57th International Film Festival of India 2026
20 – 28 Nov 2026

ഒരൊറ്റ ലോകം, എണ്ണമറ്റ കഥകൾ, അനന്തമായ വികാരങ്ങൾ: 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ചുവപ്പു പരവതാനി വിരിച്ച് ഗോവ

പോസ്റ്റഡ് ഓണ്‍: 20 NOV 2026 9:19PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339405Views: 6

മിന്നിമായുന്ന ആദ്യ പ്രകാശ കിരണത്തിനും വെള്ളിത്തിരയിലെ ആദ്യ ദൃശ്യത്തിനും ഇടയിലെവിടെയോ ഒത്തുചേരാന്‍ ഒരു കാരണം കണ്ടെത്തുകയാണ് ലോകം. ഇന്ന്, ആ ലോകമായി മാറുകയായിരുന്നു ഗോവ.  തിളങ്ങുന്ന അറബിക്കടലിൻ്റെ പശ്ചാത്തലത്തിൽ ചലച്ചിത്രകാരന്മാരും പ്രശസ്ത താരങ്ങളും സിനിമാപ്രേമികളും ഒത്തുചേരുന്ന, സംസ്കാരങ്ങൾ സംഗമിക്കുന്ന, ഭാവനകൾ ചിറകുവിരിക്കുന്ന  ആഗോള വേദിയായി ഗോവ ഒരിക്കൽ കൂടി മാറിയിരിക്കുന്നു.

 

ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിലെ വർണാഭമായ ഉദ്ഘാടന ചടങ്ങോടെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കഥകളുടെ  മഹാപ്രപഞ്ചത്തിലേക്ക് വാതായനങ്ങള്‍ തുറന്നു. 86 രാജ്യങ്ങളെയും 150-ലധികം ചിത്രങ്ങളെയും ഒരുമിച്ചുചേര്‍ത്ത് ചലിക്കുന്ന ദൃശ്യങ്ങളുടെ അനന്ത മാന്ത്രികതയെ ആഘോഷിക്കുകയാണ് ഈ മേള. 'അതിരുകളില്ലാത്ത കഥകൾ'  എന്ന പ്രമേയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ പതിപ്പ് ഭൂമിശാസ്ത്രപരമായ അതിരുകളെ മറികടക്കാനും സാംസ്കാരിക ഭിന്നതകളെ ഇല്ലാതാക്കാനും വ്യത്യസ്ത ശബ്ദങ്ങളെ കൂട്ടായ അനുഭവമാക്കി മാറ്റാനുമുള്ള സിനിമയുടെ അസാധാരണ കരുത്തിനെ ആഘോഷിക്കുന്നു.

 

22 വർഷത്തിലേറെയായി ഗോവയുടെ സാംസ്കാരിക കലണ്ടറിൻ്റെ അവിഭാജ്യ ഘടകമായ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള, അതിരുകൾ ഭേദിക്കാനും സംസ്കാരങ്ങളെ ഒരുമിപ്പിക്കാനുമുള്ള സിനിമയുടെ കരുത്തിനെയാണ് ആഘോഷിക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. മേളയുടെ പ്രമേയത്തെ 'വസുധൈവ കുടുംബകം' അഥവാ ലോകം ഒരു കുടുംബം എന്ന ഇന്ത്യയുടെ കാലാതീത ദർശനവുമായി കൂട്ടിവായിച്ച അദ്ദേഹം,  വ്യത്യസ്ത സംസ്കാരങ്ങളെ അനുഭവിച്ചറിയാനും  പരസ്പരം ഒന്നിപ്പിക്കുന്ന പൊതുഘടകങ്ങൾ തിരിച്ചറിയാനും സിനിമ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.  

