വെള്ളിത്തിരയിലെത്തുന്ന ഓരോ സിനിമയ്ക്ക് പിന്നിലും അതിന്റെ കഥയ്ക്കും ശബ്ദത്തിനും ദൃശ്യാവിഷ്‌കാരത്തിനും രൂപം നല്‍കുന്ന ഒരു കൂട്ടം സര്‍ഗപ്രതിഭകളുടെ അധ്വാനമുണ്ട്. ഈ കൂട്ടായ പ്രതിഭയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ' (സി.എം.ഒ.ടി) അതിന്റെ ആറാം പതിപ്പുമായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 100 യുവ സര്‍ഗപ്രതിഭകളാണ് ഗോവയിലെ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്.
സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിങ്ങും സബ്ടൈറ്റിലിങ്ങും, തിരക്കഥാരചന, പിന്നണി ഗാനം, സംഗീത സംവിധാനം, ശബ്ദലേഖനം, വസ്ത്രാലങ്കാരം, കേശാലങ്കാരവും ചമയവും, കലാസംവിധാനം, അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, വോയ്സ് ഓവര്‍ ആന്‍ഡ് ഡബ്ബിങ് എന്നിങ്ങനെ ചലച്ചിത്ര നിര്‍മാണത്തിലെ 13 വിഭാഗങ്ങളില്‍ വളര്‍ന്നുവരുന്ന പ്രതിഭകളാണ് 2026-ലെ ഈ നിരയില്‍ ഒത്തുചേരുന്നത്. വ്യത്യസ്ത സര്‍ഗാത്മക മേഖലകളില്‍ നിന്നുള്ളവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ കൂട്ടായ്മയെ ചലച്ചിത്ര നിര്‍മാണ അനുഭവത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുകയാണ് ഈ സംരംഭം.
ചലച്ചിത്ര പഠനത്തിന്റെയും ചലച്ചിത്ര വ്യവസായ രംഗത്തെ പ്രായോഗിക അറിവിന്റെയും കാഴ്ചപ്പാടുകള്‍ സമന്വയിപ്പിച്ചാണ് പ്രതിഭകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ ഉള്‍പ്പെടുന്ന 13 അംഗ തിരഞ്ഞെടുപ്പ് ജൂറി അതത് വിഭാഗങ്ങളിലെ അപേക്ഷകള്‍ വിലയിരുത്തുന്നു. തുടര്‍ന്ന് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന 12 അംഗ ഗ്രാന്‍ഡ് ജൂറി അടുത്ത ഘട്ടം വിലയിരുത്തി അന്തിമ പട്ടിക തയ്യാറാക്കുന്നു. ചലച്ചിത്ര നിര്‍മാണ മത്സരത്തെയും അന്തിമ പുരസ്‌കാരങ്ങളെയും പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ഗ്രേറ്റ് ഗ്രാന്‍ഡ് ജൂറിയാണ് വിലയിരുത്തുന്നത്.

പൂനെ എഫ്.ടി.ഐ.ഐ, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന '48 മണിക്കൂര്‍ ചലച്ചിത്ര നിര്‍മാണ മത്സരം' ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. വിവിധ വിഭാഗങ്ങളിലെ പ്രതിഭകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് 48 മണിക്കൂറിനകം ഹ്രസ്വചിത്രങ്ങള്‍ ആവിഷ്‌കരിച്ച് നിര്‍മിക്കുന്നു. വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശവും സ്ഥാപനപരമായ പിന്തുണയും ലഭിക്കുന്ന ഈ മത്സരം പ്രൊഫഷണല്‍ നിര്‍മാണ സാഹചര്യങ്ങളിലെ പരിമിതികള്‍ക്കകത്ത് ഒരു സിനിമാ സംഘമായി പ്രവര്‍ത്തിക്കുന്നതിന്റെ തീവ്രമായ പ്രായോഗിക അനുഭവം പകര്‍ന്നുനല്‍കുന്നു. പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ ചലച്ചിത്രമേളയില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കുകയും ചലച്ചിത്ര വ്യവസായ മേഖലയിലെ പ്രമുഖരടങ്ങുന്ന ജൂറി വിലയിരുത്തി വിവിധ വിഭാഗങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യും.
ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ ക്യാമ്പ് പങ്കാളികളെ വിപുലമായ മാധ്യമ-വിനോദ വ്യവസായ മേഖലയുമായി കൂടുതല്‍ ബന്ധിപ്പിക്കും. പ്രൊഡക്ഷന്‍ ഹൗസുകള്‍, സ്റ്റുഡിയോകള്‍, മ്യൂസിക് ലേബലുകള്‍, ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, മറ്റ് വ്യവസായ പങ്കാളികള്‍ എന്നിവരുമായി ആശയവിനിമയം നടത്താന്‍ പരിപാടി അവസരമൊരുക്കും. യുവ കലാകാരന്മാര്‍ക്ക് അവരുടെ മൗലിക സൃഷ്ടികള്‍ അവതരിപ്പിക്കാനും വ്യവസായ പ്രതിനിധികളുമായി സംവദിക്കാനും തൊഴിലവസരങ്ങള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കും.
2021-ല്‍ തുടക്കം കുറിച്ചത് മുതല്‍, വളര്‍ന്നുവരുന്ന സര്‍ഗപ്രതിഭകളെ മാധ്യമ-വിനോദ വ്യവസായവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന വേദിയായി സി.എം.ഒ.ടി വളര്‍ന്നുവന്നിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര നിര്‍മാണങ്ങളില്‍ പങ്കാളികളായ ഇതിലെ മുന്‍കാല പ്രതിഭകള്‍ കാന്‍, ബെര്‍ലിനാലെ, ടൊറന്റോ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര എമ്മി പുരസ്‌കാരം ഉള്‍പ്പെടെ പ്രശസ്ത വേദികളിലും അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ സര്‍ഗ സമ്പദ്വ്യവസ്ഥ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ചലച്ചിത്ര നിര്‍മാണത്തിന്റെ വിവിധ മേഖലകളില്‍ നൈപുണ്യവും നൂതനാശയങ്ങളും കൈമുതലാക്കിയ പ്രതിഭകളെ വാര്‍ത്തെടുക്കുന്നത് ഏറെ പ്രധാനമാണ്. പഠനം, പ്രായോഗിക കൂട്ടായ്മ, ചലച്ചിത്ര വ്യവസായ മേഖലയിലെ പങ്കാളിത്തം എന്നിവ സംയോജിപ്പിച്ച് വളര്‍ന്നുവരുന്ന പ്രതിഭകളുടെ സര്‍ഗാത്മക കഴിവിനെ തൊഴിലവസരങ്ങളാക്കി മാറ്റാന്‍ വഴിയൊരുക്കുകയാണ് സി.എം.ഒ.ടി സംരംഭത്തിന്റെ ആത്യന്തിക ലക്ഷ്യം.
ഗോവയിലെത്തുന്ന 100 പ്രതിഭകള്‍ക്ക് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു ലോകസിനിമാ പ്രദര്‍ശന വേദി എന്നതിനുമപ്പുറമാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കാനും പഠിക്കാനും ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലേക്ക് ആദ്യ ചുവടുകള്‍ വെക്കാനും സുപ്രധാന അവസരമാണ് ഈ വേദി അവര്‍ക്ക് തുറന്നു നല്‍കുന്നത്.
***