പോസ്റ്റഡ് ഓണ്‍:
21 NOV 2026 5:01PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശ് പൊലീസിന് പ്രസിഡന്റ്സ് കളർ ബഹുമതി സമ്മാനിച്ചു. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ സംഘടിപ്പിച്ച ചടങ്ങില്‍ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജു, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ഡോ. മഹേഷ് ദീക്ഷിത്, സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ മനീഷ് ഗുപ്ത, പൊലീസ് ഡയറക്ടർ ജനറൽ ശ്രീ രാജേഷ് കുമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പ്രസിഡന്റ്സ് കളര്‍ ബഹുമതി ലഭിക്കുന്നത് അരുണാചൽ പ്രദേശ് പൊലീസിന് മാത്രമല്ലെന്നും സംസ്ഥാനത്തെ ജനങ്ങൾക്കാകെ അങ്ങേയറ്റം അഭിമാനകരമായ കാര്യമാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നിമിഷമാണിത്. ഉദയസൂര്യന്റെ നാടായ അരുണാചൽ പ്രദേശ് തന്ത്രപ്രധാന മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സുരക്ഷയും സമാധാനവും സമൃദ്ധിയും വികസനവും രാജ്യത്തിനാകെ പ്രധാനമാണ്. ധൈര്യത്തിന്റെയും അച്ചടക്കത്തിന്റെയും തൊഴിൽപരമായ മികവിന്റെയും സാക്ഷ്യപത്രമാണ് ബഹുമതിയെന്ന് ശ്രീ ഷാ പറഞ്ഞു. 15 വർഷത്തിലേറെ നീണ്ട വീരസാഹസികതയും അർപ്പണബോധവും ത്യാഗവും നിറഞ്ഞ സേവനത്തിനുള്ള അംഗീകാരമായാണ് ഒരു പൊലീസ് സേനയ്ക്ക് ഈ ബഹുമതി നൽകുന്നത്. ഈ അഭിമാനകരമായ ബഹുമതി ലഭിക്കുന്ന രാജ്യത്തെ 17-ാമത് പൊലീസ് സേനയായി അരുണാചൽ പ്രദേശ് പൊലീസ് മാറിയത് ഏവര്‍ക്കും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

അരുണാചൽ പ്രദേശിന് സ്വന്തമായി പൊലീസ് സേന ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അന്ന് അസം റൈഫിൾസിനായിരുന്നു മേഖലയിലെ സുരക്ഷാ ചുമതലയെന്നും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അനുസ്മരിച്ചു. 1971-ൽ ഈ മേഖല നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി എന്നറിയപ്പെട്ടിരുന്ന കാലത്താണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൽ.ബി. സേവയുടെ നേതൃത്വത്തിൽ അരുണാചൽ പ്രദേശ് പൊലീസ് രൂപീകരിച്ചത്. 1974-ൽ മിസോറാമിൽ സായുധ തീവ്രവാദികളോട് പോരാടുന്നതിനിടെ വീരമൃത്യു വരിച്ച എൽ.ബി. സേവയെ അനുസ്മരിച്ച ശ്രീ ഷാ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹം ഇന്ന് എവിടെയായിരുന്നാലും, അന്ന് പാകിയ വിത്ത് അരുണാചൽ പ്രദേശ് പൊലീസ് എന്ന വടവൃക്ഷമായി വളർന്നുനിൽക്കുന്നത് കണ്ട് അങ്ങേയറ്റം സംതൃപ്തി തോന്നുമെന്ന് ശ്രീ ഷാ പറഞ്ഞു. ഇന്ന് 16,000-ത്തിലേറെ ഉദ്യോഗസ്ഥരുടെ അംഗബലമുള്ള ഈ സേന പ്രസിഡന്റ്സ് കളര്‍ ബഹുമതി കരസ്ഥമാക്കിയിരിക്കുന്നു. നാല് മേഖലകളിലും 29 പൊലീസ് ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന അരുണാചൽ പ്രദേശ് പൊലീസ് രാജ്യത്തിന് ഏറെ പ്രധാനമാണെന്ന് ശ്രീ ഷാ പറഞ്ഞു. അരുണാചൽ സായുധ പൊലീസിന്റെ രണ്ട് ബറ്റാലിയനുകളും അഞ്ച് ഇന്ത്യൻ റിസർവ് ബറ്റാലിയനുകളും ഇതിലുൾപ്പെടുന്നു.

