PIB Backgrounder
azadi ka amrit mahotsav

ഇന്ത്യയുടെ സൗരോർജ വളർച്ച പുതുയുഗത്തിലേക്ക്

പോസ്റ്റഡ് ഓണ്‍: 17 NOV 2026 9:42AM by PIB Thiruvananthpuram

കഴിഞ്ഞ ദശാബ്ദത്തിനിടെ ഗണ്യമായ വളർച്ച കൈവരിച്ച ഇന്ത്യയുടെ സൗരോർജ മേഖല  രാജ്യത്തിൻ്റെ ഊർജ പരിവർത്തനത്തിൻ്റെ പ്രധാന ചാലകശക്തിയായി മാറിക്കഴിഞ്ഞു.  സ്ഥാപിത ശേഷിയിലുണ്ടായ വർദ്ധന,  ആഭ്യന്തര ഉല്പാദനം, വികേന്ദ്രീകൃത സൗരോർജ സംവിധാനങ്ങളുടെ വ്യാപനം എന്നിവ ഈ മേഖലയുടെ വളരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. നയപരമായ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, ജനപങ്കാളിത്തം എന്നിവ ഈ പരിവർത്തനത്തിന് വേഗം പകരുന്നു.  സൗരോർജം രാജ്യത്തിൻ്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വികസനത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾക്കും കരുത്തേകുന്നു. നവംബർ 2 മുതൽ 5 വരെ ന്യൂഡൽഹിയിൽ നടന്ന 'ഭാരത് പുനരുപയോഗ ഊർജ ഉച്ചകോടി & പ്രദർശനം 2026'-ലെ വിശാലമായ ചർച്ചകളിലും ഈ മുന്നേറ്റങ്ങൾ പ്രധാന വിഷയമായി.

 

ഇന്ത്യയുടെ സൗരോർജ മുന്നേറ്റം

ഒരു പതിറ്റാണ്ട് മുൻപ് ഇന്ത്യയുടെ ആകെ വൈദ്യുതോല്പാദനത്തിൽ സൗരോർജത്തിന് വളരെ ചെറിയൊരു സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് രാജ്യത്തിൻ്റെ പുനരുപയോഗ ഊർജ ശേഷിയിലെ ഏറ്റവും വലിയ വിഹിതം സൗരോർജമാണ്. 2014-ലെ 2.82 ജിഗാവാട്ട്  സ്ഥാപിത ശേഷിയിൽ നിന്ന് ഏകദേശം 62 മടങ്ങ് വളർച്ച കൈവരിച്ച് 2026 ഒക്ടോബർ 31 വരെ ഈ മേഖല ഏകദേശം 175 ജിഗാവാട്ടിലെത്തി.

നയപരമായ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ മേഖലയുടെ വിപുലീകരണം, ജനപങ്കാളിത്തം എന്നിവയാണ് ഈ പരിവർത്തനത്തിന് കരുത്തേകുന്നത്. സൗരോര്‍ജ പാർക്കുകൾ, പുരപ്പുറ സൗരോർജ സംവിധാനങ്ങൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാർഷിക പമ്പുകൾ തുടങ്ങിയ സംരംഭങ്ങൾ രാജ്യത്തുടനീളം സൗരോർജ വ്യാപനം ത്വരിതപ്പെടുത്തുന്നു.  ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പുനരുപയോഗ ഊർജ മേഖല 'ഭാരത് പുനരുപയോഗ ഊർജ ഉച്ചകോടി & പ്രദർശനം 2026' ൽ പ്രധാന ശ്രദ്ധാകേന്ദ്രമായി. ഹരിതോർജ മേഖലയിലെ സഹകരണവും നിക്ഷേപവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള പങ്കാളികളെ ഉച്ചകോടി ഒരൊറ്റ വേദിയിൽ അണിനിരത്തി.

 

നവംബർ 2 മുതൽ 5 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് 'ഭാരത് പുനരുപയോഗ ഊർജ ഉച്ചകോടി & പ്രദർശനം 2026' സംഘടിപ്പിച്ചത്. 'നിക്ഷേപിക്കാം; നൂതനാശയങ്ങൾക്ക് രൂപം നൽകാം; പ്രചോദനമേകാം'  എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഗവേഷകർ എന്നിവരുൾപ്പെടെ 130-ലധികം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഒൻപതാമത് അന്താരാഷ്ട്ര സൗരോർജ സഖ്യ സഭ, നാലാമത് അന്താരാഷ്ട്ര ഹരിത ഹൈഡ്രജൻ സമ്മേളനം എന്നിവയോടൊപ്പം സംഘടിപ്പിച്ച ഉച്ചകോടിയിൽ ഉന്നതതല ചർച്ചകളും മന്ത്രിതല യോഗങ്ങളും നടന്നു.

 

വ്യാവസായിക-വാണിജ്യ പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കിയ ഉച്ചകോടിയിൽ 400-ലധികം സ്ഥാപനങ്ങൾ അണിനിരന്ന പ്രദർശനവും ഉണ്ടായിരുന്നു. 13 സംസ്ഥാനങ്ങൾ പങ്കാളിത്ത സംസ്ഥാനങ്ങളായി  പങ്കെടുത്ത് പുനരുപയോഗ ഊർജ സാധ്യതകളും നിക്ഷേപ അവസരങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. പുനരുപയോഗ ഊർജ മേഖലയിലെ പത്ത് പ്രായോഗിക വെല്ലുവിളികൾക്ക് പരിഹാരം നിർദേശിച്ച 'ഭാരത് പുനരുപയോഗ ഊർജ ഹാക്കത്തൺ 2026' വിജയികളെ ഉച്ചകോടിയിൽ ആദരിച്ചു.

 

ഇന്ത്യയുടെ സൗരോർജ മുന്നേറ്റം പ്രകടമായ നേട്ടങ്ങളായി മാറിക്കഴിഞ്ഞു. 2025-ൽ 37 ജിഗാവാട്ട്  സൗരോർജ ശേഷി കൂട്ടിച്ചേർത്ത് വാർഷിക ശേഷി വർദ്ധനയിൽ രാജ്യം അമേരിക്കയെ മറികടന്നു. ആഗോള ഹരിതോർജ പരിവർത്തനത്തിലെ വർദ്ധിച്ചുവരുന്ന പങ്ക് അടിവരയിട്ട് ലോകത്തെ രണ്ടാമത് വലിയ സൗരോർജ വളർച്ചാ വിപണിയായും ഇന്ത്യ ഉയർന്നുവന്നു.

