57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഐ.സി.എഫ്.ടി-യുനെസ്‌കോ ഗാന്ധി മെഡലിനായി മാറ്റുരയ്ക്കുന്നത് 10 ചിത്രങ്ങള്‍

പോസ്റ്റഡ് ഓണ്‍: 16 NOV 2026 5:52PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2337178Views: 4

ഗോവ, 2026 നവംബര്‍ 16

2026 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ അഭിമാനകരമായ 'ഐ.സി.എഫ്.ടി  യുനെസ്‌കോ ഗാന്ധി മെഡലി'നായി  പത്ത് ഇന്ത്യന്‍, അന്താരാഷ്ട്ര ഫീച്ചര്‍ സിനിമകള്‍ മാറ്റുരയ്ക്കും. മേളയുടെ മുഖ്യപ്രമേയമായ 'അതിരുകളില്ലാത്ത കഥകള്‍'  എന്ന ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ സമാധാനം, സഹിഷ്ണുത, സഹാനുഭൂതി, സാമൂഹ്യനീതി, വിവിധ സംസ്‌കാരങ്ങള്‍ തമ്മിലെ സംവാദം എന്നീ പ്രമേയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ അനാവരണം ചെയ്യുന്നത്.

യുനെസ്‌കോയ്ക്ക് കീഴില്‍ പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഫിലിം, ടെലിവിഷന്‍ ആന്‍ഡ് ഓഡിയോവിഷ്വല്‍ കമ്മ്യൂണിക്കേഷനുമായി (സി.ഐ.സി.ടി-ഐ.സി.എഫ്.ടി) സഹകരിച്ച് 46-ാമത് ഇന്ത്യ അന്താരാഷ്ട്ര  ചലച്ചിത്ര മേളയിലാണ്  ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. അഹിംസ, സഹിഷ്ണുത, അന്തര്‍സാംസ്‌കാരിക ധാരണ, സമാധാന സംസ്‌കാരം എന്നീ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളെയാണ് ഈ പുരസ്‌കാരത്തിലൂടെ ആദരിക്കുന്നത്.

 

അള്‍ജീരിയയിലെ സര്‍വകലാശാലാ പ്രൊഫസറും ചലച്ചിത്രകാരനും നിര്‍മ്മാതാവും ചലച്ചിത്ര നിരൂപകനുമായ പ്രൊഫ. (ഡോ.) അഹമ്മദ് ബെദ്ജാവൂയി  നാലംഗ അന്താരാഷ്ട്ര ജൂറിക്ക് നേതൃത്വം നല്‍കും. യുനെസ്‌കോയുടെ സാംസ്‌കാരിക വിഭാഗം മുന്‍ പ്രോഗ്രാം മേധാവി മരിയ ക്രിസ്റ്റീന ഇഗ്ലേഷ്യസ് (അര്‍ജന്റീന/ഫ്രാന്‍സ്), സി.ഐ.സി.ടി-ഐ.സി.എഫ്.ടി മുന്‍ ഡയറക്ടര്‍ ജനറല്‍ ജോര്‍ജസ് ഡ്യൂപോണ്ട് (ലക്‌സംബര്‍ഗ്), പ്രശസ്ത അന്താരാഷ്ട്ര ചലച്ചിത്രകാരനും ഐ.സി.എഫ്.ടി അംഗവുമായ മനൗജ് കദം (ഇന്ത്യ) എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

 

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള കഥകളെ ഒരുമിപ്പിക്കുന്ന ഈ വര്‍ഷത്തെ പത്ത് മത്സരചിത്രങ്ങള്‍ മനുഷ്യബന്ധങ്ങളെയും സാമൂഹ്യ വെല്ലുവിളികളെയും പൊതുവായ മാനുഷിക മൂല്യങ്ങളെയും  ഉയര്‍ത്തിക്കാട്ടുന്നു.

1990കളിലെ നെയ്‌റോബിയുടെ പശ്ചാത്തലത്തില്‍ എമിലി ആറ്റെഫ്  സംവിധാനം ചെയ്ത ജര്‍മ്മനി-ഫ്രാന്‍സ്-യുകെ-കെനിയ സംയുക്ത ചിത്രമായ 'കോള്‍ മീ ക്വീന്‍' അന്താരാഷ്ട്ര നിരയില്‍ ഉള്‍പ്പെടുന്നു. എയ്ഡ്‌സ് രോഗനിര്‍ണയത്തെയും സാമൂഹ്യ അനീതിയെയും നേരിടുമ്പോള്‍  ഒരു അപ്രതീക്ഷിത സൗഹൃദത്തിലൂടെ കരുത്ത് കണ്ടെത്തുന്ന  പങ്കാളിയില്ലാത്ത അമ്മയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേത്. 

മൂന്ന് ചിത്രങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സര്‍ഫറാസ് ആലം സംവിധാനം ചെയ്ത് വിനയ് പഥക് അഭിനയിച്ച 'കബീര്‍ സര്‍ കാ ആഖിരി ലെസ്സണ്‍' (കബീര്‍ സര്‍) എന്ന സിനിമ സാങ്കേതികവിദ്യയുടെ  കാലഘട്ടത്തില്‍ മുതിര്‍ന്ന അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികളെ വരച്ചുകാട്ടുന്നു. ഈ ചിത്രത്തിന്റെ  ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണിത്.  കണ്ണന്‍ എസ്. സംവിധാനം ചെയ്ത 'സ്‌ക്രോള്‍' എന്ന ചിത്രം സ്‌ക്രീന്‍ സമയം നിയന്ത്രിക്കുന്നതിന് ഒരു ആപ്പ് അധിഷ്ഠിത ഗെയിം ഉപയോഗിക്കുന്ന യുവാവിന്റെ അസ്വസ്ഥജനകമായ അനുഭവങ്ങളിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ ആസക്തിയെ വരച്ചുകാട്ടുന്നു.  മുസ്‌കാന്‍ അസ്താനയുടെ ആദ്യ ഫീച്ചര്‍ ചിത്രമായ 'സേവ് മിച്ചര്‍'  സാമ്പത്തികവും വ്യക്തിപരവുമായ പ്രതിസന്ധികള്‍ നേരിടുന്ന ഒരു കടക്കാരന്റെ കഥയിലൂടെ കുടുംബത്തിലെ സംഘര്‍ഷങ്ങളും മത്സരബുദ്ധിയും അനുരഞ്ജനവും അനാവരണം ചെയ്യുന്നു.

ജെസ്സിക്ക ജെനിയസ്  സംവിധാനം ചെയ്ത ഹെയ്തി-ഫ്രാന്‍സ്-ബെല്‍ജിയം-ലക്‌സംബര്‍ഗ്-കാനഡ സംയുക്ത ചിത്രമായ 'മേരി മഗ്ദലീന്‍'  സ്വതന്ത്രയായ ഒരു സ്ത്രീയും യുവ സുവിശേഷകനും തമ്മിലെ ബന്ധത്തിന്റെ വികാസത്തിലൂടെ വിശ്വാസം, സാമൂഹ്യ കീഴ്‌വഴക്കങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. 2026ലെ ഫെസ്റ്റിവല്‍ ഡി കാബൂര്‍ഗില്‍ 'ഗ്രാന്‍ഡ് പ്രിക്‌സ് ഡു ജൂറി'  പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനമാണിത്. 

 

ഘാന-അമേരിക്കന്‍ ചലച്ചിത്രകാരനായ അമാര്‍ട്ടെയ് അര്‍മറിന്റെ 'ഔവര്‍ ടൈം വില്‍ കം' (ഈഗോ റീച്ച് വി ഓള്‍), ജീവിച്ചിരിക്കുന്ന  ഏക രക്ഷിതാവിനെ തേടി അക്രയിലേക്ക് യാത്ര തിരിക്കുന്ന രണ്ട് അനാഥക്കുട്ടികളുടെ കഥ പറയുന്നു. 2026ലെ ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ 'പാര്‍ഡോ ഫോര്‍ ചേഞ്ച്', 'മികച്ച പ്രകടനത്തിനുള്ള പാര്‍ഡോ' എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ഈ ചിത്രത്തിന്റെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനമാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അരങ്ങേറുന്നത്. 

