57th International Film Festival of India 2026
20 – 28 Nov 2026

ഇന്ത്യൻ സിനിമയെ ആഗോള ചലച്ചിത്ര വ്യവസായവുമായി ബന്ധിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിന് 20-ാം വാർഷികാഘോഷം

പോസ്റ്റഡ് ഓണ്‍: 15 NOV 2026 2:40PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2336556Views: 7
സിനിമാ മേഖലയിലെ ആശയവിനിമയം, സഹകരണം, ബിസിനസ് അവസരങ്ങൾ എന്നിവയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വേദികളിലൊന്നായ വേവ്സ് ഫിലിം ബസാറിൻ്റെ 20-ാം പതിപ്പ് 2026 നവംബർ 20 മുതൽ 24 വരെ ഗോവയിലെ താജ് സിഡാഡെ ഡി ഗോവ ഹൊറൈസണിൽ സംഘടിപ്പിക്കും. 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഭാഗമായാണ് പരിപാടി നടക്കുന്നത്.
 
വേവ്സ് ഫിലിം ബസാറിന് കീഴിലുള്ള പ്രധാന സംരംഭങ്ങളിൽ ഒന്നാണ് കോ-പ്രൊഡക്ഷൻ മാർക്കറ്റ്. തിരഞ്ഞെടുക്കപ്പെട്ട സിനിമകളെയും ഡോക്യുമെൻ്ററികളെയും അന്താരാഷ്ട്ര നിർമ്മാതാക്കളുമായും സാമ്പത്തിക സഹായം നൽകുന്നവരുമായും ബന്ധിപ്പിക്കുന്നതാണ് ഈ സംരംഭം. വളർന്നുവരുന്ന തിരക്കഥാകൃത്തുക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള എൻ.എഫ്.ഡി.സിയുടെ തിരക്കഥാകൃത്ത് ലാബ്, ചലച്ചിത്ര പ്രവർത്തകർക്ക് വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ലഭ്യമാക്കുന്ന വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് എന്നിവയും ഇതിൻ്റെ ഭാഗമാണ്. വ്യൂവിംഗ് റൂം, മാർക്കറ്റ് സ്ക്രീനിങ്, പ്രൊഡ്യൂസേഴ്‌സ് ലാബ് എന്നിവ വ്യവസായ മേഖലയിലെ നെറ്റ്‌വർക്കിങ്, പ്രോജക്ട് വികസനം, വാങ്ങുന്നവരുമായും വിതരണക്കാരുമായും ബന്ധപ്പെടുന്നതിനുള്ള അവസരങ്ങൾ എന്നിവ കൂടുതൽ സുഗമമാക്കുന്നു.
 
വ്യവസായ മേഖലയിലെ പ്രമുഖരെ ഒരുമിച്ചുകൊണ്ടുവരുന്ന നോളജ് സീരീസ്, ഉയർന്നുവരുന്ന പ്രവണതകൾ, വിതരണ സംവിധാനങ്ങൾ, ബിസിനസ് മാതൃകകൾ, അന്താരാഷ്ട്ര സഹകരണങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദിയൊരുക്കുന്നു. വിവിധ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും പവലിയനുകൾ, സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, വിപണന സ്റ്റാളുകൾ എന്നിവ ആഗോള ദൃശ്യ ശ്രവ്യ വ്യവസായത്തിലെ വിവിധ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും രാജ്യാന്തര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
 
ദക്ഷിണേഷ്യൻ കഥാഖ്യാനം പ്രോത്സാഹിപ്പിക്കുന്നതിനായി 2007-ൽ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (എൻ.എഫ്.ഡി.സി) ആരംഭിച്ച ഫിലിം ബസാർ, ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, സാമ്പത്തിക സഹായം നൽകുന്നവർ, വിതരണക്കാർ, സെയിൽസ് ഏജൻ്റുമാർ, ചലച്ചിത്രമേള സംഘാടകർ എന്നിവരെ ബന്ധിപ്പിക്കുന്ന സുപ്രധാന അന്താരാഷ്ട്ര വേദിയായി വളർന്നു. വർഷങ്ങളായി നിരവധി പ്രശസ്ത സിനിമകളുടെ യാത്രയിൽ ഈ വേദി നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അവയിൽ ഷിപ്പ് ഓഫ് തീസിയസ് (2012), അന്ഹേ ഘോഡേ ദാ ദാൻ (2011), മിസ് ലവ്ലി (2012), കിസ്സ (2013), ദ ലഞ്ച്ബോക്സ് (2013), ലയേഴ്സ് ഡൈസ് (2013), കോർട്ട് (2014), ടിറ്റ്‌ലി (2014), മാർഗരിറ്റ വിത്ത് എ സ്ട്രോ (2014), ചൗത്തി കൂട്ട് (2015), ദം ലഗാ കെ ഹൈഷാ (2015), തിതി (2015), ന്യൂട്ടൺ (2017), മാൻ്റോ (2018), ഫയർ ഇൻ ദ മൗണ്ടൻസ് (2021), ഇൻ ദ ബെല്ലി ഓഫ് ദ ടൈഗർ (2024), ഗേൾസ് വിൽ ബി ഗേൾസ് (2024), കാക്ടസ് പിയേഴ്സ് (2025), ഷേപ്പ് ഓഫ് മോമോ (2026), ലിറ്റിൽ തോമസ് (2026) തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ, 21 പ്രാദേശിക ഭാഷകളിലായി 300-ലധികം സിനിമകൾക്ക് എൻ.എഫ്.ഡി.സി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. അവയിൽ പലതും ദേശീയ-അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയിട്ടുണ്ട്.
 
വേവ്സ് ഫിലിം ബസാർ എന്ന പേരിൽ ഇപ്പോൾ വിപുലമായി പ്രവർത്തിക്കുന്ന ഈ വേദി, ദക്ഷിണേഷ്യൻ സിനിമയെ അന്താരാഷ്ട്ര വിപണികളുമായും പ്രേക്ഷകരുമായും ബന്ധിപ്പിക്കുന്നു. ചലച്ചിത്ര പ്രവർത്തകർക്ക് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ വ്യവസായ മേഖലയിൽ നിന്നും സഹകരണം, മാർഗനിർദേശം, സാമ്പത്തിക സഹായം, വിതരണ അവസരങ്ങൾ എന്നിവ വഴി ഇത് പിന്തുണ നൽകുന്നു.
 
വേവ്സ് ഫിലിം ബസാറിൻ്റെ രണ്ട് ദശാബ്ദം നീണ്ട യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 20-ാം പതിപ്പ്, സർഗാത്മക പങ്കാളിത്തം വളർത്തിയെടുക്കുക, വളർന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുക, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ സിനിമയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിലൂടെ ആഗോള ചലച്ചിത്ര മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. 
 
***

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2336556
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026