കൃഷി, വ്യാപാരം, വിദ്യാഭ്യാസം എന്നിവയിലേർപ്പെടുന്നവരും മതപരമായ ജീവിതരീതി പിന്തുടരുന്നവരുമായ ജനങ്ങൾ വസിക്കുന്ന, അങ്ങേയറ്റം സമാധാനപരമായ സംസ്ഥാനമാണ് അരുണാചൽ പ്രദേശ് എന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. എന്നാൽ, രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണിത്. ചൈനയുമായി 1,226 കിലോമീറ്ററും മ്യാൻമറുമായി 520 കിലോമീറ്ററും ഭൂട്ടാനുമായി 217 കിലോമീറ്ററും ഉൾപ്പെടെ ആകെ 1,863 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തിയാണ് അരുണാചൽ പ്രദേശിനുള്ളത്. ഇത് സംസ്ഥാനത്തിന്റെ സുരക്ഷയും സമാധാനവും രാജ്യത്തിനാകെ നിർണായകമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്തപ്പെടുന്ന 'ഡെത്ത് ട്രയാംഗിളിന്റെ' കവാടത്തിലാണ് ഒരു തരത്തിൽ അരുണാചൽ പ്രദേശ് സ്ഥിതി ചെയ്യുന്നതെന്ന് ശ്രീ ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന സംസ്ഥാനമാണിത്. ആഭ്യന്തര സുരക്ഷാ രംഗത്ത് കലാപങ്ങളും സംഘടിത കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളും നേരിടുന്നതിൽ അരുണാചൽ പ്രദേശ് പൊലീസ് പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. പ്രസിഡന്റ്സ് കളര്‍ ബഹുമതി ലഭിച്ചതോടെ കൂടുതൽ ആവേശത്തോടെയും അർപ്പണബോധത്തോടെയും അരുണാചൽ പ്രദേശ് പൊലീസ് ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അരുണാചൽ പ്രദേശ് ഉൾപ്പെടെ മുഴുവൻ വടക്കുകിഴക്കൻ മേഖലയിലും വികസനത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയ്ക്കായി മോദി ഗവൺമെന്റ് എന്ത് ചെയ്തുവെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ പാർലമെന്റിൽ ചോദിക്കുന്നത് ഏറെ കൗതുകകരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസന ചരിത്രം എഴുതപ്പെടുമ്പോഴെല്ലാം 2014-ന് ശേഷമുള്ള കാലഘട്ടം വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന്റെ സുവര്‍ണകാലമായി രേഖപ്പെടുത്തപ്പെടും. വടക്കുകിഴക്കൻ മേഖലയിലെ വിവിധയിടങ്ങളില്‍ വിമാനത്താവളങ്ങളും റെയിൽവേ സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ന്യൂഡൽഹിയും തമ്മിലെ ഭൂമിശാസ്ത്രപരമായ അകലം മാത്രമല്ല, വൈകാരികമായ അകലം കൂടി കുറയ്ക്കാനാണ് ഗവൺമെന്റ് ശ്രമിച്ചതെന്ന് ശ്രീ ഷാ പറഞ്ഞു. ഉത്തർപ്രദേശിനേക്കാൾ ഭൂവിസ്തൃതിയേറിയതും നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതുമായ വടക്കുകിഴക്കൻ മേഖലയുടെ വികസനം മുഴുവൻ രാജ്യത്തിന്റെയും ഉത്തരവാദിത്തമാണെന്നും ഇതാണ് ഗവൺമെന്റിന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

2004 മുതൽ 2014 വരെ പത്ത് വർഷക്കാലയളവിൽ പ്രതിപക്ഷ പാർട്ടിയുടെ ഗവൺമെന്റ് വടക്കുകിഴക്കൻ മേഖലയിൽ 33,530 കോടി രൂപ ചെലവഴിച്ചപ്പോൾ, 2014-നും 2026-നും ഇടയിൽ മോദി ഗവൺമെന്റ് മേഖലയിൽ 1,49,646 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും നാല് മടങ്ങിലേറെ വർദ്ധനവാണിതെന്നും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. നികുതി വിഹിതത്തിൽ 18 മടങ്ങും സഹായധനത്തിൽ 1.5 മടങ്ങും വർദ്ധനയുണ്ടായത് വടക്കുകിഴക്കൻ മേഖലയുടെ വികസനത്തെ മോദി ഗവൺമെന്റ് കേവലം മുദ്രാവാക്യമായല്ല, മറിച്ച് യാഥാർത്ഥ്യമായാണ് കാണുന്നത് എന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിഹിതത്തിലൂടെ മേഖലയിൽ ഗണ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി അദ്ദേഹം അറിയിച്ചു.