 

ബ്രിക്സ് സിനിമാ വിഭാഗത്തിൽ 'രാമായണം' ഉൾപ്പെടുത്തിയത് ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മറാഠി, കൊങ്കണി, ഗോവൻ ഉള്‍പ്പെടെ  ഇന്ത്യൻ  സിനിമകളുടെ സമ്പന്നത പ്രദർശിപ്പിക്കുന്നതിൽ ചലച്ചിത്രമേള വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞു. ചലച്ചിത്രനിർമാണത്തിലേക്ക് കടന്നുവരാനും  സ്വന്തം കഥകൾ ദേശീയ, അന്തർദേശീയ പ്രേക്ഷകരിലേക്ക് എത്തിക്കാനും കൂടുതൽ ഗോവൻ യുവാക്കളെ ഈ അംഗീകാരം പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

ഒരു സമ്പൂർണ ചലച്ചിത്രനിർമാണ കേന്ദ്രമായി മാറാനുള്ള ഗോവയുടെ കാഴ്ചപ്പാട് വ്യക്തമാക്കിയ ഡോ. സാവന്ത്,  സിനിമകൾ നിർമിക്കപ്പെടുകയും പൂർത്തിയാക്കപ്പെടുകയും ചെയ്യുന്ന ഇടമായി ഗോവ മാറണമെന്നാണ്  ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.  2021-ലെ ഗോവ ചലച്ചിത്ര ചിത്രീകരണ നിയമം, ഓൺലൈൻ ഏകജാലക അനുമതി സംവിധാനം, ചലച്ചിത്ര പ്രവർത്തകർക്കായി ഏര്‍പ്പെടുത്തിയ  സാമ്പത്തിക സഹായ പദ്ധതികൾ എന്നിവയെ സംസ്ഥാനത്തെ ചലച്ചിത്ര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രധാന സംരംഭങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു. പ്രീ-പ്രൊഡക്ഷൻ, പോസ്റ്റ്-പ്രൊഡക്ഷൻ, വി.എഫ്.എക്സ്., ചലച്ചിത്ര പഠന സൗകര്യങ്ങൾ എന്നിവയോടുകൂടിയ  ഫിലിം സിറ്റി എന്ന കാഴ്ചപ്പാടും അദ്ദേഹം പ്രഖ്യാപിച്ചു.

 

ആനിമേഷൻ, നിർമിതബുദ്ധി, വെർച്വൽ പ്രൊഡക്ഷൻ എന്നിവയിലെ സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ചലച്ചിത്ര വ്യവസായത്തിൻ്റെ ഭാഗമാകാൻ ഗോവയിലെ യുവ സർഗ പ്രതിഭകളെ സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

 

'അതിരുകളില്ലാത്ത കഥകൾ' എന്ന പ്രമേയത്തെക്കുറിച്ച് സംസാരിച്ച പ്രശസ്ത നടനും പാർലമെൻ്റ് അംഗവുമായ രവി കിഷൻ, വിവിധ ഇന്ത്യൻ ഭാഷകളിലും പ്രദേശങ്ങളിലുമായി ഏകദേശം 700-ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ച  അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഈ പ്രമേയം ആഴത്തിൽ സ്പർശിച്ചതായി പറഞ്ഞു. ഭാഷയ്ക്കും ഭൂമിശാസ്ത്രത്തിനുമതീതമായി  സത്യം, വികാരം, ഹൃദയസ്പർശിയായ കഥ എന്നീ സിനിമയുടെ അടിസ്ഥാന ഘടകങ്ങളുമായി പ്രേക്ഷകർ സംവദിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു.

 

ലോകത്തിൻ്റെ ഏതെങ്കിലുമൊരു കോണിൽ പിറക്കുന്ന ഒരു കഥയ്ക്ക് ആയിരക്കണക്കിന് മൈലുകൾക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനാകുമെന്നും അതാണ് സിനിമയുടെ മാന്ത്രികതയെന്നും അദ്ദേഹം പറഞ്ഞു.  അതിരുകൾ ഭേദിക്കുന്നതിലും  പങ്കുവെക്കപ്പെടുന്ന മാനുഷിക അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലും  സിനിമയുടെ കരുത്ത് അദ്ദേഹം  എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ രാജ്യമാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയുടെ ചലച്ചിത്ര വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകുന്ന നേതൃത്വത്തെ അഭിനന്ദിച്ചു.

