പ്രാദേശിക ചലച്ചിത്രകാരന്മാർ ആകർഷകമായ കഥകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതോടെ അസമീസ് സിനിമ ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണെന്ന് ചലച്ചിത്ര പ്രവർത്തക അന്താര ജി.ജി. ചൗധരി പറഞ്ഞു. ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് (IFFI), തന്റെ അസമീസ് ചലച്ചിത്രമായ 'സുർജ്യമുഖി'യെക്കുറിച്ച് പി.ഐ.ബി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഉത്പൽ എന്ന ബാലന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം, 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം അവന്റെ ജീവിതത്തിലേക്ക് വീണ്ടും തിരിഞ്ഞുനോക്കുന്നു. മനുഷ്യന്റെ തീരുമാനങ്ങൾ ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും അവ എപ്രകാരം ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്നും ചിത്രം പരിശോധിക്കുന്നു. നവംബർ 22-ന് ഗോവയിൽ നടന്ന ചലച്ചിത്ര മേളയിലാണ് 'സുർജ്യമുഖി'യുടെ ലോക പ്രീമിയർ നടന്നത്.

സിനിമയെക്കുറിച്ച് സംസാരിക്കവെ, സൂര്യനോടുള്ള മോഹം തന്റെ കലാപരമായ ഉദ്യമങ്ങളിൽ ആവർത്തിച്ചുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സംവിധായിക പറഞ്ഞു. 'സുർജ്യമുഖി'യുടെ ആഖ്യാനത്തിലെ ലാളിത്യവും ആകർഷകമായ കേന്ദ്ര കഥാപാത്രവുമാണ് തന്നെ ഇതിലേക്ക് ആകർഷിച്ചത്. സിനിമയുടെ സാർവത്രികമായ സ്വീകാര്യത എടുത്തുപറഞ്ഞുകൊണ്ട്, ഇതിലെ പ്രമേയങ്ങൾ വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള പ്രേക്ഷകരിൽ പ്രതിഫലിക്കുമെന്ന് ചൗധരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അസമീസ് സിനിമയുടെ മാറിക്കൊണ്ടിരിക്കുന്ന മുഖച്ഛായയെക്കുറിച്ചും, പ്രാദേശിക ചലച്ചിത്ര നിർമ്മാണത്തിനുള്ള പുതിയ സർഗ്ഗാത്മക ഊർജ്ജത്തേയും വർദ്ധിച്ചുവരുന്ന അവസരങ്ങളേക്കുറിച്ചും അവർ സംസാരിച്ചു .
മേളയിൽ തൻ്റെ സിനിമ പ്രദർശിപ്പിക്കാൻ സാധിച്ച അനുഭവത്തെ "അത്ഭുതകരമായ അനുഭൂതി"എന്ന് ചൗധരി വിശേഷിപ്പിച്ചു.
വാർത്താ സമ്മേളനത്തിൽ ആകാശ്നീൽ ശർമ്മ മോഡറേറ്ററായിരുന്നു.

https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****