ലോകത്തെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കമായ 12 കിലോമീറ്റർ സേല തുരങ്കം 13,000 അടി ഉയരത്തിൽ 825 കോടി രൂപ ചെലവിൽ അരുണാചല്‍ പ്രദേശില്‍ നിര്‍മിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. അരുണാചൽ പ്രദേശിലെ പാസിഘട്ട്/ധേമാജിയെ അസമിലെ ദിബ്രുഗഢുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലമായ ബോഗിബീൽ പാലം 2018-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അരുണാചൽ പ്രദേശിലെ ഗ്ലോ തടാകം രാജ്യത്തെ 101-ാമത് റാംസർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാനത്തെ ആദ്യ റാംസർ സൈറ്റായി ഇത് മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ അംഗീകൃത വാണിജ്യ കൽക്കരി ഖനി നാംചിക്-നാംഫുക്കിൽ ഉദ്ഘാടനം ചെയ്തു. കിഴക്ക് മുതൽ പടിഞ്ഞാറ് വരെ എല്ലാ അതിർത്തി പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് 44,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 1,500 കിലോമീറ്റർ അരുണാചൽ ഫ്രോണ്ടിയർ ഹൈവേയ്ക്ക് അംഗീകാരം നൽകി. 32,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 2,880 മെഗാവാട്ട് ദിബാംഗ് ജലവൈദ്യുത പദ്ധതിക്ക് തറക്കല്ലിട്ടതായി ശ്രീ ഷാ പറഞ്ഞു. 6,600 കോടി രൂപയുടെ എട്ട് ദേശീയപാതാ പദ്ധതി പാക്കേജുകൾക്ക് തുടക്കം കുറിക്കുകയും 2,000 കിലോമീറ്റർ ഫ്രോണ്ടിയർ ഹൈവേയ്ക്കും മക്മഹോൻ രേഖയ്ക്ക് സമാന്തരമായ മറ്റൊരു റോഡിനുമുള്ള പദ്ധതികൾക്ക് അംഗീകാരം നൽകുകയും ചെയ്തു. വെസ്റ്റ് കാമെംഗ്, തവാങ് ജില്ലകളിലേക്ക് ഗതാഗത സൗകര്യമൊരുക്കുന്ന 300 കിലോമീറ്റർ ബലിപാറ-ചാർദ്വാർ-തവാങ് റോഡിൽ നെച്ചിഫു തുരങ്കം നിർമിച്ചതായും അദ്ദേഹം പറഞ്ഞു. 2014-ൽ 2,100 കോടി രൂപയായിരുന്ന വടക്കുകിഴക്കൻ മേഖലയുടെ വാർഷിക റെയിൽവേ ബജറ്റ് 2026–27 കാലയളവില്‍ 11,486 കോടി രൂപയായി വർദ്ധിപ്പിച്ചതായി ശ്രീ ഷാ വ്യക്തമാക്കി. സുരക്ഷാ കാര്യങ്ങൾ മുൻനിർത്തിയും സംസ്ഥാനത്തെ വിനോദസഞ്ചാരം, വ്യാപാരം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും 650 കോടി രൂപ ചെലവിൽ ഡോൻയി പോളോ വിമാനത്താവളം പ്രവർത്തനക്ഷമമാക്കി. ഹോളോംഗിയിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിച്ചപ്പോൾ തേസുവിലെ വിമാനത്താവളം വികസിപ്പിച്ച് പ്രവർത്തനക്ഷമമാക്കി. നിരവധി വൈദ്യുതി പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ വളരെ ചുരുങ്ങിയ സമയത്തിനകം അരുണാചൽ പ്രദേശിന് റവന്യൂ മിച്ച സംസ്ഥാനമായി മാറാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 23,000 കർഷകർ പി.