ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി 2026-ൽ പങ്കാളിയായി 'ഭാഷിണി'; സമഗ്രവും സഹാനുഭൂതിയുമുള്ള ആരോഗ്യപരിരക്ഷക്ക് ബഹുഭാഷാ നിർമിതബുദ്ധിയുടെ പങ്ക് എടുത്തുകാട്ടി

പോസ്റ്റഡ് ഓണ്‍: 21 NOV 2026 7:21PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നവംബർ 20, 21 തീയതികളിൽ നടന്ന ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി 2026-ൽ ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ്റെ (DIC) ഭാഗമായ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (DIBD) പങ്കെടുത്തു. രണ്ടുദിവസം നീണ്ട ഉച്ചകോടിയിൽ, ഭാഷിണി തങ്ങളുടെ നൂതന ബഹുഭാഷാ നിർമിതബുദ്ധി (എഐ) സംവിധാനങ്ങൾ പ്രദർശിപ്പിച്ചു. ആരോഗ്യപരിപാലന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ക്ലിനിക്കൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പ്രാപ്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതും രോഗീകേന്ദ്രീകൃതവുമായ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിനും ബഹുഭാഷാ നിർമിതബുദ്ധി എപ്രകാരം പ്രയോജനപ്പെടുമെന്ന് ഭാഷിണി അവതരിപ്പിച്ചു.

ഉച്ചകോടിയുടെ സമാപനദിനത്തിൽ, ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ സി.ഇ.ഒ ശ്രീ. അമിതാഭ് നാഗ്, 'നിർമിതബുദ്ധിയിലൂടെ ആരോഗ്യരംഗത്തെ ഭാഷാപരമായ തടസ്സങ്ങൾ മറികടക്കൽ: ഒരു ഭാഷിണി മാതൃക' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളിൽ ഭാഷാപരമായ ബുദ്ധിശക്തി സമന്വയിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. രോഗികൾക്ക് അവർ ആഗ്രഹിക്കുന്ന ഭാഷയിൽ ആരോഗ്യവിവരങ്ങൾ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും ആരോഗ്യസേവനങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ ഭാഷാ സാങ്കേതികവിദ്യകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



 

ഡിജിറ്റൽ ആരോഗ്യരംഗത്ത് ഭാഷ നിർണായകമാണെങ്കിലും വേണ്ടത്ര പരിഗണിക്കപ്പെടാത്ത ഒരു ഘടകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡോക്ടർമാരും രോഗികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും ചികിത്സയുമായി ബന്ധപ്പെട്ട രേഖപ്പെടുത്തൽ പ്രക്രിയകൾ ലളിതമാക്കുന്നതിനും വൈദ്യശാസ്ത്ര വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ബഹുഭാഷാ നിർമിതബുദ്ധിക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. രോഗനിർണയവും മരുന്നുകളും മാത്രമല്ല, ഡോക്ടർമാർ, പരിചരിക്കുന്നവർ, രോഗികൾ എന്നിവർക്കിടയിൽ രൂപപ്പെടുന്ന മാനുഷിക ബന്ധവും രോഗശാന്തിയിൽ നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്ത് സഹാനുഭൂതിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

ബോഡോ, മറാഠി, പഞ്ചാബി, മൈഥിലി തുടങ്ങി രോഗികളുടെ മാതൃഭാഷയിൽ തന്നെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തുമ്പോൾ അത് കൂടുതൽ സ്വാഭാവികവും ഹൃദ്യവും അവബോധപൂർണ്ണവുമായി മാറുന്നു. രോഗികൾക്ക് പരിചിതമായ ഭാഷയിൽ കരുതലും ആശ്വാസവും വ്യക്തതയും പകർന്നുനൽകാൻ കഴിയുന്നത് അവരിൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളർത്തുന്നതിനൊപ്പം ആരോഗ്യപ്രവർത്തകരുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു. 'ഭാഷിണി' പ്രദാനം ചെയ്യുന്ന ഭാഷാ സാങ്കേതികവിദ്യകളിലൂടെയുള്ള ഇത്തരം ആശയവിനിമയങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും സംവേദനാത്മകവുമാണ്. ഇതിലൂടെ രോഗിക്കും തങ്ങൾ പറയുന്നത് കേൾക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്നുവെന്ന ഉറപ്പ് ലഭിക്കുന്നു.

