പോസ്റ്റഡ് ഓണ്:
19 NOV 2026 9:11PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് (IACC) സംഘടിപ്പിച്ച 23-ാമത് ഇൻഡോ-യു.എസ്. സാമ്പത്തിക ഉച്ചകോടിയെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യ-യു.എസ്. സാമ്പത്തിക പങ്കാളിത്തത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്ക മൂലധനവും സാങ്കേതികവിദ്യയും നൂതനാശയങ്ങളും കൊണ്ടുവരുമ്പോൾ, വിപണി വ്യാപ്തിയും നൈപുണ്യമുള്ള തൊഴിൽശക്തിയും ഉൽപ്പാദനശേഷിയും മത്സരക്ഷമതയും അതിവേഗം പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയുമാണ് ഇന്ത്യയുടെ ശക്തികളെന്ന് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയെ ഡിജിറ്റൽ പരിവർത്തനം വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് മുന്നോട്ട് നയിക്കുകയാണെന്ന് ശ്രീ ഗോയൽ പറഞ്ഞു. 140 കോടി ഇന്ത്യക്കാർക്ക് മെച്ചപ്പെട്ട ജീവിതവും ഭാവിയും ഉറപ്പാക്കുന്ന വികസിതവും സമൃദ്ധവുമായ രാഷ്ട്രമാണ് വികസിത ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയമായ 'പങ്കിട്ട ഒരു ഭാവി' എന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, കഴിഞ്ഞ വർഷത്തെ ഉച്ചകോടിയുടെ പ്രമേയമായ 'പങ്കിട്ട ഭാവി രൂപപ്പെടുത്തൽ' എന്നതിൽ നിന്ന്, ആ ഭാവിയുടെ ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുത്ത് അതിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന ഘട്ടത്തിലേക്ക് ഇന്ത്യ-യു.എസ്. പങ്കാളിത്തം വളർന്നതായി ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പങ്കിടുന്ന ഈ ഭാവി ഇരുരാജ്യങ്ങളുടെയും ലോകത്തിൻ്റെയും നിർണായക സവിശേഷതയായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഗോള കാഴ്ചപ്പാടുകൾക്ക് രൂപം നൽകുന്ന രണ്ട് സജീവ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്ന് മന്ത്രി പറഞ്ഞു. ജൂലൈ 4-ന് അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നുകൊണ്ട് നൽകിയ സന്ദേശം അനുസ്മരിച്ച അദ്ദേഹം, ഇന്ത്യ-യു.എസ്. പങ്കാളിത്തം ആഗോള നന്മയ്ക്കുള്ള ശക്തിയാണെന്നും ആഗോള വളർച്ചയുടെ ചാലകശക്തിയായി അത് മാറണമെന്നും പറഞ്ഞു. സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷികം ആഘോഷിക്കുന്ന അമേരിക്കയെ അഭിനന്ദിച്ച അദ്ദേഹം അമേരിക്കൻ ജനതയ്ക്ക് ആശംസകളും നേർന്നു.
