57th International Film Festival of India 2026
20 – 28 Nov 2026

വേറിട്ട ചലച്ചിത്ര സമീപനത്തിലൂടെ സാർവത്രിക മാനുഷിക വികാരങ്ങൾ അനാവരണം ചെയ്ത് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'ദി ബ്ലാക്ക് സീ'

പോസ്റ്റഡ് ഓണ്‍: 24 NOV 2026 1:12PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340808Views: 5

ഗോവയിൽ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ മീഡിയ സെൻ്ററിൽ അറബിക് ഫീച്ചർ ഫിലിം 'ദി ബ്ലാക്ക് സീ'യുടെ  അണിയറപ്രവർത്തകർ മാധ്യമങ്ങളുമായി സംവദിച്ചു. നവാഗത സംവിധായകൻ അലാദ്ദീൻ മുസ്തഫ, നിർമാതാവ് ഹംദി സമേഹ്, ചിത്രത്തിൻ്റെ എഡിറ്ററും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ മൊഅതസ് നാഷി എന്നിവർ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തി. ചിത്രത്തിൻ്റെ പിറവി, സാർവത്രിക പ്രസക്തി, സൂക്ഷ്മമായ എഡിറ്റിങ് ശൈലി എന്നിവ സംബന്ധിച്ച ഉൾക്കാഴ്ചകൾ അവർ പങ്കുവെച്ചു.

 

 

'ദി ബ്ലാക്ക് സീ' എന്ന ചിത്രത്തിന് പിന്നിലെ പ്രചോദനത്തെയും ആദ്യ ചിത്രത്തിനായി ഈ പ്രമേയം തിരഞ്ഞെടുത്തതിനെയും കുറിച്ച് സംസാരിച്ച സംവിധായകൻ അലാദ്ദീൻ മുസ്തഫ, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം അവതരിപ്പിക്കാനും അറബ് സംസ്കാരത്തിൻ്റെ ഒരു കഥ അന്താരാഷ്ട്ര വേദിയിലെത്തിക്കാനും സാധിച്ചതിലെ സന്തോഷം പങ്കുവെച്ചു. ലക്ഷ്യങ്ങൾ നേടാനായി ഏതറ്റം വരെയും പോകാൻ മനുഷ്യർ തയ്യാറാകുമ്പോൾ കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങൾ അവരെ എങ്ങനെ വഴിതെറ്റിക്കുന്നുവെന്നാണ് ചിത്രം പരിശോധിക്കുന്നതെന്ന് സിനിമയുടെ കേന്ദ്രപ്രമേയം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഭിലാഷങ്ങൾ നിറവേറ്റാൻ ആളുകൾ എത്രത്തോളം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത്. 

 

മേളയിലെ ഇന്ത്യൻ, ആഗോള പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ഈജിപ്ഷ്യൻ ചിത്രം എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെ, കഥയുടെ സാംസ്കാരികാതീതമായ സ്വീകാര്യതയെ നിർമാതാവ് ഹംദി സമേഹ് എടുത്തുപറഞ്ഞു. അറബി ഭാഷയിലെ ഒരു ഈജിപ്ഷ്യൻ ചിത്രമാണെങ്കിലും 'ദി ബ്ലാക്ക് സീ' ഏതെങ്കിലും പ്രത്യേക സംസ്കാരത്തിലോ ഭൂപ്രദേശത്തോ ഒതുങ്ങിനിൽക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ ജനങ്ങൾ പങ്കുവെക്കുന്ന പൊതു വികാരങ്ങളോടാണ് ചിത്രം സംവദിക്കുന്നതെന്നും, എല്ലായിടത്തുമുള്ള മനുഷ്യർ ഒരേ അടിസ്ഥാന ആഗ്രഹങ്ങളാണ് അനുഭവിക്കുന്നതെന്നും, ഇത് ഇന്ത്യയിലെയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെയും പ്രേക്ഷകരുമായി സംവദിക്കാൻ ചിത്രത്തെ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