സൗരോർജ വിപുലീകരണത്തിൻ്റെ ഒരു ദശാബ്ദം

കരുത്തുറ്റ നയപരമായ ചട്ടക്കൂടാണ് ഇന്ത്യയുടെ സൗരോർജ വിപുലീകരണത്തിന് അടിത്തറ പാകിയത്. ദേശീയ സൗരോർജ ദൗത്യം (2010), സൗരോര്‍ജ പാർക്ക് പദ്ധതി, ഹരിതോര്‍ജ ഇടനാഴി പരിപാടി, മത്സരാധിഷ്ഠിത ലേലനടപടികൾ  എന്നിവയായിരുന്നു പ്രധാന സംരംഭങ്ങൾ. ഇവയെല്ലാം ചേർന്ന് വൻകിട സൗരോർജ പദ്ധതികളുടെ വ്യാപനത്തിന് വേഗം കൂട്ടി.

സൗരോർജ ശേഷി ഇന്ത്യയിലുടനീളം

രാജ്യത്തെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലും കാലാവസ്ഥാ മേഖലകളിലും സൗരോർജ പദ്ധതികൾ വ്യാപിച്ചുകിടക്കുന്നു. രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സ്ഥാപിത ശേഷിയുടെ ഗണ്യമായ പങ്കുവഹിക്കുന്നത്. വൻകിട സൗരോർജ പദ്ധതികൾ വഴി 133 ജിഗാവാട്ട് സ്ഥാപിത ശേഷിയുണ്ട് (ഹൈബ്രിഡ് പദ്ധതികളിലെ സൗരോർജ വിഹിതം ഉൾപ്പെടെ).

ഭഡ്‌ല സൗരോര്‍ജ പാർക്ക് (രാജസ്ഥാൻ), പാവഗഡ സൗരോര്‍ജ പാർക്ക് (കർണാടക), അനന്തപുരമു & കർണൂൽ സൗരോര്‍ജ പാർക്കുകൾ (ആന്ധ്രാപ്രദേശ്), രേവ അൾട്രാ മെഗാ സൗരോര്‍ജ  പാർക്ക് (മധ്യപ്രദേശ്) എന്നിവയാണ് പ്രധാന വൻകിട സൗരോർജ പദ്ധതികളിൽ ചിലത്. വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ച പുരപ്പുറ സൗരോർജ സംവിധാനങ്ങൾ 34.97 ജിഗാവാട്ട് ശേഷി കൂട്ടിച്ചേർക്കുന്നു. ശേഷിക്കുന്ന ഉല്പാദന ശേഷി ഓഫ്-ഗ്രിഡ് സൗരോർജ സംവിധാനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ബാറ്ററി സംഭരണ സംവിധാനങ്ങളുമായോ മറ്റ് ഊർജ സ്രോതസ്സുകളുമായോ സൗരോർജത്തെ സംയോജിപ്പിക്കുന്നവയാണ് ഹൈബ്രിഡ് പദ്ധതികൾ; അതേസമയം ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ വൈദ്യുതി ലഭ്യമാക്കുന്നവയാണ് ഓഫ്-ഗ്രിഡ് സംവിധാനങ്ങൾ.

സമീപ വർഷങ്ങളിലെ റെക്കോർഡ് വളർച്ച

രാജ്യത്തിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഹരിതോർജ പരിവർത്തനം വ്യക്തമാക്കി സമീപ വർഷങ്ങളിൽ സൗരോർജ, ഫോസിൽ ഇതര ഇന്ധന ശേഷിയിൽ ഇന്ത്യ ഗണ്യമായ വർദ്ധന  രേഖപ്പെടുത്തിയിട്ടുണ്ട്.

  • 2025–26 സാമ്പത്തിക വർഷം ഇന്ത്യ 44.61 ജിഗാവാട്ട് സൗരോർജ ശേഷി കൂട്ടിച്ചേർത്തു; 2024–25 സാമ്പത്തിക വർഷം കൂട്ടിച്ചേർത്ത 23.83 ജിഗാവാട്ടിന്റെ ഏകദേശം ഇരട്ടിയാണിത്. നിലവിലെ 2026–27 സാമ്പത്തിക വർഷം മുൻവർഷത്തെ അതേ വേഗം നിലനിർത്തി ഇതിനകം 24.29 ജിഗാവാട്ട് സൗരോർജ ശേഷി കൂട്ടിച്ചേർത്തിട്ടുണ്ട്.

  • സൗരോര്‍ജ പാനല്‍ നിർമ്മാണ ശേഷി 2014-ലെ 2.3 ജിഗാവാട്ടിൽ നിന്ന് 2026 മാർച്ച് 31-ഓടെ ഏകദേശം 172 ജിഗാവാട്ടായി ഉയർന്നു. 2026 ജൂണോടെ ഇത് 192 ജിഗാവാട്ടായി വീണ്ടും വർദ്ധിച്ചു.

  • 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ ഫോസിൽ ഇതര ഇന്ധന ശേഷി 308.03 ജിഗാവാട്ടിലെത്തി; ഇതിൽ 299.25 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷിയും 8.78 ജിഗാവാട്ട് ആണവോർജ ശേഷിയും ഉൾപ്പെടുന്നു.

  • 2025–26 സാമ്പത്തിക വർഷം 55.29 ജിഗാവാട്ട് എന്ന എക്കാലത്തെയും ഉയർന്ന വാർഷിക ഫോസിൽ ഇതര ഇന്ധന ശേഷി വർദ്ധന രേഖപ്പെടുത്തി.

  • 2025 ജൂലൈ 29-ന് ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയുടെ 51.5 ശതമാനവും നിറവേറ്റിയത് പുനരുപയോഗ ഊർജ സ്രോതസ്സുകളാണ്; ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിമാസ വിഹിതമാണിത്.