വിശ്വാസമാണ് ഇന്ത്യയുടെ അന്താരാഷ്ട്ര പങ്കാളിത്തങ്ങളുടെ അടിസ്ഥാനമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ ഗോയൽ, വിശ്വസനീയമായ പങ്കാളിത്തമാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സൗഹൃദ രാജ്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. ലോകത്തിന് മുന്നിലുള്ള അടിസ്ഥാനപരമായ ചോദ്യമായി വിശ്വാസം മാറിയിരിക്കുന്നു എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിരീക്ഷണം പരാമർശിച്ച മന്ത്രി, നിലവിൽ തുടരുന്ന രണ്ട് സംഘർഷങ്ങളായ പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെയും പശ്ചാത്തലത്തിൽ അസ്ഥിരവും അനിശ്ചിതത്വം നിറഞ്ഞതുമായ ആഗോള സാഹചര്യത്തിലാണ് ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ലോകത്തിന് ആവശ്യം വെറും വിതരണ ശൃംഖലകളല്ല, മറിച്ച് പങ്കാളികൾ പൊതുവായ കാഴ്ചപ്പാട് പങ്കിടുകയും നിയമവാഴ്ചയെ ബഹുമാനിക്കുകയും കരാറുകൾ പാലിക്കുകയും ചെയ്യുന്ന വിശ്വസനീയമായ വിതരണ ശൃംഖലകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിശ്വാസാധിഷ്ഠിത ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഭയകക്ഷി, ബഹുമുഖ സഹകരണങ്ങളിലെ പുതിയ സംഭവവികാസങ്ങൾ പരാമർശിച്ചുകൊണ്ട്, രണ്ട് ദിവസം മുൻപ് മനിലയിൽ നടന്ന ക്വാഡ് (Quad) നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയതായി ശ്രീ ഗോയൽ അറിയിച്ചു. 2027-ൻ്റെ തുടക്കത്തിൽ ആദ്യത്തെ ക്വാഡ് ബിസിനസ് ലീഡേഴ്സ് ഫോറം സംഘടിപ്പിക്കുമെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി പ്രമുഖ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിൽ ഐ.എ.സി.സി.യും മറ്റ് സംഘടനകളും പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അമേരിക്കയിലെ ബിസിനസ് പ്രതിനിധികളുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, കഴിഞ്ഞ മാസം ന്യൂയോർക്ക് സന്ദർശന വേളയിൽ ഇന്ത്യയുമായുള്ള സഹകരണം വിപുലീകരിക്കുന്നതിന് ബിസിനസ് മേഖലയിൽ വലിയ താൽപ്പര്യം പ്രകടമായിരുന്നതായി മന്ത്രി പറഞ്ഞു. രാജ്യത്തെ നൈപുണ്യസമ്പന്നമായ വലിയ തൊഴിൽശക്തിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകൾ (GCC) സ്ഥാപിക്കുന്നതിനും ഡിസൈൻ, നൂതനാശയ പ്രവർത്തനങ്ങൾ, ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങൾ, ബിസിനസ് പ്രക്രിയകൾ, ഓഫീസുകൾ എന്നിവ
വിപുലീകരിക്കുന്നതിനും കമ്പനികൾ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
അടുത്തിടെ നടത്തിയ ഈജിപ്ത്, ഇറ്റലി സന്ദർശനവേളകളിലും ഇന്ത്യയുമായി സഹകരിക്കുന്നതിന് സമാനമായ ആവേശം പ്രകടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രിയുമായും നടത്തിയ ചർച്ചകളിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനായി മുൻഗണനാ വ്യാപാര കരാറിനോ സ്വതന്ത്ര വ്യാപാര കരാറിനോ വേണ്ടിയുള്ള പരിഗണനാ വിഷയങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനെക്കുറിച്ച് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ ഇരുപക്ഷവും ധാരണയായി.