എം-കിസാൻ പദ്ധതിയുടെ പ്രയോജനം നേടുന്നുണ്ടെന്നും ശ്രീ ഷാ വ്യക്തമാക്കി. 2,30,000 വീടുകളിൽ പൈപ്പ് വഴി കുടിവെള്ള കണക്ഷൻ നൽകി; 1,90,000 ആയുഷ്മാൻ കാർഡുകൾ വഴി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സാ സൗകര്യം ലഭിക്കുന്നുണ്ട്. പ്രതിമാസം ഒരാൾക്ക് 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനത്തെ 8,32,000 പേർക്ക് നൽകുന്നുണ്ട്; 56,000 കുടുംബങ്ങൾക്ക് ഉജ്വല ഗ്യാസ് സിലിണ്ടറുകളും നൽകി. കൂടാതെ 12,000 ഗുണഭോക്താക്കൾക്ക് വീടുകള്‍ നൽകിയതായും ശ്രീ ഷാ അറിയിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവന്നതായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത പാർലമെന്റാണ് ബ്രിട്ടീഷുകാർ നിർമിച്ച പഴയ നിയമങ്ങൾ റദ്ദാക്കി പുതിയ ക്രിമിനൽ നിയമങ്ങൾ പാസാക്കിയത്. ഇത് രാജ്യത്ത് സമാധാനത്തിന്റെയും നീതിയുടെയും പുതിയൊരു യുഗപ്പിറവിയെ അടയാളപ്പെടുത്തുന്നു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് പുതിയ ക്രിമിനൽ നിയമങ്ങൾ വിപുലമായ നിയമ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരെ കേന്ദ്രസ്ഥാനത്ത് നിർത്തിയും അവരുടെ സുരക്ഷയും സംരക്ഷണവും മുൻനിർത്തിയുമാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം 2027-ന് ശേഷം രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും സുപ്രീം കോടതി തലം ഉൾപ്പെടെ മൂന്ന് വർഷത്തിനകം തീർപ്പാക്കപ്പെടുമെന്നും അതുവഴി ആർക്കും നീതി ലഭിക്കുന്നതിൽ കാലതാമസം നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും ശ്രീ ഷാ പറഞ്ഞു.
രാജ്യത്തെ മയക്കുമരുന്ന് വിമുക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടു കഴിഞ്ഞതായി ശ്രീ അമിത് ഷാ പറഞ്ഞു. ഗോൾഡൻ ട്രയാംഗിളിന്റെ കവാടത്തിൽ സ്ഥിതി ചെയ്യുന്ന അരുണാചൽ പ്രദേശിനെ മയക്കുമരുന്ന് വിമുക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ കാവലാളായി പ്രവർത്തിക്കാനും സംസ്ഥാനത്തിലൂടെ ഒരു ഗ്രാം മയക്കുമരുന്ന് പോലും രാജ്യത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം അരുണാചൽ പ്രദേശിനോട് ആഹ്വാനം ചെയ്തു. ഈ ഉത്തരവാദിത്തം അരുണാചൽ പ്രദേശ് പൊലീസിൽ നിക്ഷിപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിനെ മയക്കുമരുന്ന് വിമുക്തമാക്കുക മാത്രമല്ല, സംസ്ഥാനത്ത് നിന്ന് ഒരു ഗ്രാം മയക്കുമരുന്ന് പോലും ഇന്ത്യയുടെ ഒരു ഭാഗത്തും എത്തുന്നില്ലെന്ന് നാം ഒരുമിച്ച് ഉറപ്പാക്കുമെന്നും ശ്രീ ഷാ പറഞ്ഞു.
സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട് അരുണാചൽ പ്രദേശിന്റെ വികസനത്തിനും രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്കും സംസ്ഥാന ബജറ്റിനും വരുമാനത്തിനും തന്ത്രപ്രധാന താൽപ്പര്യങ്ങൾക്കുമുള്ള സുപ്രധാന ദേശീയ പദ്ധതിയാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സിയാങ് മേഖലയിലെ ജനങ്ങളുമായി ക്രിയാത്മകവും സൃഷ്ടിപരവുമായ ചർച്ചകളിൽ ഏർപ്പെടുമെന്നും അവരെ പൂർണമായി വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സംഭാഷണങ്ങളിലൂടെ മാത്രമേ മുന്നോട്ടുള്ള വഴി കണ്ടെത്തൂവെന്നും അദ്ദേഹം അറിയിച്ചു. പ്രദേശവാസികളുടെ സംസ്കാരത്തെ ഗവൺമെന്റ് ബഹുമാനിക്കുന്നുവെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ട് പോകുമെന്നും ശ്രീ ഷാ പറഞ്ഞു. മേഖലയുടെ പാരമ്പര്യങ്ങൾക്കും സംസ്കാരത്തിനും മതത്തിനും യാതൊരു കോട്ടവും തട്ടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ പുനരധിവാസ പാക്കേജ് ഗവൺമെന്റ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശവാസികൾ ഈ വിഷയം സംസ്ഥാന ഗവൺമെന്റുമായി ചർച്ച ചെയ്യണമെന്നും സംസ്ഥാന ഗവൺമെന്റ് മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. അരുണാചൽ പ്രദേശിന്റെയും സംസ്ഥാനത്തെ യുവജനങ്ങളുടെയും ഭാവിക്ക് നിർണായകമായ പദ്ധതി ക്രിയാത്മകമായ സംഭാഷണങ്ങളിലൂടെയും ഫലപ്രദമായ പുനരധിവാസ പാക്കേജിലൂടെയും മാത്രമേ മുന്നോട്ട് കൊണ്ടുപോകൂവെന്ന് ശ്രീ ഷാ പറഞ്ഞു. ഓരോ ഘട്ടത്തിലും ജനങ്ങളെ വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
അടുത്തിടെ കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയിലെ അവസാന സജീവ കശ്മീരി ഭീകരനെയും കശ്മീർ പൊലീസ് വധിച്ചതായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. കശ്മീർ താഴ്വരയിൽ ഇപ്പോൾ ഒരു പ്രാദേശിക ഭീകരൻ പോലും അവശേഷിക്കുന്നില്ലെന്നും നിലവിലുള്ളവരെല്ലാം വിദേശ ഭീകരരാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ സേനകളുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും 35 വർഷത്തെ പോരാട്ടത്തിനൊടുവിൽ അവരുടെ നിരന്തര വീരസാഹസികതയിലൂടെയും അർപ്പണബോധത്തിലൂടെയും ത്യാഗത്തിലൂടെയും കൈവരിച്ച വലിയൊരു നാഴികക്കല്ലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദം കൊടുമ്പിരിക്കൊണ്ട 1990-കളിൽ കശ്മീരിനെ എത്രകാലം നിയന്ത്രണവിധേയമാക്കി നിർത്താൻ കഴിയുമെന്ന ആശങ്ക നിലനിന്നിരുന്നതായി ശ്രീ ഷാ അനുസ്മരിച്ചു. അന്ന് രാജ്യത്തിന്റെ സുരക്ഷാ സേനയുടെ വീരസാഹസികതയാണ് കശ്മീരിനെ രാജ്യത്തോട് ചേർത്തുനിർത്തിയത്. 2019-ൽ ഭരണഘടനയുടെ 370൦-ാം അനുച്ഛേദം റദ്ദാക്കിയപ്പോൾ അത് ഭീകരവാദവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചോദിക്കാൻ പ്രതിപക്ഷം ഒന്നടങ്കം ഒരുമിച്ചു. എന്നാൽ, 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിലെ യുവജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന വിഘടനവാദ ചിന്താഗതിക്ക് അറുതിയായി എന്നത് ഇന്ന് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ ഷാ പറഞ്ഞു. തൽഫലമായി കശ്മീർ താഴ്വരയിൽ ഇന്ന് ഒരു കശ്മീരി യുവാവ് പോലും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. ഇത് കേവലം ഒരു ഭീകരന്റെ ജീവിതത്തിന്റെ അന്ത്യമല്ല, മറിച്ച് താഴ്വരയിലെ വിഘടനവാദ പ്രത്യയശാസ്ത്രത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 2014-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കശ്മീർ താഴ്വരയിൽ വികസനത്തിന് തുടക്കം കുറിച്ചതുപോലെ, വരാനിരിക്കുന്ന കാലഘട്ടവും താഴ്വരയ്ക്ക് ഏറെ ശുഭപ്രതീക്ഷ നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
*****