സൗരോർജ വിപുലീകരണത്തിന് പിന്നിലെ നയപരമായ ചട്ടക്കൂട്

സുസ്ഥിരവും നയപരവുമായ ചട്ടക്കൂട്, മത്സരാധിഷ്ഠിത ലേല സംവിധാനങ്ങൾ, ദീർഘകാല ലക്ഷ്യങ്ങൾ എന്നിവ വൻകിട സൗരോർജ പദ്ധതികളുടെ വ്യാപനത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ വഴിയൊരുക്കി. പരസ്പര പൂരകങ്ങളായ നിരവധി നടപടികൾ ഇന്ത്യയുടെ സൗരോർജ വിപുലീകരണത്തിന് പിന്തുണ നൽകിയിട്ടുണ്ട്. ഇവയെ പ്രധാനമായും അഞ്ച് സ്തംഭങ്ങളായി തിരിക്കാം:

കാഴ്ചപ്പാട് രൂപപ്പെടുത്തൽ: കാലാവസ്ഥാ പ്രതിബദ്ധതകളും ദീർഘകാല ലക്ഷ്യങ്ങളും

2030-ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ശേഷി കൈവരിക്കുക, 2070-ഓടെ  കാർബൺ ബഹിർഗമനം ഇല്ലാതാക്കല്‍ ലക്ഷ്യം കൈവരിക്കുക എന്നിവയടങ്ങുന്ന  'പഞ്ചാമൃത'  ലക്ഷ്യങ്ങൾ ഗ്ലാസ്‌ഗോയിലെ COP26 ഉച്ചകോടിയിൽ  ഇന്ത്യ പ്രഖ്യാപിച്ചു. പാരീസ് ഉടമ്പടിക്ക് കീഴിൽ ഇന്ത്യ ദേശീയതലത്തിൽ നിശ്ചയിച്ച പുതുക്കിയ കാലാവസ്ഥാ ലക്ഷ്യങ്ങളിലും ഈ പ്രതിബദ്ധതകൾ പ്രതിഫലിച്ചിട്ടുണ്ട്.

ഈ ശ്രമങ്ങൾക്ക് കരുത്തേകി, സുസ്ഥിര ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ശീലങ്ങൾ സ്വീകരിക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന 'മിഷൻ ലൈഫ്' (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) പദ്ധതിയും രാജ്യം നടപ്പാക്കുന്നു.

ആവശ്യകത സൃഷ്ടിക്കൽ: ദേശീയ ദൗത്യങ്ങളും പുനരുപയോഗ ഊർജ സംഭരണ ബാധ്യതകളും  

ശക്തവും സുസ്ഥിരവുമായ ആവശ്യകതയാണ് ഇന്ത്യയുടെ സൗരോർജ വളർച്ചയുടെ കേന്ദ്രബിന്ദു. ദീർഘകാല ശേഷിയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും സൗരോർജ വ്യാപനത്തിന് പ്രാരംഭ പ്രേരണ നൽകുകയും ചെയ്തത് ദേശീയ സൗരോർജ ദൗത്യമാണ്.

വൈദ്യുതി വിതരണ കമ്പനികളും മറ്റ് നിബന്ധനകൾ ബാധകമായ  സ്ഥാപനങ്ങളും  വൈദ്യുതിയുടെ നിശ്ചിത വിഹിതം പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് സംഭരിക്കണമെന്ന് 'പുനരുപയോഗ ഊർജ സംഭരണ ബാധ്യതകൾ’ (ആർ.പി.ഒ.) വ്യവസ്ഥ ചെയ്യുന്നു. പുനരുപയോഗ ഊർജത്തിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനൊപ്പം നിർമ്മാതാക്കൾക്കും നിക്ഷേപകർക്കും ദീർഘകാല വിപണി ഉറപ്പ് നൽകാനും ഇത് സഹായിക്കുന്നു. 2029–30 വരെയുള്ള  ആർ.പി.ഒ. ലക്ഷ്യങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്; 2026–27-ലേക്കുള്ള ലക്ഷ്യം 35.95 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്.

വൈദ്യുതി വിതരണ കമ്പനികൾക്കും വൻകിട നിർമ്മാതാക്കൾക്കുമപ്പുറത്തേക്ക്   സൗരോർജത്തിൻ്റെ ആവശ്യകത വ്യാപിച്ചുകഴിഞ്ഞു. വീടുകളിൽ പുരപ്പുറ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാൻ 'പി.എം.-സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന' പ്രോത്സാഹനം നൽകുന്നു. അതേസമയം, കാർഷിക മേഖലയിൽ സൗരോര്‍ജ പമ്പുകൾ സ്ഥാപിക്കാനും ഫീഡറുകൾ സൗരോർജവൽക്കരിക്കാനും 'പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷ ഏവം ഉത്ഥാൻ മഹാഭിയാൻ' (പിഎം-കുസും) പിന്തുണ നൽകുന്നു. ഈ സംരംഭങ്ങളെല്ലാം ചേർന്ന് സൗരോർജ വിപണി വിപുലീകരിക്കുകയും ഉപഭോക്താക്കൾ, കർഷകർ, വ്യവസായ സ്ഥാപനങ്ങൾ, വൈദ്യുതി ബോർഡുകൾ എന്നിവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ചെലവ് കുറയ്ക്കൽ: മത്സരാധിഷ്ഠിത ലേലവും താരിഫ് നിർണയവും

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സൗരോർജ മേഖലയിലുണ്ടായ സുപ്രധാന മാറ്റങ്ങളിലൊന്ന് വൈദ്യുതി നിരക്കുകളിലുണ്ടായ  ഗണ്യമായ കുറവാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ നിർമ്മാതാക്കൾ മത്സരിക്കുന്ന 'ഇ-റിവേഴ്സ് ലേല'  സംവിധാനത്തിലൂടെ നടത്തുന്ന ലേലനടപടികളാണ് ഇതിന് വഴിയൊരുക്കിയത്.

സുതാര്യമായ ഈ താരിഫ് നിർണയ സംവിധാനം വിപുലീകരിക്കുന്നതിൽ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) പോലുള്ള സംഭരണ ഏജൻസികൾ നിർണായക പങ്കുവഹിച്ചു. കൂടുതൽ നിർമ്മാതാക്കൾ പങ്കാളികളായതോടെ 2010-ൽ യൂണിറ്റിന് ഏകദേശം 18 രൂപയായിരുന്ന നിരക്ക് 2020-ൽ ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ് കൈവരിച്ച യൂണിറ്റിന് 1.99 രൂപ എന്ന  റെക്കോഡ് നിരക്കിലേക്ക് താഴ്ന്നു. ഇത് സൗരോർജം കൂടുതൽ താങ്ങാവുന്നതാക്കി മാറ്റുകയും രാജ്യത്തുടനീളം അതിൻ്റെ വ്യാപനം വേഗത്തിലാക്കുകയും ചെയ്തു.

നിരക്കുകളിലുണ്ടായ കുറവ് സൗരോർജത്തെ കൂടുതൽ ജനകീയമാക്കി. ഇതിൻ്റെ ഫലമായി ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ സൗരോർജ വിപണികളിലൊന്നായി ഇന്ത്യ ഉയർന്നുവന്നു. 2025-ൽ വൻകിട സൗരോർജ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ ശരാശരി ഉല്പാദനച്ചെലവ്  മെഗാവാട്ട്-അവറിന്  35 യു.എസ്. ഡോളറായിരുന്നു; ആഗോള ശരാശരിയായ 44 യു.എസ്. ഡോളറിനേക്കാൾ തീരെ കുറവാണിത്.

 

അടിസ്ഥാന സൗകര്യ വികസനം

പദ്ധതി നിർമ്മാതാക്കൾക്ക് ഭൂമിയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗവൺമെൻ്റ് ‘സൗരോര്‍ജ പാർക്ക് പദ്ധതി' ആരംഭിച്ചു. തുടക്കത്തിൽ 20 ജിഗാവാട്ട് ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി 2017-ൽ 40 ജിഗാവാട്ടായി വിപുലീകരിച്ചു. 2026 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തുടനീളം 39,461 മെഗാവാട്ട്  സംയുക്ത ശേഷിയില്‍ 56 സൗരോര്‍ജ പാർക്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ വൻകിട പുനരുപയോഗ ഊർജ ഉല്പാദനത്തിൻ്റെ പ്രധാന കേന്ദ്രങ്ങളായി സൗരോര്‍ജ പാർക്കുകൾ ഉയർന്നുവന്നിട്ടുണ്ട്:

 

ക്രമ നമ്പർ

സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ

പാർക്കുകളുടെ എണ്ണം

അനുമതി നൽകിയ ശേഷി (MW)

1

ആന്ധ്രാപ്രദേശ്

5

4,200

2

ബിഹാർ

1

150

3

ഛത്തീസ്‌ഗഢ്

1

100

4

ഗുജറാത്ത്

7

12,150

5

ജാർഖണ്ഡ്

2

562

6

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ*

1

310

7

കർണാടക

1

2,000

8

കേരളം

3

255

9

മധ്യപ്രദേശ്

9

4,208

10

മഹാരാഷ്ട്ര

4

1,000

11

മിസോറം

1

20

12

ഒഡീഷ

1

40

13

രാജസ്ഥാൻ

11

10,726

14

ഉത്തർപ്രദേശ്

8

3,740

ആകെ

56

39,461

*ജാർഖണ്ഡിലും പശ്ചിമ ബംഗാളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു അന്തർസംസ്ഥാന ജലോപരിതല സൗരോർജ പാർക്ക് ഉൾപ്പെടെ.

ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ചില സൗരോര്‍ജ പാർക്കുകളുടെ വികസനത്തിന് ഈ പദ്ധതി വഴിയൊരുക്കി.

 

ഭഡ്‌ല സൗരോര്‍ജ പാർക്ക്: മരുഭൂമിയിൽ നിന്ന് ഹരിതോർജ കേന്ദ്രത്തിലേക്ക്

രാജസ്ഥാനിലെ വരണ്ട ഭഡ്‌ല മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്ക് വിശാലമായ തരിശുഭൂമിയെ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ സമുച്ചയങ്ങളിലൊന്നാക്കി മാറ്റി. സൗരോര്‍ജ പാർക്ക് പദ്ധതിക്ക് കീഴിൽ 2015-ൽ നിർമ്മാണം ആരംഭിച്ച പാർക്ക് 2020-ഓടെ ഘട്ടംഘട്ടമായാണ് പൂർത്തിയാക്കിയത്.

ഏകദേശം 5,700 ഹെക്ടറിലധികം (56 ചതുരശ്ര കിലോമീറ്റർ) വ്യാപിച്ചുകിടക്കുന്ന പാർക്കിൻ്റെ സ്ഥാപിത ശേഷി 2,245 മെഗാവാട്ടാണ്. ഉയർന്ന സൗരവികിരണം, കുറഞ്ഞ മഴ, വിരളമായ സസ്യജാലങ്ങൾ എന്നിവ ഈ പ്രദേശത്തെ വൻകിട സൗരോർജ ഉല്പാദനത്തിന് ഏറെ അനുയോജ്യമാക്കുന്നു.

 

വലിപ്പത്തിനപ്പുറം സൗരോര്‍ജ പാർക്ക് മാതൃകയുടെ വിജയകരമായ പ്രയോഗം കൂടിയാണ് ഭഡ്‌ല കാഴ്ചവെയ്ക്കുന്നത്.  ഭൂമി ഒരുക്കലും പ്രസരണ സൗകര്യങ്ങളും ഉൾപ്പെടെ പൊതു അടിസ്ഥാന സൗകര്യങ്ങൾ അതിവേഗ പദ്ധതി നിർവഹണത്തിന് വഴിയൊരുക്കുകയും ഗണ്യമായ സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ചെയ്തു. പാർക്കിൽ നടന്ന മത്സരാധിഷ്ഠിത ലേലനടപടികൾ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സൗരോർജ നിരക്കുകളിലേക്ക് നയിക്കുകയും സൗരോർജം കൂടുതൽ താങ്ങാനാവുന്നതാക്കാൻ സഹായിക്കുകയും ചെയ്തു.

സൗരോര്‍ജ പാർക്ക് പദ്ധതിക്ക് പിന്തുണയേകി പുനരുപയോഗ ഊർജ സമൃദ്ധ മേഖലകളിൽ നിന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ഉപഭോഗ കേന്ദ്രങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനാണ് 'ഹരിതോര്‍ജ ഇടനാഴി പരിപാടി' ലക്ഷ്യമിടുന്നത്. ഈ സംരംഭം പ്രസരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയും പുനരുപയോഗ ഊർജത്തെ വൈദ്യുതി ഗ്രിഡിലേക്ക് തടസ്സമില്ലാതെ സംയോജിപ്പിക്കുന്നതിന് പിന്തുണയേകുകയും   ചെയ്യുന്നു.

2026 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ശക്തിപ്പെടുത്തിയ പ്രസരണ ശൃംഖലകളിലൂടെ 24,567.8 മെഗാവാട്ട്  പുനരുപയോഗ ഊർജം വിതരണത്തിന് ലഭ്യമാക്കാൻ  ഈ പരിപാടിയിലൂടെ സാധിച്ചു. പത്ത് സംസ്ഥാനങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹരിതോര്‍ജ ഇടനാഴി  പദ്ധതികൾ ഏകദേശം 44 ജിഗാവാട്ട്  പുനരുപയോഗ ഊർജത്തിൻ്റെ പ്രസരണത്തിന് കരുത്തേകും. ദേശീയ ഗ്രിഡിലേക്കുള്ള പുനരുപയോഗ ഊർജത്തിൻ്റെ സംയോജനത്തെയും ഈ പദ്ധതികൾ ശക്തിപ്പെടുത്തും.

ജലോപരിതല സൗരോർജവും ഊർജ സംഭരണവും

2026 ജൂലൈ 31-ന് 'പ്രധാനമന്ത്രി സൂര്യ സരോവർ യോജന'യ്ക്ക് (പിഎം-എസ്എസ്‍വൈ) ഗവൺമെൻ്റ്  അംഗീകാരം നൽകി. ഊർജ സംഭരണ സംവിധാനങ്ങളോടുകൂടിയ  5,000 മെഗാവാട്ട് ജലോപരിതല സൗരോർജ പ്രകാശവൈദ്യുത  പദ്ധതികൾക്ക് പിന്തുണ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുറഞ്ഞത് രണ്ട് മണിക്കൂർ സംഭരണ ശേഷിയുള്ള (10,000 MWh) ഊർജ സംഭരണ സംവിധാനം, വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്ന സമയങ്ങളിലെ  ആവശ്യകത കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളെ സഹായിക്കും. നിലവിലെ ജലസംഭരണികളും വ്യാവസായിക കുളങ്ങളും പ്രയോജനപ്പെടുത്തി പരിമിതമായ ഭൂവിഭവങ്ങൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാനും പദ്ധതിക്ക് സാധിക്കും. സംയോജിത ഊർജ സംഭരണത്തിലൂടെ ഗ്രിഡ് വിശ്വാസ്യത മെച്ചപ്പെടുത്താനും ഇത് വഴിയൊരുക്കും.  5,070 കോടി രൂപ വിഹിതത്തോടെ 2026–27 സാമ്പത്തിക വർഷം മുതൽ 2030–31 വരെ കാലയളവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ദേശീയ സൗരോർജ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  ഇന്ത്യയിലെ ജലസംഭരണികളിലും അനുയോജ്യമായ ഉൾനാടൻ ജലാശയങ്ങളിലുമായി ഏകദേശം 102.18 ജിഗാവാട്ട് പീക്ക് (GWp) ജലോപരിതല സൗരോർജ സാധ്യതയുണ്ടെന്നാണ് ഈ വിലയിരുത്തൽ കണക്കാക്കുന്നത്. പദ്ധതിയിലൂടെ പ്രതിവർഷം ഏകദേശം 10 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ 16,000 മുതൽ 17,000 വരെ മുഴുവൻ സമയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ജലോപരിതല പ്ലാറ്റ്‌ഫോമുകൾ, പ്രകാശവൈദ്യുത സെല്ലുകൾ, മൊഡ്യൂളുകൾ, ഊർജ സംഭരണ സംവിധാനങ്ങൾ എന്നിവയുടെ ആഭ്യന്തര നിർമ്മാണത്തെയും ഇത് പ്രോത്സാഹിപ്പിക്കും. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവിലെ ഏകദേശം 800 മെഗാവാട്ടിൽ നിന്ന് ഇന്ത്യയുടെ ജലോപരിതല സൗരോർജ ശേഷി 5,000 മെഗാവാട്ട് വർദ്ധിപ്പിക്കാൻ ഈ സംരംഭം വഴിയൊരുക്കും.

 

നിർമ്മാണ മേഖലയ്ക്ക് പിന്തുണ

ആഭ്യന്തര സൗരോർജ ഉപകരണ നിർമ്മാണം ശക്തിപ്പെടുത്താനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഗവൺമെൻ്റ്  വിവിധ നടപടികൾക്ക് രൂപം നൽകിയിട്ടുണ്ട്.

കാര്യക്ഷമത കൂടിയ  സൗരോര്‍ജ പ്രകാശവൈദ്യുത പാനലുകളുടെ  ഉല്പാദനാധിഷ്ഠിത ആനുകൂല്യ  പദ്ധതി

4,500 കോടി രൂപയുടെ പ്രാരംഭ വിഹിതത്തോടെ 2021-ൽ ആരംഭിച്ച 'കാര്യക്ഷമത കൂടിയ  സൗരോര്‍ജ പ്രകാശവൈദ്യുത പാനലുകളുടെ  ഉല്പാദനാധിഷ്ഠിത ആനുകൂല്യ (പി.എൽ.ഐ.)  പദ്ധതി' 2022-ൽ 19,500 കോടി രൂപ കൂടി അധികമായി അനുവദിച്ച് വിപുലീകരിച്ചു. ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി  ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും സൗരോർജ മൂല്യശൃംഖലയിലുടനീളം മൂല്യവർദ്ധനയ്ക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. 2024 ഒക്ടോബർ വരെ ഏകദേശം 35,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ പദ്ധതിക്ക് സാധിച്ചു. ഏകദേശം 10,000 പേർക്ക് പ്രത്യക്ഷ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു.

അംഗീകൃത മോഡലുകളുടെയും നിർമ്മാതാക്കളുടെയും പട്ടിക  

2019-ൽ അവതരിപ്പിച്ച 'അംഗീകൃത മോഡലുകളുടെയും നിർമ്മാതാക്കളുടെയും പട്ടിക' (എ.എല്‍.എം.എം) സൗരോര്‍ജ പ്രകാശവൈദ്യുത പാനലുകളുടെയും സെല്ലുകളുടെയും ഗുണനിലവാര  ചട്ടക്കൂടാണ്. അർഹമായ പദ്ധതികളിൽ ഉപയോഗിക്കുന്ന സൗരോർജ ഉപകരണങ്ങൾ നിശ്ചിത ഗുണനിലവാരവും പ്രവർത്തനക്ഷമതയും പാലിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. അംഗീകൃത പട്ടികയിൽ ഉൾപ്പെട്ട നിർമ്മാതാക്കൾക്കും മോഡലുകൾക്കും മാത്രമാണ് നിശ്ചിത ഗവൺമെൻ്റ്  പിന്തുണയോടെയും മത്സരാധിഷ്ഠിത ലേലത്തിലൂടെയും നടപ്പിലാക്കുന്ന സൗരോർജ പദ്ധതികൾക്ക് അർഹത.  അംഗീകൃത ഉല്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഭ്യന്തര നിർമ്മാണത്തിനും ഈ ചട്ടക്കൂട് കരുത്തേകുന്നു.

പി.എൽ.ഐ. പദ്ധതിയും എ.എൽ.എം.എം. ചട്ടക്കൂടും ചേർന്ന് ഇന്ത്യയുടെ ആഭ്യന്തര സൗരോർജ നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തി. സൗരോർജ പദ്ധതികളുടെ ദ്രുതഗതിയിലുള്ള വ്യാപനം സാധ്യമാക്കുന്നതിനൊപ്പം കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇവ സഹായിച്ചു. അംഗീകൃത സൗരോർജ ഉപകരണങ്ങളുടെ ഉപയോഗം ഉറപ്പാക്കി ഉപഭോക്താക്കൾക്കും പദ്ധതി നിർമ്മാതാക്കൾക്കും കൂടുതൽ ആത്മവിശ്വാസം നൽകാനും ഈ സംവിധാനത്തിന് സാധിക്കുന്നു.

ഓരോ വീട്ടിലേക്കും കൃഷിയിടത്തിലേക്കും സൗരോർജം 

ഇന്ത്യയുടെ സൗരോർജ പരിവർത്തനം വൻകിട വൈദ്യുത നിലയങ്ങൾക്കപ്പുറത്തേക്കും വ്യാപിക്കുന്നു. വീടുകൾക്കും കർഷകർക്കുമായി ആവിഷ്കരിച്ച പ്രത്യേക പദ്ധതികളിലൂടെ സൗരോർജം വൈദ്യുതി ലഭ്യത മെച്ചപ്പെടുത്തുകയും വൈദ്യുതി ചെലവ് കുറയ്ക്കുകയും പുതിയ ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

പി.എം.-സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന

75,021 കോടി രൂപ വിഹിതത്തോടെ 2024 ഫെബ്രുവരി 13-ന് ആരംഭിച്ച 'പി.എം-സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന' പുരപ്പുറ സൗരോർജ സംവിധാനങ്ങളുടെ പ്രയോജനം രാജ്യവ്യാപകമായി വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്നു. ലോകത്തെ  ഏറ്റവും വലിയ ഗാർഹിക പുരപ്പുറ സൗരോർജ പദ്ധതിയാണിത്. അർഹരായ കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് സബ്‌സിഡി ലഭിക്കുമ്പോൾ ഈടില്ലാത്ത വായ്പകൾ പദ്ധതി എളുപ്പമാക്കുന്നു. തടസ്സമില്ലാത്ത രജിസ്ട്രേഷൻ, പ്ലാൻ്റ്  സ്ഥാപിക്കൽ, സബ്‌സിഡി വിതരണം എന്നിവ സാധ്യമാക്കുന്ന ഒരു പ്രത്യേക ദേശീയ പോർട്ടൽ വഴിയാണ് പദ്ധതി നിര്‍വഹണം.

പ്രധാന നേട്ടങ്ങൾ

  • 2026 നവംബർ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 65 ലക്ഷം വീടുകളിൽ സൗരോർജ സംവിധാനം സ്ഥാപിച്ചു.

  • 2026 ജൂലൈ വരെ കേന്ദ്ര സാമ്പത്തിക സഹായമായി  28,024 കോടി രൂപ വിതരണം ചെയ്തു.

  • 2026 നവംബർ വരെ 21 ലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി ബിൽ പൂർണമായും ഒഴിവായി. 

സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കാൻ ഈ പദ്ധതി വീടുകളെ പ്രാപ്തമാക്കുന്നു. വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്ന ഈ സംരംഭം പുരപ്പുറ സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.  രാജ്യത്ത് ഗാർഹിക പുരപ്പുറ സൗരോർജ വ്യാപനം വിപുലീകരിക്കാന്‍ ലോകബാങ്ക് ധനസഹായത്തിന് അംഗീകാരം നൽകിയതോടെ പി.എം.-സൂര്യ ഘർ പദ്ധതിക്ക് അന്താരാഷ്ട്ര പിന്തുണയും ലഭിച്ചിട്ടുണ്ട്.

 

ഉയർന്ന വൈദ്യുതി ബില്ലുകളിൽ നിന്ന് സൗരോർജ സമ്പാദ്യത്തിലേക്ക്

പി.എം.-സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയെക്കുറിച്ച് അറിഞ്ഞതോടെയാണ് ഗ്വാളിയോറിലെ ജവാർ കോളനി നിവാസിയായ സുധാൻഷു ദുബെ പുരപ്പുറ സൗരോർജ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചത്.

പ്ലാൻ്റ് സ്ഥാപിക്കലും സബ്‌സിഡി നടപടികളും സുഗമമായി പൂർത്തിയാവുകയും സബ്‌സിഡി തുക നേരിട്ട് അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ടിൽ എത്തുകയും ചെയ്തു. ഒരു വർഷത്തിലേറെയായി എല്ലാ മാസവും ഇതിൻ്റെ പ്രയോജനം വ്യക്തമായി അനുഭവപ്പെടുന്നുണ്ട്. മുൻപ് അദ്ദേഹത്തിൻ്റെ വീട്ടിലെ വൈദ്യുതി ബിൽ പലപ്പോഴും 10,000 രൂപയ്ക്ക് മുകളിലായിരുന്നു; ഇന്നത് ഏതാണ്ട് ഇല്ലെന്ന് തന്നെ പറയാം. പുരപ്പുറ സൗരോർജ സംവിധാനം തടസ്സമില്ലാതെ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് കുടുംബത്തിൻ്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പ്രതിമാസ ചെലവുകൾ കുറയ്ക്കാനും സഹായിക്കുന്നു.

സുധാൻഷുവിനെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി സൂര്യപ്രകാശത്തെ സമ്പാദ്യമാക്കി മാറ്റി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കുടുംബങ്ങളെ ഹരിത ഊർജം സ്വീകരിക്കാനും  വൈദ്യുതി ചെലവുകളിൽ കൂടുതൽ നിയന്ത്രണം നേടാനും പി.എം.-സൂര്യ ഘർ എങ്ങനെ പ്രാപ്തമാക്കുന്നു എന്നതിൻ്റെ നേർസാക്ഷ്യമാണ് അദ്ദേഹത്തിൻ്റെ അനുഭവം.

