും കത്തുകളും മറ്റ് രേഖകളും ശേഖരിക്കാൻ തുടങ്ങിയതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. കാലക്രമേണ, ഈ വ്യക്തിപരമായ അന്വേഷണം അവതാർ കൗളിൻ്റെ ജീവിതവും ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമമായി മാറി.
 
പ്രായം കൂടുന്നതിനനുസരിച്ച് '27 ഡൗണി'ൻ്റെ പ്രാധാന്യം തനിക്ക് മനസ്സിലായതായി വിനോദ് കൗൾ പറഞ്ഞു. സവിശേഷ പ്രതിഭയുള്ള, ഇത്ര ശ്രദ്ധേയമായ ഒരു സിനിമ നിർമിച്ച ചലച്ചിത്രകാരൻ എന്തുകൊണ്ടാണ് അറിയപ്പെടാതെ പോയതെന്ന് അദ്ദേഹം പലപ്പോഴും ചിന്തിച്ചിരുന്നു. അവതാർ കൗളിൻ്റെ ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്താനും അദ്ദേഹത്തിൻ്റെ കഥ പുതിയ തലമുറയിലേക്കും ഭാവിയിലെ ചലച്ചിത്രകാരന്മാരിലേക്കും എത്തിക്കാനും ഇത് പ്രേരിപ്പിച്ചതായി വിനോദ് കൗൾ പറഞ്ഞു 
 
‘ദി (ഇൻ)കംപ്ലീറ്റ് സ്റ്റോറി’ എന്ന ശീർഷകത്തെക്കുറിച്ച് വിശദീകരിക്കവെ, അവതാർ കൗളിനെയും അദ്ദേഹത്തിൻ്റെ സൃഷ്ടികളെയും കുറിച്ച് വളരെ കുറച്ചേ എഴുതപ്പെട്ടിട്ടുള്ളൂവെന്ന് വിനോദ് കൗൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ അനുഭവങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഒരർത്ഥത്തിൽ അത് പൂർണമാക്കുകയാണ് പുസ്തകം ചെയ്യുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ ജീവിതവും സർഗാത്മക യാത്രയും അപൂർണമായിരുന്നു. അദ്ദേഹത്തിൻ്റെ ദാമ്പത്യജീവിതം ഹ്രസ്വമായിരുന്നു, അദ്ദേഹം ഒരു സിനിമ മാത്രമാണ് സംവിധാനം ചെയ്തത്. അവതാർ കൗൾ കൂടുതൽ കാലം ജീവിച്ചിരുന്നെങ്കിൽ ഇനിയും നിരവധി സിനിമകൾ അദ്ദേഹം സൃഷ്ടിക്കുമായിരുന്നുവെന്ന് ഗ്രന്ഥകാരൻ അഭിപ്രായപ്പെട്ടു.
 
തൻ്റെ ഗവേഷണത്തിനിടയിലെ വൈകാരികമായ ഒരു അനുഭവവും വിനോദ് കൗൾ പങ്കുവച്ചു. അമേരിക്കക്കാരിയായ തൻ്റെ അമ്മായി ആൻ കൗളും അന്തരിച്ചുവെന്ന് കണ്ടെത്തിയ സംഭവത്തെക്കുറിച്ചായിരുന്നു അത്. അവരുടെ മരണത്തെക്കുറിച്ച് കുടുംബത്തിന് അറിവുണ്ടായിരുന്നില്ല. ഈ കണ്ടെത്തൽ വലിയൊരു ഞെട്ടലായിരുന്നുവെന്നും ഗവേഷണത്തിനിടെ നിരവധി അപ്രതീക്ഷിതവും വൈകാരികവുമായ അനുഭവങ്ങൾ നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
 
സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, ഇവ രണ്ടും എക്കാലവും അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്ന് വിനോദ് കൗൾ പറഞ്ഞു. നോവലുകളിൽ നിന്നും കഥകളിൽ നിന്നും മറ്റ് സാഹിത്യകൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിരവധി സിനിമകൾ ഉണ്ടായിട്ടുള്ളത്. ഈ ബന്ധത്തെ ഉയർത്തിക്കാട്ടാനും ചലച്ചിത്രകാരന്മാരുടെയും സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയും കഥകൾ വായനക്കാരിലേക്ക് എത്തിക്കാനും പബ്ലിക്കേഷൻസ് ഡിവിഷൻ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അവതാർ കൗളിൻ്റെ കഥ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള വേദി ഒരുക്കിയതിന് ഡിവിഷനോട് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
 
അവതാർ കൗളിൽ നിന്ന് യുവ ചലച്ചിത്രകാരന്മാർക്ക് എന്താണ് പഠിക്കാനാകുകയെന്ന ചോദ്യത്തിന് മറുപടിയായി, തങ്ങളുടെ സർഗാത്മക തിരഞ്ഞെടുപ്പുകളിൽ ഉറച്ചുനിൽക്കണമെന്ന് വിനോദ് കൗൾ പറഞ്ഞു. സഞ്ജീർ, ബോബി, യാദോൻ കി ബാരാത് തുടങ്ങിയ മുഖ്യധാരാ സിനിമകൾ ജനപ്രീതി നേടിയിരുന്ന കാലത്ത്, അവതാർ കൗൾ സ്വന്തം താൽപര്യങ്ങൾ പിന്തുടരുകയും ഒരു ആർട്ട് സിനിമ നിർമിക്കുകയും ചെയ്തു. '27 ഡൗണി'ൻ്റെ കഥാഖ്യാനം, ചലച്ചിത്ര നിർമാണ മികവ്, സന്ദേശം, ചലച്ചിത്രശൈലി എന്നിവ യുവ ചലച്ചിത്രകാരന്മാർ പഠിക്കണമെന്ന് വിനോദ് കൗൾ നിർദേശിച്ചു.
 
ഒരു ചലച്ചിത്ര പൈതൃകത്തിൻ്റെ സംരക്ഷണം
 
‘അവതാർ കൗൾ: ദി (ഇൻ)കംപ്ലീറ്റ് സ്റ്റോറി’ ഒരു ചലച്ചിത്രകാരൻ്റെ ജീവിതരേഖ മാത്രമല്ല; ഇന്ത്യൻ സിനിമയുടെ ഒരു പ്രധാന അധ്യായവുമായി വ്യക്തിപരമായ ഓർമകളെ വീണ്ടും ബന്ധിപ്പിക്കാനുള്ള ശ്രമം കൂടിയാണ്. തൻ്റെ അമ്മാവനെ മനസ്സിലാക്കാനുള്ള ഒരു അനന്തരവൻ്റെ അന്വേഷണമായി ആരംഭിച്ച യാത്ര, അവതാർ കൗളിൻ്റെ ജീവിതവും സംഭാവനകളും വീണ്ടും പ്രേക്ഷക മനസുകളിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായി മാറിയിരിക്കുന്നു.
 
ഈ പ്രസിദ്ധീകരണത്തിലൂടെ അവതാർ കൗളിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ സംഭാവനകൾ രേഖപ്പെടുത്താനും അവരുടെ സർഗാത്മക പൈതൃകം പുതിയ തലമുറയിലെ വായനക്കാർക്കും വിദ്യാർഥികൾക്കും സിനിമാ ആസ്വാദകർക്കും പരിചയപ്പെടുത്താനും പബ്ലിക്കേഷൻസ് ഡിവിഷൻ ലക്ഷ്യമിടുന്നു.
***

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340844
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026