വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചശേഷം സമൂഹത്തിലേക്ക് മടങ്ങിയെത്തുന്നവർ ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിനും ഭൂതകാലത്തിൻ്റെ ഭാരം മറികടക്കുന്നതിനുമായി പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത വലിയ പോരാട്ടങ്ങളാണ് നേരിടുന്നതെന്ന് 'ന്യൂ ഹോം' എന്ന ചിത്രത്തിൻ്റെ സംവിധായകനും റഷ്യൻ ചലച്ചിത്രകാരനുമായ നികിത ഗ്രുഷിൻ പറഞ്ഞു. ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) ഭാഗമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 101 മിനിറ്റ് ദൈർഘ്യമുള്ള ഈ റഷ്യൻ ചിത്രം, 2026-ലെ ഐ.എഫ്.എഫ്.ഐയിൽ വേൾഡ് പ്രീമിയർ പ്രദർശനം നടത്തുന്ന ചിത്രമാണ്. മേളയിൽ പങ്കാളി രാജ്യമായ റഷ്യയെ ആദരിക്കുന്ന പ്രത്യേക പ്രദർശനത്തിൻ്റെ ഭാഗമായാണ് ചിത്രം അവതരിപ്പിക്കുന്നത്.
തൻ്റെ സിനിമയ്ക്ക് പിന്നിലെ പ്രചോദനം വിവരിക്കവെ, ദീർഘകാലത്തെ ജയിൽവാസത്തിന് ശേഷം പുനരധിവാസ പ്രക്രിയയിലൂടെ കടന്നുപോകുന്നവരുമായി നടത്തിയ ഇടപഴകലിലൂടെയാണ് സമൂഹവുമായി വീണ്ടും ഇഴുകിച്ചേരാൻ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ തനിക്ക് ബോധ്യപ്പെട്ടതെന്ന് നികിത ഗ്രുഷിൻ പറഞ്ഞു. ഇവരുടെ അനുഭവങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് തോന്നിയതിനാലാണ്, അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്ന തൻ്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെ അവരുടെ കഥകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആഗ്രഹിച്ചത്. ജയിൽവാസത്തിന് ശേഷം ജീവിതം വീണ്ടും കെട്ടിപ്പടുക്കാനും ജീവിതത്തിന് അർത്ഥം കണ്ടെത്താനും ശ്രമിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും പോരാട്ടങ്ങളാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്.
നികിത ഗ്രുഷിൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ന്യൂ ഹോം' (നോവി ഡോം), ഏഴ് വർഷത്തെ ജയിൽവാസത്തിന് ശേഷം പണമോ കുടുംബമോ ജീവിതത്തിൽ വ്യക്തമായ ദിശാബോധമോ ഇല്ലാതെ പുറത്തിറങ്ങുന്ന അന്ന എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. സാമൂഹിക സേവന വിഭാഗങ്ങളുടെ സഹായത്തോടെ അവൾ ജോലിയും താമസസൗകര്യവും ഒരു പിന്തുണാ സംഘവും കണ്ടെത്തുന്നു. അവിടെ വെച്ച് അവൾ റോമനെ കണ്ടുമുട്ടുന്നു. അവൻ്റെ പിന്തുണയോടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടെ, തൻ്റെ ഭാവിയുടെ ഗതി തന്നെ നിർണയിച്ചേക്കാവുന്ന കടുത്തൊരു തീരുമാനമെടുക്കുന്നതിന് മുൻപായി അന്നയ്ക്ക് തൻ്റെ ഭൂതകാലത്തെയും ആന്തരിക സംഘർഷങ്ങളെയും നേരിടേണ്ടിവരുന്നു. കുറ്റബോധം, ക്ഷമ, പുനരധിവാസം, രണ്ടാമതൊരു അവസരത്തിനുള്ള സാധ്യത എന്നിവയാണ് ചിത്രം ചർച്ച ചെയ്യുന്ന പ്രമേയങ്ങൾ.
കേന്ദ്ര കഥാപാത്രത്തിൻ്റെ രൂപീകരണത്തെക്കുറിച്ച് സംസാരിക്കവെ, ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ മാതൃകയാക്കിയല്ല അന്ന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് ഗ്രുഷിൻ വ്യക്തമാക്കി. പകരം, സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയവരും ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരുമായ നിരവധി ആളുകളുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത്. യഥാർത്ഥ ജീവിതത്തിലെ ഈ നിരീക്ഷണങ്ങളാണ് കഥയുടെ അടിത്തറയായതെന്നും സ്വന്തം എഴുത്തിലൂടെയും സർഗാത്മകമായ വ്യാഖ്യാനത്തിലൂടെയും അത് വികസിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ കേന്ദ്രസന്ദേശത്തെക്കുറിച്ച് സംസാരിച്ച സംവിധായകൻ, ജയിൽ മോചിതരാകുന്നവർ നേരിടുന്ന വെല്ലുവിളികൾ ഏതെങ്കിലും ഒരു രാജ്യത്തിലോ സമൂഹത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷവും പലരും ആഴത്തിലുള്ള കുറ്റബോധം ഉള്ളിൽ പേറുന്നുണ്ടെന്നും ഇത് അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയും ജീവിതത്തിൽ മുന്നോട്ടുപോകുന്നതിന് തടസ്സമാകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈകാരിക ഭാരം വ്യക്തികൾ എങ്ങനെ നേരിടുന്നുവെന്നും ജീവിതം വീണ്ടും തുടങ്ങാനുള്ള ധൈര്യം എങ്ങനെ കണ്ടെത്തുന്നുവെന്നും അന്നയുടെ യാത്രയിലൂടെ അന്വേഷിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ, സംവിധായകനൊപ്പം പങ്കെടുത്ത ഛായാഗ്രാഹക എകറ്റെറീന സ്മോലിന ഇരുവരും തമ്മിലുള്ള സർഗാത്മക കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിച്ചു. ഫിലിം സ്കൂൾ കാലം മുതലുള്ള തങ്ങളുടെ സൗഹൃദം അനുസ്മരിച്ച അവർ, ഇതിനുമുമ്പ് മൂന്ന് ഹ്രസ്വചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ദീർഘകാലത്തെ സൗഹൃദവും പരസ്പരമുള്ള പ്രവർത്തനശൈലികളെക്കുറിച്ചുള്ള അറിവും ചിത്രീകരണവേളയിൽ സ്വാഭാവികമായൊരു ഒത്തിണക്കം സൃഷ്ടിക്കാൻ സഹായിച്ചതായും ഇത് സർഗാത്മക പ്രവർത്തനപ്രക്രിയയെ കൂടുതൽ അനായാസവും ഫലപ്രദവുമാക്കിയതായും അവർ വ്യക്തമാക്കി.
ഛായാഗ്രഹണ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന്, തുടക്കത്തിൽ താനും ഭയവും അനിശ്ചിതത്വവും അനുഭവിച്ചിരുന്നതായി സ്മോലിന ഓർത്തെടുത്തു. എന്നാൽ, ക്രമേണ ഈ ആശങ്കകളെ മറികടക്കാൻ തനിക്ക് സാധിച്ചുവെന്നും, തുടക്കത്തിലെ ഭയത്തിന് കീഴടങ്ങാതെ ആത്മവിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ഈ മേഖലയെ സമീപിക്കാൻ വളർന്നുവരുന്ന വനിതാ ഛായാഗ്രാഹകരെ പ്രോത്സാഹിപ്പിക്കുന്നതായും അവർ പറഞ്ഞു.
ഇന്ത്യൻ സിനിമയും റഷ്യൻ സിനിമയും തമ്മിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ച ഗ്രുഷിൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചലച്ചിത്രബന്ധത്തെക്കുറിച്ച് അനുസ്മരിച്ചു. സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ സിനിമകൾക്ക് വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ടെന്നും റഷ്യൻ പ്രേക്ഷകരുടെ ഹൃദയത്തിൽ അവയ്ക്ക് ഇന്നും സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ചലച്ചിത്ര പങ്കാളിത്തത്തിന് വലിയ സാധ്യതകളുണ്ടെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഗ്രുഷിൻ, ഈ സഹകരണം സാമ്പത്തിക നിക്ഷേപത്തിനും സാങ്കേതികവിദ്യാ കൈമാറ്റത്തിനും അപ്പുറത്തേക്ക് വളരണമെന്ന് ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടുന്ന കഥകൾക്കും സാംസ്കാരിക ഇടപെടലുകൾക്കും ശക്തമായ സർഗാത്മക പങ്കാളിത്തത്തിന് അർത്ഥവത്തായ അടിത്തറയൊരുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയവും സാംസ്കാരികവുമായ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു മാനുഷിക അനുഭവത്തെയാണ് അന്നയുടെ യാത്രയിലൂടെ 'ന്യൂ ഹോം' മുന്നോട്ടുവെക്കുന്നത്; അന്തസ്സിനും അംഗീകാരത്തിനും ജീവിതം വീണ്ടും തുടങ്ങാനുള്ള അവസരത്തിനുമായുള്ള അന്വേഷണം. 2026-ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രമേയമായ 'അതിരുകളില്ലാത്ത കഥകൾ' എന്നതുമായി ചേർന്നുനിൽക്കുന്ന ഈ ചിത്രം, വ്യത്യസ്ത ജീവിത യാഥാർത്ഥ്യങ്ങളെ കൂടുതൽ അടുപ്പിക്കാനും സഹാനുഭൂതി വളർത്താനും പങ്കിടുന്ന മാനുഷിക അനുഭവങ്ങളിലൂടെ പ്രേക്ഷകരെ തമ്മിൽ ബന്ധിപ്പിക്കാനുമുള്ള സിനിമയുടെ കഴിവ് അടിവരയിടുന്നു. റഷ്യയുടെ പങ്കാളി രാജ്യ പ്രദർശനത്തിൻ്റെ ഭാഗമായി ചിത്രം അവതരിപ്പിക്കുന്നത് സാംസ്കാരിക ധാരണ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയും ലോകവും തമ്മിലുള്ള സർഗാത്മക കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ചലച്ചിത്രമേള വഹിക്കുന്ന പങ്കിനെയും പ്രതിഫലിപ്പിക്കുന്നു.
ശ്രീ കിരൺ മുരളിയാണ് വാർത്താസമ്മേളനം നിയന്ത്രിച്ചത്.
***