ആരോഗ്യരംഗത്തിനാവശ്യമായ ഭാഷാ വിഭവങ്ങൾ വികസിപ്പിക്കുന്നതിലും മെഡിക്കൽ, പൊതുജനാരോഗ്യ മേഖലകളിലെ വിവിധ ആപ്ലിക്കേഷനുകൾക്കായി ബഹുഭാഷാ എഐ സാങ്കേതികവിദ്യകളുടെ ശേഷി വർധിപ്പിക്കുന്നതിലും സമൂഹത്തിൻ്റെ സജീവ പങ്കാളിത്തത്തിനും സംഭാവനകൾക്കും നിർണായക സ്ഥാനമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട്, 'ആരോഗ്യത്തിനായി ഭാഷാദാനം' സംരംഭത്തിൻ്റെ പ്രാധാന്യവും മുഖ്യപ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.

രോഗലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും വിവരിക്കാൻ ജനങ്ങൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണശൈലിയിലുള്ള പ്രയോഗങ്ങളും അവയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൈദ്യശാസ്ത്ര പദാവലികളും ശേഖരിച്ച് ബഹുഭാഷാ ആരോഗ്യ ഡാറ്റാസെറ്റുകൾ വികസിപ്പിക്കുന്നതിനുള്ള സംരംഭമായ 'ഡാറ്റാ ദാൻ ഫോർ ഹെൽത്തി'ൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. പ്രാദേശിക ഭാഷാപ്രയോഗങ്ങൾ ഉൾപ്പെടെ, ഔദ്യോഗിക വൈദ്യശാസ്ത്ര പദാവലിയുമായി പൊരുത്തപ്പെടാത്തതും എന്നാൽ സാധാരണക്കാർ ആരോഗ്യപ്രശ്നങ്ങൾ വിവരിക്കാൻ സ്വാഭാവികമായി ഉപയോഗിക്കുന്നതുമായ പദങ്ങളും പ്രയോഗങ്ങളും രേഖപ്പെടുത്തുന്നതിനാണ് ഈ സംരംഭം പ്രാധാന്യം നൽകുന്നത്. ഉദാഹരണത്തിന്, ഹിന്ദിയിൽ 'പൈർ മേം പാനി ഭർ ഗയാ ഹേ' (കാലിൽ നീർക്കെട്ട് ഉണ്ട്) എന്ന പ്രയോഗത്തെ 'Oedema' (നീർക്കെട്ട്) എന്ന വൈദ്യശാസ്ത്ര പദവുമായി ബന്ധിപ്പിക്കാം. ഇന്ത്യൻ ഭാഷകളിലെ ഇത്തരം പ്രാദേശിക പദപ്രയോഗങ്ങൾ ശേഖരിച്ച് അവയെ അംഗീകൃത വൈദ്യശാസ്ത്ര പദാവലിയുമായി ബന്ധിപ്പിക്കുന്നതിലൂടെ, ആളുകൾ സ്വന്തം ആരോഗ്യപ്രശ്നങ്ങളും രോഗലക്ഷണങ്ങളും എങ്ങനെ വിവരിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാൻ എഐ സംവിധാനങ്ങളെ പ്രാപ്തമാക്കുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ഇതിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഫലപ്രദമായി തിരിച്ചറിയാനും രോഗികളും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും സാധിക്കും.

'ഭാഷിണി' പ്രദർശന സ്റ്റാളിൽ ആരോഗ്യരംഗത്തെ വിവിധ ആപ്ലിക്കേഷനുകളും ബഹുഭാഷാ നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ സാധ്യതകളും അവതരിപ്പിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ), ഇന്ത്യൻ കരസേനയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രായോഗിക ഉപയോഗ മാതൃകകളും പ്രദർശനത്തിൻ്റെ ഭാഗമായി പരിചയപ്പെടുത്തി. ക്ലിനിക്കൽ സാഹചര്യങ്ങളിൽ സംസാര-ഭാഷാ സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇവ വ്യക്തമാക്കുന്നു.



 

ജിപ്മെറിൽ, ഇ-ഭാഷിണിയെ ഇ-സുശ്രുത് ഹോസ്പിറ്റൽ മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റവുമായി (HMIS) സംയോജിപ്പിക്കുന്നതിലൂടെ രോഗികളുടെ ചികിത്സാചരിത്രം, കിടത്തിച്ചികിത്സാ വിഭാഗത്തിലെ കുറിപ്പുകൾ, ആശുപത്രി വിടുമ്പോഴുള്ള നിർദേശങ്ങൾ എന്നിവ ശബ്ദത്തിലൂടെ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് പ്രദർശിപ്പിച്ചു. എയിംസിൽ, വിവിധ ഭാഷകളിലുള്ള ഡോക്ടർ-രോഗി ആശയവിനിമയത്തിന് സഹായകമാകുന്ന സ്പീച്ച് സാങ്കേതികവിദ്യകൾക്കൊപ്പം, ഭാഷിണിയുടെ സ്പീച്ച്-ടു-ടെക്സ്റ്റ് സംവിധാനത്തെ നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൻ്റെ ഇ-ഹോസ്പിറ്റൽ പ്രിസ്ക്രിപ്ഷൻ മൊഡ്യൂളുമായി സംയോജിപ്പിച്ചുള്ള പ്രവർത്തനവും അവതരിപ്പിച്ചു. ഇന്ത്യൻ കരസേനയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ് അവതരിപ്പിച്ച ഐ-ധന്വന്തരി സംവിധാനത്തിൽ, ഡോക്ടർമാർ ശബ്ദത്തിലൂടെ രേഖപ്പെടുത്തുന്ന ക്ലിനിക്കൽ കുറിപ്പുകൾ ലിഖിത വാചകമാക്കി മാറ്റുന്നതിനായി ഭാഷിണിയുടെ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന രീതിയും പ്രദർശിപ്പിച്ചു.  

