57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തിൽ, ഇന്ത്യൻ പുരാണങ്ങളുടെ കാലാതീതമായ മനോഹരിതയ്ക്ക് ആഗോളവേദി ലഭിച്ചു. നിതേഷ് തിവാരി സംവിധാനം ചെയ്ത ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഇതിഹാസചിത്രമായ ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ് (ഭാഗം 1)’, ‘ഫിലിംസ് ഫ്രം ബ്രിക്സ് ’ വിഭാഗത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.
ഇന്ത്യയുടെ കാലാതീതമായ ഇതിഹാസങ്ങളിലൊന്നിൽ വേരൂന്നിയ ഈ ചിത്രം, തലമുറകളെയും സംസ്കാരങ്ങളെയും പിന്നിട്ട് സഞ്ചരിച്ച ഒരു കഥയെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലേക്ക് എത്തിക്കുന്നു. ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അതിർവരമ്പുകൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന സിനിമയുടെ ശക്തിയെ ആഘോഷിക്കുന്ന പ്രദർശനത്തിന് ഉദ്ഘാടന ചിത്രമായി രാമയണത്തെ തിരഞ്ഞെടുത്തത് അനുയോജ്യമായി.
ഉദ്ഘാടന വിഭാഗത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ ആദരിക്കുന്ന ചടങ്ങും നടന്നു. ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ ഹൈക്കമ്മീഷൻ അംബാസഡർ ശ്രീ സൈദു ദാഹിറു മുഹമ്മദിനെ, വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത് ആദരിച്ചു. ഇന്തോനേഷ്യൻ റിപ്പബ്ലിക് എംബസിയിലെ ചാർജ് ഡി അഫയേഴ്സിനെ പ്രതിനിധീകരിച്ച എർണി വഹ്യൂനി, മുംബൈയിലെ റഷ്യൻ ഫെഡറേഷൻ്റെ കോൺസുലേറ്റ് ജനറൽ ആക്ടിംഗ് കോൺസൽ ജനറൽ അലക്സാണ്ടർ ഫുർസോവ് എന്നിവരെ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി ശ്രീ ശംഭു ലിംഗപ്പ ഹക്കി ആദരിച്ചു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഡോ. മുസ്തഫ ഗോഹരിഫർ, ഇന്ത്യയിലെ ഐ.പി.ഐ.എസ് പ്രതിനിധി ഡോ. ഒമിദ് ബാബേലിയൻ എന്നിവരെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ ജി. കൃഷ്ണകുമാർ ആദരിച്ചു.
ഇന്തോനേഷ്യൻ റിപ്പബ്ലിക്കിൻ്റെ എംബസിയിലെ ട്രഷറി വിഭാഗം പ്രതിനിധി മെയ്ലിസ കരുണിയ ഹരഹാപിനെയും ശ്രീ ജി. കൃഷ്ണകുമാർ ആദരിച്ചു. ‘ഫിലിംസ് ഫ്രം ബ്രിക്സ്’ വിഭാഗത്തിന് തുടക്കം കുറിച്ച ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ് (ഭാഗം 1)’ എന്ന ചിത്രത്തിൻ്റെ സംവിധായകൻ നിതേഷ് തിവാരിയെ ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ ആശുതോഷ് ഗോവാരികർ ആദരിച്ചു.
‘ഫിലിംസ് ഫ്രം ബ്രിക്സ്’ വിഭാഗം വിനോദത്തിനുപരിയായി സിനിമയുടെ പ്രാധാന്യം തിരിച്ചറിയുന്നു. വിവിധ സമൂഹങ്ങളുടെ ജീവിതം, മൂല്യം, പാരമ്പര്യങ്ങൾ, അഭിലാഷങ്ങൾ എന്നിവയിലേക്ക് ചലച്ചിത്രങ്ങൾ ഒരു ജാലകം തുറക്കുന്നു. രാജ്യങ്ങൾക്ക് തനത് കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും അതോടൊപ്പം അതിർത്തികൾക്കപ്പുറമുള്ള സംസ്കാരങ്ങളെ പ്രേക്ഷകർക്ക് മനസ്സിലാക്കാനും സിനിമകൾ അവസരം നൽകുന്നു. ഈ പശ്ചാത്തലത്തിൽ, ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സർഗാത്മക സഹകരണം പ്രോത്സാഹിപ്പിക്കാനും ഗ്ലോബൽ സൗത്തിലെ ചലച്ചിത്ര ശബ്ദങ്ങൾക്ക് കൂടുതൽ ദൃശ്യപരത നൽകാനും ബ്രിക്സ് വേദി അവസരമൊരുക്കുന്നു.
ഈ ചിത്രങ്ങൾ ‘ഫിലിംസ് ഫ്രം ബ്രിക്സ്’ വിഭാഗത്തെ സാംസ്കാരിക വൈവിധ്യത്തിൻ്റെയും പൊതുവായ വൈകാരിക അനുഭവങ്ങളുടെയും ആഘോഷമാക്കി മാറ്റുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകളെ ഒരേ വേദിയിൽ എത്തിക്കുന്നതിലൂടെ, പരസ്പര ബഹുമാനം വളർത്തുക, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, രാജ്യങ്ങൾക്കിടയിൽ കൂടുതൽ ആഴത്തിലുള്ള ധാരണ വളർത്തുക എന്നിവയിൽ സിനിമയ്ക്കുള്ള പങ്ക് ഐ.എഫ്.എഫ്.ഐ വീണ്ടും ഉറപ്പിക്കുന്നു. ‘വസുധൈവ കുടുംബകം’, അഥവാ ‘ലോകം ഒരു കുടുംബമാണ്’ എന്ന ആശയത്തിൻ്റെ ചൈതന്യത്തെയാണ് ഈ പ്രദർശനം പ്രതിഫലിപ്പിക്കുന്നത്. ഭാഷകളും ചരിത്രങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്തമായാലും കഥാഖ്യാനത്തിന് മനുഷ്യരെ കൂടുതൽ ചേർത്ത് നിർത്താൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു .
അതിരുകൾക്കതീതമായ കഥകൾ: ‘ഫിലിംസ് ഫ്രം ബ്രിക്സ്’ നിരയിലെ സാംസ്കാരിക വൈവിധ്യത്തിൻ്റെ ആഘോഷം
11 അംഗ രാജ്യങ്ങളും 10 പങ്കാളി രാജ്യങ്ങളും ഉൾപ്പെടുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ‘ഫിലിംസ് ഫ്രം ബ്രിക്സ്’ വിഭാഗം വിവിധ വിഭാഗങ്ങളിലും ഭാഷകളിലും ജീവിതാനുഭവങ്ങളിലും നിന്നുള്ള സമകാലിക കഥാഖ്യാനത്തിൻ്റെ വൈവിധ്യമാർന്ന നിരയെ ഒരുമിച്ചുകൊണ്ടുവരുന്നു.
നിതേഷ് തിവാരിയുടെ ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ് (ഭാഗം 1)’, ബ്രെൻഡ ലിജിയയുടെയും എഡു ഫെലിസ്റ്റോക്കിൻ്റെയും ‘അമദേയോ ആൻഡ് ദി ഹൈപ്പോതറ്റിക്കൽ ന്യൂ വേൾഡ്’ എന്നിവയിലെ വിശാലമായ പുരാണാവിഷ്കാരവും ആനിമേറ്റഡ് ചരിത്ര പുനരാവിഷ്കരണവും മുതൽ, എൻഗുയെൻ ഹോങ് ഡിയപ്പിൻ്റെ ‘1982’, സോംപോട്ട് ചിഡ്ഗാസോൺപോംഗ്‌സെയുടെ ‘9 ടെംപിൾസ് ടു ഹെവൻ’, ആൻഡ്രെയ് എഗോറോവിൻ്റെ ‘ആൻഡ് ദി സ്നോ വാസ് ഫാളിംഗ്’, നെയ്‌ല അൽ ഖാജയുടെ ‘ബാബ്’, അരിഫ് സുൽക്കർനൈനിൻ്റെ ‘ബാഗ: ടുമോറോ ബിലോങ്സ് ടു നോ വൺ’, ലൂയിസ് എർനെസ്റ്റോ ഡൊണാസിൻ്റെ ‘ബരാക്കോവ’, അനസ്താസിയ കുസിനയുടെ ‘ബോ ബോ’, റാഷിദ് മാലിക്കോവിൻ്റെ ‘കോട്ടൺ’, കാട്രിൻ വെബറിൻ്റെ ‘ഡ്രീമിംഗ് ഓഫ് സെറനാഡ’ തുടങ്ങിയ ചിത്രങ്ങളിലെ നാടകീയ അവതരണങ്ങളും വിവിധ ശൈലികളുടെ സമന്വയവും വരെ, ഈ ചിത്രങ്ങൾ കുടുംബ ബന്ധങ്ങൾ, സാമൂഹിക സമ്മർദ്ദങ്ങൾ, പ്രതിരോധശേഷി, പാരിസ്ഥിതിക ബന്ധം തുടങ്ങിയ പ്രമേയങ്ങൾ പരിശോധിക്കുന്നു.
'അതിരുകൾക്കതീതമായ കഥകൾ’ എന്ന ഈ വർഷത്തെ പ്രമേയത്തിന് കീഴിൽ സംഗമിക്കുന്ന ഈ ചലച്ചിത്രങ്ങൾ, ബ്രിക്സ് കൂട്ടായ്മയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ വ്യത്യസ്ത സാംസ്കാരിക സ്വത്വങ്ങളെ പ്രതിഫലിപ്പിക്കുമ്പോഴും മനുഷ്യ വികാരമെന്ന സാർവത്രികതയോട് സംവദിക്കുന്നതെങ്ങനെയെന്ന് എടുത്തുകാണിക്കുന്നു.
***