57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനം, ഇന്ത്യൻ പനോരമയിലെ മുഖ്യധാരാ സിനിമാ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായ 'ധുരന്ധറിന്റെ' അണിയറപ്രവർത്തകർ പങ്കെടുത്ത വാർത്താസമ്മേളനം ശ്രദ്ധേയമായി. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രത്തിന്റെ സർഗ്ഗാത്മക യാത്രയെക്കുറിച്ചും ദൃശ്യാവിഷ്കാരത്തെക്കുറിച്ചും മുതിർന്ന നടൻ രാകേഷ് ബേദിയും പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോഹ്‌റേയും സംസാരിച്ചു. പനാജിയിലെ മീഡിയ സെന്ററിൽ നടന്ന സംവാദം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ മഹേഷ് കുമാർ നിയന്ത്രിച്ചു.

സമകാലിക സിനിമയിൽ ബഹുതല സ്പർശിയായ കഥാപാത്രരചനയ്ക്കുള്ള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടാണ് രാകേഷ് ബേദി സംസാരിച്ചത്. തന്റെ അഭിനയകലയുടെ എക്കാലത്തെയും അടിത്തറ നാടകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ചിത്രത്തിലെ 'ജമീൽ ജമാലി' എന്ന കഥാപാത്രത്തെ വാർത്തെടുക്കാൻ നടത്തിയ സൂക്ഷ്മമായ ഗവേഷണങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഓരോ രംഗത്തിന്റെയും ആവശ്യകതയ്ക്കനുസരിച്ചാണ് കഥാപാത്രം പ്രവർത്തിക്കേണ്ടതെന്നും, അഭിനയം വെറുമൊരു അനുകരണമായി ഒതുങ്ങാതെ കഥാപാത്രത്തിന്റെ പൂർണ്ണമായ ആവിഷ്കാരമായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. 
അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടയിൽ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീ രാകേഷ് ബേദി, സിനിമയുടെ വ്യാപ്തിയിലും പ്രേക്ഷകരുമായുള്ള ബന്ധത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. 'ഏക് ദുജേ കേ ലിയേ', 'തിരംഗ', 'ചഷ്മേ ബുദ്ദൂർ' തുടങ്ങിയ പഴയകാല ചിത്രങ്ങളുടെ വൻ വിജയം അനുസ്മരിച്ച അദ്ദേഹം, അന്നത്തെ കാലത്തും സിനിമയ്ക്ക് വലിയ ജനപ്രീതി ഉണ്ടായിരുന്നുവെങ്കിലും ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ അഭാവം അതിന്റെ വ്യാപ്തിയെ പരിമിതപ്പെടുത്തിയിരുന്നുവെന്ന് നിരീക്ഷിച്ചു.
എന്നാൽ സമൂഹമാധ്യമങ്ങൾ പ്രേക്ഷകർ അഭിനയത്തെ സമീപിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ക്ലിക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഒരു നടന്റെ പ്രകടനം എത്തിക്കാൻ ഇന്ന് സാധിക്കുന്നുണ്ട്.
ഹാസ്യത്തിലും നാടകീയതയിലും പുലർത്തുന്ന ടൈമിംഗിനെക്കുറിച്ച് ഒരു സിനിമാപ്രേമിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അത്തരം സൂക്ഷ്മതകൾ ഒരിക്കലും യാദൃശ്ചികമല്ലെന്നും, കഥാപാത്രത്തിന്റെ വളർച്ചയ്ക്കും തിരക്കഥയ്ക്കും അനുസൃതമായി ഓരോ ഭാവവും ചലനവും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണെന്നും രാകേഷ് ബേദി വ്യക്തമാക്കി. കഥാപാത്രത്തിന് സ്വാഭാവികത നൽകാൻ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികാരങ്ങൾ അനായാസം മാറ്റിമറിക്കുന്നതെങ്ങനെയെന്നും കണ്ണാടിക്ക് മുന്നിൽ നിന്നാണോ പരിശീലിക്കാറെന്നും ഉള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ശ്രീ രാകേഷ് ബേദി നൽകി . കണ്ണാടിക്ക് മുന്നിൽ നിന്ന് അഭിനയം പരിശീലിക്കുന്നത് ഒഴിവാക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത് . അഭിനയിക്കുന്നതിനിടയിൽ സ്വന്തം രൂപം നോക്കിക്കാണുന്നത് ഒരു നടന്റെ വളർച്ചയെ തടസ്സപ്പെടുത്തും; കാരണം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സ്വന്തം പ്രകടനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുക പ്രയാസമാണ്. പകരം കഥാപാത്രത്തെ ആഴത്തിൽ മനസ്സിലാക്കുകയും ഉള്ളിലേക്ക് ആവാഹിക്കുകയുമാണ് വേണ്ടത്. കഥാപാത്രത്തിന്റെ മാനസികാവസ്ഥ പിടികിട്ടിക്കഴിഞ്ഞാൽ സംഭാഷണവും പ്രതികരണങ്ങളും വികാരമാറ്റങ്ങളും സ്വാഭാവികമായി ഒഴുകിയെത്തും.

ചിത്രത്തിന്റെ ദൃശ്യപരമായ ആധികാരികതയെക്കുറിച്ച് പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോഹ്‌റേയും വിശദീകരിച്ചു. 40-ലധികം യഥാർത്ഥ സെറ്റുകൾ നിർമ്മിച്ചാണ് സിനിമയുടെ ലോകം ഒരുക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പാകിസ്ഥാനിലെ ലൊക്കേഷനുകളിൽ നേരിട്ട് പോയി ചിത്രീകരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വാർത്താ ആർക്കൈവുകൾ, പ്രാദേശിക സംഘർഷങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, നഗരങ്ങളുടെ ഘടന, ഗൂഗിൾ മാപ്സ് എന്നിവയെല്ലാം സമഗ്രമായി പഠിച്ചാണ് പശ്ചാത്തലം പുനർനിർമ്മിച്ചത്.

ചലച്ചിത്രനിർമ്മാതാക്കളെയും കലാകാരന്മാരെയും പ്രേക്ഷകരെയും ഒരുമിപ്പിക്കുന്നതിലൂടെ സിനിമയ്ക്ക് പിന്നിലെ സർഗ്ഗാത്മക പ്രക്രിയകളെക്കുറിച്ചുള്ള അർത്ഥവത്തായ സംവാദങ്ങൾക്കുള്ള സജീവ വേദിയായി 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) മാറുകയാണ് . ഇത്തരം വാർത്താസമ്മേളനങ്ങളും സംവാദങ്ങളും മേളയുടെ ഈ പ്രാധാന്യത്തിന് അടിവരയിടുന്നതായി.
വെള്ളിത്തിരയിലെ മികച്ച കഥകൾക്കപ്പുറം, അവയ്ക്ക് ജീവൻ നൽകുന്നതിന് പിന്നിലെ കരവിരുതും ഗവേഷണവും കൂട്ടായ പരിശ്രമങ്ങളുമാണ് മേള ആഘോഷിക്കുന്നത്. സിനിമാ ആവിഷ്കാരത്തിന്റെ വൈവിധ്യമാർന്ന തലങ്ങളെക്കുറിച്ച് ആഴത്തിലുള്ള അവബോധവും ആസ്വാദനവും വളർത്തിയെടുക്കാൻ ഇത്തരം ആശയവിനിമയങ്ങൾ സഹായിക്കുന്നു.
\കൂടുതൽ വിവരങ്ങൾക്ക് 'ഇഫിലോയ്ഡ്' (IFFILOID) സന്ദർശിക്കുക : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48)
***