ഡോക്ടർമാരും രോഗികളും തമ്മിലുള്ള ബഹുഭാഷാ ആശയവിനിമയത്തിൻ്റെ വിവിധ മാതൃകകളും സ്റ്റാളിൽ പ്രദർശിപ്പിച്ചു. ഭാഷിണിയുടെ സംസാര-ഭാഷാ സാങ്കേതികവിദ്യകൾ വിവിധ ഭാഷകൾക്കിടയിലുള്ള ആശയവിനിമയം എങ്ങനെ സുഗമമാക്കുന്നു, രോഗികൾക്ക് ആരോഗ്യവിവരങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ എങ്ങനെ സഹായിക്കുന്നു, ആരോഗ്യപരിചരണ സേവനങ്ങൾ കൂടുതൽ പ്രാപ്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കുന്നതിൽ എങ്ങനെ നിർണായക പങ്കുവഹിക്കുന്നു എന്നിവ ഈ പ്രദർശനങ്ങളിലൂടെ വ്യക്തമാക്കി.

 



 

സംഭാഷണാധിഷ്ഠിതവും ശബ്ദാധിഷ്ഠിതവുമായ നിർമിതബുദ്ധി സാങ്കേതികവിദ്യകൾ ആരോഗ്യപരിചരണ സേവനങ്ങളിലേക്കുള്ള പ്രവേശനം എങ്ങനെ സുഗമമാക്കുന്നുവെന്നും സാങ്കേതികവിദ്യാധിഷ്ഠിത ആരോഗ്യപരിചരണ അനുഭവങ്ങൾ കൂടുതൽ ലളിതവും സംവേദനാത്മകവും ഉപയോക്തൃസൗഹൃദവുമാക്കുന്നതിൽ എങ്ങനെ സഹായിക്കുന്നുവെന്നും വ്യക്തമാക്കുന്ന സംവേദനാത്മക എഐ അധിഷ്ഠിത ആരോഗ്യപരിചരണ അസിസ്റ്റൻ്റിനെയും ഭാഷിണി സ്റ്റാളിൽ പ്രദർശിപ്പിച്ചു.

മറ്റ് പ്രദർശനങ്ങളിൽ, വിവർത്തന- ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന 'ഭാഷിണി' മൊബൈൽ ആപ്ലിക്കേഷൻ, തത്സമയം വിവിധ ഭാഷകളിലുള്ള സംഭാഷണങ്ങൾ എഴുത്തുരൂപത്തിലേക്ക് മാറ്റുന്നതിനും വിവർത്തനം ചെയ്യുന്നതിനും സഹായിക്കുന്ന 'ശ്രുതലേഖ', രോഗലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും വിവരിക്കാൻ സാധാരണക്കാർ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പ്രാദേശികവും സംഭാഷണപരവുമായ പ്രയോഗങ്ങളും അവയുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര പദാവലികളും ശേഖരിച്ച് ആരോഗ്യരംഗത്തെ ബഹുഭാഷാ ഡാറ്റാസെറ്റുകൾ വികസിപ്പിക്കുന്നതിനുള്ള കൂട്ടായ്മാ സംരംഭമായ 'ഡാറ്റാ ദാൻ ഫോർ ഹെൽത്ത്', എഴുതിയതും വാമൊഴിയുമായ ഭാഷാ വിഭവങ്ങൾ ശേഖരിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി ഭാഷിണി വികസിപ്പിച്ച പ്രത്യേക പ്ലാറ്റ്‌ഫോമായ 'ഗ്രന്ഥിക' എന്നിവ ഉൾപ്പെടുന്നു.

ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി 2026-ലെ പങ്കാളിത്തത്തിലൂടെ, കേവലം ഭാഷാ വിവർത്തനത്തിനപ്പുറം ആരോഗ്യപരിപാലന സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന നിർണായക സാങ്കേതികവിദ്യയായി ബഹുഭാഷാ നിർമിതബുദ്ധിക്ക് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ഭാഷിണി വിശദീകരിച്ചു. വിവിധ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ പ്രായോഗിക ഉപയോഗ മാതൃകകൾ, സംസാര-ഭാഷാ സാങ്കേതികവിദ്യകൾ, വൈദ്യശാസ്ത്ര മേഖലയ്ക്കാവശ്യമായ ഭാഷാ വിഭവങ്ങൾ, സമൂഹത്തിൻ്റെ സജീവ പങ്കാളിത്തത്തോടെയുള്ള സംഭാവനകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രദർശനങ്ങളും മുഖ്യപ്രഭാഷണവും ഒരു കാര്യം ഊന്നിപ്പറഞ്ഞു: ഇന്ത്യയിലെ ഭാഷാപരമായ വൈവിധ്യത്തെ ഉൾക്കൊണ്ടുകൊണ്ട്, ആരോഗ്യപരിപാലന സേവനങ്ങളെ കൂടുതൽ പ്രാപ്യവും കാര്യക്ഷമവും സഹാനുഭൂതിയുള്ളതും പ്രതികരണശേഷിയുള്ളതുമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

 



 

ഡിജിറ്റൽ ഇന്ത്യ ഭാഷിണി വിഭാഗത്തെക്കുറിച്ച്

ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ്റെ (DIC) ഭാഗമായ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (DIBD), നിർമിതബുദ്ധി അധിഷ്ഠിത ബഹുഭാഷാ ഡിജിറ്റൽ സർവ്വാശ്ലേഷിത്വം ലക്ഷ്യമിട്ട് ഒരു ദേശീയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു. ഭാഷിണി നിലവിൽ 36 ഇന്ത്യൻ ഭാഷകളിൽ ടെക്സ്റ്റ് അധിഷ്ഠിത സേവനങ്ങളും 23 ഇന്ത്യൻ ഭാഷകളിൽ ശബ്ദാധിഷ്ഠിത സേവനങ്ങളും കൂടാതെ 35 അന്താരാഷ്ട്ര ഭാഷകളുടെ പിന്തുണയും നൽകുന്നു. ഇതിലൂടെ ഗവണ്മെൻ്റ് സംവിധാനങ്ങളിലും പൊതുജനങ്ങൾക്കായുള്ള ഡിജിറ്റൽ സേവനങ്ങളിലും ഭാഷാധിഷ്ഠിത എഐ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നു. ഭാഷിണിയുടെ ബഹുഭാഷാ എഐ ആവാസവ്യവസ്ഥയിലൂടെ ഇതുവരെ 11 ബില്യണിലധികം അനുമാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ശരാശരി 2.4 കോടി അനുമാനങ്ങൾ ഈ സംവിധാനത്തിലൂടെ പ്രോസസ്സ് ചെയ്യപ്പെടുന്നു. ഭാഷിണിയുടെ ബഹുഭാഷാ എഐ സാങ്കേതികവിദ്യകൾക്ക് ലഭിച്ചുവരുന്ന വർധിച്ച സ്വീകാര്യതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഭാഷാ വിവർത്തനം, സംഭാഷണം തിരിച്ചറിയൽ, സംഭാഷണ സംശ്ലേഷണം, ലിപ്യന്തരണം തുടങ്ങി വിവിധ ഭാഷാ സാങ്കേതികവിദ്യകൾ ഭാഷിണിയുടെ ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യം കണക്കിലെടുത്ത്, വിവിധ ഭാഷകളിൽ ഡിജിറ്റൽ വിവരങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സാങ്കേതികവിദ്യകൾ സഹായിക്കുന്നു.

ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി 2026 നെക്കുറിച്ച്

"നിർമിത ബുദ്ധിയുടെ പ്രായോഗിക നിർവ്വഹണം– പ്രവർത്തനതലത്തിൽ” എന്ന പ്രമേയത്തിലൂന്നി 2026 നവംബർ 20, 21 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി നടന്നു. ആരോഗ്യരംഗത്ത് നിർമിതബുദ്ധിയുടെ പ്രായോഗിക സാധ്യതകളും ഫലപ്രദമായ വിനിയോഗവും ചർച്ച ചെയ്യുന്നതിനായി ഗവണ്മെൻ്റ്, ആരോഗ്യപരിപാലന മേഖല, വ്യവസായം, അക്കാദമിക രംഗം എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ പങ്കാളികളെ ഉച്ചകോടി ഒരേ വേദിയിൽ കൊണ്ടുവന്നു. ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലുടനീളം അവ സ്വീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സാങ്കേതിക പ്രദർശനങ്ങൾ, പ്രകടനങ്ങൾ, ശാസ്ത്രീയ ചർച്ചകൾ, ആശയവിനിമയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

***


( റിലീസ് ഐ.ഡി: 2339833) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी