‘അതിരുകളില്ലാത്ത കഥകൾ’ എന്ന പ്രമേയത്തിൽ സംഗീതവും സാംസ്കാരിക പരിപാടികളും സിനിമാ ആഘോഷങ്ങളും നിറഞ്ഞ ഒരു സായാഹ്നത്തിനായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും പ്രതിനിധികളും പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ഒത്തുചേരും.
സിനിമകൾ, സാംസ്കാരിക വിനിമയം, സർഗ്ഗാത്മക ഇടപെടലുകൾ എന്നിവയുടെ ഒമ്പത് ദിവസങ്ങൾക്കായി ചലച്ചിത്ര ലോകത്തെ ഒന്നിപ്പിച്ചുകൊണ്ട് 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI) നാളെ നവംബർ 20-ന് തുടക്കമാകുന്നതോടെ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, പ്രതിനിധികൾ, സിനിമാ പ്രേമികൾ എന്നിവരെ വരവേൽക്കാൻ ഗോവ പൂർണ്ണസജ്ജമായി.
‘അതിരുകളില്ലാത്ത കഥകൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ മേള സിനിമയുടെ സാർവത്രിക ഭാഷയെ ആഘോഷിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും സിനിമാ പാരമ്പര്യങ്ങളിൽ നിന്നുമുള്ള സിനിമകളെയും സർഗ്ഗാത്മക ശബ്ദങ്ങളെയും ഒരുമിച്ച് കൊണ്ടുവരും.
ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗോവയിലെ ഡോ.ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ, ഔദ്യോഗിക ചടങ്ങുകൾ എന്നിവ അരങ്ങേറും.
ശബ്ദ, വെളിച്ച വിന്യാസത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ, തുടർന്ന് ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കും. പ്രകാശത്തെയും ജീവനെയും പുതിയ തുടക്കങ്ങളെയും പ്രതീകപ്പെടുത്തിക്കൊണ്ട് നിലവിളക്ക് കൊളുത്തലും തുളസിച്ചെടിക്ക് വെള്ളമൊഴിക്കലും ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടും.

ഉദ്ഘാടന ചടങ്ങിലെ പ്രമുഖ വ്യക്തിത്വങ്ങൾ
ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ സംസാരിക്കും.
ചലച്ചിത്ര സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ അശുതോഷ് ഗൊവാരികർ, നടനും പാർലമെന്റ് അംഗവുമായ രവി കിഷൻ, സംവിധായകൻ മധൂർ ഭണ്ഡാർക്കർ, സംവിധായകൻ ആനന്ദ് എൽ.റായ് എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളും ഇന്ത്യൻ-അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ മറ്റ് വിശിഷ്ടാംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ അണിനിരക്കും.

റിക്കി കേജിന്റെ സിംഫണിക് ഓർക്കസ്ട്ര
മൂന്ന് തവണ ഗ്രാമി പുരസ്കാരം നേടിയ സംഗീതസംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായ റിക്കി കേജ് അവതരിപ്പിക്കുന്ന ‘എ വേൾഡ് ഓഫ് സിനിമ ത്രൂ മ്യൂസിക്’ എന്ന സിംഫണിക് ഓർക്കസ്ട്ര അവതരണമായിരിക്കും സായാഹ്നത്തിലെ പ്രധാന ആകർഷണം. വിവിധ സംസ്കാരങ്ങളിലൂടെയും കഥപറച്ചിൽ പാരമ്പര്യങ്ങളിലൂടെയുമുള്ള ഒരു സംഗീത യാത്രയിലൂടെ സിനിമയുടെ സാർവത്രിക ഭാഷയെ ഈ അവതരണം ജീവസ്സുറ്റതാക്കും.