 

തുര്‍ക്കിഷ് ചലച്ചിത്രകാരന്‍ ഫൈസല്‍ സോയ്‌സാലിന്റെ 'റഹ്മ' എന്ന ചിത്രം ഒന്‍പത് വയസ്സുകാരനായ ഒരു സിറിയന്‍ അനാഥബാലനുമായുള്ള അപ്രതീക്ഷിത ആത്മബന്ധത്തിലൂടെ വൈകാരിക സൗഖ്യം കണ്ടെത്തുകയും ജീവിതവീക്ഷണം മാറുകയും ചെയ്യുന്ന ഒരു പുരാവസ്തു ഗവേഷകയുടെ കഥ പറയുന്നു. ഈ ചിത്രത്തിന്റെയും ഏഷ്യയിലെ ആദ്യ പ്രദര്‍ശനമാണ്  മേളയില്‍ നടക്കുന്നത്.

ലൈല മറാക്കി സംവിധാനം ചെയ്ത 'സ്‌ട്രോബെറീസ്' എന്ന ചിത്രം സ്‌പെയിനില്‍ സീസണല്‍ സ്‌ട്രോബെറി വിളവെടുപ്പ് തൊഴിലാളികളായി ജോലി ചെയ്യുന്ന രണ്ട് മൊറോക്കന്‍ സ്ത്രീകള്‍ തൊഴിലിടത്തെ പീഡനങ്ങള്‍ക്കും ചൂഷണത്തിനുമെതിരെ പ്രതികരിക്കാന്‍ ധൈര്യം കണ്ടെത്തുന്നതിന്റെ കഥയാണ് പറയുന്നത്. ഫ്രാന്‍സ്-മൊറോക്കോ-സ്‌പെയിന്‍-ബെല്‍ജിയം സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. 

 

 

എലിഫ് എഡ സംവിധാനം ചെയ്ത 'ദി ഫാം' എന്ന മറ്റൊരു തുര്‍ക്കിഷ് ചിത്രം ഒരു ക്ഷീരോല്പാദന ഫാമില്‍ നവജാത പശുക്കുട്ടികളെ അമ്മപ്പശുക്കളില്‍ നിന്ന് വേര്‍പെടുത്തുന്നത് കണ്ട് അസ്വസ്ഥയാകുന്ന 12 വയസ്സുകാരി, ഗര്‍ഭിണികളായ പശുക്കളെ മോചിപ്പിക്കുന്നതിനായി  മൃഗഡോക്ടറുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന  അനാഥനായ സഹായിക്കൊപ്പം ചേരുന്നതിന്റെ കഥ പറയുന്നു. ഈ ചിത്രത്തിന്റെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനമാണ് മേളയില്‍  നടക്കുന്നത്.

 

 

ലു പോഷുന്‍  സംവിധാനം ചെയ്ത തായ്‌വാന്‍-സിംഗപ്പൂര്‍ സംയുക്ത  ചിത്രമായ 'വില്‍ യു സ്റ്റില്‍ ബി മൈ ഫ്രണ്ട്'  എന്ന സിനിമ  മുതിര്‍ന്നവര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ തമ്മിലകറ്റുമെന്ന ഭീഷണിയ്ക്കിടയിലും വ്യത്യസ്ത പശ്ചാത്തലങ്ങളിലെ രണ്ട് 13 വയസ്സുകാരായ ആണ്‍കുട്ടികള്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴം വരച്ചുകാട്ടുന്നു. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. 

 

വൈവിധ്യമാര്‍ന്ന ഈ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ സംസ്‌കാരങ്ങള്‍ക്കും ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കുമതീതമായി അനുകമ്പ, പരസ്പര ബഹുമാനം, സമാധാനപരമായ സഹവര്‍ത്തിത്വം, പൊതു മാനുഷിക മൂല്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചലച്ചിത്ര ആഖ്യാനങ്ങളെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഐ.സി.എഫ്.ടി  യുനെസ്‌കോ ഗാന്ധി മെഡല്‍ മത്സരവിഭാഗം ഒരു വേദിയിലെത്തിക്കുന്നു. 

****

 


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2337178
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026