57th International Film Festival of India 2026
20 – 28 Nov 2026

​57-ാം ഐഎഫ്എഫ്‌ഐ: തലമുറകൾ തമ്മിലുള്ള ബന്ധവും സ്നേഹവും പരിചരണത്തിന്റെ യാഥാർഥ്യങ്ങളും പ്രമേയമാക്കി മറാഠി ചിത്രം ‘ആദി അനന്ത്’

പോസ്റ്റഡ് ഓണ്‍: 24 NOV 2026 2:21PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340806Views: 9

ഗോവ, 2026 നവംബർ 24

 

57-ാം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) ഭാഗമായി ഗോവയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ, ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച മറാഠി ഫീച്ചർ ചിത്രമായ ‘ആദി അനന്തി’ന്റെ സൃഷ്ടിപരമായ യാത്രയെക്കുറിച്ചു സംവിധായകൻ മഹേഷ് ലിമയെ വിശദീകരിച്ചു.

137 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം, സിനിമാമേഖലയിൽ സ്വന്തമായി ഇടം കണ്ടെത്താൻ ശ്രമിക്കുന്ന യുവനടനായ ആദിത്യയും ഊർജസ്വലനായ മുത്തച്ഛൻ അനന്ത് റാവുവും തമ്മിലുള്ള ബന്ധമാണ് അവതരിപ്പിക്കുന്നത്. സങ്കർഷൺ കർഹാഡെയും പ്രശസ്ത മുതിർന്ന നടൻ അശോക് സരാഫുമാണു യഥാക്രമം ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് അശോക് സരാഫിനെ പത്മശ്രീ നൽകി ആദരിച്ചത്.

വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, സാമ്പത്തികവും വ്യക്തിപരവുമായ പ്രതിസന്ധികളെ ഇരുവരും നേരിടുമ്പോൾ പരസ്പര സ്നേഹത്തിലൂടെയും ലളിതമായ തമാശകളിലൂടെയും പിന്തുണയിലൂടെയും അവരുടെ ബന്ധം എങ്ങനെ മുന്നോട്ടുപോകുന്നുവെന്നു ലിമയെ വിശദീകരിച്ചു. ഒരു അപകടത്തെത്തുടർന്ന് അനന്ത് റാവു കിടപ്പിലാകുന്നതോടെ അവരുടെ ബന്ധത്തിൽ പ്രതിസന്ധികൾ ഉടലെടുക്കുന്നു. മുത്തച്ഛനെ പരിചരിക്കാനുള്ള ഉത്തരവാദിത്വങ്ങളും അഭിനയമേഖലയിലെ സ്വപ്നങ്ങളും ഒരേസമയം മുന്നോട്ടുകൊണ്ടുപോകാൻ ആദിത്യ നിർബന്ധിതനാകുന്നു. സമ്മർദവും നിരാശയും ഇരുവരുടെയും ബന്ധത്തെ ബാധിക്കുമ്പോൾ, കുടുംബത്തോടുള്ള ഉത്തരവാദിത്വം, പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത പരിചരണത്തിന്റെ യാഥാർഥ്യങ്ങൾ, സമകാലിക ജീവിതത്തിലെ വിജയത്തിന്റെ അർഥം എന്നിവയാണു ചിത്രം ചർച്ചചെയ്യുന്നത്.

നടനും തിരക്കഥാകൃത്തുമായ സങ്കർഷൺ കർഹാഡെ ആദ്യമായി തിരക്കഥ വിവരിച്ചപ്പോൾ താൻ ഏറെ വൈകാരികമായി സ്വാധീനിക്കപ്പെട്ടതായി ലിമയെ ഓർത്തെടുത്തു. പിതാവിന്റെ അവസാന നാളുകളിൽ അദ്ദേഹത്തെ പരിചരിച്ച ഓർമകളാണു തിരക്കഥ കേട്ടപ്പോൾ മനസ്സിലേക്കു കടന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. മറാഠി കഥപറച്ചിലിന്റെ പശ്ചാത്തലത്തിലാണു ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും, അതിന്റെ വൈകാരികമായ ഉള്ളടക്കം ഭാഷയുടെ അതിർവരമ്പുകൾ മറികടക്കുന്നതാണെന്നും ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും കുടുംബങ്ങൾ പങ്കുവയ്ക്കുന്ന അനുഭവങ്ങളെയാണു പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിലെ സംഗീതത്തെക്കുറിച്ചും കൂട്ടായ പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ച ലിമയെ, പ്രശസ്ത ശാസ്ത്രീയസംഗീത ഗായകൻ രാഹുൽ ദേശ്പാണ്ഡെ ആലപിച്ച ഭക്തിഗാനം ചിത്രത്തിലുണ്ടെന്നും അതിൽ അശോക് സരാഫ് തബല വായിക്കുന്ന രംഗമുണ്ടെന്നും വെളിപ്പെടുത്തി. സരാഫിന്റെ വിനയത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. സങ്കീർണവും പരിചിതമല്ലാത്തതുമായ കഥാപാത്രത്തെ പുതുമുഖത്തിന്റെ തുറന്ന മനസ്സോടെയാണു മുതിർന്ന നടൻ സമീപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സരാഫും കർഹാഡെയും തമ്മിലുള്ള പരസ്പരബഹുമാനം ഇരുവരുടെയും ഓൺസ്ക്രീൻ ബന്ധത്തിനു സ്വാഭാവികമായ താളം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
 

‘ആദി അനന്ത്’ എന്ന ചിത്രത്തിന്റെ പേരുതന്നെ ‘ആദി’ (തുടക്കം), ‘അനന്ത്’ (കാലാതീതമായത്) എന്നീ ആശയങ്ങൾ തമ്മിലുള്ള വൈരുധ്യത്തെ പ്രതിനിധാനംചെയ്യുന്നു. വിവിധ തലമുറകൾക്കിടയിലെ ബന്ധങ്ങളിലേക്കുള്ള ചിത്രത്തിന്റെ അന്വേഷണത്തെയും ഈ പേരു സൂചിപ്പിക്കുന്നു.

മുംബൈയിലെ ജെജെ സ്കൂൾ ഓഫ് ആർട്ടിലെ പൂർവവിദ്യാർഥിയായ മഹേഷ് ലിമയെ ഛായാഗ്രാഹകനും സംവിധായകനുമാണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭമായ ‘യെല്ലോ’ (Yellow) മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. രണ്ടാമത്തെ ഫീച്ചർ ചിത്രമായ ‘ജഗ്ഗു ആനി ജൂലിയറ്റ്’ (Jaggu Ani Juliet) ഏഴു മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി. സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഫീച്ചർ ചിത്രമാണ് ‘ആദി അനന്ത്’.

ശിവരാജ് ഗംഗാവാളാണ് വാർത്താസമ്മേളനത്തിൽ മോഡറേറ്ററായത്.

വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

* * *


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340806
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026