ഇറ്റലിയുടെ ഉപപ്രധാനമന്ത്രി അൻ്റോണിയോ തജാനിയുമായുള്ള സംയുക്ത ബിസിനസ് ഫോറത്തിലും സംയുക്ത ബിസിനസ് കമ്മിറ്റി യോഗത്തിലും അഭിലഷണീയമായ വ്യാപാര ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇരുപക്ഷവും തീരുമാനിച്ചതായി ശ്രീ ഗോയൽ പറഞ്ഞു. ഉഭയകക്ഷി വ്യാപാരം നിലവിലെ 12 ബില്യൺ ഡോളറിൽ നിന്ന് 2029-ഓടെ 20 ബില്യൺ യൂറോയായി ഉയർത്തുക എന്നതാണ് അടിയന്തര ലക്ഷ്യം. 2027 കലണ്ടർ വർഷത്തിൻ്റെ ആദ്യ പാദത്തിലോ ആദ്യ പകുതിയിലോ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ വ്യാപാരം 50 ബില്യൺ യൂറോയായി വിപുലീകരിക്കാൻ ഇന്ത്യയ്ക്കും ഇറ്റലിക്കും സാധിക്കുമെന്ന് ഇരുരാജ്യങ്ങളും വിലയിരുത്തി. കൂടുതൽ അഭിലഷണീയമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബിസിനസ് സ്ഥാപനങ്ങളെയും ഇറക്കുമതിക്കാരെയും കയറ്റുമതിക്കാരെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കയറ്റുമതി പ്രകടനത്തെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ട്, നടപ്പുവർഷം ഏകദേശം 16 ശതമാനം വളർച്ച ലക്ഷ്യമിട്ട് ഒരു ട്രില്യൺ ഡോളറിൻ്റെ കയറ്റുമതി കൈവരിക്കുകയെന്ന അഭിലഷണീയമായ ലക്ഷ്യമാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നതെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ ആറുമാസത്തിനുള്ളിൽത്തന്നെ 480 ബില്യൺ ഡോളറിൻ്റെ കയറ്റുമതി കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയുടെ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 863 ബില്യൺ ഡോളറിലെത്തി. ഒക്ടോബറിൽ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 90 ബില്യൺ ഡോളറിലെത്തി. ഇത് രാജ്യത്തിൻ്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കയറ്റുമതി നിരക്കാണ്.
കയറ്റുമതി ലക്ഷ്യം നിശ്ചയിക്കുന്നതിനായി ഈ വർഷം ആദ്യം ഗവണ്മെൻ്റ് വ്യവസായ മേഖലയുമായും കയറ്റുമതി പ്രോത്സാഹന കൗൺസിലുകളുമായും ചർച്ച നടത്തിയപ്പോൾ, ഏപ്രിൽ-മെയ് മാസങ്ങളിൽ ആഗോള വ്യാപാര വളർച്ച ഏകദേശം 2 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (IMF) പ്രവചിച്ചിരുന്ന സാഹചര്യത്തിൽ, 5 ശതമാനം വളർച്ചയെന്ന മിതമായ ലക്ഷ്യം നിശ്ചയിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, വ്യവസായ ചേംബറുകളും കയറ്റുമതിക്കാരും ആത്മവിശ്വാസവും കരുത്തും പ്രതിരോധശേഷിയും പ്രകടിപ്പിക്കുകയും ഏകദേശം 16 ശതമാനം വളർച്ച ലക്ഷ്യമിടുന്ന ഒരു ട്രില്യൺ ഡോളറിൻ്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കാൻ കൂട്ടായി തീരുമാനിക്കുകയുമായിരുന്നു. വിജയം കൈവരിക്കുന്നതിന് ഉയർന്ന അഭിലാഷങ്ങളും വെല്ലുവിളി നിറഞ്ഞ ലക്ഷ്യങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇന്ന് തെരുവ് കച്ചവടക്കാരും പഞ്ചനക്ഷത്ര ഹോട്ടലുകളും യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (UPI) പോലുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഒരുപോലെ ഉപയോഗിക്കുന്നുണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. രാജ്യത്തെ ഡിജിറ്റൽ വിടവ് നികത്താൻ ഇത് സഹായിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, പെൻഷനുകൾ എന്നിവയുൾപ്പെടെയുള്ള ഗവണ്മെൻ്റ് ക്ഷേമപദ്ധതികളുടെ പ്രയോജനങ്ങൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടും തടസ്സമില്ലാതെയും സമയബന്ധിതമായും എത്തിക്കുന്നതിൽ ജാം ത്രയത്തിൻ്റെ (ജൻധൻ, ആധാർ, മൊബൈൽ) പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. സംവിധാനത്തിലെ ചോർച്ചകൾ തടയുന്നതിലൂടെ ബില്യൺ കണക്കിന് ഡോളറിന് തുല്യമായ ലക്ഷക്കണക്കിന് കോടി രൂപ ലാഭിക്കാൻ ഈ സംരംഭങ്ങൾ ഗവണ്മെൻ്റിനെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമുള്ള സംരംഭകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു. നിർമ്മിതബുദ്ധി, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് (CAD/CAM), മെഷീൻ ലേണിംഗ്, നൂതന ഉൽപ്പാദന സാങ്കേതികവിദ്യകൾ എന്നിവ ഇന്ത്യയുടെ ഏറ്റവും വിദൂര പ്രദേശങ്ങളിൽപ്പോലും എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വ്യാപാരം, അന്താരാഷ്ട്ര സഹകരണം, മുൻഗണനാ വ്യാപാര കരാറുകൾ, സ്വതന്ത്ര വ്യാപാര കരാറുകൾ, ഉഭയകക്ഷി വ്യാപാര കരാറുകൾ എന്നിവയുടെ പ്രയോജനങ്ങൾ ഏറ്റവും ചെറിയ ബിസിനസ് സംരംഭങ്ങളിലേക്കും വ്യക്തികളിലേക്കും എത്തണമെന്ന് അദ്ദേഹം പറഞ്ഞു. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതുപോലെതന്നെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME-കൾ), കർഷകർ, മത്സ്യത്തൊഴിലാളികൾ, വിശ്വകർമ്മ വിഭാഗക്കാർ, കരകൗശല വിദഗ്ധർ, കൈത്തറി-കരകൗശല ഉൽപ്പന്ന നിർമ്മാതാക്കൾ എന്നിവർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിൽ, രാജ്യത്തെ എല്ലാ ജില്ലകളിലും വിപുലമായ ബോധവൽക്കരണ-സഹായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഗവണ്മെൻ്റിൻ്റെ കയറ്റുമതി പ്രോത്സാഹന ദൗത്യത്തെക്കുറിച്ച് ശ്രീ ഗോയൽ എടുത്തുപറഞ്ഞു. ആദ്യമായി കയറ്റുമതി രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കുക, പുതിയ വിപണികളിലേക്ക് പ്രവേശിക്കാൻ അവരെ പ്രാപ്തരാക്കുക, പുതിയ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യങ്ങൾ.
സാങ്കേതികവിദ്യാ സഹകരണത്തെക്കുറിച്ച് സംസാരിക്കവെ, നിർമ്മിതബുദ്ധിയും (AI) നൂതനാശയങ്ങളും അമേരിക്കയ്ക്ക് ഗണ്യമായ കരുത്തുള്ള മേഖലകളാണെന്നും, പ്രത്യേകിച്ച് അത്യാധുനിക എ.ഐ. മാതൃകകൾ വികസിപ്പിക്കുന്നതിൽ അമേരിക്ക മുന്നിലാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും എ.ഐ.യുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും 140 കോടി ജനങ്ങളിലേക്കും എ.ഐ.യുടെ പ്രയോജനങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എ.ഐ. ദൗത്യം, എ.ഐ. ഇംപാക്ട് ഉച്ചകോടി, സെമികോൺ 2, ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകളുടെ (GCC) വളർച്ച എന്നിവ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.