വീടിനകത്ത് ഒതുങ്ങിക്കൂടുകയും നിഗൂഢമായ ഒരു മനഃശാസ്ത്ര മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി വികസിക്കുന്ന ചിത്രത്തിൻ്റെ സാങ്കേതികവും ആഖ്യാനപരവുമായ സമീപനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സിനിമയുടെ എഡിറ്ററും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ മൊഅതസ് നാഷി പങ്കുവെച്ചു. പിരിമുറുക്കവും ഒറ്റപ്പെടലും പ്രേക്ഷകരിലേക്കെത്തിക്കാൻ താളവും വേഗവും ഉപയോഗപ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചിത്രത്തിൻ്റെ ആഴമേറിയ ആശയങ്ങൾ എല്ലാ പ്രേക്ഷകരിലേക്കും ഫലപ്രദമായി എത്തിക്കുകയായിരുന്നു പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. വേഗമേറിയ കട്ടുകൾക്ക് പകരം, കഥാപാത്രങ്ങളുടെ അനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും ചിത്രത്തിൻ്റെ സന്ദേശം ഉൾക്കൊള്ളാനും പ്രേക്ഷകർക്ക് സാധിക്കുന്ന തരത്തിൽ ബോധപൂർവം സാവധാനത്തിലും കരുതലോടെയുമാണ് അണിയറസംഘം ചിത്രത്തിൻ്റെ വേഗം നിശ്ചയിച്ചത്.  

 

മേളയുടെ സംഘാടകർക്കും ഇന്ത്യൻ പ്രേക്ഷകർക്കും അവരുടെ ഊഷ്മളമായ സ്വീകരണത്തിന് അണിയറപ്രവർത്തകര്‍ നന്ദി പ്രകാശിപ്പിച്ചാണ് വാർത്താസമ്മേളനം ഉപസംഹരിച്ചത്. അന്തരീക്ഷത്തിന് ഇണങ്ങുന്ന താളവും പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കഥാപശ്ചാത്തലവും കൊണ്ട് പ്രാദേശിക കഥാഖ്യാനത്തെ ആഗോള മാനുഷിക സത്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൃദ്യമായ ചലച്ചിത്രാനുഭവമാണ് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ദി ബ്ലാക്ക് സീ' പ്രേക്ഷകർക്ക് നൽകുന്നത്. ശ്രീമതി സൃഷ്ടി സുരേഷ് കുല്യേ വാർത്താസമ്മേളനം നിയന്ത്രിച്ചു.

 

ഈജിപ്ഷ്യൻ സംസ്കാരത്തിൽ വേരൂന്നിയതാണെങ്കിലും സമൂഹങ്ങളിലുടനീളം പ്രതിധ്വനിക്കുന്ന പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്ന 'ദി ബ്ലാക്ക് സീ' ഈ വര്‍ഷത്തെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 'അതിരുകളില്ലാത്ത കഥകൾ' എന്ന ആശയത്തിൻ്റെ അന്തസ്സത്ത പ്രതിഫലിപ്പിക്കുന്നു. മാനുഷിക ആഗ്രഹങ്ങളുടെ സാർവത്രിക അന്വേഷണത്തിലൂടെയും വേറിട്ട കഥാഖ്യാന രീതിയിലൂടെയും ഭാഷാപരവും സാംസ്കാരികവുമായ അതിർവരമ്പുകളെ സിനിമ എങ്ങനെ മറികടക്കുന്നുവെന്നും പങ്കുവെക്കപ്പെടുന്ന മാനുഷികാനുഭവങ്ങളിലൂടെ പ്രേക്ഷകരെ എങ്ങനെ ഒന്നിപ്പിക്കുന്നുവെന്നും ഈ ചിത്രം വ്യക്തമാക്കുന്നു.

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: 

https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48 

 

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340808
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026