 

അതിരുകൾ ഭേദിക്കാനും വൈവിധ്യമാർന്ന സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും ഒന്നിപ്പിക്കാനുമുള്ള സിനിമയുടെ കരുത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്ത വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ എടുത്തുപറഞ്ഞു. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള കേവലം സിനിമാഘോഷത്തിനപ്പുറമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം  അത് സംസ്കാരങ്ങളുടെയും ആശയങ്ങളുടെയും ഓർമകളുടെയും മാനുഷിക അനുഭവങ്ങളുടെയും സംഗമവേദിയാണെന്ന് വ്യക്തമാക്കി.  

 

‘എല്ലാ ദിശകളിൽ നിന്നും ഉദാത്തമായ ചിന്തകൾ നമ്മിലേക്ക് വരട്ടെ’ എന്ന ഋഗ്വേദ വചനം ഉദ്ധരിച്ചുകൊണ്ട്  ലോകത്തിന് മുന്നിലെ ഈ തുറന്ന സമീപനം ഇന്ത്യയുടെ സ്വത്വത്തെ സമ്പന്നമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.  സിനിമ ഇന്ത്യയുടെ സാംസ്കാരിക സ്വാധീനത്തിൻ്റെ ഏറ്റവും ശക്തമായ ആവിഷ്കാരങ്ങളിലൊന്നാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം റഷ്യയിൽ നിന്നും സ്പെയിനിൽ നിന്നുമുള്ള പ്രത്യേക പ്രദർശനങ്ങളിലൂടെയും ബ്രിക്സ്  രാജ്യങ്ങളിൽ നിന്നുള്ള 21 ചിത്രങ്ങളിലൂടെയും സാംസ്കാരിക വിനിമയത്തിൻ്റെ ഈ ചൈതന്യം  ചലച്ചിത്രമേളയില്‍  പ്രതിഫലിക്കുന്നുണ്ടെന്നും വ്യക്തമാക്കി.  

 

ലോകത്തിൻ്റെ ഒരു ഭാഗത്തുനിന്നുള്ള ഒരു കഥയ്ക്ക് വികാരങ്ങളിലൂടെയും ഭാവനയിലൂടെയും മാനുഷിക അനുഭവങ്ങളിലൂടെയും മറ്റൊരു ഭാഗത്തേക്ക് കടന്നുചെല്ലാൻ കഴിയുമെന്ന് 'അതിരുകളില്ലാത്ത കഥകൾ' എന്ന ഈ വർഷത്തെ പ്രമേയത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ മേളയിൽ 52 വനിതാ ചലച്ചിത്രകാരന്മാരും 62 നവാഗത ചലച്ചിത്രകാരന്മാരും പങ്കെടുക്കുന്നതിലൂടെ പുതിയ ശബ്ദങ്ങളോടും എല്ലാവരെയും ഉൾക്കൊള്ളുന്ന കഥാഖ്യാനത്തോടും ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള പുലര്‍ത്തുന്ന പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.

 

അതിവേഗ വിനിമയബന്ധങ്ങൾ  പലപ്പോഴും സാംസ്കാരിക ഒറ്റപ്പെടലിലേക്ക് നയിക്കുന്ന  വിരോധാഭാസത്തിൻ്റെ കാലഘട്ടത്തിൽ സിനിമയുടെ ഏകീകരണ ശക്തിയെക്കുറിച്ച് സംസാരിച്ച മേളയുടെ  ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ ഈ വർഷത്തെ ചലച്ചിത്രമേളയുടെ പശ്ചാത്തലം വ്യക്തമാക്കി.  'അതിരുകളില്ലാത്ത കഥകൾ' എന്ന പ്രമേയത്തിന് പിന്നിലെ തത്വചിന്ത വിശദീകരിച്ച അദ്ദേഹം വേർതിരിവുകൾ പലപ്പോഴും നാം സ്വയം സൃഷ്ടിക്കുന്നതാണെന്ന് സദസ്സിനെ ഓർമിപ്പിച്ചു.  അതിരുകൾ എന്നത് ഭൂപടങ്ങളിലെ കേവലം അടയാളങ്ങള്‍ക്കപ്പുറം നാം നമുക്ക് ചുറ്റും കെട്ടിപ്പടുക്കുന്ന ശീലങ്ങൾ കൂടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.  

 

സിനിമ എങ്ങനെ ഈ പ്രതിബന്ധങ്ങളെ ഇല്ലാതാക്കുന്നുവെന്ന് എടുത്തുപറഞ്ഞ ഗോവാരിക്കർ, അപരിചിതമായ ഒരു ഭാഷയിലെ കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് സഹാനുഭൂതി തോന്നുമ്പോൾ ആളുകൾ തമ്മിലെ അകലം ഉടനടി കുറയുന്നതായി നിരീക്ഷിച്ചു. പാസ്‌പോർട്ടില്ലാതെ ഈ അതിരുകൾ കടക്കാനാവുന്ന ചുരുക്കം ചില കാര്യങ്ങളിലൊന്നാണ് കഥകളെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിന് ഒൻപത് വേൾഡ് പ്രീമിയറുകൾ, രണ്ട് ഇൻ്റർനാഷണൽ പ്രീമിയറുകൾ, 24 ഏഷ്യൻ പ്രീമിയറുകൾ, 116 ഇന്ത്യൻ പ്രീമിയറുകൾ എന്നിവയുടെ വിപുലമായ നിരയാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഈ പതിപ്പിൽ പ്രദർശിപ്പിക്കുന്നത്. രാജ്യങ്ങളും സിനിമാ കാലഘട്ടങ്ങളും  വളർന്നുവരുന്ന പുതിയ ശബ്ദങ്ങളും  ഒപ്പം ഊർജസ്വലമായ ആതിഥേയ നഗരവും തമ്മിലെ അതിരുകൾ ഭേദിക്കാനുള്ള തുറന്ന ക്ഷണമായി ഇത് മാറുന്നു.

 

രാജ്യസഭാ എം.പി. ശ്രീ സദാനന്ദ് മാലു ഷേത് തനാവഡെ, സിയോലിം എം.എൽ.എ.യും എൻ്റർടെയ്ൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ വൈസ് ചെയർപേഴ്സണുമായ ശ്രീമതി ഡെലീല ലോബോ, ഗോവ ചീഫ് സെക്രട്ടറി ഡോ. വി. കാണ്ഡവേലു, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ ജി. കൃഷ്ണകുമാർ, പ്രസാർ ഭാരതി ചെയർമാൻ ശ്രീ പ്രസൂൺ ജോഷി, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ ധീരജ് സിങ്, എൻ്റർടെയ്ൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ദീപക് ബന്ദേക്കർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

കാർത്തിക് ആര്യൻ, സായ് പല്ലവി തുടങ്ങിയ ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിന് താരത്തിളക്കമേകി.

 

അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർമാൻ ശ്രീ ആനന്ദ് എൽ. റായ്, ജൂറി അംഗങ്ങളായ ശ്രീ ബോഗ്ദാൻ മുറെഷാനു, ശ്രീമതി സോൾ ബെറുവെസോ പിച്ചോൺ-റിവിയേർ, ശ്രീമതി മരിയ അലജാൻഡ്ര റോജാസ്, ശ്രീ റാച്ചപൂം ബൂൺബുഞ്ചചോക്ക് എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗം ചെയർപേഴ്സൺ ശ്രീ മധുർ ഭണ്ഡാർക്കർ, നോൺ-ഫീച്ചർ വിഭാഗം ചെയർപേഴ്സൺ ശ്രീ ഹിമാൻശു ശേഖർ ഖതുവ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.  

 

ഉദ്ഘാടന വിരുന്നിന് മാറ്റുകൂട്ടി ആഗോള സംഗീത പരിപാടികൾ

 

സിനിമയുടെ സാർവത്രിക ഭാഷയെ ആഘോഷിക്കുന്ന നിരവധി സംഗീത-സാംസ്കാരിക പരിപാടികൾ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി. മൂന്ന് തവണ ഗ്രാമി പുരസ്കാരം നേടിയ സംഗീത സംവിധായകൻ റിക്കി കെജിൻ്റെ നേതൃത്വത്തിൽ 'സംഗീതത്തിലൂടെ ഒരു സിനിമാ ലോകം’  എന്ന പ്രമേയത്തിൽ അവതരിപ്പിച്ച സിംഫണിക് ഓർക്കസ്ട്ര, ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ അതിരുകൾ ഭേദിക്കാനുള്ള  സിനിമയുടെ കരുത്ത് എടുത്തുപറഞ്ഞ് വിവിധ സംസ്കാരങ്ങളിലൂടെയും കഥാഖ്യാന പാരമ്പര്യങ്ങളിലൂടെയുമുള്ള  സംഗീത യാത്രയിലേക്ക് പ്രേക്ഷകരെ നയിച്ചു.

 

സംഗീത പാരമ്പര്യങ്ങൾ, സൗഹാർദം, സാംസ്കാരിക വിനിമയം എന്നിവ ആഘോഷിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ സംഗീതജ്ഞർ അണിനിരന്ന അന്താരാഷ്ട്ര സംഗീത സംരംഭമായ 'മ്യൂസിക് വിത്തൗട്ട് ബോർഡേഴ്സും' ഉദ്ഘാടന രാവില്‍  അരങ്ങേറി. ചലച്ചിത്രോത്സവത്തിൻ്റെ മുഖമുദ്രയായ മയൂര ചിഹ്നത്തിന് ചലനങ്ങളിലൂടെയും കലാവിഷ്കാരത്തിലൂടെയും ജീവൻ നൽകിയ 'ബിയോണ്ട് ദി ഫ്രെയിം' എന്ന പ്രത്യേക നൃത്താവിഷ്കാരവും ശ്രദ്ധേയമായി.

 

വേവ്സ് ഫിലിം ബസാറിൻ്റെ  തിളക്കമാർന്ന 20 വർഷങ്ങൾ

 

ഇന്ത്യൻ സിനിമയെ ആഗോള അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിൻ്റെ രണ്ട് പതിറ്റാണ്ടുകൾ ആഘോഷിക്കുന്ന 20-ാമത് വേവ്സ് ഫിലിം ബസാറിന് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കൊപ്പം നവംബർ 20-ന് ഗോവയിൽ തുടക്കമായി. ചലച്ചിത്ര വ്യവസായം, സഹനിർമാണം, സാമ്പത്തിക സഹായം, സമ്പർക്ക ശൃംഖല, ആഗോള സഹകരണം എന്നിവയ്ക്ക് നൽകിയ ശ്രദ്ധേയ സംഭാവനകളും അതിൻ്റെ യാത്രയും ഉദ്ഘാടന ചടങ്ങിലെ പ്രത്യേക ഓഡിയോ-വിഷ്വൽ അവതരണത്തിലൂടെ പ്രദർശിപ്പിച്ചു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാർ, 2007-ൽ 18 രാജ്യങ്ങളിലെ 204 പ്രതിനിധികളിൽ നിന്ന് വളർന്ന് 40-ലധികം രാജ്യങ്ങളിലെ 2,500-ലധികം ചലച്ചിത്ര പ്രവർത്തകരെ ഒരുമിപ്പിക്കുന്ന  പ്രമുഖ അന്താരാഷ്ട്ര വിപണിയായി മാറിക്കഴിഞ്ഞു.

 

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള - 2026: പ്രധാന ആകർഷണങ്ങൾ

 

'അതിരുകളില്ലാത്ത കഥകൾ' എന്ന പ്രചോദനാത്മകമായ പ്രമേയത്തിന് കീഴിൽ 86 രാജ്യങ്ങളിലെ 150-ലധികം ചിത്രങ്ങളെ ഒരു വേദിയില്‍ അണിനിരത്തി 57-ാമത് ഇന്ത്യ  അന്താരാഷ്ട്ര ചലച്ചിത്രമേള  സിനിമയുടെ മഹോത്സവമൊരുക്കുന്നു.  137 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 1,900-ത്തിലധികം അപേക്ഷകളില്‍നിന്ന്  തിരഞ്ഞെടുത്ത ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 'ഫാദർലാൻഡ്' ഉദ്ഘാടന ചിത്രമായും 'ഐ മാറ്റർ'  മിഡ്-ഫെസ്റ്റിവൽ ചിത്രമായും 'വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്'  സമാപന ചിത്രമായും പ്രദർശിപ്പിക്കും.

 

സിനിമാ അനുഭവത്തിന് പുതിയ മാനങ്ങൾ നൽകി ആനിമേഷൻ, സിനിമകളെക്കുറിച്ചുള്ള സിനിമ എന്നിങ്ങനെ ആകർഷകമായ രണ്ട് പുതിയ വിഭാഗങ്ങൾ ഈ വർഷത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെയിൻ 'കൺട്രി ഓഫ് ഓണർ'  ആയും റഷ്യ പങ്കാളിത്ത രാജ്യമായും എത്തുമ്പോൾ വളർന്നുവരുന്ന ആഗോള ആഖ്യാനങ്ങളുടെ വൈവിധ്യമാർന്ന സിനിമാ ശബ്ദങ്ങളെ ബ്രിക്സ് സിനിമ വിഭാഗം ആഘോഷിക്കുന്നു. 18 ഭാഷകളിലായി 76 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ പനോരമ, രാജ്യത്തിൻ്റെ കഥാവിഷ്കാര  പാരമ്പര്യത്തിൻ്റെ സമ്പന്നത ഒപ്പിയെടുക്കുന്നു.

 

പുതിയ പ്രതിഭകളെ വളർത്തിയെടുക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം പ്രോത്സാഹിപ്പിക്കാനും ശക്തമായ പ്രതിബദ്ധതയോടെ 52 വനിതാ ചലച്ചിത്രകാരന്മാർക്കും 62 നവാഗത സംവിധായകർക്കും ഈ വര്‍ഷത്തെ മേള പ്രത്യേക പ്രാധാന്യം നൽകുന്നു. 'ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ'യുടെ ആറാം പതിപ്പ് 13 ചലച്ചിത്ര മേഖലകളിലായി 100 യുവ ചലച്ചിത്ര പ്രവർത്തകർക്ക് മാർഗനിർദേശം നൽകുകയും വരുംതലമുറയിലെ സർഗാത്മക ശബ്ദങ്ങള്‍ക്ക് കരുത്തേകുകയും ചെയ്യും. ഈ സംരംഭത്തിന് പുറമെ 14 പ്രത്യേക പരിശീലന ക്ലാസുകളും പാനൽ ചർച്ചകളും മേളയിലെത്തുന്നവര്‍ക്ക് പഠനത്തിനും സഹകരണത്തിനും സംവാദത്തിനും സർഗാത്മക വിനിമയത്തിനും ഊർജസ്വലമായ വേദിയൊരുക്കും.

 

കേവലം സിനിമാഘോഷത്തിനപ്പുറം അതിരുകൾ ഭേദിക്കാനും ലോകത്തെ ഒന്നിപ്പിക്കാനും സിനിമയ്ക്കുള്ള കരുത്ത് ഊട്ടിയുറപ്പിക്കുന്ന സംസ്കാരങ്ങളുടെയും കാഴ്ചപ്പാടുകളുടെയും സർഗാത്മക ശബ്ദങ്ങളുടെയും സംഗമവേദിയാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള. സര്‍വോപരി, സിനിമ അതിരുകളില്ലാത്ത ഭാഷ സംസാരിക്കുന്നു; പരിധികളില്ലാത്ത കഥകൾ നെയ്യുന്നു; വികാരങ്ങളെ തൊട്ടുണര്‍ത്തുന്നു. ചലച്ചിത്ര വിസ്മയങ്ങളുടെ ഒൻപത് ദിനങ്ങൾക്ക് തുടക്കമാകുമ്പോൾ ഒരു കാര്യം ഉറപ്പാണ്: ലോകം അതിരുകളാൽ വിഭജിക്കപ്പെട്ടിരിക്കാം, പക്ഷേ ഒരു സിനിമാശാലയുടെ ഇരുട്ടിലിരുന്ന് വെള്ളിത്തിരയുടെ ഒരേ വെളിച്ചത്തിലാണ് നാമെല്ലാം സ്വപ്നങ്ങള്‍ നെയ്യുന്നത്. 

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339405
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026