വിദ്യാഭ്യാസത്തിലും ഭാവിയിലേക്കാവശ്യമായ നൈപുണ്യ വികസനത്തിലും ആധുനിക സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മിതബുദ്ധിയും വലിയ ഭാഷാ മാതൃകകളെ (LLM) അടിസ്ഥാനമാക്കി വികസിപ്പിച്ച എ.ഐ. ഏജൻ്റുകളും ആരോഗ്യപരിപാലന, ഔഷധ മേഖലകൾക്കും പ്രയോജനപ്പെടും. ഇതിലൂടെ ആരോഗ്യപരിപാലന സേവനങ്ങളും മരുന്നുകളും കൂടുതൽ മികച്ച രീതിയിലും കാര്യക്ഷമമായും ലഭ്യമാക്കാനാകും. പുതിയ കണ്ടെത്തലുകൾ കൂടുതൽ താങ്ങാനാവുന്ന ചെലവിൽ ലഭ്യമാകുമെന്നും ജൈവസാങ്കേതികവിദ്യ, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഗവേഷണം തുടങ്ങിയ മേഖലകളിൽ ആഗോള സാങ്കേതിക നവീകരണത്തിലും വികസനത്തിലും ഇന്ത്യ മുൻനിരയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-യു.എസ്. സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ച് പ്രധാന കർമ്മപരിപാടികൾ അവതരിപ്പിച്ചുകൊണ്ട്, 'ട്രസ്റ്റ്' (TRUST) എന്ന ചുരുക്കപ്പേരിലാണ് ശ്രീ ഗോയൽ തൻ്റെ നിർദ്ദേശങ്ങൾ വിശദീകരിച്ചത്.
TRUST എന്നതിലെ ആദ്യത്തെ T-യ്ക്ക് കീഴിൽ, വിതരണ ശൃംഖലകളെ കൂടുതൽ പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖലകളാക്കി മാറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം R-ന് കീഴിൽ, സൗഹൃദ രാജ്യങ്ങളുമായും പങ്കാളി രാജ്യങ്ങളുമായും ചേർന്ന് നൈപുണ്യമുള്ള തൊഴിൽശക്തി വളർത്തിയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഡ്യുവൽ-ഡിഗ്രി പ്രോഗ്രാമുകൾക്കും കൂടുതൽ ശക്തമായ വിദ്യാഭ്യാസ പങ്കാളിത്തങ്ങൾക്കും ശക്തമായ പിന്തുണ നൽകുന്നതായി അദ്ദേഹം ആവർത്തിച്ചു. അമിറ്റി സർവ്വകലാശാലയെയും അതിൻ്റെ നേതൃത്വത്തെയും പരാമർശിച്ചുകൊണ്ട്, നെതർലൻഡ്സിലെ സർവ്വകലാശാലയുടെ വിശാലമായ കാമ്പസ് സന്ദർശിക്കാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാഭ്യാസം ഈജിപ്തിലേക്ക് എത്തിക്കുന്നതിനായി അമിറ്റിയുമായും മറ്റ് ഇന്ത്യൻ സർവ്വകലാശാലകളുമായും സഹകരിക്കാൻ ഈജിപ്തിലെ വലിയൊരു സംഘം താൽപ്പര്യം പ്രകടിപ്പിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. അവരുമായി ഉടൻതന്നെ ബന്ധപ്പെടാനും സഹകരണം ആരംഭിക്കാനും അദ്ദേഹം സർവ്വകലാശാലയോട് അഭ്യർഥിച്ചു.
വർഷങ്ങളായി തങ്ങളുടെ സർവ്വകലാശാലകളിലൂടെ ഇന്ത്യയും അമേരിക്കയും വിദ്യാഭ്യാസ-നൈപുണ്യ മേഖലകളിൽ ഗണ്യമായ പങ്കാളിത്തം കെട്ടിപ്പടുത്തിട്ടുണ്ടെന്നും ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചില അമേരിക്കൻ സർവ്വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ അവയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും അക്കാദമിക് പരിപാടികളുടെ ഭാഗമായി ഇന്ത്യയെ പരിഗണിക്കാൻ അമേരിക്കൻ സർവ്വകലാശാലകളെയും വിദ്യാർത്ഥികളെയും അദ്ദേഹം ക്ഷണിച്ചതായും വ്യക്തമാക്കി.