 

പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷ ഏവം ഉത്ഥാൻ മഹാഭിയാൻ (പിഎം-കുസും)

കാർഷിക മേഖലയിൽ സൗരോർജ ഉപയോഗം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019-ലാണ് പി.എം.-കുസും  പദ്ധതി ആരംഭിച്ചത്. വികേന്ദ്രീകൃത സൗരോർജ നിലയങ്ങൾ, ഗ്രിഡുമായി ബന്ധിപ്പിക്കാത്ത സൗരോര്‍ജ കാർഷിക പമ്പുകൾ എന്നിവ സ്ഥാപിക്കാനും ഗ്രിഡുമായി ബന്ധിപ്പിച്ച കാർഷിക പമ്പുകൾ സൗരോർജവൽക്കരിക്കാനും പദ്ധതി പിന്തുണ നൽകുന്നു. ജലസേചനത്തിന് പകൽ സമയത്ത് വിശ്വസനീയ വൈദ്യുതി ലഭ്യമാക്കുക, ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുക, കർഷകർക്ക് അധിക വരുമാന അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജലസേചനത്തിനും വൈദ്യുതി ഉല്പാദനത്തിനും ഒരുപോലെ സൗരോർജം പ്രയോജനപ്പെടുത്താൻ പി.എം.-കുസും കർഷകരെ പ്രാപ്തരാക്കുന്നു. പദ്ധതിക്ക് കീഴിൽ കർഷകർ ജലസേചനത്തിനായി സൗരോര്‍ജ പമ്പുകൾ സ്ഥാപിക്കുകയും അർഹമായ ഇടങ്ങളിൽ അധികമുള്ള വൈദ്യുതി വിതരണ കമ്പനികൾക്ക് വിൽക്കുകയും ചെയ്യുന്നു. 34,422 കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക പിന്തുണയുമായി 2026–27-ഓടെ ഏകദേശം 34,800 മെഗാവാട്ട് സൗരോർജ ശേഷി കൂട്ടിച്ചേർക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രധാന നേട്ടങ്ങൾ (2026 സെപ്റ്റംബർ 30 വരെയുള്ള കണക്ക്)

  • കാർഷിക ആവശ്യങ്ങൾക്കായി ഏകദേശം 11.91 ലക്ഷം ഓഫ്-ഗ്രിഡ് സൗരോര്‍ജ പമ്പുകൾ സ്ഥാപിച്ചു.

  • ഫീഡർ-തല സൗരോർജവൽക്കരണത്തിലൂടെ 17.18 ലക്ഷത്തിലധികം കാർഷിക പമ്പുകളെ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നു.

  • കർഷകരുടെ ഭൂമിയിൽ ഏകദേശം 2,426 മെഗാവാട്ട് വികേന്ദ്രീകൃത സൗരോർജ ശേഷി കൂട്ടിച്ചേര്‍ത്തു.  

  • 2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തുടനീളം 21.77 ലക്ഷത്തിലധികം കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

ഇന്ത്യയുടെ വികേന്ദ്രീകൃത സൗരോർജ മേഖലയുടെ പ്രധാന സ്തംഭങ്ങളായി ഈ രണ്ട് പദ്ധതികളും ഉയർന്നുവന്നിട്ടുണ്ട്.

2025–26 സാമ്പത്തിക വർഷം  കൂട്ടിച്ചേർത്ത ആകെ 44.61 ജിഗാവാട്ട് സൗരോർജ ശേഷിയുടെ 36 ശതമാനവും  - അതായത് 16.3 ജിഗാവാട്ടും - വികേന്ദ്രീകൃത സൗരോർജ സംവിധാനങ്ങളിൽ നിന്നായിരുന്നു. ഇതിൽ 7.6 ജിഗാവാട്ട് പി.എം-കുസും പദ്ധതിയിൽ നിന്നും 8.7 ജിഗാവാട്ട് പുരപ്പുറ സൗരോർജ സംവിധാനങ്ങളിൽ നിന്നുമാണ് ലഭിച്ചത്.

ആഗോള സൗരോർജ സഹകരണത്തിൽ വളരുന്ന ഇന്ത്യൻ നേതൃത്വം

സൗരോർജ മേഖലയിലെ ഇന്ത്യയുടെ നേതൃത്വം അതിർത്തികൾക്കുമപ്പുറം  വ്യാപിക്കുന്നു. അന്താരാഷ്ട്ര സഹകരണം, സാങ്കേതികവിദ്യാ കൈമാറ്റം, ശേഷി വികസനം എന്നിവ രാജ്യം ശക്തിപ്പെടുത്തുകയാണ്.

  • അന്താരാഷ്ട്ര സൗരോർജ സഖ്യം: 2015-ൽ പാരീസിൽ നടന്ന  COP21 ഉച്ചകോടിയിൽ ഇന്ത്യയും ഫ്രാൻസും ചേർന്ന് സ്ഥാപിച്ച അന്താരാഷ്ട്ര സൗരോർജ സഖ്യം, ആഗോള സൗരോർജ സഹകരണത്തിൻ്റെ സുപ്രധാന വേദിയായി ഉയർന്നുവന്നിട്ടുണ്ട്. സൗരോർജ വ്യാപനം വേഗത്തിലാക്കാനും അറിവും സാങ്കേതികവിദ്യയും പങ്കുവെക്കാനും മാലദ്വീപ്, ഗ്രീസ്, ജർമ്മനി, ഇറ്റലി, ഭൂട്ടാൻ, ലക്സംബർഗ്, അർജൻ്റീന തുടങ്ങിയ രാജ്യങ്ങളെ ഈ സഖ്യം ഒരുമിപ്പിക്കുന്നു. അംഗരാജ്യങ്ങൾക്കിടയിലെ സഹകരണത്തിൻ്റെ  പ്രധാന വേദിയായി അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം വികസിച്ചു.

  • ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്: 2018-ൽ ഇന്ത്യ മുന്നോട്ടുവെച്ച 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്'  എന്ന ആശയം  ഒരു പരസ്പരബന്ധിത ആഗോള പുനരുപയോഗ ഊർജ ശൃംഖല ലക്ഷ്യമിടുന്ന വിശാല കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന് 2021-ൽ  COP26 ഉച്ചകോടിയിൽ ഇന്ത്യയും യുകെയും  ചേർന്ന് 'ഹരിത ഗ്രിഡ്സ് സംരംഭം–ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്'  ആരംഭിച്ചു. ഓസ്‌ട്രേലിയ, ഫ്രാൻസ്, അമേരിക്ക, അന്താരാഷ്ട്ര സൗരോർജ സഖ്യം എന്നിവ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. പരസ്പരബന്ധിത വൈദ്യുതി ഗ്രിഡുകളിലൂടെ അതിർത്തി കടന്നുള്ള പുനരുപയോഗ ഊർജ വ്യാപാരം പ്രോത്സാഹിപ്പിക്കാനും അതുവഴി ഊർജ സുരക്ഷ ശക്തിപ്പെടുത്താനും ഹരിതോർജ പരിവർത്തനം ത്വരിതപ്പെടുത്താനും ഇത് വഴിയൊരുക്കുന്നു.  

അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിലൂടെയും മറ്റ് പങ്കാളിത്തങ്ങളിലൂടെയും ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലുടനീളം പുനരുപയോഗ ഊർജ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.  G20 അധ്യക്ഷപദവി വഹിച്ച വേളയിൽ 2030-ഓടെ ആഗോള പുനരുപയോഗ ഊർജ ശേഷി മൂന്ന് മടങ്ങാക്കി ഉയര്‍ത്തുന്നതില്‍ സമവായമുണ്ടാക്കാനും ഇന്ത്യ വഴിയൊരുക്കി.  

മുന്നോട്ടുള്ള പാത

സൗരോർജ വിപണിയിലെ ഇന്ത്യയുടെ നേട്ടങ്ങൾ സുസ്ഥിര നയ പിന്തുണയെയും വികസിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര നിർമ്മാണ മേഖലയെയും കരുത്താര്‍ജിച്ച അടിസ്ഥാന സൗകര്യങ്ങളെയും വർദ്ധിച്ചുവരുന്ന ജനപങ്കാളിത്തത്തെയും  പ്രതിഫലിപ്പിക്കുന്നു. പഞ്ചാമൃത പ്രതിബദ്ധതകളിലേക്കും 2070-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമന രഹിത ലക്ഷ്യത്തിലേക്കും ഇന്ത്യ മുന്നേറുമ്പോൾ സൗരോർജം സുപ്രധാന സ്തംഭമായി തുടരും. ഹരിതോർജ പരിവർത്തനത്തിന് ഇത് തുടർന്നും കരുത്തേകും.

അവലംബം:

Prime Minister's Office

https://www.pib.gov.in/PressReleaseDetail.aspx?PRID=2331444&reg=48&lang=2

Ministry of Power

https://www.pib.gov.in/PressReleasePage.aspx?PRID=2240739&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2183866&reg=48&lang=2

https://beeindia.gov.in/show_content.php?lang=1&level=1&ls_id=119&lid=291

https://www.recregistryindia.nic.in/pdf/REC_Regulation/Renewable_Purchase_Obligation_and_Energy_Storage_Obligation_Trajectory_till_2029_30.pdf

https://aerc.assam.gov.in/information-services/renewable-purchase-obligation-rpo

https://www.pib.gov.in/PressReleaseDetail.aspx?PRID=2329438&reg=19&lang=1

https://npp.gov.in/dashBoard/cp-map-dashboard

Ministry of New and Renewable Energy (MNRE)

https://mnre.gov.in/en/physical-progress/

https://mnre.gov.in/en/development-of-solar-parks-and-ultra-mega-solar-power-projects/

https://www.pib.gov.in/PressReleasePage.aspx?PRID=2292433&reg=48&lang=1

https://mnre.gov.in/en/green-energy-corridor-0verview/

https://mnre.gov.in/en/document/guidelines-for-tariff-based-competitive-bidding-process-for-procurement-of-firm-and-dispatchable-power-from-grid-connected-renewable-energy-power-projects-with-energy-storage-systems-2/

https://pmkusum.mnre.gov.in/#/landing

https://pmkusum.mnre.gov.in/#/landing/read-more

https://www.pib.gov.in/PressReleasePage.aspx?PRID=2250039&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1763712

https://www.pib.gov.in/PressReleasePage.aspx?PRID=2244667&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2241551&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2204466&reg=6&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2082901&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2042069&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2010133&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1983208&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1622459&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1489763&reg=48&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=2081250&reg=48&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1831364&reg=48&lang=2

https://www.pib.gov.in/newsite/PrintRelease.aspx?relid=122567&reg=3&lang=2

https://sansad.in/getFile/annex/270/AU2064_DoGkMO.pdf?source=pqars

https://sansad.in/getFile/loksabhaquestions/annex/187/AU2011_5nmHOe.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/183/AU1418_Edvm7x.pdf?source=pqals

https://sansad.in/getFile/annex/270/AU1260_BzS52V.pdf?source=pqars

https://pmsuryaghar.gov.in/#/

https://www.pib.gov.in/PressReleasePage.aspx?PRID=1594759&reg=48&lang=2

https://cdnbbsr.s3waas.gov.in/s3716e1b8c6cd17b771da77391355749f3/uploads/2024/02/202402091231907238.pdf

https://x.com/mnreindia/status/1779835768795546038

https://x.com/byadavbjp/status/2062136611501113852

https://www.pib.gov.in/PressReleasePage.aspx?PRID=1710114&lang=2&reg=48

https://forumofregulators.gov.in/Data/Meetings/Minutes/98.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2294208&lang=1&reg=48

https://x.com/mnreindia/status/2067931108449399061

https://www.pib.gov.in/PressReleaseDetail.aspx?PRID=2329695&reg=3&lang=1

https://youtu.be/9YFnxvpO89Q?si=y9PfyIRqM7KsS-TQ

Ministry of Environment, Forest and Climate Change

https://www.pib.gov.in/PressReleasePage.aspx?PRID=1795071&reg=48&lang=2

PIB Backgrounder

https://www.pib.gov.in/PressReleasePage.aspx?PRID=2233832&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2199729&lang=1&reg=3

Cabinet

https://www.pib.gov.in/PressReleasePage.aspx?PRID=1861127&reg=48&lang=2

India Solar Alliance (ISA)

https://isa.int/who-we-are

NITI Aayog

https://www.niti.gov.in/sites/default/files/2023-02/Brochure-10-pages-op-2-print-file-20102022.pdf

Government of Gujarat

https://gpcl.gujarat.gov.in/showpage.aspx?contentid=4354

https://cmogujarat.gov.in/en/latest-news/khavda-renewable-energy-park-gujarat-green-electricity

International Renewable Energy Agency (IRENA)

https://www.irena.org/-/media/Files/IRENA/Agency/Publication/2026/Mar/IRENA_DAT_RE_capacity_highlights_2026.pdf

https://www.irena.org/-/media/Files/IRENA/Agency/Publication/2026/Jul/IRENA_TEC_RPGC_2025_Executive_summary_2026.pdf

United Nations Framework Convention on Climate Change (UNFCCC)

https://unfccc.int/news/international-solar-energy-alliance-launched-at-cop21

Asian Development Bank (ADB)

https://www.adb.org/projects/44426-016/main

World Bank

https://www.worldbank.org/en/news/press-release/2026/07/09/world-bank-supports-india-s-solar-rooftop-program-to-boost-clean-energy-create-jobs-and-unlock-private-capital

India Brand Equity Foundation (IBEF)

https://www.ibef.org/news/india-surpasses-us-in-annual-solar-capacity-additions-becomes-second-largest-solar-growth-market-in-2025

Click here to see pdf

 

***


( റിലീസ് ഐ.ഡി: 2338121) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil