57th International Film Festival of India 2026
20 – 28 Nov 2026

“ബിക്കമിംഗ് ഓരോ നിമിഷവും തുടരുന്ന ഒരു ആത്മീയ യാത്രയാണ്”: 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംവിധായിക ലീന യാദവ്

ഭാഷ ആശയവിനിമയത്തിനുള്ള നിരവധി ഉപാധികളിൽ ഒന്ന് മാത്രമാണ്; വികാരങ്ങൾ വാക്കുകൾക്ക് അതീതമാണെന്ന് ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന നോൺ-ഫീച്ചർ ചിത്രത്തിൻ്റെ സംവിധായിക

പോസ്റ്റഡ് ഓണ്‍: 21 NOV 2026 8:13PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339822Views: 7

ഭാഷ ആശയവിനിമയത്തിനുള്ള നിരവധി ഉപാധികളിൽ ഒന്നുമാത്രമാണെന്നും മാനുഷിക വികാരങ്ങൾക്ക് ഭാഷാപരമായ അതിർവരമ്പുകളെ മറികടക്കാനാകുമെന്നും ലഡാക്കി നോൺ-ഫീച്ചർ ചിത്രമായ ബിക്കമിംഗിൻ്റെ സംവിധായിക ലീന യാദവ് ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2026-ലെ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന നോൺ-ഫീച്ചർ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ബിക്കമിംഗ്, ലഡാക്കിൻ്റെ സാംസ്കാരിക പശ്ചാത്തലത്തിലൂടെയും പാരമ്പര്യങ്ങളിലൂടെയുമുള്ള ഒരു ആത്മീയ യാത്രയാണ് ആവിഷ്കരിക്കുന്നത്.

പ്രാദേശികരായ, പ്രൊഫഷണൽ അഭിനേതാക്കളല്ലാത്തവരെ വെച്ച് സിനിമ സംവിധാനം ചെയ്ത അനുഭവം പങ്കുവെച്ച ലീന യാദവ്, താൻ പ്രധാനമായും ഹിന്ദിയിലാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും എന്നാൽ അഭിനേതാക്കളിൽ പലരും ലഡാക്കി ഭാഷ സംസാരിക്കുന്നവരും ഹിന്ദിയിൽ പരിമിതമായ അറിവ് മാത്രമുള്ളവരുമായിരുന്നുവെന്നും പറഞ്ഞു. ഭാഷാപരമായ തടസ്സങ്ങൾക്കിടയിലും കഥാപാത്രങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാനും അവ ആവിഷ്കരിക്കാനും അഭിനേതാക്കൾക്ക് സാധിച്ചു.

ശ്രദ്ധിച്ചുകേൾക്കുന്നതിൻ്റെയും സംവേദനക്ഷമതയുടെയും വാക്കുകൾക്കതീതമായ ആശയവിനിമയത്തിൻ്റെയും പ്രാധാന്യം ഈ അനുഭവം കൂടുതൽ ബോധ്യപ്പെടുത്തിയെന്നും അവർ പറഞ്ഞു.

 

ലീന യാദവ് രചനയും സംവിധാനവും നിർവ്വഹിച്ച ബിക്കമിംഗ്, പ്രകൃതിയുമായുള്ള അസാധാരണമായ ആത്മബന്ധവും മറ്റൊരു ജന്മത്തിൽ നിന്നുള്ളതെന്നു തോന്നിപ്പിക്കുന്ന ഓർമ്മകളുമുള്ള അഗ്യാൽ എന്ന ലഡാക്കി ബാലൻ്റെ കഥയാണ് പറയുന്നത്. പുരാതനമായ ലിക്കിർ ആശ്രമത്തിലേക്ക് അവനെ നയിക്കുന്നതും ഈ ഓർമ്മകളാണ്. ആദരണീയനായ ഒരു റിംപോച്ചെയുടെ വസ്തുക്കൾ അവൻ തിരിച്ചറിയുന്നതോടെ, തങ്ങളുടെ ആത്മീയ ഗുരുവിൻ്റെ പുനർജന്മമാണ് അവനെന്ന് ആശ്രമത്തിലെ സന്യാസിമാർ വിശ്വസിച്ചുതുടങ്ങുന്നു. പുനർജന്മം, സ്വത്വം, വിധി, ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രമേയങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ചിത്രത്തെ ഒരു ആത്മീയ അനുഭവമായി വിശേഷിപ്പിച്ച ലീന യാദവ്, ബിക്കമിംഗ് എന്ന ആശയം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിൻ്റെ യാത്രയ്ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണെന്ന് വിശദീകരിച്ചു. ഒരു നിശ്ചിതമായ അന്ത്യത്തിലെത്താതെ തുടരുന്ന മനുഷ്യജീവിതത്തിലെ പരിവർത്തന പ്രക്രിയയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ചിത്രത്തിൻ്റെ ആഖ്യാനത്തിലും ദൃശ്യഭാഷയിലും ബുദ്ധമത തത്ത്വചിന്തയും ലഡാക്കിൻ്റെ സവിശേഷമായ ഭൂപ്രകൃതിയും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അവർ സംസാരിച്ചു.

 

പദ്ധതിയുടെ തുടക്കത്തെക്കുറിച്ച് അനുസ്മരിച്ച ചിത്രത്തിൻ്റെ നിർമ്മാതാവും ഛായാഗ്രാഹകനുമായ ശ്രീ അസീം ബജാജ്, പ്രതികൂല സാഹചര്യങ്ങളിൽ ക്യാമറ ഉപകരണങ്ങൾ പരീക്ഷിക്കാനുള്ള അവസരത്തിൽ നിന്നാണ് ഈ ചിത്രം രൂപംകൊണ്ടതെന്ന് പറഞ്ഞു. ഉപകരണങ്ങളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നതിന് പകരം, ലഡാക്കിൽ ഒരു ഹ്രസ്വചിത്രം നിർമ്മിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ബിക്കമിംഗ് എന്ന പേര്, ബുദ്ധമതത്തിൻ്റെ ലോകം, ചിത്രത്തിൻ്റെ പശ്ചാത്തലമായി ലഡാക്ക് എന്നിങ്ങനെ മൂന്ന് പ്രാരംഭ ആശയങ്ങളാണ് അദ്ദേഹം ലീന യാദവിന് മുന്നിൽ വെച്ചത്. ചിത്രീകരണം നടക്കുന്ന സ്ഥലത്തോടും അവിടെ കണ്ടുമുട്ടിയ മനുഷ്യരോടും ചലച്ചിത്രപ്രവർത്തകർ പ്രതികരിച്ചതോടെ ഈ ഘടകങ്ങൾ ക്രമേണ ഒരു കഥയായി വികസിക്കുകയായിരുന്നു.

 

നിർമ്മാണ പ്രക്രിയയെക്കുറിച്ച് സംസാരിക്കവെ, ലഡാക്കിന് പുറത്തുനിന്നുള്ള 19 പേരടങ്ങുന്ന ചെറിയൊരു സംഘം പ്രാദേശിക സഹപ്രവർത്തകരുമായി ചേർന്ന് തിരക്കഥ വികസിപ്പിക്കുകയും പ്രൊഫഷണൽ അഭിനേതാക്കളല്ലാത്തവരെ തെരഞ്ഞെടുക്കുകയും ഉയർന്ന പ്രദേശത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വേണ്ടിവന്ന സമയം ഉൾപ്പെടെ 15 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തതായി അണിയറപ്രവർത്തകർ പറഞ്ഞു. ഈ പ്രക്രിയയ്ക്ക് ഏറെ വഴക്കം ആവശ്യമായിരുന്നെന്നും

ചിത്രീകരണം നടന്ന സ്ഥലവും അവിടുത്തെ ജനങ്ങളും ചിത്രത്തിൻ്റെ വികാസത്തിന് വലിയ സംഭാവന നൽകിയെന്നും ലീന യാദവ് ചൂണ്ടിക്കാട്ടി.

 

ചിത്രത്തിൽ വിഷ്വൽ ഇഫക്ട്സ് ഒട്ടും ഉപയോഗിച്ചിട്ടില്ലെന്നും പകരം സ്വാഭാവിക ഭൂപ്രകൃതിയെയും യഥാർത്ഥ ലൊക്കേഷനുകളിലെ ചിത്രീകരണത്തെയുമാണ് ആശ്രയിച്ചതെന്നും ശ്രീ ബജാജ് വിശദീകരിച്ചു. താപനില ഏകദേശം മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന സാഹചര്യത്തിൽ സംഘം കടുത്ത ശാരീരിക വെല്ലുവിളികൾ നേരിട്ടെങ്കിലും ഉപകരണങ്ങൾ വിശ്വസനീയമായി പ്രവർത്തിച്ചു. പ്രകൃതിയുടെ വിശാലതയ്ക്കും ലഡാക്കിലെ ജനങ്ങളുടെ സ്നേഹോഷ്മളതയ്ക്കും ആതിഥ്യമര്യാദയ്ക്കും മുന്നിൽ തങ്ങൾ വിനയാന്വിതരായെന്ന് ഇരുവരും പറഞ്ഞു.

 

പുനർജന്മവുമായി ബന്ധപ്പെട്ട പ്രാദേശിക വിവരണങ്ങളെയും ബുദ്ധമത പാരമ്പര്യങ്ങളെയും കുറിച്ചും അണിയറപ്രവർത്തകർ സംസാരിച്ചു. ചിത്രം പശ്ചാത്തലമാക്കുന്ന വിശ്വാസങ്ങളെയും സാംസ്കാരിക സാഹചര്യങ്ങളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇവ സഹായിച്ചെന്നും അവർ പറഞ്ഞു.

 

ചിത്രത്തിൻ്റെ പോസ്റ്ററിനെക്കുറിച്ചുള്ള രസകരമായ ഒരു വിവരം പങ്കുവെച്ച ലീന യാദവ്, ചുവന്ന വസ്ത്രം പുതച്ച് പുറംതിരിഞ്ഞുനിൽക്കുന്ന ഒരു ബാലൻ്റെ ശ്രദ്ധേയമായ ചിത്രം ചിത്രീകരണത്തിനിടെ തിരക്കഥയിൽ ഉൾപ്പെടാത്ത ഒരു നിമിഷത്തിൽ നിന്ന് പിറവിയെടുത്തതാണെന്ന് ഓർത്തെടുത്തു. വസ്ത്രത്തിൻ്റെയും നിഴലുകളുടെയും ചുറ്റുമുള്ള വെളിച്ചത്തിൻ്റെയും സമന്വയം ബിക്കമിംഗ് എന്ന ചിത്രത്തിൻ്റെ ആത്മാവ് പകർത്തുന്ന ഒരു ദൃശ്യം സൃഷ്ടിച്ചുവെന്നാണ് അണിയറപ്രവർത്തകരുടെ പക്ഷം.

 

2026-ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന നോൺ-ഫീച്ചർ ചിത്രമായി ബിക്കമിംഗ് തെരഞ്ഞെടുക്കപ്പെട്ടതിൽ ലീന യാദവും ശ്രീ ബജാജും നന്ദി രേഖപ്പെടുത്തി. മാനുഷിക ബന്ധങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും ലഡാക്കിൻ്റെ പ്രകൃതിഭംഗിയും ചേർന്ന് രൂപപ്പെടുത്തിയ ഈ ചിത്രത്തിൻ്റെ യാത്ര, ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ അതിരുകൾക്കപ്പുറത്തേക്ക് കടന്നുചെല്ലുന്ന ഒരു കഥ അനുഭവിച്ചറിയാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു.

 

ശ്രീ കിരൺ മുരളിയാണ് വാർത്താസമ്മേളനം നിയന്ത്രിച്ചത്.

 

 

വാർത്താസമ്മേളനത്തിൻ്റെ പൂർണ്ണരൂപം ഇവിടെ കാണാം:

IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

───

 


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339822
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026