ആഗോള വളർച്ചയ്ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങൾ കൂടുതൽ നേതൃത്വം നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ സർവ്വകലാശാലകളുമായും കോളേജുകളുമായും ഇടപഴകുന്നത് വികസിത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വികസ്വര രാജ്യങ്ങളുടെ സംസ്കാരവും പ്രവർത്തനരീതികളും മനസ്സിലാക്കാൻ സഹായിക്കുമെന്നും, ഭാവിയിൽ സ്വന്തം രാജ്യങ്ങൾക്കും സമ്പദ്വ്യവസ്ഥകൾക്കും തൊഴിൽമേഖലകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കൂടുതൽ ഫലപ്രദമായി സംഭാവന നൽകാൻ ഇത് അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
TRUST-ലെ U എന്ന അക്ഷരത്തിന് കീഴിൽ, മെട്രോപൊളിറ്റൻ നഗരങ്ങൾക്കപ്പുറമുള്ള ഇന്ത്യയുടെ സാധ്യതകൾ തുറന്നുകാട്ടണമെന്ന് ശ്രീ ഗോയൽ ആഹ്വാനം ചെയ്തു. വികസനം ചില പ്രത്യേക പ്രദേശങ്ങളിലും നഗരകേന്ദ്രങ്ങളിലും മാത്രമായി ഒതുങ്ങിനിൽക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 2014-ൽ അധികാരമേറ്റപ്പോൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ച് പതിറ്റാണ്ടുകളായി അർഹമായ വികസനവിഹിതം ലഭിക്കാതെ പോയ ഇന്ത്യയുടെ കിഴക്കൻ, വടക്കൻ മേഖലകളിൽ തുല്യ വികസനം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ കാര്യം അദ്ദേഹം അനുസ്മരിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിൽ ഗവണ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിച്ചതായും, ഇതിൻ്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി, ജലവിതരണം, ഇൻകുബേഷൻ സെൻ്ററുകൾ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലേക്ക് വ്യവസായങ്ങളെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടന്നുവരുന്നു.
അതുപോലെ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവയുൾപ്പെടുന്ന കിഴക്കൻ മേഖലയിലും സമീപ വർഷങ്ങളിൽ വലിയ മാറ്റങ്ങളും വികസനവും ഉണ്ടായിട്ടുണ്ട്.
S-ന് കീഴിൽ, ബന്ധപ്പെട്ട എല്ലാവരും പരസ്പരം തുറന്ന മനസ്സോടെ സംസാരിക്കാനും നേരിടുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിക്കാനും മന്ത്രി ആഹ്വാനം ചെയ്തു. ബിസിനസ് സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും അവയുടെ ആശങ്കകൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ വിപുലീകരിച്ച് ആഗോള വിപണികളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നതിനും ഗവണ്മെൻ്റിൻ്റെ വിവിധ വിഭാഗങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
TRUST-ലെ അവസാന T-യുടെ കീഴിൽ, എല്ലാ സംരംഭങ്ങളുടെയും ഫലങ്ങൾ കൃത്യമായി വിലയിരുത്തുകയും പ്രവർത്തനങ്ങളുടെ കാര്യക്ഷമതയ്ക്ക് ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണമെന്ന് ശ്രീ ഗോയൽ ആഹ്വാനം ചെയ്തു. ഗവണ്മെൻ്റിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് അതിൻ്റെ ഉത്തരവാദിത്തം ഉറപ്പാക്കാനും മെച്ചപ്പെട്ട ഭാവിക്കും ശക്തമായ ഇന്ത്യ-യു.എസ്. പങ്കാളിത്തത്തിനുമായി ഗവണ്മെൻ്റും വ്യവസായമേഖലയും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാനും അദ്ദേഹം ഐ.എ.സി.സി.യോട് ആവശ്യപ്പെട്ടു.
ഐ.എ.സി.സി.യുടെ പ്രാദേശിക ചേംബറുകൾ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, സംഘടനയ്ക്കും അതിൻ്റെ പ്രാദേശിക ചേംബറുകൾക്കും അംഗങ്ങൾക്കും തുടർന്നും വിജയങ്ങൾ ആശംസിക്കുകയും ചെയ്തു.
***