ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്റ്റേജസ് എക്രോസ്സ് ബോർഡേഴ്സ്’ എന്ന പ്രത്യേക മാസ്റ്റർക്ലാസിൽ സംസാരിക്കവെ, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾക്കതീതമായി മനുഷ്യവികാരങ്ങളുടെ സാർവത്രിക ഭാഷയിലൂടെ സിനിമ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്ന് പ്രശസ്ത അഭിനേത്രി കാർല സോഫിയ ഗാസ്കോൺ പറഞ്ഞു.
_20261122150547_e98250.jpeg)
അഭിനിവേശത്തിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, സ്വയം വിശ്വസിക്കാനും അവരവരുടെ വ്യക്തിത്വം ഉൾക്കൊള്ളാനും കലയോട് പ്രതിബദ്ധത പുലർത്താനും ഗാസ്കോൺ പുതുമുഖ അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ചു. യഥാർത്ഥ പ്രകടനം കാഴ്ചവയ്ക്കാൻ സ്വന്തം തൊഴിലിനോടുള്ള ആത്മാർത്ഥമായ സ്നേഹം അത്യന്താപേക്ഷിതമാണെന്ന് അവർ നിരീക്ഷിച്ചു.
അഭിനയത്തോടുള്ള തന്റെ സമീപനം പങ്കുവെച്ചുകൊണ്ട്, ഓരോ കഥാപാത്രത്തിലും പൂർണ്ണമായും ലയിച്ചുചേരുകയും തിരശീലയിൽ ആധികാരികത കൊണ്ടുവരാൻ ആഴത്തിലുള്ള വൈകാരിക ഇടപെടലുകളെ ആശ്രയിക്കുകയും ചെയ്യാറുണ്ടെന്ന് അവർ പറഞ്ഞു. പരമ്പരാഗതമല്ലാത്തതും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങളോടുള്ള തന്റെ താല്പര്യം വ്യക്തമാക്കിയ അവർ, സ്വന്തം അനുഭവങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സർഗ്ഗാത്മക അന്വേഷണങ്ങൾക്കും കലാപരമായ വളർച്ചയ്ക്കും സ്വയം കണ്ടെത്തലിനുമുള്ള അവസരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി.

അഭിനയത്തെ വെല്ലുവിളികളുടെയും കണ്ടെത്തലുകളുടെയും നിരന്തരമായ യാത്രയായി വിശേഷിപ്പിച്ച ഗാസ്കോൺ, ഓരോ കഥാപാത്രവും പുതിയൊരു കാഴ്ചപ്പാടും വ്യത്യസ്തമായ സമീപനവും ആവശ്യപ്പെടുന്നതെങ്ങനെയെന്ന് എടുത്തുപറഞ്ഞു. ഭൂമിശാസ്ത്രപരമോ സാംസ്കാരികമോ ആയ പശ്ചാത്തലങ്ങൾക്കതീതമായി, പങ്കുവെക്കപ്പെടുന്ന മനുഷ്യവികാരങ്ങളിലൂടെ പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന ആഗോള ഭാഷയായാണ് അവർ സിനിമയെ വിശേഷിപ്പിച്ചത്.
ചലച്ചിത്ര നിർമ്മാണത്തിലെ കൂട്ടായ്‌മ എടുത്തുപറഞ്ഞുകൊണ്ട്, സർഗ്ഗാത്മക സംഘത്തിലെ ഓരോ അംഗത്തിന്റെയും സംഭാവനകളെ അവർ അംഗീകരിച്ചു. ഒരു സിനിമ ആത്യന്തികമായി രൂപപ്പെടുന്നത് അതിന്റെ അണിയറപ്രവർത്തകരുടെ കൂട്ടായ കാഴ്ചപ്പാടിലൂടെയും പരിശ്രമങ്ങളിലൂടെയുമാണെന്നും അവർ എടുത്തുപറഞ്ഞു.

സർഗ്ഗാത്മക പ്രക്രിയ, അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങൾ, ചലച്ചിത്ര നിർമ്മാണത്തിന്റെ കൂട്ടായ കല എന്നിവയെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ പുതുമുഖ അഭിനേതാക്കൾക്കും ചലച്ചിത്രകാരന്മാർക്കും സിനിമാസ്നേഹികൾക്കും ഈ മാസ്റ്റർക്ലാസ് നൽകി.
ഇഫിലോയ്ഡ് (IFFILOID) ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****