ഈ സംഗീത അവതരണത്തിന് ശേഷം മേളയുടെ പ്രമേയത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞരെ സംഗീത പാരമ്പര്യങ്ങളുടെയും ഐക്യത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ആഘോഷത്തിൽ ഒന്നിപ്പിക്കുന്ന ‘മ്യൂസിക് വിത്തൗട്ട് ബോർഡേഴ്സ്’ അരങ്ങേറും.
ചലനങ്ങളിലൂടെയും കലാപരമായ ആവിഷ്കാരങ്ങളിലൂടെയും മേളയുടെ പ്രതീകാത്മക മുദ്രയ്ക്ക് ജീവൻ നൽകിക്കൊണ്ട് ‘ബിയോണ്ട് ദി ഫ്രെയിം’ എന്ന പ്രത്യേക നൃത്താവതരണത്തിലൂടെ IFFI-യുമായി ബന്ധപ്പെട്ട മയിലിന്റെ രൂപത്തിന് ജീവൻ നൽകും.
മേളയുടെ മത്സര വിഭാഗങ്ങളിലേക്കുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനായി നിയോഗിക്കപ്പെട്ട ചലച്ചിത്ര പ്രവർത്തകരെയും സിനിമാ വിദഗ്ധരെയും ആദരിച്ചുകൊണ്ട് ഇന്ത്യൻ പനോരമ, അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി അംഗങ്ങളെ ചടങ്ങിൽ അനുമോദിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി
ചലച്ചിത്ര സംവിധായകൻ ആനന്ദ് എൽ. റായ് അധ്യക്ഷനായ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറിയിൽ സോൾ ബെറൂസോ പിച്ചോൺ-റിവിയേർ (അർജന്റീന), ബോഗ്ദാൻ മുരെസാനു (റൊമാനിയ), മരിയ അലഹാൻഡ്ര റോജാസ് (കൊളംബിയ), രച്ചപൂം ബൂൺബഞ്ചചോക്ക് (തായ്ലൻഡ്) എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ സിനിമാ പ്രവർത്തകർ അംഗങ്ങളായിരിക്കും. ഉദ്ഘാടന ചടങ്ങിൽ ജൂറി അംഗങ്ങളെ ആദരിക്കും.
ഇന്ത്യൻ പനോരമ ജൂറി
ഫീച്ചർ ഫിലിം ജൂറിക്ക് ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ മധൂർ ഭണ്ഡാർക്കറും നോൺ-ഫീച്ചർ ഫിലിം ജൂറിക്ക് സംവിധായകനും സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഹിമാൻഷു ശേഖർ ഖട്ടുവയും നേതൃത്വം നൽകും.
ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായവുമായി ബന്ധിപ്പിക്കുകയും സർഗ്ഗാത്മകവും വാണിജ്യപരവുമായ സഹകരണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന വേദിയെന്ന നിലയിലുള്ള വേവ്സ് ഫിലിം ബസാറിന്റെ വളർച്ചയെ അതിന്റെ രണ്ട് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന പ്രത്യേക അവതരണത്തിലൂടെ പ്രദർശിപ്പിക്കും.

ലോകമെമ്പാടുമുള്ള സിനിമകളുടെ ഒമ്പത് ദിവസങ്ങൾ
പ്രശസ്തമായ അന്താരാഷ്ട്ര സിനിമകൾ മുതൽ വളർന്നുവരുന്ന പ്രതിഭകളുടെ സൃഷ്ടികളും വൈവിധ്യമാർന്ന ഇന്ത്യൻ കഥകളും വരെ ഉൾപ്പെടുത്തി IFFI 2026 പ്രേക്ഷകർക്ക് വിപുലമായ ഒരു സിനിമാനുഭവം സമ്മാനിക്കും. വൈവിധ്യമാർന്ന കഥപറച്ചിൽ പാരമ്പര്യങ്ങളും കാഴ്ചപ്പാടുകളും ഗോവയിലേക്ക് എത്തിച്ചുകൊണ്ട്, 86 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം അന്താരാഷ്ട്ര സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.
2026 കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ പ്രശസ്ത പോളിഷ് ചലച്ചിത്രകാരൻ പാവെൽ പാവ്ലിക്കോവ്സ്കി സംവിധാനം ചെയ്ത 'ഫാദർലാൻഡ്' (Fatherland) എന്ന ചിത്രത്തോടെ മേളയ്ക്ക് തുടക്കമാകും. റൊമാനിയൻ, റൊമാനി ഭാഷകളിലുള്ള സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന, റൊമാനിയ-ജർമ്മനി-ബെൽജിയം സംയുക്ത നിർമ്മാണത്തിൽ അലീന സെർബാൻ സംവിധാനം ചെയ്ത 'ഐ മാറ്റർ' (I Matter) ആയിരിക്കും മിഡ്-ഫെസ്റ്റ് ചിത്രം. നവംബർ 28-ന് ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ലോകസിനിമാ ആഘോഷത്തിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട്, സിംഗപ്പൂർ ചലച്ചിത്രകാരൻ ആന്റണി ചെൻ സംവിധാനം ചെയ്ത 'വി ആർ ഓൾ സ്ട്രേഞ്ചേഴ്സ്' (We Are All Strangers) എന്ന ചിത്രത്തോടെ മേള സമാപിക്കും. സ്പെയിനിനെ 'കൺട്രി ഓഫ് ഓണർ' (Country of Honour) ആയും റഷ്യയെ 'പാർട്ണർ കൺട്രി' (Partner Country) ആയും ഉൾപ്പെടുത്തിക്കൊണ്ട് മത്സരങ്ങൾ, പ്രത്യേകം തിരഞ്ഞെടുത്ത പ്രദർശനങ്ങൾ, രാജ്യങ്ങളുടെ അവതരണങ്ങൾ എന്നിവയിലൂടെ മേള അന്താരാഷ്ട്ര സിനിമയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും.
18 ഭാഷകളിലായി 76 സിനിമകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ പനോരമയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് മേളയിൽ പ്രമുഖ സ്ഥാനം ലഭിക്കും. ബ്രിക്സ് (BRICS) സിനിമയ്ക്ക് നൽകുന്ന പ്രത്യേക ശ്രദ്ധയിലൂടെ അംഗരാജ്യങ്ങളിൽ നിന്നും പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുമുള്ള സിനിമകളെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കും.
വിവിധ വിഭാഗങ്ങളിലെ സിനിമാ മികവിനെ അംഗീകരിച്ചുകൊണ്ട് അന്താരാഷ്ട്ര മത്സര വിഭാഗം, ICFT-UNESCO ഗാന്ധി മെഡൽ എന്നിവയുൾപ്പെടെയുള്ള മറ്റ് മത്സര വിഭാഗങ്ങൾക്കൊപ്പം മികച്ച നവാഗത സംവിധായകരുടെ ഫീച്ചർ ഫിലിമുകൾക്കായുള്ള മത്സരത്തിലൂടെ വളർന്നുവരുന്ന ചലച്ചിത്രകാരന്മാരെ മേള ആദരിക്കും.
IFFI 2026-ലെ പുതിയ വിഭാഗങ്ങൾ
സിനിമാനുഭവങ്ങൾ വിപുലീകരിക്കുന്നതിനും കഥപറച്ചിലിന്റെ വൈവിധ്യമാർന്ന രൂപങ്ങളെ ആഘോഷിക്കുന്നതിനുമായി ഈ വർഷത്തെ മേള രണ്ട് പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കുന്നു. അനിമേഷൻ സിനിമയിലെ സർഗ്ഗാത്മകതയും പുതുമയും പ്രദർശിപ്പിച്ചുകൊണ്ട് അഞ്ച് മികച്ച സിനിമകൾ ഉൾക്കൊള്ളുന്ന 'അനിമേഷൻ' ആണ് ആദ്യത്തെ വിഭാഗം. ചലച്ചിത്ര നിർമ്മാണത്തിന്റെ കലയെയും കരവിരുതിനെയും മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അഞ്ച് സിനിമകൾ അവതരിപ്പിക്കുന്ന 'ഫിലിംസ് എബൗട്ട് ഫിലിംസ്' ആണ് രണ്ടാമത്തെ വിഭാഗം.

സുവർണ്ണ മയൂരം, രജത മയൂരം പുരസ്കാരങ്ങൾ
ആറ് പുരസ്കാരങ്ങൾ ഉൾപ്പെടുന്ന അഭിമാനകരമായ സുവർണ്ണ മയൂരം, രജത മയൂരം പുരസ്കാരങ്ങളിലൂടെ മേളയുടെ മത്സര വിഭാഗങ്ങൾ സിനിമാ മികവിനെ അംഗീകരിക്കും. മികച്ച ചിത്രത്തിന് സുവർണ്ണ മയൂരം സമ്മാനിക്കുമ്പോൾ മികച്ച സംവിധാനം, മികച്ച നടൻ, മികച്ച നടി, പ്രത്യേക ജൂറി പുരസ്കാരം, മികച്ച നവാഗത സംവിധായകന്റെ ചിത്രം എന്നിവയ്ക്ക് രജത മയൂരം പുരസ്കാരങ്ങൾ നൽകും. സഹിഷ്ണുത, അന്തർ-സാംസ്കാരിക സംവാദം, സമാധാന സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സിനിമയ്ക്ക് ICFT-UNESCO ഗാന്ധി മെഡലും മേള സമ്മാനിക്കും.
'ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ'യിലൂടെ വളർന്നുവരുന്ന യുവ ചലച്ചിത്രകാരന്മാർക്ക് മാസ്റ്റർക്ലാസുകൾ, ശിൽപശാലകൾ, സംവാദ സെഷനുകൾ, 48 മണിക്കൂർ ചലച്ചിത്ര നിർമ്മാണ ചലഞ്ച് എന്നിവയിലൂടെ സിനിമാ രംഗത്തെ വിദഗ്ധരിൽ നിന്ന് പഠിക്കാനും സഹകരിക്കാനും ചലച്ചിത്ര നിർമ്മാണ ലോകം അടുത്തറിയാനും അവസരങ്ങൾ ലഭിക്കും.
സിനിമാ പ്രദർശനങ്ങൾക്കപ്പുറം പ്രത്യേകം തയ്യാറാക്കിയ സംവാദങ്ങളിലൂടെയും വ്യവസായ സംരംഭങ്ങളിലൂടെയും ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, വിദ്യാർത്ഥികൾ, സിനിമാ വ്യവസായ പ്രമുഖർ എന്നിവർക്കിടയിൽ വിപുലമായ ഇടപെടലുകൾക്ക് മേള സൗകര്യമൊരുക്കും. IFFI-യ്ക്കൊപ്പം നടക്കുന്ന വേവ്സ് ഫിലിം ബസാർ ചലച്ചിത്ര പ്രവർത്തകരെയും നിർമ്മാതാക്കളെയും വിതരണക്കാരുമായും മറ്റ് പങ്കാളികളുമായും ബന്ധിപ്പിച്ചുകൊണ്ട് സർഗ്ഗാത്മക വിനിമയത്തിനും സഹകരണത്തിനും വ്യാവസായിക അവസരങ്ങൾക്കും ഒരു വേദിയൊരുക്കും.
1952-ൽ സ്ഥാപിതമായ IFFI ഇന്ത്യൻ സിനിമയും അന്താരാഷ്ട്ര സിനിമയും പ്രദർശിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും വ്യവസായ വിദഗ്ധരെയും പ്രേക്ഷകരെയും ഒരുമിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയായി തുടരുന്നു.
Please click here for 57th International Film Festival of India: Official Schedule 20 to 28 November 2026
*****
-SK-